പ്രകാശിക്കുമോ ആഫ്രിക്ക

lk-africa-t
SHARE

അഴിമതി കൊടികുത്തിവാണ ദക്ഷിണാഫ്രിക്കന്‍ ഭരണത്തിലെ ഒരധ്യായം അവസാനിപ്പിച്ച് ജേക്കബ് സൂമ പടിയിറങ്ങി. പാര്‍ട്ടി ശക്തമായ നിലപാടടെടുത്തതോടെയാണ് ആഫ്രിക്കന്‍ നാഷണ്‍ കോണ്‍ഗ്രസിലെ കരുത്തന് കാലിടറിയത്. സിറിൽ റമഫോസയാണ്  പുതിയ പ്രസിഡന്റ് . സൂമ ഭരണത്തില്‍ നട്ടെല്ലൊടിഞ്ഞ സമ്പദ്്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കല്‍ ഉള്‍പ്പെടെ വലിയ വെല്ലുവിളികളാണ് റമഫോസയെ കാത്തിരിക്കുന്നത്.  നെല്‍സന്‍ മണ്ടെലയുടെ അടുത്ത അനുയായി ആയിരുന്ന റമഫോസ  മുൻ ട്രേഡ് യൂണിയൻ നേതാവും അഭിഭാഷകനും രാജ്യത്തെ അതിസമ്പന്നരിൽ ഒരാളുമാണ് . 

ജനസംഖ്യയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ  ഏറ്റവും വലിയ രാജ്യത്തിന്‍റെ തലവനായാണ് അറുപത്തിയഞ്ചുകാരന്‍ സിറില്‍ റമഫോസ സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റത്. വര്‍ണവിവേചനത്തെ തുടച്ചുനീക്കി ദക്ഷിണാഫ്രിക്കയുടെ അധികാരം കറുത്തവന്‍റെ കൈകളില്‍ എത്തിച്ച നെല്‍സന്‍ മണ്ടേലയുടെ പിന്‍ഗാമി. ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് എന്ന കരുത്തുറ്റ രാഷ്ട്രീയപ്രസ്ഥാനത്തിന്‍റെ അധ്യക്ഷന്‍.  ജേക്കബ് സുമയുടെ മുൻ ഭാര്യയും മുൻ കാബിനറ്റ് മന്ത്രിയുമായ ഡിലാമിനി സുമയെ പരാജയപ്പെടുത്തിയാണ് റമഫോസ പാർട്ടി അധ്യക്ഷനായത്. 1990കളില്‍ നെല്‍സന്‍ മണ്ടെല വര്‍ണവിവേചനത്തിനെതിരായ പോരാട്ടം   ശക്തമാക്കിയപ്പോള്‍‌  മുതല്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു റമഫോസ. മണ്ടേലയുടെ പിന്‍ഗാമിയെന്ന് എന്നു വിലയിരുത്തപ്പെട്ടെങ്കിലും പലകാരണങ്ങള്‍ കൊണ്ട് റമഫോസയുടെ പ്രസിഡന്‍റ് പദവി യാഥാര്‍ഥ്യമായില്ല. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയാണ് റമഫോസ കരുത്തനായത്.  വെള്ളക്കാരുടെ വംശവെറിയെ ചെറുത്തുതോല്‍പ്പിക്കാന്‍ കറുത്തവര്‍ഗക്കാരായ തൊഴിലാളികളെ സംഘടിപ്പിച്ചു അദ്ദഹം. മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിനകത്തുനിന്നു തന്നെ പോരാട്ടം നയിക്കാന്‍ റമഫോസക്കായി. വര്‍ണവെറിയുടെയും കലാപത്തിന്‍റെയും കറുത്തനാളുകളില്‍ നിന്ന് സമാധാനപാതയിലേക്കുള്ള ദക്ഷിണാഫ്രിക്കയുടെ വരവിന് മധ്്യസ്ഥ ചര്‍ച്ചകള്‍ക്കും മുന്നിട്ടിറങ്ങി റമഫോസ. പ്രസിഡന്‍റ് പദവി സ്വപ്നം കണ്ടെങ്കിലും മണ്ടെലയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഇതൊടെ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനിന്ന റമഫോസ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചു. ഉൗര്‍ജം , ഖനി, ഫാസ്്റ്റ്ഫുഡ്  എന്നുവേണ്ട, വെള്ളക്കാരുടെ കുത്തകയായിരുന്ന  എല്ലാ ബിസിനസ് മേഖലകളിലും വിജയിക്കാന്‍ റമഫോസയ്ക്കായി. 2012ല്‍ രാഷ്ട്രീയത്തില്‍  തിരിച്ചെത്തിയ അദ്ദേഹം പാര്‍ട്ടി  വൈസ് പ്രസിഡന്‍റായി. അഞ്ചുവര്‍ഷത്തിനുശേഷം പാര്‍ട്ടി അധ്യക്ഷനും. 

അഴിമതി, ആ ഒറ്റവിഷയത്തില്‍ സിറില്‍ റമഫോസയുടെ നിലടാപെടന്ത് എന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഭാവി നിര്‍ണയിക്കാന്‍ പോകുന്നത്.  വര്‍ണവിവേചനത്തില്‍ നിന്ന് പുറത്തുകടന്നിട്ടും രാജ്യത്തെ ഭൂരിപക്ഷം വരുന്ന കറുത്തവര്‍ഗക്കാര്‍ ദാരിദ്ര്യത്തിന്‍റെ നീരാളിപ്പിടിയില്‍ നിന്ന് മോചിതരാവാത്തതിന്‍റെ മുഖ്യകാരണം ഭരണകൂട അഴിമതി തന്നെ. മണ്ടേലയുടെ പിന്‍ഗാമികളില്‍ അഴിമതിക്കറ പുരളാത്ത നേതാക്കളില്ല. ചരിത്രം ആവര്‍ത്തിക്കാനാണ് റമഫോസ ശ്രമിക്കുന്നതെങ്കില്‍ ആഫ്രിക്കന്‍ നാഷണല്‍കോണ്‍ഗ്രസിനെ എന്നെന്നേയ്ക്കുമായി അധികാരത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കും ജനം.

പൊതുഖജനാവ് കൊള്ളയടിച്ചുണ്ടാക്കിയ ആഡംബര വസതിയാണ് ജേക്കബ് സൂമയുടെ കസേര തെറിപ്പിച്ചത.് സുരക്ഷാസംവിധാനം മെച്ചപ്പെടുത്താൻ എന്ന പേരിൽ പൊതു ഖജനാവിൽനിന്നു 1.6 കോടി ഡോളർ ,ഏകദേശം 105 കോടി രൂപയാണ് സൂമ അടിച്ചുമാറ്റിയത്. എഴുനൂറിലധികം അഴിമതി ആരോപണങ്ങളാണ് സൂമയ്ക്ക് നേരിടേണ്ടി വന്നത്. അണികള്‍ക്ക് രാജ്യം കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് സൂമ ചെയ്തത്. 

1994 മുതല്‍ രാജ്യഭരണം കയ്യാളുന്ന ആഫ്രിക്കന്‍ നാഷണല്‍‌ കോണ്‍ഗ്രസ്  കറുത്തവന്‍റെ സ്വകാര്യ അഹങ്കാരമാണ്. പക്ഷേ രാജ്യപുരോഗതിയില്‍ കാര്യമായ സംഭവാനയൊന്നും എന്‍എന്‍സിയുടേതായി ഉണ്ടായിട്ടുമില്ല. വെള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത വന്‍സമ്പത്തിന്‍റെ ആനുകൂല്യം സാധാരണക്കാരിലേക്കെത്തിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ഇന്നും ദാരിദ്ര്യത്തില്‍ കഴിയില്ലായിരുന്നു. ജനാധിപത്യത്തിന്‍റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് അന്യം. ജേക്കബ് സൂമ മാറി സിറില്‍ റാമഫോസ വന്നതുകൊണ്ട് തീരുന്നതല്ല ദക്ഷിണാഫ്രിക്കയുടെ ദുരിതം. അഴിമതിയില്‍ മുങ്ങിക്കുളിച്ച അധികാരവ്യവസ്ഥ തിരുത്താന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് ചോദ്യം.   കോടീശ്വരനായ റമഫോസയുടെ കടന്നുവരവ് പാര്‍ട്ടിക്കുള്ളിലെ വരേണ്യവര്‍ഗത്തിന്‍റെ തീരുമാനമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പട്ടിണിപ്പാവങ്ങളിലേക്കെത്തില്ലെന്ന് കരുതുന്നവരുമുണ്ട്. എഎന്‍സിയല്ലാതെ മറ്റൊരു പാര്‍ട്ടിയെക്കുറിച്ചും ചിന്തിക്കാത്തവരാണ് ബഹുഭൂരിപക്ഷം വരുന്ന കറുത്തവര്‍ഗക്കാര്‍. പക്ഷേ ഇവരില്‍ നല്ല ശതമാനവും കഴിയുന്നത് വികസനം എത്തിനോക്കിയിട്ടില്ലാത്ത ചേരികളില്‍‌.തൊഴിലില്ലായ്മയില്‍ വലയുന്ന ചെറുക്കാര്‍ക്കും എഎന്‍സിയുടെ നേതൃമാറ്റത്തെക്കുറിച്ച് വലിയ പ്രതീക്ഷയില്ല. 

ചുവപ്പുപരവതാനിയും ഡിസൈനര്‍ വസ്ത്രങ്ങളും മിഴിചിമ്മാത്ത ക്യാമറകളും നിറഞ്ഞ സ്ഥാനാരോഹണം കെട്ടുകാഴ്ചയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതൊക്കെയാണെങ്കിലും അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത ജുഡീഷ്യറിയാണ് ദക്ഷിണാഫ്രിക്കയുടെ പ്രത്യേകത. നെൽസൺ മണ്ടേലയ്‌ക്ക് അന്ത്യാഞ്‌ജലിയർപ്പിക്കാൻ സംഘടിപ്പിച്ച സമ്മേളനത്തിലെ അഴിമതിയുടെ പേരിൽ ബഫലോ നഗരത്തിലെ മേയറും ഡപ്യൂട്ടി മേയറും സ്‌പീക്കറും ഉൾപ്പെടെ ആറ് ഉന്നതർ അറസ്‌റ്റിലായ രാജ്യമാണത്.  ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ വനിതാ സംഘടനയുടെ ജീവനക്കാരുടെ പേരിൽ വ്യാജ ലോണുകൾ കള്ള ഒപ്പിട്ടു വാങ്ങിയതിന് മുന്‍ പ്രഥമവനിത വിന്നി മണ്ടേലയ്ക്കുപോലും ജയില്‍  ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു.  പൊതുമുതല്‍ കൊള്ളയടിക്കുന്നതില്‍ തെല്ലും ലജ്ജയില്ലാത്ത രാഷ്ട്രീയനേതൃത്വത്തില്ല മറിച്ച്    സ്വതന്ത്രവും ശക്തവുമായജുഡീഷ്യറിയിലും   നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിലുമാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

MORE IN LOKA KARYAM
SHOW MORE