അസമത്വങ്ങളുടെ നടുവില്‍ ലോകം ദാവോസില്‍

narendra-modi-1
SHARE

ലോകം ദാവോസില്‍ സമ്മേളിച്ചു. എല്ലാത്തരത്തിലുമുള്ള അസമത്വങ്ങള്‍ക്കെതിരെ പോരാടാനുറച്ച് ലോകസാമ്പത്തിക ഫോറം സമാപിച്ചു. അമേരിക്ക ആദ്യം വാദത്തില്‍ അയവു വരുത്തിയ ഡോണള്‍ഡ് ട്രംപും ചൈനീസ് വിപണതന്ത്രങ്ങളുമെല്ലാം ദാവോസില്‍ കണ്ടു. പ്ലീനറി സമ്മേളനത്തിന്‍റെ ഉദ്ഘാടകനായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്രിസ്റ്റല്‍ പുരസ്കാര ജേതാവ് ഷാറൂഖ് ഖാനും ഇന്ത്യന്‍ അഭിമാനമായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമേറുന്ന ലോകമെന്ന പൊള്ളുന്ന യാഥാര്‍ഥ്യവും ദാവോസില്‍ ചര്‍ച്ചയായി. 

 ദാവോയിലെ കൊടും തണുപ്പിലേക്ക് ലോകത്തിന്‍റെ പരിച്ഛേദമെത്തി. രാഷ്ട്രതത്തലവന്‍മാര്‍ രാജ്യാന്തര നാണ്യനിധി, ലോകബാങ്ക്, രാജ്യാന്തരവ്യാപാരസംഘടന തുടങ്ങിയവയുടെ മേധാവികള്‍, ആയിരത്തിലധികം ബിസിനസ് രാജാക്കന്‍മാര്‍, ലോകപ്രശസ്തകലാകാരന്‍മാര്‍. വിഘടിതമായ ലോകത്ത് പങ്കാളിത്തമുള്ള ഭാവി നിര്‍മിക്കാന്‍ എന്ന ആപ്തവാക്യവുമായ്യിരുന്നു ഇക്കുറി ദാവോസിലെ ഒത്തുചേരല്‍. ലോകസാമ്പത്തിക ഫോറത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍പ്രധാനമന്ത്രി  പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആഗോളവല്‍ക്കരണത്തിന്‍റെ അനിവാര്യതയിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യങ്ങളുടെ സംരക്ഷണവാദത്തിനെതിരെ സംസാരിച്ച നരേന്ദ്രമോദിയെ അനുകൂലിച്ച് മറ്റ് ലോകനേതാക്കളും രംഗത്തെത്തി. 

ആഗോളസഹകരണത്തില്‍ ഉൗന്നിയുള്ള ഈ വാക്കുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് എന്ത് മറുപടി നല്‍കുമെന്നാണ് ലോകം പിന്നീട് കാതോര്‍ത്തത്. ഐക്യരാഷ്ട്രസംഘടന പാഴാണെന്ന് പറയുന്ന, ലോകവ്യാപാരസംഘടനയെ തള്ളിപ്പറയുന്ന, പാരിസ് കരാറില്‍ നിന്ന് പിന്‍മാറിയ ട്രംപ്. പക്ഷേ ഏവരെയും ഞെട്ടിചചു കൊണ്ട് തികച്ചും വ്യത്യസ്തനായ ട്രംപിനെയാണ് ദാവോസില്‍ കണ്ടത്. ആഗോളസഹകരണത്തെ തള്ളിപ്പറയാത്ത, അമേരിക്കന്‍ സംരക്ഷണവാദം ഉൗന്നിപ്പറയാത്ത, പക്വതയുള്ള ലോകനേതാവായാണ് അദ്ദേഹമെത്തിയത്. 

അമേരിക്കന്‍ വിപണികള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രസിഡന്‍റ് , അമേരിക്ക വളര്‍ന്നാല്‍ ലോകവും വളരുമെന്ന് ഒാര്‍മിപ്പിച്ചു. ധനികർക്കും വൻ സ്ഥാപനങ്ങൾക്കും ഗുണംചെയ്ത തന്റെ നികുതി പരിഷ്കരണ ബില്ലിനെക്കുറിച്ച് അഭിമാനംകൊള്ളാനും അദ്ദേഹം മറന്നില്ല. 18 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍റ് ദാവോസ് സമ്മേളനത്തിനെത്തിയത്. ശതകോടീശ്വരനും ബിസിനസ് വമ്പനുമായ ട്രംപിന് ചേരുന്നതായിരുന്നു ദാവോസിലെ സദസ്. ലോകനേതൃപദവി അമേരിക്കയ്ക്ക് നഷ്ടമാവുന്നു എന്ന വലിയ വെല്ലുവിളിക്കിടയില്‍ നടത്തിയ ദാവോസ് പ്രസംഗം വൈറ്റ്്ഹൗസിന്‍റെ സ്വീകാര്യത തിരിച്ചുപിടിക്കാനുതകുന്നതാണെന്ന് ചിലരെങ്കിലും വിലയിരുത്തുന്നു. 

പക്ഷെ ഇതൊക്കെയാണെങ്കിലും ദാവോസിലും ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കിയത് ചൈനയായിരുന്നു. "ഒരു മേഖല ഒരു പാത "പദ്ധതിയോട് സഹകരിക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ ക്ഷണിച്ച ബെയ്ജിങ് തന്ത്രം തന്നെ ഉദാഹരണം. പദ്ധതിയുടെ മുഖ്യ ആസൂത്രകനും ചൈനീസ് കമ്യൂണിസ്്റ്റ് പാര്‍ട്ടി പൊളിറ്റ്്ബ്യൂറോ അംഗവുമായ ലീ ഹെയുടെ പ്രസംഗത്തിന് ദാവോസ് കാതുകൂര്‍പ്പിച്ചു. വ്യാപാരരംഗത്ത് ചൈന, പാക്കിസ്ഥാന്‍ ബന്ധം ഉൗട്ടിയുറപ്പിക്കുന്ന ചര്‍ച്ചകളും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. ലോകവ്യാപരസംഘടനയ്ക്ക് സമാന്തരമായ നീക്കമാണ് ഒരു മേഖല ഒരു പാത പദ്ധതിയിലൂടെ ചൈന നടത്തുന്നതെന്ന് സമ്മേളനപ്രതിനിധികളില്‍ ചിലര്‍ വിലയിരുത്തി.  ലിംഗസമത്വത്തിനായുള്ള ആഗോളപോരാട്ടം കണക്കിലെടുത്ത് ഇക്കുറി എല്ലാ ചര്‍ച്ചകളിലും  വനിതാ അധ്യക്ഷകളെയും ഉള്‍പ്പെടുത്തി. എങ്കിലും ആകെ വനിതാ പ്രാതിനിധ്യം പതിവുപോലെ വളരെ കുറവായിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുന്ന മിർ ഫൗണ്ടേഷൻ സ്ഥാപകനും ബോളിവുഡ് താരവുമായ ഷാരുഖ് ഖാനെ ലോക സാമ്പത്തിക ഫോറം വാർഷിക ക്രിസ്റ്റൽ പുരസ്കാരം നല്‍കി ആദരിച്ചു. സാമ്പത്തികമാന്ദ്യത്തിന് ശേഷമുള്ള മടങ്ങിവരവിന്‍റെ പാതയിലാണ് എന്ന ആത്മവിശ്വാസം ലോകരാജ്യങ്ങളുടെയെല്ലാം വാക്കുകളില്‍ നിഴലിച്ചിരുന്നു. പക്ഷേ ഈ മടങ്ങിവരവ് ഗുരുതരമായ സാമ്പത്തിക അസമത്വമാണ് സൃഷ്ടിക്കുന്നതെന്ന യാഥാര്‍ഥ്യവുമുണ്ട്. ലോകസമ്പത്തിന്‍റെ നല്ല ശതമാനവും ചെറു ന്യൂനപക്ഷത്തിന്‍റെ കയ്യിലൊതുങ്ങുമ്പോള്‍ പാവപ്പെട്ടവന്‍ അന്നന്നത്തെ ആഹാരത്തിന് ഏറെ പണിപ്പെടുന്ന ലോകക്രമമാണ് വളര്‍ന്നുവരുന്നത്.

ചൈനീസ് ഇ-വ്യാപാര കമ്പനിയായ ആലിബാബ സ്ഥാപകന്‍ ജാക്ക് മാ ആയിരുന്നു ദാവോസിലെത്തിയ ശതകോടീശ്വരന്‍മാരില്‍ ഒന്നാമന്‍. ആഗോളഭീമന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലോകനേതാക്കളെത്തുന്നതിന് തൊട്ടുമുമ്പ് സാമ്പത്തിക അസമത്വത്തെപ്പറ്റി അസ്വസ്ഥകരമായ വെളിപ്പെടുത്തലുകളുമായി  ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ ഓക്സ്ഫാമിന്റെ സര്‍വെ പുറത്തുവന്നു.  ലോകത്തെ ആകെ സമ്പത്തിന്റെ 82 ശതമാനവും കയ്യടക്കിയിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവിഭാഗമാണെന്ന് സര്‍വെ പറയുന്നു. രണ്ടുദിവസം കൂടുമ്പോൾ രാജ്യാന്തരതലത്തിൽ ഒരു ശതകോടീശ്വരൻ പിറവിയെടുക്കുന്ന കാലത്ത്  370 കോടി മനുഷ്യര്‍ ഒരു ശതമാനം പോലും സാമ്പത്തിക വര്‍ധന നേടാനാവാത്തവരാണ്.

ഇന്ത്യയില്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ 73 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് വെറും ഒരു ശതമാനം ആളുകളുടെ കയ്യിലാണെന്നാണു സർവേയിൽ തെളിയുന്ന ചിത്രം.  കഴിഞ്ഞവര്‍ഷം ഇത് 58 ശതമാനമായിരുന്നു.  ധനികരുടെ സമ്പത്തില്‍ ഉണ്ടായ വര്‍ധന കഴിഞ്ഞകേന്ദ്രബജറ്റിലെ ആകെത്തുകയ്ക്ക് തുല്യമാണെന്ന് സര്‍വെ പറയുന്നു. 67 കോടി വരുന്ന ദരിദ്രർ എക്കാലവും ദരിദ്രരായി തുടരുന്നു. ഇന്ത്യയില്‍ മുൻനിരക്കമ്പനിയിലെ എക്സിക്യൂട്ടീവിന്റെ വാർഷികവരുമാനം നേടാൻ ഒരു ഗ്രാമീണൻ 941 വർഷം പണിയെടുക്കണമെന്ന യാഥാര്‍ഥ്യം സര്‍വെ ഉയര്‍ത്തിക്കാട്ടി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഈ വലിയ അന്തരം കുറയ്ക്കാന്‍ ഭരണകൂടങ്ങള്‍ തയാറായില്ലെങ്കില്‍ വലിയവിഭാഗം ജനങ്ങള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തും. ദാരിദ്രനിര്‍മാര്‍ജനം 3 ശതമാനമെന്ന ലക്ഷ്യം നേടിയാല്‍പ്പോലും   2030ല്‍ ലോകജനസംഖ്യയുടെ പകുതിയലധികവും ദരിദ്രരായി തുടരും.  അഭിജാതരുടെ യോഗങ്ങളും വമ്പന്‍ വ്യാപാരബന്ധങ്ങളുമെല്ലാം വാര്‍ത്തയില്‍ നിറയുമ്പോള്‍ ഭൂമിയുടെ അവകാശികളില്‍ ഈ മനുഷ്യരില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. 

MORE IN LOKA KARYAM
SHOW MORE