ചൈനവാഴും ഷി ചക്രവര്‍ത്തി

lk-china-t
SHARE

പാര്‍ട്ടി കോണ്‍ഗ്രസോടെ പാര്‍ട്ടിയില്‍ അജയ്യനായ ഷി ചിന്‍പിങ് തന്‍റെ അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. പ്രസിഡന്റ് പദവിയിലിരിക്കാനുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥ ചൈന ഭരണഘടനയിൽനിന്നു നീക്കം ചെയ്്യുകയാണ് ചൈന. ലോകനേതാവായി ഉയരാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇഷ്ടമുള്ളത്ര കാലം അധികാരത്തിലിരിക്കാന്‍ ഷീ വഴിയൊരുക്കുന്നത്. ഷിയെക്കുറിച്ചുള്ള തമാശകള്‍ പോലും വച്ചുപൊറുപ്പിക്കില്ലെന്ന വാശിയിലാണ് ഭരണകൂടം. പ്രസിഡന്‍റിനെക്കുറിച്ചുള്ള കാര്‍ട്ടൂണുകളിലെ പതിവാ കഥാപാത്രമായ വിന്നീ ദ പൂഹ്വിനോട് പോലും കടക്കു പുറത്തെന്ന് പറഞ്ഞു ബെയ്ജിങ്. ആഗോളകൂട്ടായ്മകളെ പുച്ഛിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാടുകളില്‍ പകച്ചുപോയ ലോകം പുതിയൊരു ലോകനേതാവിനെ കണ്ടത് ചൈനയിലെ ഷി ചിന്‍പിങ്ങിലായിരുന്നു. അമേരിക്ക പോകുന്നെങ്കില്‍ പോകട്ടെ ബാക്കി ലോകം ഒറ്റക്കെട്ടായി മുന്നേറും എന്ന ഷീയുടെ വാക്കുകളെ ലോകം ആവേശത്തോടെ നെഞ്ചേറ്റി. എന്നാലിപ്പോള്‍ ഷി ലോകത്തിനാകെ അപകടകാരിയായി വളരുകയാണെന്ന് അതേരാജ്യങ്ങള്‍ തിരിച്ചറിയുന്നു. ചൈനയില്‍ ഏകാധിപതിയായി വാഴാനുള്ള നീക്കം പക്വതയുള്ള ലോകനേതാവിന്‍റെ മുഖമല്ല കാണിക്കുന്നത്.    . ചൈനീസ് പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ ഷി യെ ചക്രവര്‍ത്തിയെ എന്നപോലെ സ്വീകരിക്കുന്നത് ജനാധിപത്യരാജ്യങ്ങള്‍ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. 

തുടർച്ചയായി രണ്ടു വട്ടത്തിലധികം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കരുതെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ശുപാർശ പ്ലീനം അംഗീകരിച്ചതോടെ ഷിയുടെ ഏകാധിപത്യപാത സുഗമമായിരുന്നു. പാര്‍ലമെന്‍റ് അംഗീകാരമെന്നത് പ്രഹസനം മാത്രം. എല്ലാ അര്‍ഥത്തിലും അഭിനവ ചക്രവര്‍ത്തിയായി മാറുകയാണ് കമ്യൂണിസ്റ്റ് ചൈനയില്‍ ഷി ചിന്‍ പിങ്.   മാവോ സെദൂങ്ങിന് സമശീര്‍ഷനാവാനുള്ള കൊണ്ടു പിടിച്ച ശ്രമം. മൂന്നുദശകമായി തുടരുന്ന കൂട്ടായ പാർട്ടി നേതൃത്വം എന്ന തത്വം മാറ്റിവച്ചാണ് ഷി ചിൻപിങ്ങിനെ കഴിഞ്ഞവർഷം മുതൽ പരമോന്നത നേതാവ് എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്.  ക്രൈസ്തവ ഭവനങ്ങളിൽ യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ നീക്കി ഷി ചിൻപിങ്ങിന്റെ ചിത്രങ്ങൾ സ്ഥാപിക്കുകയാണ് പാര്‍ട്ടി. ഷിയുടെ പ്രത്യയശാസ്ത്രം സർവകലാശാലകളിലും സ്കൂൾ പാഠ്യപദ്ധതിയിലും നിറഞ്ഞുനില്‍ക്കുന്നു. പുതു യുഗത്തിലേക്കു ചൈനയെ നയിക്കാൻ ഉതകുന്ന സോഷ്യലിസ്റ്റ് ചിന്തകളാണ് ഷി സിദ്ധാന്തത്തിന് അടിസ്ഥാനം. 

ഷി ചിന്തയെക്കുറിച്ചു പഠിക്കാൻ 20 സർവകലാശാലകൾ ഇതിനകം ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഗ്രാമങ്ങളിൽ ഷി ചിൻപിങ് ആശയങ്ങൾ പ്രചരിപ്പിക്കാനും പരിപാടികളുണ്ട്.  രണ്ടാം ലോകമഹായുദ്ധശേഷം ചൈനയില്‍ ഉദാരവല്‍ക്കരണം  കൊണ്ടുവരാനുള്ള പാശ്ചാത്യരുടെ നീക്കങ്ങളെയെല്ലാം  അപ്രസക്തമാക്കി ഷി. പാഠ്യപദ്ധതിയിലും നവമാധ്യമങ്ങളിലുമെല്ലാം ഏകാധിപത്യത്തിന്‍റെ പാഠങ്ങളാണ് ചൈന പിന്നീട് പഠിച്ചത്.  പക്ഷേ അഴിമതിവിരുദ്ധനിലപാടും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുെ ഷിയെ സാധാരണക്കാരുടെ ഇഷ്ടക്കാരനാക്കി. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കളെ മുഖം നോക്കാതെ ജയിലില്‍ അടച്ചു.  എന്നാല്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ഷി യുടെ തന്ത്രമായിരുന്നു ഇതെന്നും വിമര്‍ശനമുണ്ട്.  എന്തായാലും ഇനി    പ്രസിഡന്‍റിനെക്കുറിച്ച് ആരും തമാശപോലും പറയാന്‍ പാടിലല്ല ചൈനയില്‍  .  ഷിയുമായി സാമ്യമുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ പറയാറുള്ള വിന്നീ ദ പൂ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലും ഇനി രാജ്യത്ത് അനുവദിക്കില്ല

ഷി ചിന്‍പിങ്ങിന്‍റെ ഏകാധിപത്യ നീക്കം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയും ആവേശത്തിലാക്കിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. പക്ഷേ ഷിയുടെ ഏകാധിപത്യം ചൈനയ്ക്ക് മാത്രമല്ല , ലോകത്തിനാകെത്തന്നെയും വെല്ലുവിളിയാണ്. നിലപാടുകളില്‍ കര്‍ക്കശക്കാരനായ ചൈനീസ് പ്രസിഡന്‍റ് വിദേശനയത്തിലും വിട്ടുവീഴ്ചക്കില്ല. അസഹിഷ്ണുതയുടെ ആള്‍രൂപമായ ,മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയുമെല്ലാം കാറ്റില്‍പ്പറത്തുന്ന ഒരു വ്യക്തി ലോകത്ത് ഏറ്റവും ശക്തമായ ഒരു രാജ്യത്തിന്‍റെ തലവനായാല്‍ അത് നല്ലൊരു ലോകക്രമമാവില്ല സമ്മാനിക്കുക. 

നേരിട്ടുള്ള അധിനിവേശമല്ലെങ്കിലും  പിടിച്ചടക്കല്‍ തന്നെയാണ്  ഷി ചിന്‍പിങ്ങിന്‍റെ നയം.   മുന്‍ഗാമികളെക്കാള്‍ ആക്രമണോല്‍സുക വിദേശനയമാണ് ഷി ചിന്‍ പിങ് തുടരുന്നത്.  ചൈനയുടെ ഉയർച്ച 1990നു ശേഷം ലോകരാഷ്ടീയത്തിൽ കാര്യമായ വ്യതിയാനമുണ്ടാക്കി.  വൻ സാമ്പത്തിക മുന്നേറ്റത്തോടൊപ്പം   ചൈനയുടെ സൈനികബലവും വർധിച്ചത്  ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്.  മാലദ്വീപിലെ ആഭ്യന്തരപ്രശ്നങ്ങളോടുള്ള നിലപാടാണ് ഏറ്റവും പുതിയ ഉദാഹരണം. രാഷ്ട്രസ്ഥാപനം മുതല്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലെയെ ഇന്ത്യയില്‍ നിന്നകറ്റാന്‍ ബെയ്ജിങ്ങിനായി. മാലെയുടെ കാര്യത്തില്‍ ഇന്ത്യയെ വെല്ലുവിളിക്കാന്‍ പോലും ചൈന മടിച്ചില്ല.  ദക്ഷിണ ചൈനക്കടലിലെ വിട്ടുവീഴ്ചയില്ലാത്ത ചൈനീസ് മുന്നേറ്റവും ആഫ്രിക്കന്‍ രാജ്യങ്ങളിലെ  സൈനികതാവളങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കവുമെല്ലാം ലോകത്തെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഏഷ്യയെും യൂറോപ്പിനെയഉം ആഫ്രിക്കയെയും വളഞ്ഞുവയ്ക്കുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി ഷി ചിന്‍ പിങ്ങിന്‍റെ സ്വപ്നമാണ്.യൂറോപ്പിനെ ഭിന്നിപ്പാക്കാനുള്ള ശ്രമയം ചൈന നടത്തുന്നു എന്ന പരാതി കുറേക്കാലമായി ഇയു അംഗരാജ്യങ്ങള്‍ക്കുണ്ട്.  മധ്യയൂറോപ്പിലും ബാള്‍ക്കന്‍ മേഖലകളിലും ചൈന നടത്തുന്ന വന്‍നിക്ഷേപങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ചൈന തെളിക്കുന്ന വഴിയിലൂടെ ലോകം പോകണമെന്നാണ് ഷി ആഗ്രഹിക്കുന്നതെന്ന് ജര്‍മനി കുറ്റപ്പെടുത്തുന്നു.  തുറന്ന വിപണിയിലൂട ആദ്യ ടേമില്‍ തന്നെ  ചൈനയെ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് വെല്ലുവിളി  ഉയര്‍ത്താനും ഷിയ്ക്ക് കഴിഞ്ഞു.  രാജ്യാന്തരവിഷയങ്ങളില്‍ ചൈനീസ് ഇടപെടല്‍ കൂടുതല്‍ പ്രസ്കതമാവുന്ന കാലത്താണ് ആ രാജ്യം ഏകാധിപത്യത്തെ പുല്‍കുന്നത്. ലോകനേതൃത്വം ഏറ്റെടുക്കേണ്ട ഒരു രാജ്യം ആഭ്യന്തര രാഷ്ട്രീയത്തില്‍ തന്നെ എതിര്‍ശബ്ദങ്ങവ്‍ അനുവദിക്കില്ല എന്നത് അപകടകരമാണ്. 

MORE IN LOKA KARYAM
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.