മാലദ്വീപ് സമാധാനം വിളിക്കുന്നു

lk-maldeep-t
SHARE

അടിയന്തരാവസ്ഥ ഒന്നര മാസം പിന്നിടുകയാണ് മാലദ്വീപിൽ. പ്രസിഡന്റ് അബ്ദുള്ള യമീനും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിക്കുന്നില്ല. പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തനാനുമതി കൊടുക്കണം എന്ന ആവശ്യത്തിന് വഴങ്ങാൻ തൽക്കാലം പ്രസിഡന്റ് തയാറല്ല. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ജഡ്ജിമാരും തടങ്കലിൽ തന്നെ. സുപ്രീംകോടതിയുടേത് അധികാര ദുർവിനിയോഗമായിരുന്നെന്നാണ് സർക്കാർ പക്ഷം. ഫെബ്രുവരി ഒന്നിലെ സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് സർക്കാരിന് പറയാനുള്ളത് കേൾക്കാൻ കോടതി തയാറായില്ല. പ്രോസിക്യൂട്ടർ ജനറൽ നേരിട്ട് ചീഫ് ജസ്റ്റിസിനെ കാണാൻ ശ്രമിച്ചില്ലെങ്കിലും അനുവദിച്ചില്ലെന്ന് നിയമമന്ത്രി ആയിഷത്ത് അസിമ ഷാകൂർ പറയുന്നു. നിലപാടിൽ ഉറച്ചു നിന്ന ചീഫ് ജസ്റ്റിസ് പ്രസിഡന്റിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്ന് അറ്റോർണി ജനറൽ നിയമോപദേശംനൽകി. സുപ്രീംകോടതിയുടെ അസാധാരണ നിലപാടുകളാണ് രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കിയതെന്ന് സർക്കാർ വിശദീകരിക്കുന്നു. 

പ്രശ്ന പരിഹാരത്തിന് പ്രതിപക്ഷ പാർട്ടികളുമായി ചർച്ചയ്ക്ക് തയാറാണ്. പക്ഷേ നിയമത്തിന് വഴങ്ങാൻ അവർ തയാറാവണം. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് സർക്കാർ ആരോപിക്കുന്നു. ക്രിമിനൽ കേസിൽ പ്രതിയായ നഷീദിന് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സാധിക്കില്ല,. നഷീദിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്ന് വ്യക്തമാക്കുന്നു സർക്കാർ പക്ഷം. അടിയന്തരാവസ്ഥ നീട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് മന്ത്രിസഭാംഗങ്ങൾ പറയുന്നത്. എന്നാൽ ആഭ്യന്തര തർക്കം അവസാനിപ്പിക്കുന്നത് എങ്ങനെയെന്നതിന് വ്യക്തമായ ഉത്തരവുമില്ല. മധ്യസ്ഥ ശ്രമങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ആഭ്യന്തര രാഷ്ട്രീയത്തിൽ അയൽ രാജ്യങ്ങൾ ഇടപെടുന്നതിൽ താൽപര്യമില്ല. മൂന്നാം കക്ഷി ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച മന്ത്രിമാർ അത് ആരെന്ന് വ്യക്തമാക്കിയില്ല. 

മാലദ്വീപ് പ്രശ്നപരിഹാരത്തിന് ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നു യമിൻ സർക്കാർ. കശ്മീരിൽ മാലദ്വീപ് ഇടപെടുന്നതുപോലെയാവും അത്. ചൈനയുമായി വർധിച്ചു വരുന്ന ബന്ധം നിക്ഷേപ താൽപര്യങ്ങൾ മുൻനിർത്തി മാത്രമാണെന്ന് ആണയിടുന്നു മാലെ. മേഖലയിലെ വൻശക്തി ഇന്ത്യ തന്നെയെന്നാണ് ഇന്ത്യൻ മാധ്യമ സംഘത്തോട് മാലദ്വീപ് മന്ത്രിമാർ വിശദീകരിച്ചത്. ചൈന മാലദ്വീപ് സൗഹൃദപാലം പണിയുന്നുണ്ട്. കടലിനു മുകളിൽ പണിയുന്ന ഈ കൂറ്റൻ പാലത്തിന്റെ നീളം 1.39 കിലോമീറ്ററാണ്.. 

മാലദ്വീപിലെ മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. തലസ്ഥാനമായ മാലെ മുതൽ പുത്തൻ വികസന കേന്ദ്രം ഹുളുമാലെ വരെ നീളുന്ന പാലം വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നു.  210 മില്യൻ ചിലവു വരുന്ന വസതിയിൽ 126 മില്യണും ചൈനീസ് സർക്കാരിന്റെ ധനസഹായം.ചൈന ഹാർബർ എൻജിനിയറിങ്ങാണ് പ്രധാന കരാറുകാർ. കടലിനു നടുവിൽ പുതുതായി പണിതുയർത്തുന്ന ഹുളുമാലെ നഗരത്തിന്റെ വികസനത്തിനും നിർണായകമാണ് ഈ പാലം. 

സൗദി അറേബ്യയാണ് മാലദ്വപിൽ വൻ നിക്ഷേപം നടത്തുന്ന മറ്റൊരു രാജ്യം. 25 നില ഉയരമുള്ള അത്യാധുനിക ആശുപത്രി സൗദിയുടെ സംഭാവന. ഇന്ത്യൻ സൗഹൃദത്തിന്റെ സ്മാരകമായി ഇന്ദിരാഗാന്ധി സ്മാരക ആശുപത്രി മറുവശത്തും. 

വികസന കുതിപ്പിന്റെ വർത്തമാനങ്ങൾ തുടരുമ്പോഴും സഞ്ചാരസ്വാതന്ത്ര്യമാടക്കമുള്ള പൗരാവകാശങ്ങൾ നിഷേധിക്കുകയാണ് സർക്കാർ. അടിയന്തരാവസ്ഥ തുടരുന്ന രാജ്യത്ത് തലസ്ഥാനമായ മാലെയിലടക്കം കർശന യാത്രാ നിയന്ത്രണങ്ങളുണ്ട്. പ്രധാന വരുമാനമാർഗമായ വിനോദ സഞ്ചാരത്തെയും പ്രതിസന്ധി തളർത്തിയിരിക്കുന്നു. മിക്ക റിസോർട്ടുകളിലും അതിഥികൾ കുറവ്. ചൈനയോ സൗദിയോ മറ്റാരുമോ കൈ പിടിക്കട്ടെ,രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരാതെ മാലദ്വീപിന് മുന്നോട്ട് പോകാനാവില്ലെന്നുറപ്പ്.

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.