ചെകുത്താനായ ഡോക്ടര്‍

dr-larry-nassar
SHARE

ഡോ. ലാറി നാസറെ കോടതി മരണം വരെ ജയിലിലേയ്ക്കയച്ചു. ഒന്നും രണ്ടുമല്ല, നൂറുകണക്കിന് പെണ്‍കുട്ടികളെയാണ് ലോറന്‍സ് ജി നാസര്‍ എന്ന ലാറി നാസര്‍ പീഡിപ്പിച്ചത്. ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കളടക്കമുള്ളവരാണ് കാലങ്ങളോളം ഈ അമേരിക്കന്‍ ഡോക്ടറുടെ പീഡനത്തിന് ഇരയായത്. കരുത്തനായ കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കടുത്ത നിയമപോരാട്ടം തന്നെ വേണ്ടി വന്നു ഇരകള്‍ക്ക് .

പെണ്‍മക്കളുടെ മേല്‍ കൈവച്ചവനെ നേരില്‍ കണ്ട റന്‍ഡാള്‍ മാര്‍ഗ്രേവ്്സിന് പടിച്ചു നില്‍ക്കാനായില്ല. കോടതി മുറിയാണെന്നൊന്നും നോക്കിയില്ല, രണ്ടെണ്ണം പൊട്ടിക്കാന്‍ തന്നെ ശ്രമിച്ചു ഈ അച്ഛന്‍. കായികതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത ഡോ ലാറി നാസറിനെതിരെ ലോറന്‍, മാഡിസണ്‍ സഹോദരിമാര്‍ മൊഴി കൊടുക്കുമ്പോഴാണ് പിതാവ് അക്രമാസക്തനായത്. പ്രതിയുടെ നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞ മാര്‍ഗ്രേവ്സ് അയാളുമായി തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം കോടതി നിരാകരിച്ചതോടെയാണ് നാസറിനു നേരെ മാര്‍ഗ്രേവ്സ് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തത്. ഡോ.ലാറി നാസര്‍.  അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ ജിംനാസ്റ്റിക്സ് ഡോക്ടർ .ജിംനാസ്റ്റിക്സിൽ ഒളിംപിക് സ്വർണ മെഡൽ നേടിയ നാലു  താരങ്ങളടക്കം നൂറ്റൻപതിലേറെ പെൺകുട്ടികളെയാണ് മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന രണ്ടു പതിറ്റാണ്ടിനിടെ ലാറി പീഡിപ്പിച്ചത്. 

ആറു തവണ ഒളിംപിക് മെഡല്‍ ജേതാവും രണ്ടു തവണ ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന ആലി റെയ്സണ്‍ന്‍റെ വാക്കുകള്‍ ഞെട്ടലോടെയാണ് അമേരിക്ക കേട്ടത്. കായികരംഗത്ത് ചുവടുറപ്പിക്കാനുള്ള കുട്ടികളുടെ ആഗ്രഹത്തെ എങ്ങനെയാണ് ലാറി ചൂഷണം ചെയ്തതതെന്ന് മറയില്ലാതെ ആലി വിവരിച്ചു. പരാതിപ്പെട്ട താനടക്കമുള്ളവരെ നിശബ്ദരാക്കാനാണ് ജിംനാസ്റ്റിക്സ് അസോസിയേഷന്‍ ശ്രമിച്ചതെന്നും ആലി തുറന്നടിച്ചു.

1986 ലാണ് ലാറി നാസര്‍ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായി നിയമിക്കപ്പെട്ടത്. 1996ല്‍ ദേശീയ ടീമിന്‍റെ സ്ഥിരം ഡോക്ടറായി. വളരെപ്പെട്ടന്ന് ജിംനാസ്റ്റിക്സ് അസോസിയേഷനിലെ ഉന്നതരുടെ വിശ്വസ്ഥനായി ഇയാള്‍.2004ല്‍ തന്നെ ഡോക്ടറുടെ പെരുമാറ്റത്തിനെതിരെ പരാതി ഉയര്‍ന്നെങ്കിലും അന്വേഷണമുണ്ടായില്ല. കൊച്ചുകുട്ടികളടക്കം കായികരംഗത്ത് മികച്ച ഭാവി സ്വപ്നം കണ്ടെത്തിയവരെയാണ് ചികില്‍സയുടെ മറവില്‍ ലാറി നാസര്‍ തന്‍റെ കാമഭ്രാന്തിന് ഇരയാക്കിയത്. സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പതിവാക്കിയ ഡോക്ടര്‍ ഇതെല്ലാം ചികില്‍സയുടെ ഭാഗമായാണ് ചിത്രീകരിച്ചിരുന്നത്. പെരുമാറ്റത്തില്‍ പലപ്പോഴും അസാധാരണത്വം ഉണ്ടായിരുന്നെങ്കിലും തൊഴിലിലെ മികവു മൂലം ലാറിയുടെ രീതികള്‍ താരങ്ങള്‍ നിശബ്‌ദരായി സഹിച്ചു. കുട്ടികള്‍ക്കിടയിലെ സംസാരം കേട്ട കോച്ച് പ്രശ്നം യുഎസ് ജിംനാസ്റ്റിക്സ് അസേസിയേഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മറച്ചുവയ്ക്കാനായിരുന്നു നിര്‍ദേശം. ഡോക്ടറെ മാറ്റണമെന്ന ആവശ്യം ശക്തമായതോടെ കാര്യങ്ങള്‍ നേരെയാക്കിക്കോളാമെന്ന് അസോസിയേഷന്‍ വാക്കുനല്‍കി. തുടര്‍ന്ന് കുട്ടികളുടെ പരാതി പരിശോധിക്കാന്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത.് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടും ഡോക്ടറെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ജിംനാസ്റ്റിക്സ് അസോസിയേഷന്‍ തയാറായില്ല. അതുകൊണ്ടു തന്നെ കെയ്ലലീ ലോറന്‍സ് അടക്കമുള്ള കുഞ്ഞുതാരങ്ങളും ലാറിയുടെ ഇരകളായി .

നൂറിലധികം കായികതാരങ്ങളും പരിശീലകരും മാതാപിതാക്കളും കോടതിയില്‍ ലാറിക്കെതിരെ മൊഴി നല്‍കാനെത്തി. 2015 2016 കാലഘട്ടത്തിലാണ് നാസര്‍ക്കെതിരായ പരാതി എഫ്ബിഐയ്ക്ക് ലഭിക്കുന്നത്. പക്ഷേ രാജ്യത്തെ പ്രശസ്ത ഡോക്ടര്‍ക്കെതിരായ പരാതിയില്‍ അന്വേഷണ ഏജന്‍സിയുടേത് മെല്ലെപ്പോക്ക് നയമായിരുന്നെന്ന് ഇരകളും മാതാപിതാക്കളും കുറ്റപ്പെടുത്തുന്നു. ബാലപീഡനമടക്കമുള്ള പരാതികള്‍ ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ നിസംഗത പുലര്‍ത്തിയെന്നാണ് ആരോപണം. കുട്ടികളോട് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത് ഉള്‍പ്പടെ നിരവധി പ്രതിബന്ധങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടു. പരാതി ലഭിച്ച് ഒരു വര്‍ഷത്തിനുശേഷം മാത്രം ആരംഭിച്ച അന്വേഷണത്തില്‍ എഫ്ബിഐ പലപ്പോഴും ഒളിച്ചുകളിച്ചെന്ന് ഇരകള്‍ ആരോപിക്കുന്നു. നിരന്തര നിയപോരാട്ടത്തിനൊടുവിലാണ് ഇരകള്‍ക്ക് നീതി ലഭ്യമായത്.  ഏറ്റവും ശക്തവും സുതാര്യവുമായ നിയമസംവിധാനം ഉണ്ടെന്ന് അവകാശപ്പെടുന്ന രാജ്യത്തും സ്ത്രീപീഡന പരാതികള്‍ എപ്രകാരം അട്ടിമറിക്കപ്പെടുന്നു എന്നതിന്‍റെ തെളിവാണ് ലാറി നാസര്‍ കേസ്. 

MORE IN LOKA KARYAM
SHOW MORE