ട്രംപേരിക്കയുടെ 2017

Thumb Image
SHARE

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്ിന്‍റെ സത്യപ്രതിജ്ഞയായിരുന്നു വര്‍ഷാദ്യം ലോകശ്രദ്ധയാകര്‍ഷിച്ച വാര്‍ത്ത. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ശതകോടീശ്വരന്‍ പ്രസിഡന്‍റ് , രാഷ്ട്രീയക്കാരനല്ലാതിരുന്നിട്ടും വൈറ്റ്ഹൗസിന്‍റെ അമരക്കാരനായ ട്രംപിന്‍റെ ഉദ്ഘാടനദിവസം മുതല്‍ വിവാദങ്ങള്‍ നിറഞ്ഞു നിന്നു. ലോകരാഷ്ട്രീയത്തില്‍ അമേരിക്ക ഒറ്റപ്പെട്ടു, ഉത്തരകൊറിയയയുമായി യുദ്ധത്തിന്‍റെ വക്കിലെത്തി. റഷ്യന്‍ സഹായത്തോടെ തിരഞഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം ശക്തമായി.  പ്രസിഡന്‍റ് ഇംപീച്ച് ചെയ്യപ്പെട്ടേക്കും എന്ന സൂചനകളാണ് വര്‍ഷാവസാനത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഒളി‍ഞ്ഞും തെളിഞ്ഞും നല്‍കുന്നത്.  

പ്രതിഷേധം ഇത്രയേറെ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ സത്യപ്രതിജ്ഞ ചെയ്ത മറ്റൊരു പ്രസിഡന്‍റും അമേരിക്കന്‍ ചരിത്രത്തിലുണ്ടാവില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന സ്ത്രീവിരുദ്ധപരാമര്‍ശങ്ങളും, പ്രചാരണത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച ഇസ്ലാംവിരുദ്ധതയും കുടിയേറ്റവിരോധവും എല്ലാം ട്രംപിനെതിരായ ജനരോഷം ആളിക്കത്തിച്ചു.  രാജ്യത്തെ രാഷ്ട്രീയ, സാംസ്കാരിക  പ്രമുഖര്‍ പങ്കെടുത്ത വന്‍ പ്രതിഷേധപ്രകടനം ന്യൂയോര്‍ക്ക് നഗരം സ്തംഭിപ്പിച്ചു. ട്രംപിനെതിരെ തുടങ്ങിയ വനിതാമുന്നേറ്റമാണ് പിന്നീട് ഹോളിവുഡിനെ പിടിച്ചുകുലുക്കിയ മി ടൂ ക്യാംപെയിന് പ്രചോദനമായത്. 

പക്ഷേ ഈ പ്രതിഷേധങ്ങളൊന്നും ഡോണള്‍ഡ് ട്രംപിനെ സ്പര്‍ശിച്ചതേയില്ല.  വിവാദങ്ങളുടെ വെടിക്കെട്ടിനാണ് ആദ്യവര്‍ഷം സാക്ഷ്യംവഹിച്ചത്. ബറാക് ഒബാമ ഭരണകൂടത്തിന്റെ ആരോഗ്യസുരക്ഷാനിയമം റദ്ദാക്കുന്ന നടപടികളോടെയാണ്  ട്രംപ് തുടങ്ങിയത്. 'ഒബാമകെയർ' മൂലമുണ്ടായ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള വഴിതേടാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകുന്ന ഉത്തരവിലാണ് ട്രംപ് ആദ്യം ഒപ്പുവച്ചത്. 7 ഇസ്്ലാമിക രാജ്യങ്ങള്‍ക്കെതിരായ യാത്രാവിലക്കായിരുന്നു അടുത്തത്. ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് വീസ അനുവദിക്കുന്നതിനേര്‍പ്പെടുത്തിയ നിയന്ത്രണം രാജ്യാന്തരപ്രതിഷേധം ക്ഷണിച്ചുവരുത്തി.  

കോടതികളില്‍ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യക്കാരടക്കമുള്ളവരെ ഞെട്ടിച്ച് അടുത്ത പ്രഖ്യാപനമെത്തി. മതിയയാ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കും. എച്ച്-1ബി വീസയുടെ പ്രീമിയം പ്രോസസിങ്  താൽക്കാലികമായി നിര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഐടി കമ്പനികളെ വലച്ചു. ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാം, നിയമപരമായല്ലാതെ അമേരിക്കയിലേക്ക് കൊണ്ടു വന്ന കുട്ടികള്‍ക്ക് അവിടെ താമസിച്ച് പഠിക്കുന്നതിനും ജോലി നേടുന്നതിനും അനുമതി നല്‍കുന്ന നിയമം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിര്‍ശനങ്ങള്‍ കടുത്തതോടെ മാധ്യമങ്ങളായി പ്രസിഡന്‍റിന്‍റെ മുഖ്യശത്രു. വൈറ്റ്‌ഹൗസിലെ സ്ഥിരം പത്രസമ്മേളനത്തിൽ ന്യൂയോർക്ക് ടൈംസും സിഎൻഎന്നും ബിബിസിയും ഗാർഡിയനും ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങൾക്കു വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളും വിട്ടില്ല, ട്രംപിന്‍റെ റഷ്യന്‍ ബന്ധവും തിരഞ്ഞെടുപ്പ് അട്ടിമറിയും സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. റഷ്യന്‍ ബന്ധം അന്വേഷിച്ചു തുടങ്ങിയ എഫ്ബിഐ മേധാവി ജെയിംസ് കോമിയെ പ്രസിഡന്റ്  നീക്കം ചെയ്തു. ജൂണില്‍ ലോകത്തെയാകെ ഞെട്ടിച്ച തീരുമാനമെത്തി. പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നു. 

പതിറ്റാണ്ടുകൾ നീണ്ട വൈരം അവസാനിപ്പിച്ചു ക്യൂബയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ബറാക് ഒബാമയുടെ ക്യൂബൻ നയത്തിനാണ് പിന്നീട് കത്തിവച്ചത്. , 15 ക്യൂബൻ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കി. ക്യൂബയിൽനിന്നു പകുതിയോളം നയതന്ത്ര പ്രതിനിധികളെ യുഎസ് മടക്കിവിളിച്ചു.  മധ്യപൂര്‍വേധത്തെ ഇടപെടല്‍ അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്ന ട്രംപ് പക്ഷേ സിറിയക്കുമേല്‍ വ്യോമാക്രമണം നടത്താന്‍ ഉത്തരവിട്ടു. ഖാന്‍ ഷെയ്ക്കൂനിലെ രാസായുധപ്രയോഗമായിരുന്നു പ്രകോചപനം.  ഇതിനിടയില്‍ ടീം ട്രംപിലെ വലിയൊരു വിഭാഗം അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞു. ആക്ടിങ് അറ്റോർണി ജനറൽ സാലി യേറ്റ്സ് ,ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിൻ ,വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷോൺ സ്പൈസർ ,വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റെയ്ൻസ് പ്രിബസ്, ഉപദേശകന്‍ സ്റ്റീവ് ബന്നാന്‍ ഇങ്ങനെ പോകുന്നു രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തവരുടെ പട്ടിക. 

ആണവശക്തിയായ ഉത്തരകൊറിയയെ പാഠം പഠിപ്പിക്കും എന്ന ട്രംപിന്‍റെ പ്രസ്താവന ലോകത്തിനാകെ തലവേദനയായി. ക്ഷമയുടെ നയതന്ത്രം ഇനിയില്ലെന്ന് അമേരിക്ക പറഞ്ഞതോടെ കിം ജോങ് ഉന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി യുദ്ധസന്നദ്ധനായി. പസഫിക് സമുദ്രത്തിലെ അേരിക്കന്‍ ദ്വീപായ ഗുവാം ആക്രമിക്കുമെന്ന് കിം ഭീഷണി മുഴക്കി. അമേരിക്കന്‍ വന്‍കര വരെ എത്താവുന്ന ഭൂഖണ്ഡാന്തര മിസൈലുകള്‍ തുടരെത്തുടരെ പരീക്ഷിച്ചു. ഉത്തര കൊറിയൻ വിദേശകാര്യ സെക്രട്ടറി അമേരിക്കന്‍ പ്രസിഡന്‍റിനെ കിഴവനെന്നു വിളിച്ചപ്പോള്‍, ഏകാധിപതി കിമ്മിനെ 'തടിയൻ കുള്ളനെന്ന് വിളിച്ചുട്രംപ്.  പ്രകോപനമരുതെന്ന് ചൈന അഭ്യര്‍ഥിച്ചെങ്കിലും ട്രംപും കിമ്മലും പോര്‍വിളികളുമായി ലോകത്തെ ആണവയുദ്ധത്തിന്‍റെ നിഴലില്‍ നിര്‍ത്തി. ഒടുവില്‍ നവംബറിലെ ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക തയാറെന്ന് ട്രംപ് പ്രഖ്യപിച്ചു. ഇതിനിടെ, സമൂഹമാധ്യമമായ ട്വിറ്ററിൽനിന്നു ഡോണൾഡ് ട്രംപ് 11 മിനിറ്റ് പുറത്തായതും വാര്‍ത്തയായി! ട്വിറ്ററിൽനിന്നു പിരിഞ്ഞ ജീവനക്കാരനാണ് അവസാനദിവസം ട്രംപിന്‍റെ അക്കൗണ്ട് റദ്ദാക്കിയിട്ട് സ്ഥലംവിട്ടത്. 

റഷ്യന്‍ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മ്യൂളര്‍ കമ്മിഷന്‍  പ്രസിഡന്‍റിന്‍റെ അടുപ്പക്കാരിലേക്കെത്തിയത് വൈറ്റ് ഹൗസിനെ അസ്വസ്ഥമാക്കി. ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണസംഘത്തില്‍‌ വിദേശനയത്തിന്‍റെ ചുമതലയുണ്ടായിരുന്ന ജോര്‍ജ് പാപ്പഡോപ്ലസ് അടക്കം മൂന്ന് പേര്‍ക്ക് റഷ്യന്‍ ബന്ധമുണ്ടായിരുന്നെന്ന മ്യൂളര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു.റഷ്യൻ അംബാസഡറുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് എഫ്ബിഐയോടു കള്ളം പറഞ്ഞെന്ന മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്  മൈക്കിള്‍ ഫ്ലിന്നിന്‍റെ ഏറ്റു പറച്ചില്‍ പ്രസിഡന്‍റിനുമേലുള്ള സംശയത്തിന് ആക്കമേറ്റി.  പല രാജ്യാന്തരവേദികളിലും അമേരിക്ക ഒറ്റപ്പെടുമ്പോഴും നിലപാടുകള്‍ മാറ്റാന്‍ പ്രസിഡന്‍റ് തയാറാ.ില്ല. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അം‌ഗീകരിക്കുന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ വൻഭൂരിപക്ഷത്തോടെ അംഗീകരിച്ചു. യുഎസിനെതിരെ വോട്ട് ചെയ്യുന്ന രാജ്യങ്ങൾക്കുള്ള സഹായം റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി അവഗണിച്ചാണ് ഇന്ത്യ അടക്കം 128 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചത്.   നവംബറില്‍  വേറെയും തിരിച്ചടികള്‍ നേരിടേണ്ടി വന്നു ഡോണള്‍ഡ് ട്രംപിന്.  അലബാമ സെനറ്റ് ഉപതിരഞ്ഞെടുപ്പിലും വെർജീനിയയിലും ന്യൂജഴ്സിയിലും ഗവർണർ തിരഞ്ഞെടുപ്പിലും ഡമോക്രാറ്റ് പാർട്ടി വിജയിച്ചത് പ്രസിഡന്‍റിന് രാഷ്ട്രീയമായി ഏറെ ക്ഷീണം ചെയ്തു. ഏതായാലും ഭരണത്തിന്‍റെ ഒന്നാംവാര്‍ഷികത്തിലേക്കുള്ള ഡോണള്‍ഡ് ട്രംപിന്‍റെ യാത്ര ഒട്ടും സുഖകരമല്ല. 

രോഹിന്‍ഗ്യകളുടെ കണ്ണീര്‍വര്‍ഷം

പോയവര്‍ഷം സിറിയയെങ്കില്‍ ഇക്കൊല്ലം മ്യാന്‍മറില്‍ നിന്നുള്ള മനുഷ്യരുടെ പലായനമാണ് ലോകം കണ്ടത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കണ്ണു നനയിച്ച, യുഎന്‍ സെക്രട്ടറി ജനറല്‍ പൊട്ടിത്തെറിച്ചു.ലോകത്തിലേറ്റവും പീഡിതരായ ന്യൂനപക്ഷങ്ങള്‍, റൊഹിങ്ക്യകള്‍. ബുദ്ധഭൂരിപക്ഷ രാജ്യമായ മ്യാന്‍മറിലെ ഇസ്്ലാം മതവിശ്വാസികളായ റൊഹിങ്യകള്‍ക്ക് മ്യാന്‍മറില്‍ ഒൗദ്യോഗിക പൗരത്വമില്ല. വലിഞ്ഞുകയറി വന്ന ബംഗ്ലാദേശികളാണ് മ്യാന്‍മറിന് ഇവര്‍. പൗരാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ട, ഈ ഭൂമിയില്‍ സ്വന്തമായി രാജ്യമില്ലാത്ത ജനം പ്രകോപിതരാവുക സ്വാഭാവികം. അവരുടെ പ്രതിഷേധത്തെ ഉരുക്കുമുഷ്ഠി കൊണ്ട് നേരിട്ടതാണ് ഒാങ് സാന്‍ സൂചി സര്‍ക്കാര്‍ ചെയ്ത തെറ്റ്. റാഖൈന്‍ സംസ്ഥാനത്ത് നൂറുകണക്കിന് മനുഷ്യരെ പട്ടാളം കൊന്നു തള്ളി. സൈനിക ഇടപെടൽ നടന്ന ആദ്യമാസംതന്നെ 6700 രോഹിൻഗ്യകൾ കൊല്ലപ്പെട്ടതായി സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സിന്റെ നിഗമനം. അഞ്ചുവയസ്സിൽ താഴെയുള്ള 730 കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു സംഘടന നടത്തിയ സർവേയിൽ കണ്ടെത്തി. സ്ത്രീകള്‍ മാനഭംഗത്തിനിരയായി, വീടുകള്‍ക്ക് തീയിട്ടു.  6.2 ലക്ഷം അഭയാര്‍ഥികളെ സൃഷ്ടിച്ചു റാഖൈനിലെ പട്ടാള ഇടപെടല്‍.  400 കുഞ്ഞുങ്ങളാണ് അഭയാര്‍ഥി ക്യാംപുകളിലും അതിര്‍ത്തിയിലുമായി പിറന്നുവീണത്. റൊഹിങ്ക്യകളുടെ ദുരിതം ലോകമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ യുഎന്‍ ഇടപെട്ടു. മ്യാന്‍മര്‍ സര്‍ക്കാരിന്‍റെ നിലപാടുകള്‍ പൊതുസഭയുടെ വിമര്‍ശനമേറ്റുവാങ്ങി.

ന്യൂനപക്ഷ പീഡനത്തില്‍ നിന്ന് പിന്‍മാറാന്‍ അവസാന അവസരമാണ് ഒാങ് സാന്‍ സൂചിക്ക് നല്‍കുന്നതെന്ന് പറഞ്ഞ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റേണിയോ ഗുട്ടെറസ് വാക്കുകള്‍  കടുപ്പിച്ചു. ഒറ്റപ്പെടല്‍ മണത്ത  ഒാങ് സാന്‍ സൂചി ഇതാദ്യമായി റൊഹിഗ്യന്‍ വിഷയത്തില്‍ വാ തുറന്നു.  റാഖൈനിലെ മനു,്യാവകാശലം ഘനങ്ങള്‍ പരിശോധിക്കാമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത സൂചി ഉറപ്പ് നല്‍കി.ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്‍മറിലെത്തിയത് പീഡിപ്പിക്കപ്പെടുന്ന ജനതയ്ക്ക് പ്രതീക്ഷയേകി. റൊഹിങ്ക്യ എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും വംശീയ പ്രശ്നങ്ങളുടെ ഈ നാട്ടിലേക്കു സമാധാനത്തിന്റെ സന്ദേശവുമായാണു തന്റെ വരവെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര വിദ്വേഷമൊഴിവാക്കി സഹവർത്തിത്വത്തിനു വഴിയൊരുക്കുകയെന്നതാണു തന്റെ സന്ദേശമെന്നും  ഓങ് സാൻ സൂ ചിയെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. ബംഗ്ലദേശിലെ രോഹിൻഗ്യ അഭയാർഥി സമൂഹത്തെ കണ്ട മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞു, നിങ്ങളിൽ ഞാൻ ദൈവത്തെ കാണുന്നു, നിങ്ങളെ ദ്രോഹിക്കുന്നവരുടെ പേരിൽ, ലോ‌കം നിങ്ങളോടു കാട്ടുന്ന നിസ്സംഗതയുടെ പേരിൽ ഞാൻ മാപ്പു ചോദിക്കുന്നു'- റൊഹിങ്ക്യകളുടെ കഥ തന്ന കരയിച്ചെന്ന് മടക്കയാത്രയില്‍ മാര്‍പ്പാപ്പ പറഞ്ഞു. 

കറ്റാലന്‍ സ്വതന്ത്ര്യവും കാറ്റലോണിയന്‍ കലാപവും

കാലങ്ങളായി പുകഞ്ഞ കാറ്റലോണിയന്‍ സ്വതന്ത്രരാജ്യവാദം പൊട്ടിത്തെറിച്ച വര്‍ഷമാണിത്. കാറ്റലോണിയയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്  കുര്‍ദിസ്ഥാന്‍ രാജ്യവാദവും ഈ വര്‍ഷം കരുത്താര്‍ജിച്ചു.

സംസ്ക്കാരത്തിലും ചരിത്രത്തിലും വ്യത്യാസമുള്ള സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യമെന്ന കറ്റാലന്‍ ജനതയുടെ മോഹത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.  ഒക്്ടോബറില്‍ കാറ്റലോണിയന്‍ പ്രവിശ്യ സര്‍ക്കാര്‍ ജനഹിത പരിശോധന പ്രഖ്യാപിച്ചു.  സ്വതന്ത്രരാജ്യം എന്ന കറ്റാലന്‍മാരുടെ ആവശ്യത്തെ സ്പെയിന്‍ പൂര്‍ണമായും തള്ളി.  ജനഹിതപരിശോധന ഭരണഘടനാവിരുധമാണെന്ന് രാജ്യത്തെ പരമോന്നത കോടതിയും ഉത്തരവിട്ടു. എന്നാല്‍ കോടതിയുടേയും മഡ്രിഡ് ഭരണകൂടത്തിന്റെയും ഉത്തരവുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കറ്റാലന്‍മാര്‍ ജനഹിതപരിശോധനയുമായി മുന്നോട്ടുപോയി, തുടര്‍ന്ന് സ്വാതന്ത്രപ്രഖ്യാപനം. ഈ പ്രഖ്യാപനം പക്ഷേ കാറ്റലോണിയയെ തള്ളിവിട്ടത് സമ്പൂര്‍ണ അരാജകത്വത്തിലേക്കായിരുന്നു. സ്വാതന്ത്ര്യാനുകൂലികളും ഏകരാജ്യവാദക്കാരും തെരുവില്‍ ഏറ്റുമുട്ടി.

സ്പെയിനിന്റെ ജീവശ്വാസമായ ഫുട്ബോളില്‍പ്പോലും കറ്റാന്‍വികാരം ആളിക്കത്തി. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ സ്പെയിന്‍ ഭരണകൂടം കറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. 

കറ്റാലന്‍ നേതാവ് കാള്‍സ് പുജമോണ്ടിനെ പുറത്താക്കി. രാജ്യദ്രോഹിയായ സ്വയം പ്രഖ്യാപിത പ്രസിഡന്റിനെ തുറങ്കിലടക്കണമെന്ന് ദേശീയവാദികള്‍ മുറവിളി കൂട്ടി.പുജമോണ്ട് ബ്രസല്‍സില്‍ രാഷ്ട്രീയ അഭയം തേടി. ഒടുവില്‍ കാറ്റലോണിയയുടെ ഭാവി നിശ്ചയിക്കാന്‍ പൊതുതിരഞ്ഞെടുപ്പ് നടത്തി. വോട്ടെണ്ണിയപ്പോള്‍ ഭൂരിപക്ഷം വിഘടനവാദി പാര്‍ട്ടികള്‍ക്ക് തന്നെ ലഭിച്ചു. കാറ്റലോണിയ വീണ്ടും കലാപഭൂമിയാകുമോയെന്ന് കണ്ടറിയണം. യൂറോപ്പിനൊപ്പം വിഘടനവാദം മധ്യപൂര്‍വദേശത്തും തലപൊക്കിയ നാളുകളാണ് കടന്നുപോയത്. കാലങ്ങളുടെ പഴക്കമുള്ള കുര്‍ദിസ്ഥാന്‍ രാജ്യവാദം കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. ലോകത്ത് സ്വന്തമായി രാജ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ·മാണ്  കുര്‍ദുകള്‍. നാലു രാജ്യങ്ങളിലെ മുഖ്യ ന്യൂനപക്ഷം. കുര്‍ദിസ്ഥാന്‍ വാദം ഈ വര്‍ഷം ഇറാഖിലാണ് കൂടുതല്‍ മുഴങ്ങിക്കേട്ടത്. ബാഗ്ദാദ് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഭീഷണികളെ വകവയ്ക്കാതെയാണ് 92 ശതമാനം കുര്‍ദുകളും സ്വതന്ത്രരാജ്യവാദത്തെ പിന്തുണച്ചത്. കുര്‍ദ് മേഖലയുടെ അടിസ്ഥാനവികസനത്തിനു പോലും ഇറാഖി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുര്‍ദുകള്‍ വാദിക്കുന്നു. എതായാലും കാറ്റലോണിയന്‍ സ്വാതന്ത്ര്യമോഹത്തിനും കുര്‍ദുകളുടെ നീക്കത്തിനും രാജ്യാന്തര പിന്തുണയില്ല. ഇത്തരം നീക്കങ്ങള്‍ അംഗീകരിച്ചാല്‍ ലോകത്താകെ നടക്കുന്ന വിഘനടവാദ നീക്കങ്ങള്‍ക്ക് ശക്തി കൂടുമെന്ന് രാജ്യങ്ങള്‍ ഭയക്കുന്നു. 

നട്ടെല്ലൊടിഞ്ഞ  ജിഹാദികള്‍

ഒരു തീവ്രവാദപ്രസ്ഥാനത്തെയും അനശ്വരരായി തുടരാന്‍ ലോകം അനുവദിച്ചിട്ടില്ല. പോയ മൂന്നുവര്‍ഷം ലോകത്തെ വിറപ്പിച്ച, ഒരു പക്ഷേ ഇതുവരെ കണ്ട ഏറ്റവും നികൃഷ്ടപ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട ഇസ്്ലാമിക് സ്റ്റേറ്റിനും അന്ത്യംകുറിച്ചു 2017. ലോകത്തെ വന്‍ശക്തികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ഐഎസ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. പക്ഷേ അപ്പോഴും ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു. ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്്ദാദി എവിടെയാണ് ? അമേരിക്ക പറയും പോലെ ജീവിച്ചിരിപ്പുണ്ടോ അതോ റഷ്യഅവകാശപ്പെടുന്നതുപോലെ കൊല്ലപ്പെട്ടോ ? ഐ.എസ് വിരുദ്ധപോരാട്ടത്തിലെ നാഴികകല്ലായിരുന്നു മൊസൂളിന്റെ മോചനം. 2016ല്‍ പാതിയാക്കിയ ദൗത്യം  ഈവര്‍ഷമാണ് പൂര്‍ത്തിയാത.്  2014 മുതല്‍ ഇസലാമിക് സ്റ്റേറ്റ് തങ്ങളുടെ ആസ്ഥാനമാക്കിയ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരം.  അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം ഖലീഫയാണെന്ന് പ്രഖ്യാപിച്ചത് മൊസൂളിലെ അല്‍ നൂരി പള്ളിയില്‍ വച്ചായിരുന്നു. ഇറാഖ്  സേനയ്ക്കൊപ്പം  അമേരിക്കയടക്കമുള്ള ഏട്ട് രാജ്യങ്ങള്‍ കൂടി ചേര്‍ന്നോതെടയാണ് മൊസൂളിന്‍റെ മോചനം സാധ്യമായത് . ഐ.എസിനെ പൂര്‍ണമായും തൂത്തെറിഞ്ഞപ്പോള്‍‌ ടൈഗ്രിസ് നദിയുടെ കരയിലെ പൗരാണിക നഗരം ശവപറമ്പായി മാറി.  മൊസൂളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ച 230 നാട്ടുകാരെ ഭീകരർ കൊലപ്പെടുത്തി.  മൊസൂള്‍ വീണതോടെ ഐഎസ് തലവൻ അബുബുക്കർ അൽ ബഗ്ദാദി വിടവാങ്ങല്‍ പ്രസംഗം നടത്തി. സിറിയയിലെയും ഇറാഖിലെയും ഐ.എസ് അനുകൂല സംഘടനകള്‍ പലതും നിര്‍ജീവമായി.

മൊസൂളിനു ശേഷം ഹവിജയാണ് സൈന്യം ലക്ഷ്യമിട്ടത്. .  ഇറാഖ് സേനയ്ക്കൊപ്പം അമേരിക്കന്‍ സേനയും  ഷിയാ അര്‍ധ സൈനിക വിഭാഗവും കൈകോര്‍ത്തു ഹവിജയുടെ മോചനത്തിന്. ഒക്ടോബര്‍ എട്ടിന് ഹവിജ പൂര്‍ണമായും ഇറാഖ് സേന തിരിച്ചുപിടിച്ചു. പടിഞ്ഞാറ് സിറിയയുമായി അതിര് പങ്കിടുന്ന ഹവിജയില്‍ നിന്ന് ഐ.എസ് ഭീകരരെ തുരത്തിയത് ഇറാഖിന് വലിയ നേട്ടമായി. 

സിറിയയിലും ഐഎസ് വിരുദ്ധപോരാട്ടം ശക്തമായി മുന്നേറി 2017ല്‍.  അലെപ്പോ പ്രവിശ്യയിലെ അവസാനപ്രദേശത്തുനിന്നും ജൂലൈയില്‍ ഐഎസിനെ തുരത്തി. ഒക്ടോബറില്‍ ഖലീഫേറ്റ് തലസ്ഥാനം റാഖ, സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ് പിടിച്ചെടുത്തതായിരുന്നു ഏറ്റവും വലിയ സൈനികമുന്നേറ്റം. ഐഎസ് പ്രതിരോധങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത സൈന്യം നഗരം വളഞ്ഞു. കഴിഞ്ഞ അ‍ഞ്ചുമാസത്തിനിടെ മാത്രം 3,250 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 1,130 പേര്‍ സാധാരണക്കാര്‍.ഒടുവില്‍ അത് യാഥാര്‍ഥ്യമായി,  ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ കറുത്ത പതാക കീറി എറിയപ്പെട്ടു, റാഖ സ്റ്റേഡിയത്തില്‍ സിറിയന്‍ ഡമോക്രാററ്റിക് ഫോഴ്സിന്‍റെ പതാകയുയര്‍ന്നു. 

ഐഎസിന്‍റെ സിറിയയിലെ അവസാനത്തെ പ്രധാന താവളമായ അൽബു കമൽ നഗരം സിറിയൻ പട്ടാളം നവംബറില്‍ തിരിച്ചുപിടിച്ചു. ഇറാഖിൽ നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ പൂർണമായും പുറന്തള്ളിയതായി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയും സിറിയയില്‍ പോരാട്ടം അവസാനിച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനും അവകാശപ്പെട്ടു. പക്ഷേ അപ്പോഴും ലോകമെങ്ങും ഐഎസ് ആശയങ്ങള്‍ ഉള്‍ക്കൊണ്ടവര്‍ ചെറുതും വലുതുമായ ആക്രമങ്ങള്‍ തുടര്‍ന്നു. ഇവര്‍ക്ക് പ്രചോദനമേകി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി എവിടെയോ ഉണ്ടെന്നാണ് അമേരിക്കയുടെ നിഗമനം. അൽബു കമാൽ സിറിയൻ സൈന്യം പിടിച്ചെടുക്കുമ്പോൾ ഐഎസ് തലവൻ  അവിടെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ വാദം.  നാൽപത്താറുകാരനായ ബഗ്ദാദി 2014നു ശേഷം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. 160 കോടി രൂപയാണ് അമേരിക്ക ബഗ്ദാദിയുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ബാഗ്ദാദിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവസാനിച്ചാലേ ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ അന്ത്യമായെന്ന് ഉറപ്പിച്ച് പറയാനാവൂ . 

ഉദയാസ്തമയങ്ങള്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അജയ്യനായി ഷി പിന്‍ പിങ് അവരോധിക്കപ്പെട്ട വര്‍ഷമാണിത്. ഭരണത്തില്‍ നിന്ന് റോബര്‍ട്ട് മുഗാബെ എന്ന ആഫ്രിക്കന്‍ കരുത്തന് അധികാരമൊഴിയേണ്ടി വന്നതും ഈ വര്‍ഷം കണ്ടു. ലോകനേതാക്കളുടെ ഉയര്‍ച്ചതാഴ്ചകള്‍.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യചരിത്രത്തിന്‍റെ ഗതിനിര്‍ണയിക്കുനന്തായി. . ഷി ചിന്‍പിങ്ങ് എന്ന ആധുനിക മാവോയുടെ ഉദയമാണ് പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കണ്ടത്.  ബെയ്‌ജിങ്ങിലെ 'ജനങ്ങളുടെ ഗ്രേറ്റ് ഹാളിൽ' ഏഴുദിവസമായി നടന്ന 19-ാം ദേശീയ കോൺഗ്രസ് രാജ്യത്തെ അടുത്ത 5 വര്‍ഷവും നയിക്കാനുള്ള അധികാരം പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിനു നല്‍കി. ഷി ചിന്താസരണി ഭരണഘടനയില്‍ എഴുതി ചേര്‍ക്കുക കൂടി ചെയ്തതോടെ എല്ലാ അര്‍ഥത്തിലും മാവോയ്ക്ക് സമശീര്‍ഷനായി അദ്ദേഹം. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ നയതന്ത്ര ഇടപെടലുകളിലൂടെ ലോകത്ത് ഏറ്റവും കരുത്തനായ നേതാവെന്ന പദവിയും ഷി സ്വന്തമാക്കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ചൈനയുടെ സമ്പൂര്‍ണവളര്‍ച്ചയാണ് ലക്ഷ്യമെന്ന് ഷി ചിന്‍പിങ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വ്യക്തമാക്കി. 

മുപ്പത്തേഴുവർഷം സിംബാബ്വെ എന്ന ആഫ്രിക്കൻ രാഷ്ട്രത്തെ നയിച്ച റോബർട്ട് മുഗാബെ എന്ന തൊണ്ണൂറ്റിമൂന്നുകാരന്റെ രാഷ്ട്രീയ ജീവിതം അസ്തമിച്ചു. തകർന്ന സമ്പദ് വ്യവസ്ഥയും രൂക്ഷമായ തൊഴിലില്ലായ്മയുമാണ് മുഗാബെയുടെ ജനപിന്തുണ പൂർണമായും ഇല്ലാതാക്കിയത്. പക്ഷേ അധികാരമൊഴിയാന്‍ അദ്ദേഹം മടിച്ചതോടെ രാജ്യത്ത് കലാപമായി. മുഗാബെയുടെ അനാരോഗ്യം മുതലെടുത്ത് അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്സും കൂട്ടാളികളും അധികാരം സ്വന്തമാക്കി രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമം തുടങ്ങിയതോടെ നവംബര്‍ 15ന്  മുഗാബെയെ സൈന്യം വീട്ടുതടങ്കലിലാക്കി. മുഗാബെയ്ക്കു ചുറ്റുമുള്ള ക്രിമിനലുകൾ രാജ്യത്തെ കുട്ടിച്ചോറാക്കുന്നെന്നും അവരെയാണു ലക്ഷ്യമിടുന്നതെന്നും സൈനിക മേധാവി പ്രഖ്യാപിച്ചു. എന്നിട്ടും അധികാരമൊഴിയാന്‍ കൂട്ടാക്കാതിരുന്ന പ്രസിഡന്‍റിനെയും ഭാര്യ ഗ്രെയ്സിനെയും സനു-പിഎഫ് പാർട്ടി പുറത്താക്കി. ഒടുവില്‍ പാർലമെന്റിന്റെ സംയുക്തസമ്മേളനം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെ  റോബർട്ട് മുഗാബെ രാജിവച്ചു.

ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. കാലാവധി തീരും മുമ്പ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നടത്തിയ തിരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടിയത്. ഉത്തരകൊറിയന്‍ ആണവഭീഷണിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമായി ആബെ പറഞ്ഞത്. എന്നാല്‍ ടോക്യോ ഗവര്‍ണര്‍ യുറികോ കൊയിക്കെ രൂപീകരിച്ച പുതിയ വലതുപക്ഷ പാര്‍ട്ടി വെല്ലുവിളിയായതിനെ തുടര്‍ന്നായിരുന്നു പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം. കൊയിക്കെയുടെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചയവയ്ക്കാനായില്ല.

ആഫ്രിക്കന്‍ രാജ്യം കെനിയയ്ക്കും 2017 അധികാര വടംവലിയുടെയും ആഭ്യന്തരകലാപങ്ങളുടെയും വര്‍ഷമായിരുന്നു. അരനൂറ്റാണ്ടിലേറെയായി കെന്യാട്ട, ഒഡിങ്ഗ കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക ആണ് കെനിയന്‍ രാഷ്ട്രീയത്തെ കലാപഭരിതമാക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പലപ്പോഴും വംശീയകലാപങ്ങള്‍ക്ക് വഴിവച്ചു.  പ്രസിഡന്റ് ഉഹുറു കെന്യാട്ട വിജയിച്ച ഓഗസ്റ്റിലെ തിരഞ്ഞെടുപ്പു ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ  ഏറ്റുമുട്ടല്‍ പാരമ്യത്തിലെത്തി. ഒക്ടോബറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും  പ്രതിപക്ഷം ബഹിഷ്കരിച്ചു. 40% പോളിങ് മാത്രമുണ്ടായിരുന്ന വോട്ടെടുപ്പില്‍  98% വോട്ടും കെന്യാട്ടയ്ക്കു കിട്ടി .പ്രതിപക്ഷ നേതാവ് റൈലാ ഒഡിങ്ഗയുടെ  അനുയായികൾ പൊലീസുമായി ഏറ്റുമുട്ടി. നവംബര്‍ 28ന് ഉഹുറു കെന്യാട്ട രണ്ടാം വട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ഹാര്‍വിയും ഇര്‍മയും പിന്നെ തോമസും

ഹാര്‍വിയാണ് ആദ്യം വന്നത്. ടെക്സസ് സംസ്ഥാനത്തെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറി‍ഞ്ഞു ഹാര്‍വി ചുഴലിക്കാറ്റ്. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിൽ ടെക്സസ് തീരത്തെത്തിയ ചുഴലിക്കാറ്റ് രാത്രി കരയിലേക്ക് അടിച്ചുകയറി നാശം വിതച്ചു. 2005നു ശേഷം വീശിയ ഏറ്റവും ശക്തിയേറിയ കാറ്റ്. 50 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഴയും കാറ്റും ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിച്ചു. 9000 വീടുകൾ നിലംപൊത്തി. 1,85,000 വീടുകൾക്കു കേടുപറ്റി. റോക്പോർട്ട് നഗരത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. യുഎസിന്റെ 'ഇന്ധന തലസ്ഥാന'മായ ടെക്സസിലെ ഒട്ടേറെ റിഫൈനറികളെ കാറ്റും മഴയും ബാധിച്ചു.

ഹാര്‍വിക്ക് പിന്നാലെയെത്തിയ ഇര്‍മ അതിലും അപകടകാരിയായിരുന്നു. ഫ്ലോറിഡ സംസ്ഥാനമായിരുന്നു ഇര്‍മയുടെ മുഖ്യ ഇര. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഇര്‍മയെ നേരിടാന്‍ വേണ്ടി വന്നത്. അത്‌ലാന്റിക് സമുദ്രത്തില്‍ രൂപംകൊണ്ട ഇര്‍മ  പടിഞ്ഞാറോട്ട് സഞ്ചരിക്കുംന്തോറും ഉഗ്രരൂപം പൂണ്ടു, കരീബിയന്‍ ദ്വീപുകളേയും , ക്യൂബയേയും വിഴുങ്ങി.  ഫ്ലോറിഡയിലും ആഞ്ഞടിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ സജ്ജമായിരുന്നു അമേരിക്ക. കാട്രിനയും മാത്യുവുമെല്ലാം നല്‍കിയ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട രാജ്യം ശക്തമായ മുന്‍കരുതലാണെടുത്തത്. ഫ്ലോറിഡയില്‍ മാത്രം എഴുപത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏതാണ്ട് 29,000 കോടിയുടെ നഷ്ടമാണ് ഹാര്‍വിയും ഇര്‍മയും ചേര്‍ന്ന് അമേരിക്കയ്ക്ക് സമ്മാനിച്ചത്

കാറ്റുപോയ വഴി കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു. നിയന്ത്രിക്കാന്‍ കഴിയാത്ത വേഗത്തില്‍ തീപടര്‍ന്നു പിടിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയുടെ ആകാശ ദൃശ്യങ്ങള്‍ അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. അയ്യായിരത്തിലേറെ ഹെക്ടര്‍ പ്രദേശം കത്തി ചാമ്പലായി... .തീക്കൊപ്പം വായുമലിനീകരണം. കാലിഫോര്‍ണിയയില്‍ മറ്റൊരുദുതന്തമായി.  തെക്കന്‍ കാലിഫോര്‍ണിയില്‍ ഡിസംബര്‍ നാലിന് വീണ്ടും തീ പടര്‍ന്നു. ഇവിടയും രക്ഷാപ്രവര്‍ത്തനം ചിട്ടയായി നടന്നു വര്‍ഷാന്ത്യത്തിലാണ് ഫിലിപ്പിന്‍സിനെ വിറപ്പിച്ചുകൊണ്ട് ടെംമ്പിന്‍ കൊടുംകാറ്റ് വീശിയത് ദക്ഷിണ ഫിലിപ്പിന്‍സില്‍ രണ്ടു നഗരങ്ങള്‍ കാറ്റെടുത്തു....ഇരുന്നൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങി.

MORE IN LOKA KARYAM
SHOW MORE