ആ ലോകത്തെ അവസാനത്തെ പെണ്‍കുട്ടി

Thumb Image
SHARE

ചില ശുഭപ്രതീക്ഷകളിലേക്ക് കൂടിയാണ് പുതുവര്‍ഷം കണ്‍തുറന്നത്. ഈ ദശകത്തിലെ ഏറ്റവും വലിയ വംശഹത്യയ്ക്കും ക്രൂരതയ്ക്കും ഇരയായ ഇറാഖിലെ യസീദികള്‍ അവരുടെ ദുരിതകാണ്ഡങ്ങള്‍ പിന്നിട്ട് പുതിയ പുലരികള്‍ സ്വപ്നം കാണുന്നു.  ഒരു പ്രത്യേക മതത്തില്‍ ജനിച്ചു എന്നതിന്‍റെ പേരില്‍ മനുഷ്യര്‍ മനുഷ്യരെ കൊന്നൊടുക്കുന്ന കാടത്തത്തിന് താല്‍കാലികമായെങ്കിലും അറുതിയാകുന്നു.  ഐഎസ് വിരുദ്ധപോരാട്ടം ലക്ഷ്യം കാണുമ്പോള്‍  യസീദികള്‍ ആശ്വാസ നെടുവീര്‍പ്പിടുന്നു. പക്ഷേ അവര്‍ക്ക് നീതിയെത്തിക്കാന്‍ ലോകം കണ്ണുതുറക്കുമോ.നാദിയ മുറാദ്. നാദിയ ഒരു പ്രതീകമാണ്. മതത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന, അടിമകളാക്കപ്പെടുന്ന ജനതയുടെ പ്രതീകം. യസീദികള്‍ ...ഇറാഖിലെ മതന്യൂനപക്ഷം. തങ്ങളുടെതായ സംസ്കാരവും മതവിശ്വാസങ്ങളും പിന്തുടരുന്ന യസീദികള്‍ വിഗ്രഹാരാധകരും സാത്താന്‍സേവക്കാരുമാണെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിച്ചത്. യസീദി വിശ്വാസം ഭൂമിയിയില്‍ നിന്ന് തുടച്ചുമാറ്റേണ്ടത് ഇസ്്ലാമിന്‍റെ കടമയാണെന്ന് തീവ്രവാദികള്‍ പ്രഖ്യാപിച്ചു. 2014 ല്‍ സിന്‍ജാര്‍ മലനിരകള്‍ക്ക് ചുറ്റുമുള്ള യസീദി മേഖലകള്‍ ഐഎസ് പോരാളികള്‍ വളഞ്ഞു. ഇറാഖ് സൈന്യവും കുര്‍ദിഷ് പെഷ്മര്‍ഗയും പിന്‍മാറി്യതോടെ നിരാലംബരായി ഈ ജനത.  സ്വന്തം വാഹനമുള്ളവരും നടക്കാന്‍ പ്രാപ്തിയുള്ളവരുമായ പതിനായിരങ്ങള്‍ സിന്‍ജാര്‍ മലനിരകളില്‍ അഭയം പ്രാപിച്ചു.  

വഴിയരുകില്‍ അപരിചിതരെ കണ്ടതോടെ നാദിയയും മനസിലാക്കി, ഇസ്്ലാമിക് സ്ററ്റേ്റ് ഭീകരര്‍ കൊച്ചോ എന്ന തന്റെ  ഗ്രാമവും പിടിച്ചെടുത്തിരിക്കുന്നു. ഗ്രാമവാസികളെ ഒന്നിച്ചു കൂട്ടിയ ഭീകരര്‍ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു.  പുരുഷന്മാരെ വെടിവച്ച് കൊന്നു. അതിൽ നാദിയയുടെ ആറ് സഹോദരന്മാരും ഉണ്ടായിരുന്നു. സ്ത്രീകളില്‍ സൗന്ദര്യമില്ലാത്തവരെന്ന് വിലയിരുത്തിയവരെയും പ്രായമായവരെയും കൊച്ചുകു​ഞ്ഞുങ്ങളെയും കൊന്ന് കുഴിച്ചുമൂടി. നാദിയ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്കാണ് പിന്നീട് കൊണ്ടുപോയത്. അവിടെ ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ അടിമച്ചന്തയില്‍ വില്‍ക്കപ്പെട്ടു ഈ പെണ്‍കുട്ടി 

ലൈംഗിക അടിമയെന്നാല്‍ ഉടമയ്ക്ക് എത്രതവണ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും മാനഭംഗം ചെയ്യാവുന്ന ഇരയെന്നര്‍ഥം. മതപരിവര്‍ത്തനവും നിര്‍ബന്ധം.  നിഷേധിച്ചാല്‍ കൊടിയ പീഡനം. രക്ഷപെടാന്‍ ശ്രമിച്ചതിന് കൂട്ടമാനഭംഗത്തിനും ഇരയായി ഈ 21 കാരി. മറ്റൊരാള്‍ വിലയ്ക്ക് വാങ്ങിയതോടെ  അടുത്ത സ്ഥലത്തേയ്ക്ക്. ഇങ്ങനെ മൂന്നുമാസത്തെ ദുരിതസഞ്ചാരം. മനസാന്നിധ്യം വീണ്ടെടുത്ത നാദിയ പക്ഷെ ആ വീടിന്‍റെ ജനാലയിലൂടെ രക്ഷപെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ പ്രാണരക്ഷാര്‍ഥം ഒാടിയ പെണ്‍കുട്ടിയ്ക്ക് അഭയം നല്‍കിയതും ഒരു മുസ്്ലിം കുടുംബം തന്നെ. അതിസാഹസികമായി ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ കണ്ണ ില്‍പ്പെടാതെ നാദിയയെ അവര്‍ കുര്‍ദിസ്ഥാനിലെത്തിച്ചു. ഐഎസ് പിന്‍മാറിയശേഷം കൊച്ചൊയില്‍ മടങ്ങിയെത്തിയ നാദിയയെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകള്‍. ജനിച്ചുവളര്‍ന്ന ഗ്രാമം ശവപ്പറമ്പായി. എങ്ങും മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രം. അമ്മയും സഹോദര്‍ന്‍മാരും ബന്ധുക്കളും നഷ്ടപ്പെട്ട പെണ്‍കുട്ടി നിസഹായയായി നിലവിളിച്ചു. 

ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ നാദിയ ഐക്യരാഷ്ട്രസമിതിയ്ക്ക് മുന്നില്‍ വിവരിച്ചത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കേട്ടത്. പത്തുവയസുകാരിയെ നാല്‍പതുകാരന്‍ മാനഭംഗം ചെയ്യുന്ന ഖലിഫേറ്റിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാദിയ രോഷാകുലയായി  ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നാദിയയുടെ ആത്മകഥ 'ദ ലാസ്റ്റ്  ഗേള്‍' മികച്ച പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞു. ഇറാഖിലും സിറിയയിലുമായി വ്യാപിച്ചുകിടന്ന ഖലിഫേറ്റ് എന്ന കിരാതഭരണകൂടം ഇല്ലാതായിരിക്കുന്നു. എല്ലാമുപേക്ഷിച്ച് പലായനം ചെയ്ത മനുഷ്യര്‍ സ്വന്തം മണ്ണിലേയ്ക്ക് മടങ്ങിവരികയാണ് ഈ പുതുവര്‍ഷത്തില്‍. പക്ഷേ അവരുന്നയിക്കുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ആരാണ് യസീദികള്‍ക്ക് നീതി നടപ്പാക്കിത്തരിക?  തങ്ങളെ മാനഭംഗം ചെയ്ത, അടിമകളാക്കിയ , മാതാപിതാക്കളെയും സഹോദരന്‍മാരെയും കൊന്നു തള്ളിയ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമോ ? 

വീണ്ടെടുക്കപ്പെട്ട ഗ്രാമങ്ങളിലേയ്ക്കുള്ള മടക്കം. യസീദികള്‍ക്ക് ഇത് രണ്ടാം ജന്മമാണ്. പക്ഷേ സന്തോഷിക്കാന്‍ ഒന്നുമില്ല ഇവര്‍ക്ക്. ഏതാണ്ട് 5 ലക്ഷം യസീദികളാണ് പലായനം ചെയ്തത്.  നിരവധി പേര്‍ തട്ടിയെടുക്കപ്പെട്ടു. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. സിന്‍ജാറിലും നിനെവെയുമായി യസീദികളുടെ 62 കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. പലതിലും ആയിരക്കണക്കിന് മൃതദേഹങ്ങള്‍. ഒരു പക്ഷെ ആധുനികലോകം കണ്ട ഏറ്റവും വലിയ വംശഹത്യ.  3000 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതില്‍ കൂടുതലും സ്ത്രീകളും കുഞ്ഞുങ്ങളും. സൈന്യത്തെ നേരിടാന്‍ ഐഎസ് മനുഷ്യകവചമായി ഉപയോഗിച്ചതും സ്ത്രീകളെയും കുട്ടികളെയുമാണ്. പിടിയിലായ ഭീകരരില്‍ യസീദി വംശഹത്യയ്ക്ക് ചുക്കാന്‍പിടിച്ചവരെയും പെണ്‍കുട്ടികളെ അടിമകളാക്കിയവരെയും പ്രത്യേകം വിചാരണ ചെയ്യണമെന്ന് നാദിയ ഉള്‍പ്പെടെ യസീദി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നാകെ ആവശ്യപ്പെടുന്നു. രാജ്യാന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ മതനേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ബഗ്്ദാദ് സര്‍ക്കാര്‍ ഭീകരരെ രക്ഷപെടാന്‍ അനുവദിക്കുമെന്ന ആശങ്കയും ശക്തം. 

സമകാലിക ലോകത്ത് സമാനതകളില്ലാത്ത വേദനകളുടെ ഭൂഖണ്ഡങ്ങള്‍ താണ്ടിയാണ് യസീദികള്‍, തകര്‍ത്തെറിയപ്പെട്ട സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്നത്. അവരുടെ കരച്ചിലുകള്‍ക്ക് മുന്നില്‍ കാതുതുറന്നുവയ്ക്കാനെങ്കിലും ഈ ലോകം തയാറുണ്ടോ എന്നതാണ് ചോദ്യം. ന്യൂനപക്ഷമായി എന്നതിന്‍റെ പേരില്‍ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഈ മനുഷ്യരുടെ ചോദ്യങ്ങള്‍  ലോകരാജ്യങ്ങളുടെ കാതുകളില്‍ ഇടിമുഴക്കമാകുകതന്നെ വേണം. കണ്‍വെട്ടത്തുതന്നെയുള്ള പ്രതികളെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നതാണ് ജീവിതം തകര്‍ന്ന ഈ ജനതയുടെ പ്രാഥമികമായ ആവശ്യം. മത ന്യൂനപക്ഷങ്ങളുടെമേല്‍ അതിക്രമത്തിന് തുനിയുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് പുതിയ ലോകത്തിന്‍റെ ബാധ്യതയാകണം. ഭൂരിപക്ഷ പ്രീണനത്തിന് തുനിയുന്ന ഓരോ ഭരണാധികാരികള്‍ക്കും പാഠമാകണം തീര്‍ത്തും ന്യൂനപക്ഷമായ ഈ ജനത കുടിച്ചുതീര്‍ത്ത കണ്ണീര്‍. വര്‍ത്തമാനകാല ലോകക്രമത്തിലെ ഓരോ കണ്ണീര്‍പ്പാടുകളും മായ്ക്കാനുള്ള വലിയ പാഠം.   

കറുപ്പണിഞ്ഞ പ്രതിഷേധക്കരുത്ത്

ലൈംഗികാതിക്രമങ്ങള്‍ക്കും ലിംഗവിവേചനത്തിനുമെതിരായ പോരാട്ടം കരുത്താര്‍ജിച്ചിരിക്കുകയാണ് പുതിയവര്‍ഷത്തില്‍. കിട്ടാവുന്ന വേദികളിലെല്ലാം സ്ത്രീകള്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവേദിയിലും ഉറച്ച പെണ്‍ശബ്ദങ്ങള്‍ മുഴങ്ങിക്കേട്ടു. എന്റെ ശരീരം എന്റെ അവകാശമാണെന്ന് പ്രഖ്യാപിച്ച് കറുപ്പണിഞ്ഞെത്തിയ താരങ്ങള്‍ പുരസ്കാരവേദിയിലും പുറത്തും പ്രതിഷേധത്തിര സൃഷ്ടിച്ചു. വാര്‍ഡ് നിശകള്‍ എപ്പോഴും താരപ്പകിട്ടിന്‍റെ അരങ്ങുകളാണ്. സിനിമയുടെ വെള്ളിവെളിച്ചം തെളിഞ്ഞുകത്തുന്ന ഇടം. 

അവിടെ സാമൂഹ്യപാങ്ങളോ ജീവിതത്തിന്‍റെ രാഷ്ട്രീയമോ മഷിയിട്ട് തിരഞ്ഞാല്‍ പോലും കണ്ടുകിട്ടില്ല.  ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച പ്രതിഭകള്‍. ഹോട്ട് ലുക്കില്‍ ചുവപ്പ് പരവതാനി കീഴടക്കുന്ന താരങ്ങള്‍. അവാര്‍ഡ് നിശയ്ക്കപ്പുറം ഫാഷന്‍ വേദികളില്‍ തരംഗമാകാനായുള്ള വസ്ത്രഡിസൈനുകള്‍. ഹോളിവുഡിലെ ഓരോ അവാര്‍ഡ് രാവുകളും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിക്കുന്നത് ഇപ്പറഞ്ഞ കാര്യങ്ങളിലാണ്. അങ്ങനെ കെട്ടുകാഴ്ചകളില്‍ മാത്രം പാര്‍ത്തുപോന്ന താരപ്പകിട്ടിന്‍റെ അരങ്ങിനെയാണ് ഇക്കുറി ഗോള്‍ഡന്‍ ഗ്ലാോബ് പുരസ്കാരദാനച്ചടങ്ങ് പൊളിച്ചെഴുതിയത്.  

ഹാര്‍വി വൈന്‍സ്റ്റിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കും മീ ടൂ ഹാഷ്ടാഗിനും ശേഷമുള്ള ഹോളിവുഡിന്‍റെ ഒത്തുചേരലില്‍  ബെവേര്‍ലി ഹില്‍സില്‍ ആ പ്രതിഷേധം അണപൊട്ടിയൊഴുകി. മികച്ച സംവിധായകനുള്ള പുരസ്കാരം സമ്മാനിക്കാനെത്തിയ നതാലി പോര്‍ട്മാന്‍ പട്ടികയെത്തന്നെ പരിഹസിച്ചു.  മീറ്റുവിന് പിന്നാലെ പുതുവര്‍ഷത്തിലെത്തിയ 'ടൈംസ് അപ്പ്' മുന്നേറ്റമാണ് ഈ കടുത്ത 'കറുത്ത'  പ്രതിഷേധത്തിന് ഊര്‍ജം പകര്‍ന്നത്.മൗനം വെടിഞ്ഞവര്‍ ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു. ലിംഗസമത്വത്തെ പിന്തുണയ്ക്കുന്ന പുരുഷന്‍മാരും വനിതാസഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി കറുപ്പ് ധരിച്ചു.

ഓപ്ര വിൻഫ്രിായിരുന്നു ഗോള്‍ഡന്‍ ഗ്ലോബിലെ താരം.സമഗ്രസംഭാവനയ്ക്കുള്ള സെസില്‍ ബി ഡെമി പുരസ്കാരം നേടിയ ആദ്യ കറുത്തവര്‍ഗക്കാരിയായ വിന്‍ഫ്രിയുടെ മറുപടി പ്രസംഗം നിറഞ്ഞകയ്യടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ആവേശ ഭരിതരായ ആരാധകര്‍ വിന്‍ഫ്രി പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലെ ഈ പ്രസംഗം വിന്‍ഫ്രിയുടെ ജീവിതത്തിലെ വഴിത്തിരുവായാണ് ചിലരെങ്കിലും വിലയിരുത്തുന്നത്. 2020ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വിന്‍ഫ്രി മല്‍സരിച്ചേക്കുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു.വിന്‍ഫ്രിക്ക് പിന്നാലെയെത്തിയ താരങ്ങളെല്ലാം ലൈംഗികചൂഷണത്തിനും ലിംഗവിവേചനത്തിനുമെതിരായ ശബ്ദമുയര്‍ത്താന്‍ വേദി ഉപയോഗിച്ചു. ത്രീ ബില്‍ബോര്‍ഡ്സ് ഔട്സൈഡ് എബ്ബിങ്, മിസോറി'യാണ് മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത്. പെണ്‍കുഞ്ഞിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം നടത്തുന്ന ഒരമ്മയുടെ കഥപറയുന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാന്‍സിസ് മക്ഡോര്‍മന്‍ഡ് മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി. 

ബിഗ് ലിറ്റില്‍ ലൈസിലൂടെ മികച്ച ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് നിക്കോള്‍ കിഡ്മാനും നന്ദിപറച്ചിലിനപ്പുറം നീതിനിഷേധത്തിനെതിരായ ശബ്ദം ഉയര്‍ത്തി.  ഹാര്‍വി വെയന്‍സ്റ്റെന്‍ അടക്കം ഹോളിവുഡിലെ കളങ്കിതരെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല.  

ലൈംഗിക ചൂഷണത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സമയമായി എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്നൂറിലധികം താരങ്ങള്‍ ഒത്തുചേര്‍ന്ന കൂട്ടായ്മയുടെ തീരുമാനം പൂര്‍ണമായി വിജയിച്ചുവെന്ന് ലോകം നല്‍കിയ പിന്തുണ വ്യക്തമാക്കുന്നു.   

ബി.ബി.സിയെ പഠിപ്പിച്ച് കാരി ഗ്രേസി

സ്ഥാപനത്തോട് കലഹിച്ച് രാജിവയ്ക്കുന്ന ജീവനക്കാരോട് പൊതുസമീപനം എന്താണ്?  ഇക്കാര്യത്തില്‍ സാമാന്യജനത്തിന്‍റെ ധാരണകളെയെല്ലാം അട്ടിമറിച്ചു ബിബിസി. ശമ്പളത്തിലെ ലിംഗവിവേചനത്തോട് പ്രതിഷേധിച്ച് ബിബിസി ചൈന എഡിറ്റര്‍ കാരി ഗ്രേസി രാജിവച്ച വിവരം ലോകം അറിഞ്ഞത് ബിബിസിയിലൂടെ തന്നെയാണ്. ടെലിവിഷന്‍ സ്ക്രീനിലൂടെ തന്നെ വിടവാങ്ങല്‍ ലോകത്തെ അറിയിക്കാനും കാരിക്ക് അവസരമൊരുക്കി ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍. ലിംഗസമത്വമെന്ന ലക്ഷ്യത്തിനായി പോരാടുന്ന വ്യക്തിയോടുള്ള ആദരവു പ്രകടിപ്പിക്കല്‍ കൂടിയായി തികച്ചും അസാധാരണമായ ഈ നടപടി.

 ഒരേ ജോലിക്ക് സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത ശമ്പളം എന്നതുമാത്രമല്ല ബിബിസിയുടെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ചൊടിപ്പിച്ചത.് ശമ്പളംനിശ്ചയിക്കലിലെ കള്ളക്കളികളുമാണ്.  ബിബിസിയുടേത് നിയമവിരുദ്ധപ്രവര്‍ത്തിയാണെന്ന് ചൂണ്ടിക്കാണിച്ച കാരി, പ്രശ്നം പരിഹരിക്കാന്‍ മാനേജ്്മെന്‍റിന് കഴിയില്ലെന്നും സൂചിപ്പിച്ചു. വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്തം എന്നിവയില്‍ ബിബിസി പരാജയപ്പെട്ടെന്ന് 30 വര്‍ഷത്തെ തൊഴില്‍പരിചയമുള്ള മാധ്യമപ്രവര്‍ത്തക പറയുന്നു. ബിബിസിയുടെ ഏറ്റവും സമര്‍ഥരായ മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍പ്പെട്ട കാരി ഗ്രേസി റിപ്പോര്‍ട്ടറായും അവതാരകയായും തിളങ്ങി. ഇംഗ്ലിഷും മന്‍ഡ്രിനും ഒരുപോലം വഴങ്ങുന്ന കാരി പലപ്പോഴും പുരുഷസഹപ്രവര്‍ത്തകരെക്കാള്‍ മികച്ച പ്രകടനംനടത്തി ശ്രദ്ധേയയായി.

ബിബിസിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് വേതനത്തിലെ ലിംഗവിവേചനത്തിനെതിരായ പ്രതിഷേധം ശക്തമായത്. 250 മേല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും സ്ത്രീ, പുരുഷ ജീവനക്കാര്‍ക്കിടയിലെ വേതനവ്യത്യാസം പ്രസിദ്ധീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബിബിസിയും ശമ്പളപട്ടിക പുറത്തുവിട്ടത.്  ഒരേ ജോലിക്ക് വനിതാജീവനക്കാരെക്കാള്‍ പുരുഷജീവനക്കാര്‍ ഏതാണ്ട് 9.3 ശതമാനം കൂടുതല്‍ വേതനം വാങ്ങുന്നെന്ന് പട്ടിക വ്യക്തമാക്കി. 500 ജീവനക്കാര്‍ സ്ത്രീകളാണെന്ന ഒറ്റക്കാരണംകൊണ്ട് തുല്യപദവിയിലുള്ള പുരുഷന്‍മാരെക്കാള്‍ കുറഞ്ഞശമ്പളം വാങ്ങുന്നു. ഉയര്‍ന്ന ശമ്പളം വാഹ്ങുന്ന ജീവനക്കാരില്‍ മൂന്നില്‍ രണ്ടും പുരുഷന്‍മാര്‍. 40 പ്രശസ്തവനിതാ ജീവനക്കാരികള്‍ തുറന്ന കത്തിലൂടെ സ്ഥാപന ഉടമകളോട് നിലപാട് മാറ്റം ആവശ്യപ്പെട്ടു. എന്നാല്‍ പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്ന് കാരി ഗ്രേസി തന്‍റെ തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.  

തന്‍റെ പോരാട്ടം അവതാരകര്‍ക്ക് വേണ്ടി മാത്രമല്ല  സ്ഥാപനത്തിലെ ഒാരോ സ്ത്രീയ്ക്കും വേണ്ടിയാണെന്ന് കാരി കത്തില്‍ പറയുന്നു. കാരിയുടെ കത്ത് പുറത്തെത്തിത്തിയതോടെ I STAND WITH CARRIE എന്ന ഹാഷ്ടാഗ് അവരെ പിന്തുണയ്ക്കുന്നവരുടെ സന്ദേശങ്ങള്‍കൊണ്ട് നിറഞ്ഞു. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മാധ്യമപ്രവര്‍കര്‍ കാരി മുന്നോട്ടുവച്ച ആവശ്യത്തെ ശരിവച്ചു. 130 പേരുള്‍പ്പെടുന്നു ബിബിസി വുമണ്‍ ഇങ്ങനെ എഴുതി." കാരി ഗ്രേസിയെപ്പോലെ പ്രതിഭാസമ്പന്നയായ മാധ്യമപ്രവര്‍കയ്ക്കും ലിംഗസമത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ രാജിവയ്ക്കേണ്ടി വരുന്നു എന്നത് ഖേദകരമാണ്. കാരിയെ ഞങ്ങവ്‍ പിന്തുണയ്ക്കുന്നു, വേതനത്തിലെ ലിംഗവിവേചനം എന്ന പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകണം. ഈ പിന്തുണ പണത്തിനുള്ള ആര്‍ത്തിയല്ല മറിച്ച് തുല്യതയ്ക്കുവേണ്ടിയുള്ള ദാഹമാണെന്ന് കാരി അഭിപ്രായപ്പെട്ടു.

 2010ലെ ബ്രിട്ടിഷ് തുല്യത നിയമം   സ്ത്രീക്കും പുരുഷനും തുല്യവേതനം അനുശാസിക്കുന്നു. എന്നാല്‍ സ്ത്രീസമത്വത്തിന്‍റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലും ശമ്പളകാര്യത്തില്‍ ഒളിച്ചുകളി തുടരുന്നു. മിക്ക വമ്പന്‍ സ്ഥാപനങ്ങളും തുല്യജോലിയ്ക്ക് തുല്യവേതനം നല്‍കാന്‍ തയാറല്ല. ഇത്  സബംന്ധിച്ച പരാതികള്‍ ഉയര്‍ന്നതോടെയാണ് വേതവവിവരം പ്രസിദ്ധപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത.്പക്ഷേ 9000 സ്ഥാപനങ്ങളില്‍ പകുതി എണ്ണഃം പോലും സുതാര്യതയ്ക്ക് തയാറായിട്ടില്ല. ഇതുവരെ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലാകട്ടെ 10 ശതമാനം മുതല്‍ 25 ശതമാനംവരെ വേതനവ്യത്യാസം വ്യക്തമാണ്. പുരുഷകേന്ദ്രീകൃതസമൂഹത്തിന്‍രെ പൊതുസംസ്കാരം, സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാനുള്ള മടി, സ്വജനപക്ഷപാതം, ഇങ്ങനെ നിരവധി കാരണങ്ങവ്‍ ഈ അനീതിയ്ക്ക് കാരണമാകുന്നെന്ന് പഠനങ്ങള്‍ പറയുന്നു. കാരി ഗ്രേസിയുടെ രാജി ഒരു തുടക്കമാണെന്ന് തുല്യതയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുള്ള കമ്മിഷന്‍ വിലയിരുത്തുന്നു. ഉന്നതസ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ തുറന്നപ്രതിഷേധം തുല്യവേതനം നല്‍കാന്‍ സ്ഥാപനഉടമകളെനിര്‍ബന്ധിതരാക്കുമെന്നാണ് ലിംഗവിവേചനത്തിനെതിരായി പോരാടുന്നവരുടെയും പ്രതീക്ഷ. 

MORE IN LOKA KARYAM
SHOW MORE