റഷ്യയിൽ പുടിൻ.. പുടിൻ മാത്രം

lk-putin-t
SHARE

ജോസഫ് സ്റ്റാലിനു ശേഷം റഷ്യയില്‍ ആരെന്ന് ചോദിച്ചാല്‍ വ്ലാഡിമിര്‍ പുടിന്‍ എന്നു പറയാം. ആറു വര്‍ഷം കൂടി അധികാരത്തിലിരിക്കാന്‍ ജനം അനുവദിച്ചതോടെ സ്റ്റാലിനെപ്പോലെ ദീര്‍ഘകാലം ഭരണത്തിലിരുന്ന നേതാവായി പുടിന്‍. 76 ശതമാനം ജനപിന്തുണയോടെയാണ് അദ്ദേഹം  പത്തൊമ്പതാം വര്‍ഷം അധികാരക്കസേരയില്‍  ഉറച്ചിരുന്നത്. മുന്‍ റഷ്യന്‍ ചാരനില്‍ നിന്ന് പ്രസിഡന്‍റ് പദവിയിലേക്കുള്ള പുടിന്‍റെ യാത്ര സമകാലീന റഷ്യയുടെ ചരിത്രവുമായി ചേര്‍ന്ന് കിടക്കുന്നു.

എതിര്‍ശബ്ദങ്ങളെ നിഷ്ക്കരുണം ഇല്ലാതാക്കിയും രാജ്യാന്തര സമൂഹത്തെ വെല്ലുവിളിച്ചും കുതിരസവാരിയും യുദ്ധവിമാനം പറത്തുലമടക്കമുള്ള ഗിമിക്കുകള്‍ കാട്ടി ജനത്തെ കയ്യിലെടുത്തും മുന്നേറുന്നയാളാണ്  മികച്ചനേതാവെങ്കില്‍ ലോകത്തില്‍ ഏറ്റവും കരുത്തനായ നേതാവ് വ്ലാഡിമിര്‍ പുടിന്‍ ആണെന്ന് നിസംശയം പറയാം. 1952 ല്‍ സോവിയറ്റ് യൂണിയനിലെ ലെനിന്‍ ഗ്രാഡില്‍ സാധാരണ തൊഴിലാളി  കുടുംബത്തില്‍ ജനനം. ആര്‍ക്കും നിയന്ത്രിക്കാനാവാത്ത വികൃതിപ്പയ്യന്‍റെ  ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവന്നത് കായികമല്‍സരങ്ങളാണ്. ബിരുദപഠനത്തിനുശേഷ,  1975 ല്‍ 23ാം വയസില്‍ സോവിയറ്റ് ചാരസംഘടന കെജിബിയുടെ ഏജന്‍റായി ജര്‍മനിയില്‍ നിയമനം.

ഡിസംബര്‍ 5 1989, വ്ലാഡിമിര്‍ പുടിന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത ദിനം. ബര്‍ലിന്‍ മതില്‍ വീണു, കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ ആക്രോശങ്ങളുമായി ജനക്കൂട്ടം തെരുവു കയ്യടക്കി. പ്രാദേശിക കെജിബി ഒാഫീസിന് തീയിടാന്‍ അവര്‍ പാഞ്ഞടുത്തു. ഉള്ളില്‍ തനിച്ചായ വ്ലാഡിമിര്‍ പുടിന്‍ എന്ന ചെറുപ്പക്കാരന്‍ പരിഭ്രാന്തനായി മോസ്കോയെ ബന്ധപ്പെട്ടു. പക്ഷേ മൗനമായിരുന്നു മറുപടി.  രണ്ടും കല്‍പിച്ച്  അക്രമാസക്തരായ ജനക്കൂട്ടത്തെ  തനിച്ചു നേരിട്ടു വ്ലാഡിമിര്‍. ഉള്ളില്‍ ആയുധധാരികളായ റഷ്യന്‍ പട്ടാളമുണ്ട്, അവര്‍ നിങ്ങളെ വെടിവയ്ക്കും എന്ന പുടിന്‍റെ ഭീഷണിയില്‍   ജനക്കൂട്ടം പിരിഞ്ഞുപോയി. രക്ഷപെടും മുമ്പ് കെജിബി രേഖകള്‍ മുഴുവന്‍ അഗ്നിക്കിരയാക്കി വിശ്വസ്ഥനായ കമ്യൂണിസ്റ്റ് പോരാളി. ഇന്നും  പ്രകോപിതരായ ജനക്കൂട്ടതെ വ്ലാഡിമിര്‍ പുടിന് ഭയമാണ്. ഭീഷണികളിലൂടെത്തന്നെയാണ് അദ്ദേഹം അവരെ നേരിടുന്നതും. 

വ്ലാഡിമിര്‍ പുടിന്‍ കടന്നു വരുമ്പോള്‍ തിരക്കേറിയ മോസ്കോ നഗരം വിജനമാകും.  ആധുനിക റഷ്യയിലെ ഏറ്റവും കരുത്തനായ നേതാവിന്‍റെ  സത്യപ്രതിജ്ഞാദിനത്തില്‍ 120 ലക്ഷം മനുഷ്യര്‍ പുറത്തിറങ്ങാതെ  അദ്ദേഹത്തിന് വഴിമാറിക്കൊടുത്തു. ചെറിയ പ്രതിഷേധങ്ങളെ നിഷ്കരുണം അടിച്ചമര്‍ത്തി റഷ്യന്‍ പട്ടാളം. അതെ, തിരുവായ്ക്ക് എതിര്‍വയില്ല, പുടിന്‍ ഭരണത്തില്‍,  എതിര്‍ശബ്ദങ്ങള്‍ മുളയിലെ നുള്ളുന്ന സര്‍വാധിപതി, അതാണ് വ്ലാഡിമിര്‍ പുടിന്‍. 

പാര്‍ട്ടിയുടെ മാത്രമല്ല,  95 ശതമാനം ജനങ്ങളും വിവരശേഖരണത്തിന് ആശ്രയിക്കുന്ന ദേശീയ ടെലിവിഷന്‍റെയും സമ്പൂര്‍ണ പിന്തുണയുണ്ട് വ്ലാഡിമിര്‍ പുടിന്. കെജിബി ഏജന്‍റില്‍ നിന്ന് ക്രെംലിന്‍ ചക്രവര്‍ത്തിയായുള്ള വ്ലാഡിമിര്‍ പുടിന്‍റെ കടന്നു വരവ് ഇങ്ങനെ:

കെജിബി ഏജന്‍റിന്‍റെ ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തിയ പുടിനെ കാത്തിരുന്നത് അദ്ദേഹത്തിന് ഒട്ടും പരിചിതമല്ലാത്ത രാജ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച വ്ലാഡിമിര്‍ പുടിന്‍ എന്ന കമ്യൂണിസ്റ്റിനെ വല്ലാതെ തളര്‍ത്തി. പെരിസ്ട്രോയിക്കയും,  ഗ്ലാസ്നോസ്തും  അവതരിപ്പിച്ച മിഖായേല്‍ ഗോര്‍ബച്ചേവ് രാജ്യത്തെ ഉദാരവല്‍ക്കരണ പാതയില്‍ എത്തിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ഇരുമ്പുമറ നീക്കി അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കി ഗ്ലാസ്നോസ്ത് .രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചു. ജനാധിപത്യത്തിനായി മുറവിളി കൂട്ടിയ ജനക്കൂട്ടം തെരുവുകള്‍ പിടിച്ചടക്കി. 

നൂറ്റാണ്ടുകളുടെ ചരിത്രം വിസ്മൃതിയിലായി. കെജിബി ചരിത്രപുസ്തകങ്ങളിലേക്ക് ഒതുങ്ങി. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ച തടയാനാവതെ വന്ന ഗോര്‍ബച്ചേവ്,  ബോറിസ് യെത്സിന് അധികാരം കൈമാറി. ഇതിനോടകം മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ വ്ലാഡിമിര്‍ പുടിന്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ഡപ്യൂട്ടി മേയറായി. പക്ഷേ മോസ്കോയയിരുന്നു പുടിന്‍റെ മനസില്‍. പ്രസിഡന്‍റ് ബോറിസ് യെത്സിന്‍റെ കീഴിലെ പുതിയ ജനാധിപത്യരാജ്യം ഒരു ദുരന്തമായിരുന്നു. 

കമ്യൂണിസ്റ്റ് നേതാക്കള്‍ കോടീശ്വരന്‍മാരും സുഖലോലുപരുമായി.  ഭക്ഷ്യക്ഷാമം രൂക്ഷമായി.  ജനം തെരുവില്‍ മരിച്ചുവീണു. മറ്റൊരു ജനകീയ പ്രക്ഷോഭത്തിന്‍റെ വക്കിലാണ്ക്രെംലിനിലേയ്ക്കുള്ള വ്ലാഡിമിര്‍ പുടിന്‍റെ വരവ്. ഭരണസിരാകേന്ദ്രത്തിലെ ഒരു പ്രധാന തസ്തികയിലേക്കായിരുന്നു നിയമനം. പിന്നീടെല്ലാം  മിന്നല്‍വേഗത്തിലായിരുന്നു. പ്രസിഡന്‍റ് യത്്സിന്‍റെ വിശ്വസ്ഥനായ പുടിന്‍ ആക്ടിങ് പ്രധാനമന്ത്രിയും ആക്ടിങ് പ്രസിഡന്‍റുമായി. അഴിമതിയില്‍ മുങ്ങിത്താണ ബോറിസ് യെത്്സന് സ്ഥാനമൊഴിഞ്ഞേ പറ്റൂ എന്ന സ്ഥിതിയെത്തി. തന്‍റെ പിന്‍ഗാമി വ്ലാഡിമിര്‍ പുടിന്‍ ആണെന്നതില്‍ യത്്സിന് സംശയമില്ലായിരുന്നു. 1999 ഡിസംബര്‍ 31ന് ആ പ്രഖ്യാപനമെത്തി. യത്്സിന്‍ സ്ഥാനമൊഴിയുന്നു, വ്ലാഡിമിര്‍ പുടിന്‍ റഷ്യയുടെ പ്രസിഡന്‍റാവും. 21ാം നൂറ്റാണ്ടിന്‍റെ ആദ്യദിനം റഷ്യയ്ക്ക് സമ്മാനിച്ചത് പുതിയ ഭരണാധികാരിയെ, രാജ്യ ചരിത്രം തിരുത്തിക്കുറിക്കുന്ന നേതാവിനെ. 

         

ശത്രുസംഹാരമാണ് വ്ലാഡിമിര്‍ പുടിന്‍റെ മുഖമുദ്ര. അത് സ്വദേശത്തായാലും  വിദേശത്തായാലും ശത്രുക്കളോട് വിട്ടുവീഴ്ചയില്ല പുടിന്. ദേശീയതയാണ് ജനപിന്തുണ നേടാനുള്ള ആയുധം.

ചെല്‍സിയയുടെ ഈ സ്വപ്നം തകര്‍ത്തത് മറ്റാരുമല്ല, സാക്ഷാല്‍ വ്ലാഡിമിര്‍ പുടിനാണെന്ന് ആരോപിച്ചത് ഹിലറി ക്ലിന്‍റണ്‍ തന്നെയാണ്. അമേരിക്കന്‍ വിരോധത്തിനുമപ്പുറം വ്യക്തിവിരോധമായിരുന്നു ഹിലറി ക്ലിന്‍റണോട് വ്ലാഡിമിര്‍ പുടിന് ഉള്ളത്.  വര്‍ഷങ്ങളുടെ പഴക്കമുള്ള ആ വിരോധത്തിന്    വ്യക്തമയ കാരണവുമുണ്ടായിരുന്നു. 2011ലെ പുടിന്‍ വിരുദ്ധപ്രക്ഷോഭമാണ് ശത്രുതയ്ക്ക് ആക്കം കൂട്ടിയത്. അറബ് വസന്തത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട റഷ്യന്‍ യുവാക്കള്‍ പുടിന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.  ഹോസ്്നി മുബാറക്കിന്‍റെയും മുവമ്മര്‍ ഗദ്ദാഫിയുടെയും പതനം കണ്ട് അസ്വസ്ഥനായ പുടിനെ സംബന്ധിച്ച്   എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു ഹിലറി  ക്ലിന്‍റന്‍റെ പ്രകടനം. 

2012 ലെപ്രസിഡന്‍റ് തിരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കെ നടന്ന ഈ പ്രചാരണം  പുടിനെ  വലിയ പ്രതിസന്ധിയിലാക്കി. പക്ഷേ തലനാരിഴയ്ക്ക് വിജയം കൈപ്പിടിയിലൊതുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വ്ലാഡിമിര്‍ പുടിന്‍ അന്ന് മനസില്‍ കുറിച്ചതാണ് ഹിലറി ക്ലിന്‍റണെന്ന ആജന്മ ശത്രുവിന്‍റെ പേര്. ഹിലറിയുടെ പ്രസിഡന്‍റ് മോഹം പൊലിഞ്ഞതും പുടിന്‍റെ ഇഷ്ടക്കാരന്‍ ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസിന്‍റെ അധിപനായതുമെല്ലാം പിന്നീടുള്ള ചരിത്രം.  

ലോകത്തിലേറ്റവും ശക്തമായരാജ്യത്തിന്‍റെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കഴിയുന്ന വ്ലാഡിമിര്‍ പുടിന് ജന്മനാട്ടിലെ ശത്രുക്കള്‍ വെറും കൃമികളാണെന്ന് പറയേണ്ടതില്ലല്ലോ.  ക്രെംലിന്‍റെ വിളിപ്പാടകലെയാണ് പുടിന്‍റെ പ്രഖ്യാപിത ശത്രു ബോറിസ് നെംസോവ് പൊതുനിരത്തില്‍ വെടിയേറ്റുവീണത്. അലക്സി നവല്‍നി അഴിമതിക്കേസില്‍ അറസ്റ്റിലായത്.  പക്ഷേ ഏകാധിപതിയെന്ന് പാശ്ചാത്യലോകം വിമര്‍ശിക്കുന്ന വ്ലാഡിമിര്‍  പുടിന്‍ വര്‍ത്തമാനകാല റഷ്യകണ്ട ഏറ്റവും ജനകീയനായ നേതാവാണ്.  80 ശതമാനം ജനപിന്തുണയുള്ള ഏക രാഷ്ട്രത്തലവനാകും പുടിന്‍. പഴയ യുഎസ്എസ്ആറിന്‍റെ പ്രതാപത്തിലേയ്ക്ക് റഷ്യയെ മടക്കിക്കൊണ്ടു വരാന്‍ കരുത്തുള്ള നേതാവ്. അതാണ് വ്ലാഡിമിര്‍ പുടിന്‍ റഷ്യക്കാര്‍ക്ക്. അമേരിക്കന്‍ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില കൊടുത്ത് ക്രൈമിയ പിടിച്ചെടുക്കാനും സിറിയയിലെ ബഷാര്‍ അല്‍ അസദിനെ പിന്തുണയ്ക്കാനും പുടിന്‍ പുറപ്പെട്ടപ്പോള്‍ ജനം അദ്ദേഹത്തിനൊപ്പം നിന്നതും ഈ വിശ്വാസത്താലാണ്. ഇത് മാത്രമല്ല പുടിന്‍റെ ജനപിന്തുണയ്ക്ക് അടിസ്ഥാനം. ബോറിസ് യത്സിന്‍ കുട്ടിച്ചോറാക്കിയ റഷ്യന്‍ സമ്പദ്്വ്യവസ്ഥയെ തിരിച്ചുപിടിച്ചത് പുടിന്‍റെ നയങ്ങളാണ്. ക്രൈമിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ രാജ്യന്തര ഉപരോധങ്ങളും പുടിനെ തളര്‍ത്തിയില്ല.  കുതിരസവാരി നടത്തിയും യുദ്ധവിമാനം പറത്തിയും അന്തര്‍വാഹിനി നിയന്ത്രിച്ചും വമ്പന്‍ സ്രാവുകളെ വലയിലാക്കിയും എന്തിന് പാട്ടുപാടിയും നൃത്തം ചെയ്തും പോലും ജനത്തെ കയ്യിലെടുക്കും വ്ലാഡിമിര്‍ പുടിന്‍. തല്‍ക്കാലം വ്ലാഡിമിര്‍ പുടിന്‍റെ വ്യക്തിപ്രഭാവത്തെ നേരിടാന്‍ പോന്ന നേതാവ് റഷ്യയിലില്ല. ലോകനേതാവാകുകയാണ് പുടിന്‍റെ അടുത്ത ലക്ഷ്യം. അതിന് അദ്ദേഹം കണ്ടുവച്ചിരിക്കുന്ന മാര്‍ഗങ്ങളേതെന്നാണ് ഇനി അറിയേണ്ടത്. 

MORE IN LOKA KARYAM
SHOW MORE