ആഫ്രിക്കയില്‍ ആനച്ചന്തം തിരിച്ചെത്തുമോ?

african-elephant
SHARE

ആഫ്രിക്കന്‍ ആനകളുടെ എണ്ണം അപകടകരമായി കുറയുന്നതിന്റെ ആശങ്കയിലാണ് ലോകമെങ്ങുമുള്ള മൃഗസ്നേഹികള്‍. വന്‍കരയുടെ തന്നെ മുഖമായ ആഫ്രിക്കന്‍ ആനകള്‍ വംശനാശത്തിലേക്ക് അതിവേഗം അടുക്കുന്നതിനിടെ പ്രതീക്ഷകള്‍ക്ക് വകനല്‍കുന്ന ഒരുവാര്‍ത്ത എത്തുന്നത് ഹോങ് കോങില്‍ നിന്നാണ്. ആനക്കൊമ്പ് വ്യാപാരം നിയമവിധേയമായ ഹോങ് കോങ് അതിന് നിരോധനമേര്‍പ്പെടുത്തുകയാണ്. കൊമ്പിനായി ആനയെ വേട്ടയാടുന്നവരുടെ വിപണിയിടം ഇല്ലാതാകുന്നതോടെ ആനകളുടെ സംരക്ഷണത്തിനായുള്ള നീക്കങ്ങളും ഫലംകണ്ടേക്കുമെന്നാണ് പ്രതീക്ഷ.

കൊമ്പന്‍മാരിലെ കേമനായ സറ്റാവോയെ ആരും മറന്നു കാണില്ല.. ലോകത്തിലെ ഏറ്റവും വലിയ ആനകളില്‍ ഒന്നെന്ന പെരുമയുള്ള ആനയായിരുന്നു. മേലാകെ ചെളിവാരിപ്പൂശി കെനിയയിലെ സാവോ ദേശീയ പാര്‍ക്കിലൂടെ മേഞ്ഞു നടന്നിരുന്ന സറ്റാവോയുടെ ആനചന്തം ആസ്വദിക്കാന്‍ കടല്‍കടന്നും ആനപ്രേമികള്‍ കെനിയയില്‍ എത്തിയിരുന്നു. രണ്ട് മീറ്ററോളം നീളം വരുന്ന കൊമ്പുകളായിരുന്നു ഈ കരിവീരന്റെ സൗന്ദര്യം. സാധാരണ ആനകളില്‍ കാണാറുള്ളതിനേക്കാള്‍ നീളം. ഈ കൊമ്പുകള്‍  ഒടുവില്‍ സറ്റാവോയ്ക്ക് ശാപമായി. ആനവേട്ടക്കാര്‍ സറ്റാവോയെ നോട്ടമിട്ടു. 2014ല്‍ 45ാം വയസില്‍  ദേശീയ പാര്‍ക്കിനുള്ളില്‍ എവിടെയോവച്ച്  വേട്ടക്കാരുടെ വിഷം പൂശിയ അമ്പേറ്റ് സറ്റാവോ ചരിഞ്ഞു. എന്താണ്ട് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് സറ്റാവോയുടെ അഴുകിയ മൃതശരീരം ദേശീയ പാര്‍ക്കില്‍ നിന്ന് കണ്ടെത്തിയത്. ആ കാഴ്ച നടുക്കുന്നതായിരുന്നു.  സറ്റാവോയ്ക്ക് തലയുണ്ടായിരുന്ന വലിയ മസ്തിഷ്കം വെട്ടിപ്പൊളിച്ച് കൊമ്പുകളുമായി വേട്ടക്കാര്‍ കടന്നുകളഞ്ഞു. കരളലിയിക്കുന്നതായിരുന്നു ആ കാഴ്ച.

താരതമ്യേന വലിയ കൊമ്പുകളുള്ള ആനകളാണ് ആഫ്രിക്കയിലെ കാടുകളിലേക്ക് ആനവേട്ടക്കാരെ ആകര്‍ഷിക്കുന്നത്. ഒരു ദിവസം ഒരാനയെന്ന കണക്കിലാണാണ് വെടിയേറ്റ് വീഴുന്നത്. ആനവേട്ടക്കാര്‍ക്ക് കൊമ്പെടുക്കലിനുമപ്പുറം  കരുത്തു തെളിയിക്കാനുള്ള ക്രൂര വിനോദമായിരുന്നു ഓരോ ആനവേട്ടയും...  വേട്ടക്കാര്‍ കൊമ്പെടുത്ത്  വൃകൃതമാക്കിയ മൃതശരീരം കാട്ടിലുപേക്ഷിക്കുന്നു. ഇത് അഴുകി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമായിരിക്കും വനപാലകര്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിലധികം കുറവാണ് ഉണ്ടായിരിക്കുന്നതെന്ന്. മനുഷ്യന്റെ ക്രൂരത തുടര്‍ന്നാല്‍ ആനകളുടെ ഫോസിലുകള്‍ മാത്രമേ ഭാവിതലമുറയ്ക്ക് കാണാന് സാധിക്കു എന്ന് പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ ഗ്രേറ്റ് എലഫന്റ് സെന്‍സസ് വ്യക്തമാക്കുന്നു.  ഈ ഞെട്ടിക്കുന്ന കണക്കുകള്‍ക്കിടയിലേക്കാണ് ഹോംങ് കോങ്ങില്‍ നിന്ന് ആശ്വാസ വാര്‍ത്തയെത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വ്യാപാര കേന്ദ്രമാണ് ചൈനയിലെ സ്വയംഭരണ പ്രദേശമായ ഹോങ് കോങ്. നിയമവിരുധമായി വേട്ടയാടിയ ആനക്കൊമ്പുകള് ഹോങ് കോങ്ങിലെ മാര്ക്കറ്റില് നിയമ വിധേയം പലതരത്തിലുള്ള ഉല്പന്നങ്ങളായി വിറ്റു. രാജ്യത്തിനു പുറത്തുനിന്നും ആവശ്യക്കാരെത്തി. പരിസ്ഥിതി പ്രവര്ത്തകരുടെയും മൃഗസ്നേഹികളുടെയും നിരന്തരമായുള്ള പ്രക്ഷോപങ്ങളെ തുടര്ന്നാണ് ഒടുവില് ഹോങ് കോങ് ഭരണകൂടം ഐവറി വ്യാപാരം പൂര്ണമായും അവസാനിപ്പിച്ചത്.. 

  

സ്വര്‍ണം പോലെ വിലപിടിപ്പുള്ള വസ്തുവാണ് മൃഗങ്ങളുടെ കൊമ്പുകള് ഇതില് ഏറ്റവും വിലപിടിപ്പുള്ളത് ആനയുടെ കൊമ്പുകള്‍ക്കാണ്. ചരിത്രം പറയുന്നത് ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും പതിനാലാം നൂറ്റാണ്ടുമുതല്‍ തന്നെ ആനക്കൊമ്പുകള്‍ കയറ്റുമതി ചെയ്തിരുന്നു എന്നാണ്.  സംഗീത ഉപകരണമായ പിയാനോയുടെ കീബോര്‍ഡ് നിര്‍മിക്കാനായിരുന്നു ഒരു കാലത്ത് ആനക്കൊമ്പുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. പിന്നീട് ആഭരണങ്ങളായും കരകൗശല വസ്തുക്കളായുമൊക്കെ ഇത് മാറി. ജപ്പാനായിരുന്നു ഒരു കാലത്ത് ആനകൊമ്പ് വ്യാപാരത്തിന്റെ പ്രധാനകേന്ദ്രം.1979നും 89നും ഇടയിലാണ് ആനവേട്ടയും ആനകൊമ്പ് വ്യാപാരവും മൂര്‍ധന്യാവസ്ഥയിലെത്തിയത്. ഒരു ബില്യണ്‍ ഡോളറിന്റെ ആനകൊമ്പ് വ്യാപാരമാണ് ഓരോ വര്‍ഷവും നടന്നത്. 

തടിച്ചുകൊഴുത്ത ആനക്കൊമ്പ് വ്യാപാരത്തിനൊപ്പം ആനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് 1989ല്‍ വംശനാശം  സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്ന രാജ്യാന്തര സംഘനടയായ സൈറ്റിസ്. ആനകൊമ്പ് വ്യാപാരവും ആനവേട്ടയും ആഗോളതലത്തില്‍ നിയമവിരുധമായി പ്രഖ്യാപിച്ചു. വേട്ടക്കാരെത്താതിരുന്ന കാലം ആഫ്രിക്കന്‍ കാടുകളില്‍ ആനകളുടെ എണ്ണം പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചുപോയി. ഉത്തരവിന് പത്തുവര്‍ഷം മാത്രമായിരുന്നു ആയുസ് . മുന്‍കാലങ്ങളില്‍ വേട്ടയാടി വിപണനം നടക്കാതെ ആഫ്രിക്കയില്‍ പലയിടങ്ങളിലായി കെട്ടികിടന്ന ആനകൊമ്പുകള്‍ വിറ്റുതീര്‍ക്കാന്‍ സൈറ്റിസ് അനുമതി കൊടുത്തു. തിരിച്ചടിയായിരുന്നു ഫലം. ഇതിന്റെ മറവില്‍ വീണ്ടും ആനവേട്ട തുടങ്ങി. ഇതാണ് ഇന്ന് വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. 

ഈ കാലയളവില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്  വന്തോതിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതില്‍ കൂടുതലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിന്‍ നിന്നായിരുന്നു. ഇവിടങ്ങളില്‍ രഹസ്യകേന്ദ്രങ്ങള്‍ വഴിയാണ് വിവിധ രൂപങ്ങളില്‍ ആനക്കൊമ്പ് വ്യാപാരം നടന്നിരുന്നത്. ജനിക്കുന്ന ആനകളുടെ എണ്ണത്തേക്കാള്‍ കൊല്ലപ്പെടുന്ന ആനകളുടെ എണ്ണം കൂടിവന്നു. ആനക്കൊമ്പ് വ്യാപാരം വഴി ലഭിക്കുന്ന പണം വിവിധ സംഘടനകള്‍ ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യവും ലോകം തിരിച്ചറിഞ്ഞു. ആഗോള തലത്തില്‍ സുരക്ഷാ ഭീഷണി ഉയര്‍ന്നതോടെ രാഷ്ട്രങ്ങള്‍ ഇടപെട്ടു തുടങ്ങി. 2015ല്‍ ചൈനയും അമേരിക്കയും ചേര്‍ന്ന് ആനകൊമ്പ് വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ നടന്ന ഷി ജിങ്പിങ് –ഒബാമ കൂടിക്കാഴ്ചയിലായിരുന്നു നിര്‍ണായക തീരുമാനം. ഒടുവിലത്തേതാണ് ഹോങ് കോങില്‍ നിന്ന് വന്നത് . ഒറ്റയടിക്ക് വ്യാപാരം നിര്‍ത്താന്‍ സാധിക്കില്ലെന്നും 2021നകം പൂര്‍ണമായും ആനകൊമ്പ് വ്യാപാരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും എന്ന് ലോകത്തിന് ഉറപ്പു നല്‍കിയിരിക്കുന്നു. ഇനി വേണ്ടത് കൃത്യമായ നടപടികളാണ്. ആനകൊമ്പിനെവിട്ട് ആനയ്ക്ക് വിലകൊടുക്കണം. ആ ജീവിയുടെ ഭൂമിയില്‍ നിലനില്‍ക്കേണ്ട പ്രാധാന്യം മനസിലാക്കണം. ഒപ്പം മനുഷ്യന് മാത്രമല്ല ഭൂമിയുടെ അവകാശികള്‍ എന്ന തിരിച്ചറിവും വേണം..

MORE IN LOKA KARYAM
SHOW MORE