എഫ്‌ബി‌ഐ ആര്‍ക്കൊപ്പം?

trump-fbi
SHARE

ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്‍റ് ആക്കിയത് വ്ലാഡിമിര്‍ പുടിനാണോ ? ഹിലറി ക്ലിന്‍റണെ പരാജയപ്പെടുത്തണമെന്ന് റഷ്യ ആഗ്രഹിച്ചത് എന്തിന് ? ഈ ചോദ്യങ്ങളുടെ ഉത്തരം അടുത്തെത്തിയിരിക്കുമ്പോഴാണ് അമേരിക്കന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ച് രഹസ്യരേഖകള്‍ പുറത്തുവന്നത്. റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം നിഷ്പക്ഷമല്ലെന്ന് തെളിയിക്കാനാണ് റിപ്പബ്ലിക്കന്‍മാര്‍ തയാറാക്കിയ രേഖ പരസ്യമാക്കാന്‍ പ്രസിഡന്‍റ് അനുമതി നല്‍കിയത്. റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാനുള്ള അവസാനത്തെ അടവാണ് ട്രംപിന്‍റേതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.

രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയുടെ, എഫ്ബിഐയുടെ വിശ്വാസ്യതയാണ് പ്രസിഡന്‍റ് ചോദ്യം ചെയ്യുന്നത്. രാജ്യതാല്‍പര്യത്തിന് എതിരെന്ന്  വിലയിരുത്തപ്പെട്ടിട്ടും രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്താന്‍ അദ്ദേഹം അനുവദിച്ചത് സ്വന്തം നിലനില്‍പ് അപകടത്തിലായെന്ന ഭയം മൂലമാണ്.  റഷ്യന്‍ സഹായത്തോടെ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റായത് എന്ന ആരോപണമാണ് മുമ്പ് എഫ്ബിഐ അന്വേഷിച്ചതും ഇപ്പോള്‍ മുന്‍ എഫ് ബിഐ ഡയറക്ടര്‍ റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷിക്കുന്നതും.  പ്രസിഡന്‍റിന്‍റെ അടുപ്പക്കാരില്‍ എത്തിയ മ്യൂളര്‍ അന്വേഷണം ഇപ്പോള്‍ പ്രസിഡന്‍റിലേക്കു തന്നെ എത്തുമെന്ന ഘട്ടത്തിലാണ്. തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുണ്ടായെന്ന് തെളിഞ്ഞാല്‍ ഡോണള്‍ഡ് ട്രംപിന് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങോണ്ടി വരും. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന തോന്നലിലാണ് എഫ്ബിഐയുടെ വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം.  റഷ്യ അന്വഷണത്തില്‍ എഫ്ബിഐയുടെയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെയും നിലപാടുകള്‍ നിഷ്പക്ഷമെല്ലായിരുന്നുവെന്ന് തെളിയിക്കാനാണ്  ഡെവിന്‍ ന്യൂണ്‍സ് അധ്യക്ഷനായ പാര്‍ലമെന്‍റ് ഇന്‍റലിജന്‍സ് കമ്മിറ്റി തയാറാക്കിയ രേഖ ശ്രമിക്കുന്നത്. 

ട്രംപിന്‍റെ പ്രചാരണസംഘാംഗമായിരുന്ന കാര്‍ട്ടര്‍ പേജിനെ നിരീക്ഷിക്കാന്‍ എഫ്ബിഐ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് മുഖ്യ ആരോപണം. ഫോറിന്‍ ഇന്‍റലിജന്‍സ് സര്‍വൈലന്‍സ് ആക്ട് അഥവാ ഫിസ ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് രേഖ പറയുന്നത്. ഡെമോക്രാറ്റ് പ്രചാരണവിഭാഗത്തിലെ ഗവേഷകനും മുന്‍ ബ്രിട്ടിഷ് ചാരനുമായിരുന്ന ക്രിസ്റ്റഫര്‍ സ്റ്റീല്‍ നല്‍കിയ വിവരങ്ങളാണ് പേജിനെതിരെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ രാഷ്ട്രീയ ചായ്്്വ് മറച്ചുവച്ചു. എഫ്ബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ ഈ നടപടി, റഷ്യ അന്വേഷണം ആകെത്തന്നെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന് തെളിയിക്കുന്നു. ഇതാണ് റിപ്പബ്ലിക്കന്‍ പക്ഷം. എഫ്ബിഐയുടെ ശക്തമായ വിയോജിപ്പ് പരിഗണിക്കാതെയാണ് രേഖ പരസ്യപ്പെടുത്തിയത്.  ഇന്‍റിലജന്‍റ്സ്  കമ്മിറ്റിയിലെ ന്യൂനപക്ഷമായ ഡെമോക്രാറ്റുകളുടെ നിരീക്ഷണം പുറത്തുവിട്ട രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ക്രെംലിന്‍റെ മുന്‍ ഉപദേശകനും പിന്നീട് ടീം ട്രംപിന്‍റെ ഭാഗവുമായ  പേജിനെതിരെ കോടതിയില്‍ ഹാജരാക്കിയത് സ്റ്റീല്‍ രേഖകള്‍ മാത്രമായിരുന്നില്ല എന്നും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളറെയോ ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റൈനെയോ പുറത്താക്കാനുള്ള കാരണമായി ന്യൂണ്‍സ് രേഖകളെ ട്രംപ് ഉപയോഗിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ ചെയ്താല്‍ രാജ്യം ഭരണഘടനാപ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് ഡെമോക്രാറ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്പെഷല്‍ കൗൺസൽ റോബർട് മുള്ളറുടെ അന്വേഷണത്തെ ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും ഇങ്ങനെ ഭയക്കുന്നത് എന്തിനാണ് ?കഷ്ടപ്പെട്ട് നേടിയെടുത്ത കസേര തെറിക്കുമോയെന്ന ഭയം തന്നെ. പക്ഷേ പ്രതിബന്ധങ്ങളൊന്നും കൂസാതെ മുന്നോട്ട് പോവുകയാണ് മൂളര്‍ സംഘം. വേണ്ടി വന്നാല്‍ പ്രസിഡന്‍റിനെ തന്നെ ചോദ്യം ചെയ്യുമെനന്ും സ്പെഷല്‍ കോണ്‍സല്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതില്‍ ചോദ്യം ചെയ്യപ്പെടുന്ന പ്രസിഡന്‍റ് എന്ന പട്ടം കൂടി ചാര്‍ത്തിക്കിട്ടും ഡോണള്‍ഡ് ട്രംപിന്.

വെടക്കാക്കി പുറത്താക്കുക. ലോകത്ത് എല്ലായിടത്തും സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മേല്‍ രാഷ്ട്രീയ നേതൃത്വം പയറ്റുന്ന തന്ത്രം തന്നെയാണ് റോബര്‍ട്ട് മ്യൂളറുടെ മേലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. തന്നെ വേട്ടയാടുകയാണെന്ന് പ്രസിഡന്‍റ് ആരോപിക്കുമ്പോഴും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റുകള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യൂളര്‍. രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്ത, മികച്ച അനുഭവജ്ഞാനവും ഉറച്ച നിലപാടുകളും ഉള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്ന് ഏവരും സമ്മതിക്കും. രാജ്യത്തെ ഏറ്റവും മികച്ച നിയമജ്ഞരെയും മ്യൂളര്‍ തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മ്യൂളര്‍ നിഷ്പക്ഷനെല്ലെന്ന് തെളിയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ടീം ട്രംപ് ഇപ്പോള്‍ നടത്തുന്നത്. റഷ്യ കേസില്‍ ട്രംപിനെതിരെ മൊഴികൊടുത്ത ജെയിംസ് കോമി മ്യൂളറുടെ സഹപ്രവര്‍ത്തകനായിരുന്നെന്നാണ് ഒരു വാദം. ഡെമോക്രാറ്റ് പ്രചാരണത്തെ സഹായിച്ച അഭിഭാഷകര്‍ മ്യൂളറുടെ ടീമിലുണ്ടെന്നും റിപ്പബ്ലിക്കന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.  എന്നാല്‍ ജോര്‍ജ് ഡബ്യു ബുഷ്  എഫ്ബിഐ ഡയറക്ടറായി നിയമിച്ച മ്യൂളര്‍ അന്ന് റിപ്പബ്ലിക്കന്‍ പക്ഷത്തായിരുന്നെന്നത് അവര്‍ മറച്ചുവയ്ക്കുന്നു. 

ഡെമോക്രാറ്റ് നേതാവ് ജോണ്‍ കെറിയും മ്യൂളറും സഹപാഠികളായിരുന്നെന്നാണ് മറ്റൊരു ആക്ഷേപം. ഏതുവിധേനയും മ്യൂളറെ പുറത്താക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹത്തിന്‍റെ പ്രൈമറി വിദ്യാഭ്യാസകാലം മുതലുള്ള കഥകള്‍ പുറത്തുവിടുന്നത്. ഏതാനും അനുയായികളില്‍ ഒതുങ്ങുമെന്ന് പ്രസിഡന്‍റ് കരുതിയ മ്യൂളര്‍ അന്വേഷണം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളടക്കമുള്ളവരിലേക്ക് എത്തിയതോടെയാണ് ട്രംപ് അപകടം മണത്തത്. ടീം ട്രംപിലെ 12 പേര്‍ക്ക് റഷ്യന്‍ ബന്ധമുണ്ടായിരുന്നെന്ന വ്യക്തമായ തെളിവ് മ്യൂളര്‍ കമ്മിറ്റിക്ക് കിട്ടിക്കഴിഞ്ഞു. 19 തവണ ക്രെംലിന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതടക്കം 51 ബന്ധപ്പെടലുകളുടെ വിവരങ്ങള്‍, റഷ്യയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുന്ന പ്രസിഡന്‍റിന് വന്‍ വെല്ലുവിളിയാണ്. വൈറ്റ് ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജാറെദ് കുഷ്നർ ,മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിട്ട. ജനറൽ മൈക്കിൾ ഫ്ലിന്‍,  പ്രചാരണവിഭാഗം ചെയര്‍മാന്‍ പോള്‍ മാന്‍ഫോര്‍ട്ട് 

ഉപദേശകന്‍ ജോര്‍ജ് പാപ്പഡപ്ലസ് എന്നിവരുള്‍പ്പെടെയുള്ള വന്‍സ്രാവുകളാണ് മ്യൂളറുടെ വലയില്‍ കുടുങ്ങിയത്. പക്ഷെ മ്യൂളറെ നീക്കാന്‍ ട്രംപ് ആഗ്രഹിച്ചാലും അത് അത്ര എളുപ്പമല്ല.  അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അന്വേഷണ പരിധിയില്‍ വന്നതിനാല്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റൈനാണ് മ്യൂളറുടെ അധികാരി. അദ്ദേഹത്തിന്‍റെ താല്‍പര്യപ്രകാരമാണ് മ്യൂളറെ നിയമിച്ചതും. സ്പെഷല്‍ കോണസലിനെ പുറത്താക്കാന്‍ കൃത്യമായ കാരണങ്ങള്‍ വേണമെന്ന് ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. കൃത്യവിലോപം, കെടുകാര്യസ്ഥത, പെരുമാറ്റദൂഷ്യം,കഴിവില്ലായ്മ എന്നിവയിലേതെങ്കിലും തെളിഞ്ഞാല്‍ മാത്രമെ പുറത്താക്കല്‍ സാധ്യമാകൂ. 

മ്യൂളറുടെ കാര്യത്തില്‍ ഇതെല്ലാം തെളിയിക്കുക വൈറ്റ് ഹൗസിന് ഒട്ടും എളുപ്പമാവില്ല. എഫ്ബിഐ ഡയറക്ടറായിരുന്ന ജെയിംസ് കോമിയെ പുറത്താക്കിയപ്പോള്‍ തന്നെ  അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രസിഡന്‍റ് ശ്രമിക്കുന്നു എന്ന ആരോപണം ഉയര്‍ന്നതാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്താക്കല്‍ ശ്രമമുണ്ടായാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം എന്ന ആശങ്കയുമുണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്. വാ‍ട്ടര്‍ഗേറ്റ് അന്വേഷണം അട്ടിമറിക്കാന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സന്‍ നടത്തിയ ശ്രമവും അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായ ചരിത്രവും റിപ്പബ്ലിക്കന്‍മാര്‍ മറക്കാനിടയില്ല. 

MORE IN LOKA KARYAM
SHOW MORE