ഒരു ‘വമ്പന്‍ നുഴഞ്ഞുകയറ്റം’

lk-russia-t
SHARE

ആഭ്യന്തര രാഷ്ട്രീയത്തില്‍ വിദേശശക്തികള്‍ ഇടപെടുന്നത് ഗുരുതരമായ കുറ്റമാണ് അമേരിക്കയില്‍. എന്നാല്‍ 2016 പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ അത് സംഭവിച്ചുവെന്ന് റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചിരിക്കുന്നു. റഷ്യയും ചൈനയുമെന്നും ഇടപെട്ടില്ല എന്ന് ആവര്‍ത്തിച്ച പ്രസിഡന്‍റ് ട്രംപിന് പറഞ്ഞത് അപ്പാടെ വിഴുങ്ങേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്ന റഷ്യക്കാര്‍ക്ക് ഏതെങ്കിലും അമേരിക്കന്‍ പൗരന്‍മാരുമായി ബന്ധമുണ്ടെ , ഉണ്ടെങ്കില്‍ അവരാര് തുടങ്ങിയ ചോദ്യങ്ങളെല്ലാം വന്നു പതിക്കുന്നതും അദ്ദേഹത്തിലാണ്.

അമേരിക്കന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ഒരു വിദേശരാജ്യം ഇടപെട്ടിരിക്കുന്നു. ലോകത്ത് ഏറ്റവും ശക്തവും സുതാര്യവുമായ ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്നവര്‍ക്ക് അപമാനകരമായ പ്രഖ്യാപനം.  ഡോണള്‍ഡ് ട്രംപും ഹിലറി ക്ലിന്‍റണും ഏറ്റുമുട്ടിയ 2016 ലെ തിരഞ്ഞെടുപ്പിനെ  സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലിരുന്ന് രാജ്യവിരുദ്ധശക്തികള്‍ നിയന്ത്രിച്ചു എന്നാണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ എഫ്ബിഐ മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മ്യൂളറുടെ സംഘം കണ്ടെത്തിയത്.  13 റഷ്യന്‍ പൗരന്‍മാര്‍ക്കും 3 റഷ്യന്‍ കമ്പനികള്‍ക്കുമെതിരെ കുറ്റപത്രം തയാറായി. എങ്ങനെയാണ് ഒരു വിദേശരാജ്യത്തിന് മറ്റൊരു രാജ്യത്തെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനാവുക ? ഇന്‍റര്‍നെറ്റ് തന്നെ മുഖ്യ ആയുധം. വ്യാജപ്രചാരണങ്ങളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും ഹിലറിക്കെതിരായ ജനവികാരമുണ്ടാക്കാന്‍ റഷ്യക്കാ ര്‍ആഞ്ഞുപരിശ്രമിച്ചു. 2014ല്‍ തന്നെ റഷ്യ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നാണ് കണ്ടെത്തല്‍. വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച റഷ്യന്‍ പൗരന്‍മാര്‍ രഹസ്യാന്വേഷണത്തിലൂടെ തിരഞ്ഞെടുപ്പ് ഇടപെടലിനുള്ള സാധ്യതകള്‍ പഠിച്ചു.  . പ്രാദേശിക ബന്ധങ്ങള്‍ ഉണ്ടാക്കിയ സംഘം ഇന്‍റര്‍നെറ്റ് വഴി നീക്കങ്ങള്‍ തുടങ്ങി.വിവരശേഖരണം, ഗ്രാഫിക്സ്, ഹാക്കിങ്, തുടങ്ങി വിവിധമേഖലകളില്‍ വിദഗ്ധരായ 80 പേര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ രാപ്പകല്‍ അധ്വാനിച്ചെന്നാണ് കുറ്റപത്രം പറയുന്നത്.  നേതൃത്വം നല്‍കിയ ഇന്‍റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി  നല്‍കിയ  3000ത്തോളം ഫേസ്ബുക്ക് പരസ്യങ്ങളുടെ വിവരങ്ങളും യുഎസ് നിയമന്ത്രാലയം പുറത്തുവിട്ടു.  വ്യാജ പ്രൊഫൈലുകളിലൂടെ അമേരിക്കന്‍ പൗരന്‍മാരുമായി ചങ്ങാത്തം കൂടിയ ഇവര്‍ ഹിലറി ക്ലിന്‍റണെതിരെ വ്യാപകപ്രചാരണം അഴിച്ചുവിട്ടു. ഇത് പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ വോട്ടര്‍മാരെ ഉപയോഗിക്കാനും റഷ്യന്‍സംഘത്തിന് കഴിഞ്ഞു.  കുടിയേറ്റം, വംശവെറി, തോക്ക് ഉപയോഗം തുടങ്ങി ജനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഉൗന്നിയായിരുന്നു പ്രചാരണങ്ങള്‍.  നിയമവിരുദ്ധമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള ഗൂഢാലോചന, വ്യാജപേരില്‍ ഇന്‍റര്‍നെറ്റ് ഉപയോഗം, കള്ളപ്പേരില്‍ ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങി് വിവിധ കുറ്റങ്ങളാണ് റഷ്യക്കാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അമേരിക്കന്‍ പൗരന്‍മാര്‍ ബോധപൂര്‍വം ഈ സംഘത്തില്‍ ഉള്‍പ്പെട്ടു എന്നതിന് അന്വേഷണസംഘത്തിന് തല്‍ക്കാലം തെളിവൊന്നും ലഭിച്ചിട്ടില്ല. റഷ്യ തങ്ങളുടെ പൗരന്‍മാരെ അമേരിക്കന്‍ നിയമത്തിന് വിട്ടുകൊടുക്കില്ലാത്തതിനാല്‍ ആരോപണവിധേയര്‍ ശിക്ഷിക്കപ്പെടാനും പോകുന്നില്ല.

ഇപ്പോള്‍ കുറ്റംചാര്‍ത്തപ്പെട്ടവര്‍ വിദേശപൗരന്‍മാരായതിനാല്‍ ശിക്ഷിക്കപ്പെടില്ല, അവരുടെ രാജ്യം അവരെ സംരക്ഷിക്കും. പക്ഷേ അമേരിക്കക്കാര്‍ ആരെങ്കിലും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്താനായാല്‍ കാര്യങ്ങള്‍ മാറിമറിയും. ഫ്ലോറിഡയില്‍ വിശ്രമത്തിനെത്തിയ പ്രസിഡന്‍റ് ട്രംപ് ഏറെ അസ്വസ്ഥനാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. പക്ഷേ അമേരിക്കയുടെ പരമാധികാരത്തിനുമേല്‍ ഒരു വിദേശശക്തി കടന്നുകയറിയെന്ന് വ്യക്തമായിട്ടും സര്‍വസൈന്യാധിപന്‍ പുലര്‍ത്തുന്ന നിസംഗത ജനാധിപത്യവാദികളെ നിരാശപ്പെടുത്തുന്നതാണ്. 

റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തെ തുടക്കം മുതല്‍ എതിര്‍ത്തിട്ടുണ്ട് പ്രസിഡന്‍റ് ട്രംപ്. തനിക്കോ തന്‍റെ ആളുകള്‍ക്കോ റഷ്യയുമായി ഒരുബന്ധവുമില്ലെന്ന് പറയുമ്പോഴും റഷ്യന്‍ അന്വേഷണത്തിന്‍റെ പേരില്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ കസേര തെറിപ്പിച്ചു അദ്ദേഹം. റോബര്‍ട്ട് മ്യൂളര്‍ തന്നെ വേട്ടയാടുകയാണെന്ന് പറഞ്ഞു.റഷ്യയുടെ അട്ടിമറി ശ്രമം പുറത്തായപ്പോള്‍ അദ്ദേഹം പറഞ്ഞു, 2014ല്‍ തന്നെ ശ്രമം തുടങ്ങിയെങ്കില്‍ എന്നെ എന്തിന് സംശയിക്കണം ? അന്ന് ഞാന്‍ ചിത്രത്തില്‍ ഇല്ലല്ലോ. പ്രചാരണത്തിന്‍റെ അവസാനലാപ്പില്‍ റഷ്യ ഇടപെടല്‍ സംബന്ധിച്ച് ഹിലറി ക്ലിന്‍റണ്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍ അങ്ങനെയൊന്ന് ഇല്ലെന്ന് ശക്തമായി വാദിച്ചയാളാണ് ഡോണള്‍ഡ് ട്രംപ്റഷ്യ ഇടപെട്ടിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത് അമേരിക്കന്‍ പൗരന്‍മാര്‍ ആരും ബോധപൂര്‍വം റഷ്യക്കാരുമായി സഹകരിച്ചില്ലെന്ന കണ്ടെത്തലില്‍ തല്‍ക്കാലം അദ്ദേഹത്തിന് ആസ്വസിക്കാം. പക്ഷേ മ്യൂളര്‍ അന്വേഷണം തുടരുകയാണ്. ടീം ട്രംപിന്‍റെ ഭാഗമായിരുന്ന പല പ്രമുഖരും റഷ്യക്കാരുമായാി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണസംഘത്തോട് സമ്മതിച്ചു കഴിഞ്ഞു. 

ഹിലറി ക്ലിന്‍റന്‍റെ ഇ മെയിലുകള്‍ ചോര്‍ത്തിയ റഷ്യന്‍ ഹാക്കര്‍മാരെ ട്രംപ്  എന്നും പ്രോല്‍സാഹിപ്പിച്ചിട്ടേയുള്ളൂ. മാത്രവുമല്ല പ്രസിഡന്‍റ് പുടിനുമായി ഏറെ അടുപ്പമുള്ളവരും ഇപ്പോള്‍ ആരോപണവിധേയരായവരില്‍ ഉണ്ട്. അതിനര്‍ഥം ക്രെംലിന്‍റെ അറിവോടെയായിരിക്കണം തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം നടന്നതെന്നാണ്. അത് ആര്‍ക്കുവേണ്ടിയായിരുന്നു, എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തോട് പ്രസിഡന്‍റ് എന്ന നിലയില്‍ ഡോണള്‍ഡ് ട്രംപ് എങ്ങനെ പ്രതികരിക്കുന്നുവെന്നതും   പ്രസക്തമാണ് . തനിക്ക് ഇതുമായി ബന്ധമൊന്നും ഇല്ല എന്ന് ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ തന്‍റെ രാജ്യത്ത് വിദേശശക്തികള്‍ ഇടപെട്ടു എന്നകണ്ടത്തലിനോട് പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹം പ്രതികരിച്ചു കണ്ടില്ല. വാസ്തവത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തോട്  ഇന്‍റര്‍നെറ്റ്  യുദ്ധം തന്നെയാണ് റഷ്യ നടത്തിയത്.  സാധാരണഗതിയില്‍ ഏത് രാഷ്ട്രത്തലവനും ശക്തമായ ഭാഷയിലാവും പ്രതികരിക്കുക. പക്ഷേ റഷ്യന്‍ സര്‍ക്കാരിന ്പങ്കില്ലെന്ന വ്ലാഡിമിര്‍ പുടിന്‍റെ വിശദീകരണത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു ഡോണള്‍ഡ് ട്രംപ്.  യുഎസ് സെനറ്റ് വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ച റഷ്യയ്ക്കെതിരെയുള്ള ഉപരോധം കൂടുതൽ ശക്തമാക്കാനും ദീർഘിപ്പിക്കാനുമുള്ള ഭേദഗതി അദ്ദേഹം കണ്ടതായി നടിക്കുന്നില്ല.  

വരാനിരിക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെല്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പ് കിട്ടിയിട്ടും വൈറ്റ്്ഹൗസ് മൗനം തുടരുന്നു. അമേരിക്ക ഫസ്റ്റ് എന്ന് ആവര്‍ത്തിച്ച് ദേശസ്നേഹത്തെക്കുറിച്ച് വാചാലനാവുന്ന പ്രസിഡന്‍റ് രാജ്യത്തിന്‍റെ പരമാധികാരത്തിനുമേല്‍ നടന്ന കടന്നുകയറ്റത്തോട് ഇത്ര ദുര്‍ബലമായി പ്രതികരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

MORE IN LOKA KARYAM
SHOW MORE