റഷ്യയെ മരവിപ്പിച്ച് അതിശൈത്യം

russia-cold
SHARE

റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ച് അതിശൈത്യം പിടിമുറുക്കിക്കഴിഞ്ഞു. മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമായ സൈബീരിയയിലെ ഒയ്മ്യാകോണില്‍ മൈനസ് 62 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയത്. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് താപനില അപകടകരമായനിലയില്‍ താഴ്ന്നതോടെ താപമാപിനികള്‍പോലും പൊട്ടിത്തെറിച്ചു. ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് ഇവിടെ തണുപ്പ്  അളന്നത്.  

സൈബീരിയന്‍ ഗ്രാമമായ ഒയ്മ്യാക്യോണിലെ താമസക്കാരി അനസ്താസിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം ലോകശ്രദ്ധയാകർഷിച്ചു. അനസ്താസിയ ഏതെങ്കിലും കലാപ്രകടനത്തിന് വേഷകെട്ടിയതോ മുഖത്ത് ചായം തേച്ചതോ അല്ല. കൂട്ടുകാര്‍ക്കൊപ്പം വീടിന് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചതാണ്. തണുപ്പിന്റെ കാഠിന്യത്തില്‍ കണ്‍പീലികള്‍പോലും തണുത്തുറഞ്ഞിരിക്കുന്നു.  

കൊടുംകുറ്റവാളികളെ താമസിപ്പിക്കുന്ന മഞ്ഞിന്റെ നരകമെന്നാണ് സൈബീരിയയെ വിശേഷിപ്പിക്കാറ്. കൊടുംതണുപ്പുകൊണ്ടുതന്നെ ഒറ്റപ്പെട്ടു കിടക്കുന്നു റഷ്യയുടെ വടക്കുഭാഗത്തുള്ള അതിവിശാലമായ ഈ ഭൂപ്രദേശം. മുന്‍പ് സോവിയറ്റ് യൂണിയന്റെയും അതിനും മുമ്പ് സർ സാമ്രാജ്യത്തിന്റെയും കീഴിലായിരുന്നു ഇവിടം. സൈബീരിയയെ ലോക ലോകഭൂപടത്തില്‍ വേറിട്ടുനിര്‍ത്തുന്നതും കാലാവസ്ഥ തന്നെ. ദൈർഘ്യമേറിയ ശൈത്യകാലവും ദൈർഘ്യം കുറഞ്ഞ ഉഷ്ണകാലവുമാണിവിടെ. ശൈത്യകാലത്ത് താപനില  -60 ഡിഗ്രിയിലേക്ക് കൂപ്പുകുത്തും.  വടക്കന്‍ മേഖല മിക്കവാറും മഞ്ഞു മൂടി കിടക്കുന്നതിനാല്‍,   ജനവാസം കൂടുതലും തെക്കൻ പ്രദേശങ്ങളിലാണ്. 

ഉത്തരധ്രുവത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശമാണ് ഒയ്മ്യാകോണ്‍. പോൾ ഓഫ് കോൾഡ് എന്നറിയപ്പെടുന്ന ഇവിടം ലോകത്ത് മനുഷ്യവാസമുള്ളതില്‍  ഏറ്റവും തണുപ്പുള്ള പ്രദേശമാണ്. ശൈത്യകാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണ്‍ ഇരുട്ടിലാണ്. ശരാശരി താപനില -58 ഡിഗ്രി സെൽഷ്യസും. 1933ല്‍ ആണ് ഇവിടെ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത് -90 ഡിഗ്രി സെല്‍ഷ്യസ്. ആയിരത്തില്‍ താഴെയാണ് ഈ ഗ്രാമത്തിലെ ജനസംഖ്യ. ദുഃസഹമായ തണുപ്പിലും ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു.

അസ്ഥിയുറയുന്ന അതിശൈത്യത്തില്‍ നിന്ന് രക്ഷനേടാന്‍ പ്രത്യേകം തയാറാക്കിയ പാര്‍പ്പിടങ്ങളിലാണ് ഒയ്മ്യാകോണ്‍ നിവാസികള്‍ താമസിക്കുന്നത്. താപനില സ്ഥിരമായി ക്രമപ്പെടുത്തിയിട്ടുള്ള വീടുകളില്‍ നിന്ന് അത്യാവശ്യത്തിന് മാത്രമെ ജനങ്ങള്‍ വീട് വിട്ടിറങ്ങാറുള്ളു. തണുപ്പിനെ പ്രതിരോധിക്കാന്‍ മൃഗത്തോലില്‍ തുന്നിയെടുത്ത വസ്ത്രങ്ങളും തൊപ്പിയുമാണ് വേഷം.

സദാ മഞ്ഞിന്റെ ആവരണം പേറുന്ന ഈ ഗ്രാമത്തില്‍ സസ്യങ്ങളൊന്നും വേരുപിടിക്കില്ല. ശശീരോഷ്മാവ് നിലനിര്‍ത്താന്‍ സഹായകമായ കൊഴുപ്പടങ്ങിയ മല്‍സ്യവും മാംസവുമാണ് പ്രധാനഭക്ഷണം. വിലകൊടുത്തു വാങ്ങുന്ന  മല്‍സ്യവും മാംസവും കാലങ്ങളോളം കേടാകാതെ നിലനില്‍ക്കും. അതിശൈത്യംമൂലം മോട്ടോര്‍വാഹനങ്ങള്‍ അടിക്കടി കേടുവരുന്നതിനാല്‍ ഒയ്മ്യാകോണിലും സൈബീരിയയുടെ മറ്റ് പ്രദേശങ്ങളിലും നായ്ക്കള്‍ വലിക്കുന്ന  വാഹനങ്ങളിലാണ് ജനങ്ങളുടെ സഞ്ചാരം.

ശവസംസ്കാരം ഇവിടുത്തുകാര്‍ക്ക് വലിയ വെല്ലുവിളിയാണ്. മഞ്ഞുകട്ട നീക്കി മണ്ണു കണ്ടെത്തലാണ് പ്രധാനവെല്ലുവിളി. കണ്ടെത്തിയാല്‍ത്തന്നെ പാറക്കട്ടപോലെ ഉറച്ചുപോയ മണ്ണ് തീയിട്ട് ചൂടാക്കിയാണ് കുഴിമാടമൊരുക്കല്‍. അതുകൊണ്ടുതന്നെ മരണപ്പെട്ട് മൂന്നാംദിനമാവും ഇവിടെ ഒരാളെ സംസ്കരിക്കാനാവുക

കൊടും തണുപ്പിലും ആചാരാനുഷ്ടാനങ്ങളില്‍ വീഴ്ചവരുത്തില്ല റഷ്യക്കാര്‍ . യേശുക്രിസ്തുവിന് ജോര്‍ദാന്‍ നദിയില്‍ മാമോദീസ നല്‍കിയതിന്റെ ഓര്‍മ പുതുക്കലാണ് ദനഹ തിരുന്നാള്‍.   സെലിഗര്‍ തടാകത്തില്‍ മൈനസ് ആറ് ഡിഗ്രി തണുപ്പുള്ള വെള്ളത്തിലാണ്  ദനഹ തിരുനാളിന്‍റെ ഭാഗമായി പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ മുങ്ങിയത്.  

MORE IN LOKA KARYAM
SHOW MORE