മാലദ്വീപ് പുകയുന്നു

maldives-1
SHARE

സുപ്രീംകോടതി ജഡ്ജിമാരെയും പ്രതിപക്ഷ നേതാവിനെയും അറസ്റ്റ് ചെയ്ത് അധികാരമുറപ്പിക്കാന് മാലദ്വീപ് പ്രസിഡന്റിന്റെ നീക്കം. മനോഹരമായ ദ്വീപ് രാജ്യത്തെ വികൃതമായ രാഷ്ട്രീയമാണ് പുതിയ പ്രതിസന്ധിയിലൂടെ പുറത്തുവരുന്നത്.  എതിക്കുന്നവരെ ഏതുവിധേനയും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് അബ്ദുല്ല  യമീന്റെ നീക്കത്തില്‍ സുപ്രീം കോടതി ഇടപെട്ടതോടെയാണ് പരമോന്നത നീതി പീഠത്തെ തന്നെ പ്രസിഡന്റ് ബന്ധനത്തിലാക്കിയത്. ഭരണകൂട അഴിമതി തന്നെയാണ് വിനോദ സഞ്ചാരികളുടെ പറുദീസയായ മാലദ്വീപിനെ നശിപ്പിക്കുന്നത്. പ്രസിഡന്റും ജഡ്ജിമാരും എല്ലാം അഴിമതിയാരോപണം നേരിടുന്നവര്‍.

തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രസിഡന്റിന്റെ നീക്കം. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ  സുപ്രീംകോടതി മന്ദിരം വളഞ്ഞ പട്ടാളം ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് നീക്കി. വിവിധ ആരോപണങ്ങളുടെ പേരില്‍ സര്‍ക്കാര്‍ തടവിലാക്കിയ പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണം എന്ന ഉത്തരവായിരുന്നു പ്രകോപനം. ചീഫ് ജസ്റ്റിസ് അബ്ദുള്ള സയീദും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. മുന്‍ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മവമ്മുദ് അബ്ദുള്‍ ഗയൂനും മകനും അടക്കം നിരവധി പേരെ തടങ്കലിലാക്കി പ്രസിഡന്റ് അബ്ദുള്ള യമീന്‍. ദശകങ്ങളായി അഴിമതി ആരോപണം നേരിടുന്ന യമീന് ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം തള്ളിപ്പറഞ്ഞാണ് അധികാര കസേരയില്‍ തുടരുന്നത്. 

ദേശീയഎണ്ണ കമ്പനിയുടെ തലവനായിരിക്കെ 2000ല്‍ രാജ്യാന്തര ഉപരോധം നേരിട്ടിരുന്ന മ്യാന്മറിന് എണ്ണ നല്‍കാന്‍ തയാറായി യമീന്‍. ലോക രാജ്യങ്ങളെ കബളിപ്പിച്ചാണ് ഈ എണ്ണ കള്ളക്കടത്തിന് യമീന്‍ നേതൃത്വം നല്‍കിയത്. മ്യാന്മറിലെ പട്ടാളഭരണകൂടത്തിന് പിടിച്ചുനില്‍ക്കാനായത് യമീന്റെ സഹായത്തിലാണ്. എന്നാല്‍ ഈ കടത്തിലൂടെ നേടിയ കോടികള്‍ യമീന്‍ സ്വന്തം കീശയിലാക്കി എന്നു പ്രതിപക്ഷം ആരോപിക്കുന്നു.  ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങിയതോടെയാണ് അന്നത്തെ പ്രസിഡന്റ് മുഹമ്മദ് നഷീദ് യമീന്റെ മുഖ്യശത്രുവായത്. 

അണികളെ നിരത്തിലിറക്കി പ്രതിഷേധിച്ച യമീന്‍ നഷീദിനെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി. ജനം അക്രമാസക്തരായതോടെ രാജിവച്ചൊഴിയുകയായുരുന്നു നഷീദ്. പിന്നീട് അദ്ദേഹത്തെ തീവ്രവാദക്കുറ്റം ചുമത്തി ജയിലിലാക്കിയെങ്കിലും രാജ്യാന്തര സമ്മര്‍ത്തെ തുടര്‍ന്ന് ബ്രിട്ടനിലേയ്ക്ക് രക്ഷപെടാന്‍ അനുവദിച്ചു.  2013ല്‍ വിശാലസഖ്യത്തിന്റെ സഹായത്തില്‍ അധികാരത്തിലെത്തിയ യമീന്‍ പക്ഷേ ഒാരോ പാര്‍ട്ടികളെയായി ഇല്ലാതാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമനിര്‍മാണങ്ങള്‍ നടത്തി. മനുഷ്യാവകാശങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. കുഞ്ഞന്‍ ദ്വീപ് രാജ്യത്തെ വന്‍കിട വിദേശകമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ പ്രസിഡന്റ് ശ്രമിച്ചതോടെ നഷീദ് മടങ്ങി വരവ് പ്രഖ്യാപിച്ചു. ഇത് ചെറുക്കാനാണ് അദ്ദേഹത്തിന്റെ അനുയായികളെ യമീന്‍ തടവിലാക്കിയത്. നഷീദിന്റെ മടങ്ങിവരവ് അനുവദിക്കണമെന്നാണ് സുപ്രീംകോടതി നിലപാട്.

ചൈനയും സൗദി അറേബ്യയുമാണ് പ്രസിഡന്റ് യമീന്റെ സുഹൃത്തുക്കള്‍. ഇരു രാജ്യങ്ങളും വന്തോതിലുള്ള നിക്ഷേപമാണ് മാലദ്വീപില്‍ നടത്തുന്നത്. ജനവാസമേഖലയായ ദ്വീപുകള്‍ പോലും രാജ്യാന്തര ടൂറിസം കമ്പനികള്‍ക്ക് വില്‍ക്കാനൊരുങ്ങുകയാണ് പ്രസിഡന്റ്. വിദേശരാജ്യങ്ങള്‍ക്ക് ഭൂമി വില്‍ക്കുന്നതിനുണ്ടായിരുന്ന തടസം 2015ല ഭരണഘടനാഭേദഗതിയിലൂടെ ഇല്ലാതാക്കി.

ദ്വീപ് വില്‍പ്പന തദ്ദേശീയരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന വാദം പ്രസിഡന്റ് കണക്കെടുക്കുന്നേയില്ല. കര്‍ഷകരും മല്‍സ്യത്തൊഴിലാളികളുമായ ആയിരക്കണക്കിന് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് നീക്കം.  സ്വന്തം സ്ഥലം വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിര്‍മിത അപാര്‍ട്ടുമെന്റുകളിലേയ്ക്ക് താമസം മാറ്റാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. തലമുറകളായി കഴിയുന്ന ഗ്രാമങ്ങള്‍ വിട്ടുപോകാന്‍ ഭൂരിഭാഗവും തയാറല്ല.  19 ചെറുദ്വീപുകളില്‍ കഴിയുന്ന ഏതാണ്ട് 4000 ആളുകളുടെ നിലനില്‍പാണ് വെല്ലുവിളിക്കപ്പെടുന്നത്. 

മനുഷ്യാവകാശലംഘനങ്ങളെ വിമര്‍ശിച്ചതോടെ തൊട്ടടുത്ത അയല്‍ക്കാരായ ഇന്ത്യയുമായി അകന്ന് നില്‍ക്കുകയാണ് മാലദ്വീപ്. സൗദി അറേബ്യയുടെ സ്വാധീനമാണ് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്തിന്റെ ചിത്രം മാറ്റുന്നത്. മൂലധന നിക്ഷേപത്തിനപ്പുറം രാജ്യത്തെ സാമൂഹ്യരംഗത്തും സൗദി സ്വാധീനം വര്‍ധിക്കുകയാണ്. സ്വതന്ത്രചിന്താഗതിക്കാരായ മാലദ്വീപുകാരെ തീവ്ര നിലപാടുകാരാക്കുന്നതിനാണ് സൗദി ശ്രമം. വിദ്യാഭ്യാസത്തിലും മതപഠനത്തിലുമെല്ലാം സൗദി സ്വാധീനം ഏറിവരികയാണ്. തന്ത്രപരമായി ഏറെ പ്രാധാന്യമുള്ള മാലദ്വീപിനെ വരുതിയിലാക്കാനാണ് ചൈനയുടെയും ശ്രമം. നിര്‍മാണമേഖലയിലടക്കം വമ്പന്‍ നിക്ഷേപങ്ങളാണ് ചൈന നടത്തുന്നത്. വിമാനത്താവള റണ്‍‌വെ നിര്‍മാണത്തിനും ദേശീയപാത വികസനത്തിനുമായി കോടിക്കണക്കിന് ഡോളര്‍ ചൈന കടം നല്‍കി. രാജ്യത്തിന്റെ  വികസനമാണ് തന്റെ ലക്ഷ്യമെന്നാണ് പ്രസിഡന്റ് യമീന്‍ അവകാശപ്പെടുന്നത്. പക്ഷേ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ഇല്ലാതാക്കിയും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിച്ചും നടത്തുന്ന വികസനം ആര്ക്കുവേണ്ടിയന്നതാണ് മുഖ്യ ചോദ്യം. 

MORE IN LOKA KARYAM
SHOW MORE