നിറം മാറുന്ന ഓസ്കര്‍

The-Oscars
SHARE

ലൊസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ഒരിക്കൽ കൂടി അരങ്ങുണരുകയാണ്. മണ്ണിലെ താരങ്ങളെ വരവേൽക്കാൻ ചുവപ്പ് പരവതാനികൾ ഒരുങ്ങികഴിഞ്ഞു.  90ന്റെ രാജകീയ പ്രൗഢിയിൽ എത്തിനിൽക്കുന്നു പുരസ്‌കാരങ്ങളുടെ പുരസ്‌കാരമായ ഓസ്കാർ. ഒരുപിടി വമ്പൻ ചിത്രങ്ങളാണ് ഇത്തവണ  മാറ്റുരയ്ക്കുന്നത്. 

ഓസ്കര്‍ ജ്യൂറിക്ക് ഇതെന്തുപറ്റി? പതിവില്‍ നിന്ന് മാറി ചിന്തിച്ചു തുടങ്ങിയോ ? നിറത്തിനും വംശത്തിനുമപ്പുറം സിനിമ എന്ന ഒറ്റവികാരത്തിന് പ്രാധാന്യം കൊടുത്തു തുടങ്ങിയോ?... ഓസ്കറിന്റെ 90ാം പതിപ്പില്‍ പുറത്തിറങ്ങിയ നാമനിര്‍ദേശ പട്ടിക കാണുമ്പോള്‍ ആഗോള സിനിമാ പ്രേമികള്‍ ചോദിക്കുന്ന ചോദ്യമാണിത്.  #OSCARSOWHITE എന്ന ഹാഷ്ടാഗിന് മാറ്റം വന്നു തുടങ്ങിയത് 2016നു ശേഷമാണ്. വെള്ളക്കാരുടെ പുരസ്കാരം എന്ന ചീത്തപ്പേര്‍ കേട്ടിരുന്ന അക്കാദമി അവാ‍ര്‍ഡുകള്‍ 2017ല്‍ കറുത്തവന്റെ കൈകളിലെത്തി. മൂണ്‍ലൈറ്റിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. വനിതകളേയും മാറ്റി നിര്‍ത്താതെ പുരസ്കാരപ്രഭയിലേക്ക് ഉയര്‍ത്തി. ഇത്തവണയും പ്രതീക്ഷയേകുന്ന പട്ടികയാണ് മോഷന്‍ പിക്ചര്‍ അക്കാദമി പുറത്തിറക്കിയിരിക്കുന്നത്. മാറ്റത്തിന്റെ നല്ല സൂചന.

മികച്ച സംവിധായകന്റെ പട്ടികയില്‍ ഉള്‍പെട്ടിരിക്കുന്ന ഗെറ്റ് ഔട്ടിന്റെ സംവിധായകന്‍ ജോര്‍ദന്‍ പീലെ 90 വര്‍ഷത്തെ ഓസ്കറിന്റെ ചരിത്രത്തിലെ ആദ്യ ആഫ്രോ–അമേരിക്കന്‍ നോമിനേഷനാണ്. മികച്ച ചിത്രത്തിന്റെ പട്ടികയിലും മികച്ച കഥയുടെ പട്ടികയിലും പീലെ ഉള്‍പെട്ടിരിക്കുന്നു. ഇതും ചരിത്രം.  

മികച്ച സംവിധായകരുടെ പട്ടികയില്‍ പിന്നെയുമുണ്ട് പതിവില്‍ നിന്ന് വിപരീതമായ മാറ്റങ്ങള്‍. ലേഡി ബേര്‍ഡിന്റെ സംവിധായിക ഗ്രേറ്റ ഗെര്‍വിങ് മികച്ച സംവിധായകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഓസ്കര്‍ ചരിത്രത്തിലെ അഞ്ചാമത്തെ വനിതയാണ്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രെറ്റയുടെ സ്വതന്ത്രസംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ലേഡി ബേര്‍ഡ്.

മഡ് ബൗണ്ടിലൂടെ ഡീ റീസ് അവലംബിത തിരക്കഥയുടെ പട്ടികയിലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കന്‍‌ വനിതയായി. മഡ് ബൗണ്ടി ല്‍ക്യാമറ ചലിപ്പിച്ച റേച്ചല്‍ മോറിസണാവട്ടെ ഓസ്കറിന്റെ ചരിത്രത്തില്‍ മികച്ച സിനിമാറ്റോഗ്രാഫറുടെ പട്ടികയില്‍ ഉ‍ള്‍പ്പെട്ട ആദ്യ വനിതയും. പതിമൂന്നു നാമനിർദേശങ്ങളുമായി ഓസ്കറിൽ ഇത്തവണ തിളങ്ങുന്നത് 'ദ് ഷെയ്പ് ഓഫ് വാട്ടറാണ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, തിരക്കഥ, മികച്ച നടി, സഹനടൻ, സഹനടി  തുടങ്ങി വമ്പന്‍ പുരസ്കാരങ്ങളുടെ പട്ടികയലാണ് ഗില്യേർമോ ദെൽ തോറൊ സംവിധാനം ചെയ്ത ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്. 

മെറില്‍ സ്ട്രീപ്പ് ഇല്ലെതെ ഒരു ഓസ്കര്‍ ഇല്ല.  അക്കാദമി പുരസ്കാരങ്ങളുടെ ചരിത്രത്തില്‍ 21 തവണയാണ് മെറില്‍ പട്ടികയില്‍ ഇടം പിടിച്ചത് മൂന്ന് തവണ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയിലുയര്‍ന്നുവന്ന ആശയസംഘര്‍ഷത്തിന്റെ കഥപറയുന്ന ചരിത്ര സിനിയമാണ് ദ് പോസ്റ്റ്. റിച്ചാര്‍ഡ് നിക്സണ്‍ ഭരണകൂടം മൂടിവയ്ച്ച നിര്‍ണായക രഹസ്യം പുറത്തുകൊണ്ടുവരാന്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത വാഷിങ് ടണ്‍ പോസ്റ്റിന്റെ പത്രാധിപ ‘കെ’ എന്ന് വിളിപ്പേരുള്ള കാതറിന്‍ ഗ്രഹാമിനെ അനശ്വരമാക്കിയിരിക്കുയാണ് മെറില്‍ സ്ട്രീപ്പ്. 2017 ഡിസംബര്‍ 22 ന് പുറത്തിറങ്ങിയ ചിത്രം ടൈം മാസിക തിരഞ്ഞെടുത്ത കഴിഞ്ഞ വര്‍ഷത്തെ 10 മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. 

ഗോള്‍ഡന്‍ ഗ്ലോബിലും ബാഫ്റ്റയിലും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ത്രീ ബില്‍ ബോര്‍ഡ് ഔട്ട് സൈഡ് എബിങ് മിസോറിയാണ് ഓസ്കര്‍ വേദിയില്‍ സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്ന മറ്റൊരു ചിത്രം.മകളുടെ കൊലപാതകതെ തുടർന്ന് നീതിക്കായി പോരാടുന്ന ഒരമ്മയുടെ കഥ പറയുന്ന ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച  ഫ്രാന്‍സെസ് മക്ഡോമാന്‍ഡ്   മെറില്‍ സ്ട്രീപ്പിന് വെല്ലുവിളിയാകുമോ എന്ന് കാത്തിരുന്ന് കാണാം..

റഷ്യന്‍ ചിത്രമായ  ദ് സ്ക്വയര്‍, ഹങ്കറിയില‍ നിന്നുള്ള  ഓണ്‍ ബോഡി ആന്റ് സോള്‍ തുടങ്ങിമികച്ച വിദേശഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ച് ചിത്രങ്ങളാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ജിമ്മി കിമ്മല്‍ അവതാരകനായെത്തുന്ന ഓസ്കര്‍ പുരസ്കാരദാന ചടങ്ങ് മാര്‍ച്ച് നാലിനാണ്.

MORE IN LOKA KARYAM
SHOW MORE