എന്താണ് ട്രംപിന് മാധ്യമങ്ങളോട് ഇത്ര ദേഷ്യം ?

trump-media-award
SHARE

അധികാരത്തിലെത്തിയയുടന്‍ മുഖ്യധാരമാധ്യമങ്ങളോട് കടക്കുപുറത്ത്  എന്നു പറഞ്ഞ പ്രസിഡന്‍റാണ് ഡോണള്‍ഡ് ട്രംപ്.  ഫെയ്ക് ന്യൂസ് എന്ന പ്രയോഗം ഹിറ്റാക്കിയതിന്‍റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്.  ഇപ്പോഴിതാ 'നേരും നെറിയുമില്ലാത്ത' മാധ്യമങ്ങൾക്കുള്ള പുരസ്കാരവും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസും സിഎൻഎനും ഉള്‍പ്പെടെ സ്ഥിരം ശത്രുക്കളെല്ലാം പുരസ്കാര ജേതാക്കളിലുണ്ട്.

ഡോണള്‍ഡ് ട്രംപിന്‍റെ ഇഷ്ടപ്രയോഗമാണ് ഫെയ്ക് ന്യൂസ് അഥവാ വ്യാജവാര്‍ത്ത. തന്‍റെ മുഖ്യവിമര്‍ശകരായ മുഖ്യധാരാമാധ്യമങ്ങളുമായുള്ള ഏറ്റുമുട്ടലിന്‍റെ ഭാഗമായാണ് നേരുെനറിയുമില്ലാത്ത മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന്  ഇഷ്ട മാധ്യമമായ ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചത്. കേട്ടപാതി ആക്ഷേപഹാസ്യക്കാര്‍ അപേക്ഷകരായി രംഗത്തെത്തി. 

കളിയാക്കലുകള്‍ മുറുകിയതോടെ അവാര്‍ഡ് പ്രഖ്യാപനം പലകുറി മാറ്റി പ്രസിഡന്‍റ്. ഒടുവില്‍ ആ പ്രഖ്യാപനമെത്തി, നേരിട്ടോ ട്വിറ്ററിലോ അല്ല മറിച്ച് പാര്‍ട്ടി വെബ്സൈറ്റില്‍. നാലു പരാമര്‍ശങ്ങളോടെ സിഎന്‍എന്‍ ഒന്നാമതും രണ്ട് പരാമര്‍ശങ്ങളോടെ ന്യൂയോര്‍ക്ക് ടൈംസ് രണ്ടാമതുമെത്തി. എബിസി, വാഷിങ്ടണ്‍ പോസറ്റ്, ടൈം, ന്യൂസ് വീക്ക് എന്നിവയാമ് നേരും നെറിയുമില്ലാത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചത്. പക്ഷേ മുഖ്യധാരാമാധ്യമങ്ങളുടെ മുഖ്യവാര്‍ത്തകളിലൊന്നും വ്യാജവാര്‍ത്ത കണ്ടെത്താന്‍ പ്രസിഡന്‍റിന് ആയില്ലെന്ന് മാത്രം. 

മിക്കതും വിശകലനങ്ങളോ മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകളോ. ഉദാഹരണത്തിന് പട്ടികയില്‍ ഒന്നാമത് ഇടംനേടിയത് ന്യൂയോര്‍ക്ക് ടൈംസില്‍ പോള്‍ ക്രഗ്്മേന്‍ എഴുതിയ വിശകലാന്തമക ലേഖനമാണ്. ഫലപ്രഖ്യാപനം വന്നയുടന്‍ ട്രംപിന്‍റെ വിജയം അമേരിക്കന്‍ സമ്പദ്്വ്യവസ്ഥയ്ക്ക് ഗുണംചെയ്തേക്കില്ല എന്ന ക്രഗ്്മാന്‍റെ നിരീക്ഷണമായിരുന്നു ഇത്. പിന്നീട് ആ നിരീക്ഷണം അദ്ദേഹം തിരുത്തുകയും ചെയ്തിരുന്നു.  എബിസി ന്യൂസ് ക്ഷമാപണം നടത്തുകയും  മാധ്യമപ്രവര്‍ത്തകനെ പുറത്താക്കുകയും ചെയ്ത റിപ്പോര്‍ട്ടാണ് മറ്റൊന്ന്. ചില മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി നടത്തിയ ട്വിറ്റര്‍ സന്ദേശങ്ങളും വ്യാജവാര്‍ത്താ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 

പട്ടിക പാളിയതോടെ വിശദീകരണങ്ങളുമായി വൈറ്റ്ഹൗസ് രംഗത്തുണ്ട്. പക്ഷേ  അവാര്‍ഡ് പ്രഖ്യാപനത്തോടെ ലോകത്തിന്‍റെ മുന്നില്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് പ്രസിഡന്‍റ് ചോദ്യം ചെയ്യുന്നതെന്ന വിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങളെ ജനങ്ങളുടെ ശത്രുക്കളാക്കി ചിത്രീകരിക്കുന്ന സ്റ്റാലിനിസ്റ്റ് നയമാണ് ട്രംപിന്‍റെതെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെ കുറ്റപ്പെടുത്തുന്നു

എന്താണ് ഡോണള്‍ഡ് ട്രംപിന് മാധ്യമങ്ങളോട് ഇത്ര ദേഷ്യം ?അദ്ദേഹത്തിന്‍റെ വിവിധ നയങ്ങളെ മുഖമടച്ച് വിമര്‍ശിക്കുന്നത് തന്നെ കാരണം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഭയക്കുന്നില്ല എന്നതാണ് ട്രംപിന് തലവേദനയാകുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ നിലനില്‍പ് തന്നെ അപകടത്തിലായ റഷ്യന്‍ ബന്ധത്തിന്‍റെ പിന്നാലെയാണ് വ്യാജവാര്‍ത്തകാരെന്ന് പ്രസിഡന്‍റ് പരിഹസിച്ച മാധ്യമങ്ങള്‍. 

ടെലിവിഷന്‍ അവതാരകനായിരുന്നിട്ടും ഡോണള്‍ഡ് ട്രപിന്‍റെ മാധ്യമവിരോധത്തിന് കാരണങ്ങള്‍ നിരവധിയാണ്. സിഎൻഎൻ, എബിസി ന്യൂസ്, ദ് ന്യൂയോർക്ക് ടൈംസ്, ദ് വാഷിങ്ടൻ പോസ്റ്റ് , ബിബിസി എന്നിങ്ങനെ മുഖ്യധാരാ മാധ്യമങ്ങളേറെയും ട്രംപിന്റെ ശത്രുപ്പട്ടികയിലാണ്.  ഈ വിരോധം അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തേ തുടങ്ങിയതാണ്. ഇസ്്ലാം വിരുദ്ധതയും കുടിയേറ്റവിരോധവുമായി കളംനിറഞ്ഞ ട്രംപിനെ മുഖ്യധാരമാധ്യമങ്ങള്‍ വിമര്‍ശിച്ചതാണ് അദ്ദേഹത്തിന്‍റെ അസഹിഷ്ണുതയ്ക്ക് കാരണമായത്.  ട്രംപിന്‍റെ പ്രചാരണരീതിയെ വിമര്‍ശനാത്മകമായി വിലയിരുത്തിയ എൻബിസി ന്യൂസ് റിപ്പോര്‍ട്ടര്‍ കാത്തി ടര്‍നെ ഒാരോ വേദിയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടന്നാക്രമിച്ചു 

തന്‍റെ റിപ്പോര്‍ട്ടിങ് അനുഭവങ്ങള്‍ കാത്തി പിന്നീട്  പുസ്തകമാക്കി. ട്രംപ് വൈറ്റ്ഹൗസിലെത്തിയതുമുതല്‍ പ്രസിഡന്‍റിന്‍റെ വസതി മാധ്യമങ്ങള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ഒന്നായി.  സത്യപ്രതിജ്ഞാദിവസം ആളുകുറവായിരുന്നെന്ന മാധ്യമനിരീക്ഷണവും ട്രംപിനെതിരായ പ്രതിഷേധപ്രകടനങ്ങള്‍ വലിയതോതില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതും വൈറ്റ്ഹൗസിനെ അസ്വസ്ഥമാക്കി.  രണ്ടാംമാസം തന്നെ വൈറ്റ്ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മുഖ്യധാര മാധ്യമങ്ങളെ പുറത്താക്കി. പ്രതിഷേധം ഉയര്‍ന്നതോടെ  മാധ്യമസ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ല ഉദ്ദേശ്യമെന്നും വ്യാജ വാർത്ത പടച്ചുവിടുന്ന മാധ്യമങ്ങളോടാണെന്ന് വിരോധമെന്നും ട്രംപ് വിശദീകരിച്ചു. 

സർക്കാരിന്റെ നൂറാംദിനാഘോഷങ്ങൾക്കിടെ മാധ്യമങ്ങളെ ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, 'വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് ഡിന്നർ' എന്നു പേരുള്ള വാർഷിക അത്താഴ വിരുന്ന് ബഹിഷ്കരിച്ചു.  അത് പൊതുവേദിയില്‍ പറയുകയും ചെയ്തു. അത്താഴവിരുന്നിൽനിന്നു വിട്ടുനിന്ന ട്രംപിന്റെ നടപടിയെ വൈറ്റ്ഹൗസ് കറസ്പോണ്ടൻസ് അസോസിയേഷൻ നിശിതമായി വിമർശിച്ചു. '

(സ്വതന്ത്ര മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ്. അതിനെ അപകടപ്പെടുത്തുന്നത് ആരോഗ്യകരമായ ജനാധിപത്യരാഷ്ട്രത്തിന് നല്ലതല്ല' - അസോസിയേഷൻ പ്രസിഡന്റ് ജെഫ് മേസൺ പറഞ്ഞു. ട്രംപ് മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രതിനിധികളായ വൈറ്റ് ഹൗസ് വക്താക്കളും മാധ്യമവിരോധം മറച്ചുവച്ചില്ല. മാധ്യമങ്ങളോട് പടവെട്ടിയ സീന്‍ സ്പൈസര്‍ പിന്നീട് ട്രംപിനോട് പിണങ്ങിപ്പോയി. അടുത്തത് സാറാ സാന്‍ഡേഴ്സിന്‍റെ ഉൗഴമായിരുന്നു. മോശമായില്ല പ്രകടനം

ടീം ട്രംപിന്‍റെ ആക്രോശങ്ങള്‍ക്കോ വിരട്ടലുകള്‍ക്കോ സത്യാന്വേ·ഷണത്തില്‍ നിന്ന്  മാധ്യമങ്ങളെ പിന്തിരിപ്പിക്കാനാവുന്നില്ല. പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആരുമാവട്ടെ രാഷ്ട്രീയക്കാര്‍ക്ക് ഒാശാനപാടുകയല്ല മറിച്ച് അവരെ തുറന്നുകാട്ടുകയാണ് മാധ്യമധര്‍മം എന്ന് പറഞ്ഞ ബെന്‍ ബ്രാഡ്ലിയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരുടെ പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ . 

MORE IN LOKA KARYAM
SHOW MORE