ട്രംപിന്‍റെ ഭാവിയും മാര്‍പാപ്പയുടെ കണ്ണീരും

Thumb Image
SHARE

 ട്രംപിന്റെ ഭാവി പരുങ്ങലിലോ?

പ്രസിഡന്റ് ഡോണൾഡ് ട്രoപ് കാലാവധി പൂർത്തിയാക്കുമോ ? ഇംപീച്ച്മെന്റോ രാജിയോ ഉണ്ടാവുമോ ? ലോക രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരിക്കുന്നു ട്ര oപിന്റെ രാഷ്ട്രീയ ഭാവി.പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണം ട്രം പിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. ഡോണൾട് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഹിലറി ക്ലിന്റണെ കുറ്റപ്പെടുത്തിയുള്ള മൈക്കിൾ ഫ്ലിന്നിന്റെ ഈ പ്രസംഗം . പക്ഷേ കാലം ഫ്ലിന്നിനെയാണ് ജയിലിന്റെ വാതിൽക്കലെത്തിച്ചത്. അതു കൊണ്ടു തന്നെ കുറ്റം ഏറ്റുപറഞ്ഞ് തടിയൂരാനാണ് ട്രംപിന്റെ ഈ മുൻ വിശ്വസ്ഥന്റെ ശ്രമം. 


അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ട്രoപിനെ വിജയിപ്പിക്കാൻ റഷ്യ ഇടപെട്ടു എന്ന ആരോപണo സംബന്ധിച്ച അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയിരിക്കുന്നു. റഷ്യൻ സഹായത്തോടെ പണമൊഴുക്കിയും ഹിലറി ക്ലിന്റന്റെ ഇ-മെയിൽ ചോർത്തിയുമാണ് ടീം ട്രം പ് വിജയം നേടിയതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ വിദേശ രാജ്യങ്ങളുടെ പണമോ മറ്റ് സഹായ മോ സ്വീകരിക്കുന്നത് അമേരിക്കയിൽ ഗുരുതര കുറ്റമാണ് . തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ റഷ്യൻ അംബാസഡറുമായി ഫ്ലിൻ നടത്തിയ സംഭാഷണമാണ് റോബർട്ട് മ്യൂളർ കമ്മിഷൻ കണ്ടെത്തിയത്. മുമ്പ് എഫ്.ബി.,ഐഡയറക്ടർ ജയിംസ് കോമി നടത്തിയ അന്വേഷണവും ഫ്ലിന്നിലേക്കെത്തിയെങ്കിലും ട്രംപ് കോമിയുടെ കസേര തെറിപ്പിച്ച് ഫ്ലിനിനെ സംരക്ഷിച്ചു. എന്നാൽ ഇപ്പോൾ എഫ്ബിഐയോട് കള്ളം പറഞ്ഞെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ് ഫ്ലിൻ. തിരഞ്ഞെടടുപ്പ് അട്ടിമറിച്ചു എന്ന ആരോപണത്തെ തുടർന്ന് ഒബാമ ഭരണകൂടം റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുന്നതിനെ കുറിച്ചാണ് ഫ്ലിൻ റഷ്യൻ അംബാസിഡറുമായി സംസാരിച്ചത്. ട്രo പിന്റെ മുൻ ദേശീയ ഉപദേഷ്ടാവ് കൂടിയായ ഫ്ലിന്നിന്റെ വെളിപ്പെടുത്തൽ പ്രസിഡന്റിന് വൻ വെല്ലുവിളിയാണ്.


ഫ്ലിന്നിനെ രക്ഷിക്കാൻ തന്നോട് ഡോണൾഡ് ട്രoപ് ആവശ്യപ്പെട്ടു എന്ന ജെയിംസ് കോമിയുടെ വാദവും ഇതോടെ ശക്തിപ്പെടുകയാണ്.  റഷ്യൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ച ഫ്ലിന്നിനു വേണ്ടി ട്രoപ് എന്തിനാണ് ഡയറക്ടറെ സ്വാധീനിക്കാൻ നോക്കിയത് എന്നതാണ് ഇനി ഉത്തരം കിട്ടേണ്ട പ്രധാന ചോദ്യം. 1974ൽ കുപ്രസിദ്ധമായ വാട്ടർഗേറ്റ് വിവാദം അന്വേഷിച്ച സ്പെഷൽ പ്രോസിക്യൂട്ടറെ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ പുറത്താക്കിയ സംഭവത്തോടാണ് കോമിയുടെ പുറത്താക്കലിനെ രാഷ്ട്രീയ നിരീക്ഷകർ ഉപമിച്ചത്. 
തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് റഷ്യയെക്കുറിച്ചും വ്ലാഡിമിർ പുടിനെക്കുറിച്ചുമെല്ലാം പറയാൻ നൂറു നാവായിയുന്നു ഡോണൾഡ് ട്രoപിന്.എന്നാൽ ഇപ്പോൾ റഷ്യയെന്ന് കേൾക്കുന്നതെ ചതുർഥിയാണ് പ്രസിഡന്റിന്. ട്രംപിന്റെ വിശ്വസ്ഥരിൽ 9 പേരാണ് റഷ്യൻ ബന്ധത്തിൽ ആരോപണ വിധേയരായിട്ടുള്ളത്. റോബർട്ട് മ്യൂളറുടെ അന്വേഷണം പ്രസിഡന്റിന് തൊട്ടടുത്തെത്തിയെന്ന് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു. മ്യൂളർ കമ്മിഷൻ അന്വേഷണം പ്രസിഡന്റിനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ തന്നെ വ്യക്തമാക്കുന്നത് . ട്രoപിന്റെ പ്രചരാണ സംഘത്തിൽ വിദേശ നയത്തിന്റെ ചുമതലയുണ്ടായിരുന്ന ജോർജ് പാപ്പി ഡോ പ്ലസിനെതിരായ കണ്ടെത്തലും ഗുരുതരം തന്നെ. റഷ്യൻ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഫ്.ബി.ഐയോട്യോട് കള്ളം പറഞ്ഞെന്ന് പാപ്പി ഡോപ്ലസും മൂളർ കമ്മിറ്റിയോട് സമ്മതിച്ചിരുന്നു. ഹിലറി ക്ലിന്റണെതിരായ ഇ- മെയിലുകൾ കൈമാറുന്നത് സംബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച. 


തന്നെ പരാജയപ്പെടുത്തിയത് റഷ്യ ആണെന്ന ഹിലറി ക്ലിന്റന്റെ വാദം ശരി വയ്ക്കുന തരത്തിലാണ് റോബർട്ട് മ്യൂളറുടെ അന്വേഷണം നീങ്ങുന്നത്. ഡോണൾഡ് ട്രം പിന് നേരിട്ട് ഇക്കാര്യങ്ങൾ അറിയുമായിരുന്നോ എന്നാണ് ഇനി വ്യക്തമാകേണ്ടത്. ട്രം പിന്റെ മകൻ ട്രംപ് ജൂനിയറിനും മരുമകൻ ജാറെ ദ് കുഷ്നെർക്കും റഷ്യക്കാരുമായി എന്തായിരുന്നു ബന്ധം ? തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രoപ് ടവറിൽ നടന്ന കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തായിരുന്നു ? നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. മൈക്കിൾ ഫ്ലിന്നിന്റെ ഏറ്റുപറച്ചിൽ പ്രസിഡന്റിനെ വിറളിപിടിപ്പിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായി അദ്ദേഹത്തിന്റെ ട്വീറ്റുകൾ . എഫ്. ബി ഐയ്ക്ക് നേരെയാണ് അദേഹത്തിന്റെ ആക്രമണങ്ങൾ.എഫ് ബി ഐ യോട് കള്ളം പറഞ്ഞത് ഫ്ലിന്നിന്റെ ജീവിതം തകർത്തു, പക്ഷേ വക്രബുദ്ധിക്കാരി ഹിലറിയെ എന്താണ് നിങ്ങൾ വെറുതെ വിടുന്നത് എന്നാണ് പ്രസിഡന്റിന്റെ ചോദ്യം. തനിക്കെതിരെ മൊഴി കൊടുത്ത ജെയിംസ് കോമി കള്ളനാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഹിലറിയുടെ ഇ മെയിലുകൾ സംബന്നിച്ച് FBI കാര്യക്ഷമായി അന്വേഷിച്ചില്ലെന്നാണ് മറ്റൊരു ആരോപണം. എന്നാൽ പ്രസിഡന്റ് പദവിയിലിരിക്കുന്നയാൾ രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയുടെ വിശ്വാസത്രയെ ചോദ്യം ചെയ്യുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.

********** 
കണ്ണുനനഞ്ഞ് മാര്‍പാപ്പ

അഗതികളുടെ ഇടയൻ അവർക്കരികിലെത്തി. അവരുടെ കണ്ണീരിൽ സ്വയമലിഞ്ഞു. അവരുടെ പീഢകളെ ഹൃദയത്തിൽ ചേർത്തു. ആത്മരോഷം മാപ്പപേക്ഷയായി ഉതിർന്നു. പ്രതീക്ഷകളുടെ ചാരത്തിൽ ജീവൻ കണ്ട ആശ്വാസത്തോടെ ലോകവും ഉണർന്നു.രോഹിൻഗ്യ. ഈ വാക്കാണ് ചരിത്രം കുറിച്ച മ്യാൻമർ-ബംഗ്ലാദേശ് സന്ദർശനത്തിൽ ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് ലോകം കാതോർത്തത്. രോഹിൻഗ്യ മുസ്ലിംകളെ വംശഹത്യ ചെയ്യുന്നുവെന്ന് ആരോപണം നേരിടുന്ന മ്യാൻമറിലല്ല, അവർക്ക് അഭയംനൽകുന്ന ബംഗ്ലാദേശിന്റെ മണ്ണാണ് അതിനായി മാർപാപ്പ തിരഞ്ഞെടുത്തതെന്നുമാത്രം. അതിലെ ശരിതെറ്റുകൾ കാലം വിലയിരുത്തട്ടെ. പക്ഷേ ആയുധം കൊണ്ടുള്ള അധീശത്വത്തേക്കാൾ നിലനിൽപ്പുള്ളത് കരുണയിലൂന്നിയ ഇച്ഛാശക്തിക്കാണെന്ന് തെളിയിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിഞ്ഞു.  ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ അഭയാർത്ഥിപ്രശ്നത്തിന്റെയും മാനവികപ്രതിസന്ധിയുടേയും ഉറവിടം... മ്യാൻമർ. അശരണരുടേയും പീഡിപ്പിക്കപ്പെടുന്നവരുടെ രക്ഷയ്ക്കായി എക്കാലത്തും കരുത്തുറ്റ പരസ്യനിലപാടുകൾ എടുത്തിട്ടുള്ള ഫ്രാൻസിസ് മാർപാപ്പ ഇവിടെയെത്തുമ്പോള്‍ പ്രതീക്ഷകള്‍ പലവിധമായിരുന്നു. വംശഹത്യയെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച രോഹിന്‍ഗ്യവിരുദ്ധനടപടികളെ അദ്ദേഹം പരസ്യമായി അപലിക്കുമെന്ന് രാജ്യാന്തര മനുഷ്യാവകാശ പ്രവര്‍ത്തകരും ചില പാശ്ചാത്യഭരണകൂടങ്ങളും പ്രതീക്ഷിച്ചു. എന്നാല്‍ മ്യാന്‍മറിന്റെ മണ്ണില്‍ മാര്‍പാപ്പ ചിന്തിച്ചത്് മറ്റൊരു വഴിക്കായിരുന്നു. അവിടെവച്ച് രോഹിന്‍ഗ്യ എന്ന വാക്കുച്ചരിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. ഈ നിലപാട് വിമര്‍ശനങ്ങളുടെ പെരുമഴയ്ക്കുതന്നെ കാരണമായി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍നിലപാടുകളുടെ ആത്മാര്‍ത്ഥതപോലും ചോദ്യംചെയ്യപ്പെട്ടു. എന്നാല്‍ മ്യാന്‍മറില്‍ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ മാര്‍പാപ്പയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. റോമില്‍ മടങ്ങിയെത്തിയപ്പോള്‍മാത്രം അദ്ദേഹം അത് തുറന്നുപറഞ്ഞു. മ്യാന്‍മറിനെ നിയന്ത്രിക്കുന്ന പട്ടാളനേതൃത്വവുമായി രോഹിന്‍ഗ്യപ്രശ്നത്തില്‍ ചര്‍ച്ചയ്ക്കുള്ള വഴി അടയാതിരിക്കാന്‍ ഇതേമാര്‍ഗമുണ്ടായിരുന്നുള്ളു. അവരുമായി ഇക്കാര്യത്തില്‍ സ്വകാര്യ ചര്‍ച്ചനടത്തി. അത് ഫലപ്രദവുമായിരുന്നു. വരുംദിവസങ്ങളില്‍ അതിന്റെ ഗുണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

മ്യാന്‍മറിലെ മൗനത്തിന് ഇപ്പറഞ്ഞതിനുമപ്പുറം കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഇവിടത്തെ മൂന്നരലക്ഷത്തോളം ക്രൈസ്തവന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പാണ്. ജനസംഖ്യയുടെ ഒരുശതമാനം പോലുമില്ലാത്ത ക്രൈസ്തവര്‍ക്ക് രോഹിന്‍ഗ്യകളുടെ സ്ഥിതി വരാതിരിക്കാന്‍ ശ്രദ്ധിക്കാനുള്ള ചുമതല വത്തിക്കാനുണ്ട്. മാത്രമല്ല മ്യാന്‍മര്‍ വത്തിക്കാനുമായി പൂര്‍ണതോതില്‍ നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് വെറും ആറുമാസമേ ആയിട്ടുള്ളു. അത് നിലനിര്‍ത്താനും മെച്ചമാക്കാനുമുള്ള നയതന്ത്രബാധ്യത മറ്റാരേക്കാളും മാര്‍പാപ്പയുടെ ചുമലിലായിരുന്നു. ഇതിനെല്ലാമുപരി മ്യാന്‍മറില്‍ പൂര്‍ണ ജനാധിപത്യസ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ഓങ് സാന്‍ സ്യൂചി പ്രതിരോധത്തിലാകുന്ന സാഹചര്യം ഒഴിവാക്കാനും മാര്‍പാപ്പ ശ്രദ്ധിച്ചു. ഇതോടെ മാര്‍പാപ്പയുടെ സന്ദര്‍ശനം വിജയമാണെന്ന് അവകാശപ്പെടാനെങ്കിലും സ്യൂചിയ്ക്ക് അവസരം ലഭിച്ചു. 

മ്യാന്‍മറില്‍ മാര്‍പാപ്പ രോഹിന്‍ഗ്യ എന്ന വാക്കുച്ചരിച്ചില്ല. എല്ലാ ന്യൂനപക്ഷ,ദുര്‍ബല ജനവിഭാഗങ്ങളുടേയും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഇവിടെ അദ്ദേഹം ഊന്നിപ്പറഞ്ഞു. പക്ഷേ ലോകം ശ്രദ്ധിച്ചത് രോഹിന്‍ഗ്യ എന്ന വാക്കിലായിരുന്നു. അത് കേള്‍ക്കാതിരുന്നതിലെ നഷ്ടബോധമാണ് വിമര്‍ശനങ്ങളായത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ ആ നിരാശയും നഷ്ടബോധവും അസ്ഥാനത്തായി.

രോഹിന്‍ഗ്യകളെ ദൈവത്തോടാണ് മാര്‍പാപ്പ താദാത്മ്യപ്പെടുത്തിയത്. ഭരണകൂടം ചെയ്യുന്ന ക്രൂരതകള്‍ക്കും അക്കാര്യത്തില്‍ ലോകം പുലര്‍ത്തുന്ന നിസ്സംഗതയ്ക്കും അവരോട് അദ്ദേഹം മാപ്പിരന്നു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥിക്യാംപുകളില്‍ ദുരിതങ്ങളോട് മല്ലടിച്ചുകഴിയുന്ന 16 പേരാണ് മാര്‍പാപ്പയെ കാണാന്‍ ധാക്കയിലെ സര്‍വമതസമ്മേളനത്തിനെത്തിയത്. അവരെ ചേര്‍ത്തണച്ചപ്പോള്‍ മാര്‍പാപ്പയുടെ കണ്ണുകളില്‍ നിന്ന് അടര്‍ന്നുവീണ നീര്‍ത്തുള്ളികള്‍ രോഹിന്‍ഗ്യകളുടേയും അവര്‍ക്കുവേണ്ടി വാദിക്കുന്നവരുടേയും പോരാട്ടത്തിന് കരുത്തുപകരും എന്നുറപ്പ്. അതിലുപരി അവരെ വംശീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഏറ്റവും ശക്തമായ സന്ദേശവുമായി ആ കൂടിക്കാഴ്ച.  9 ലക്ഷത്തിലേറെ രോഹിന്‍ഗ്യന്‍ മുസ്‍ലിംകളാണ് ബംഗ്ലാദേശിലും മറ്റ് രാജ്യങ്ങളിലും അഭയാര്‍ഥികളായി കഴിയുന്നത്. അവരോട് നിര്‍ദയം നിസംഗത പുലര്‍ത്തിപ്പോരുന്ന പല വന്‍ ശക്തികളുടേയും ശ്രദ്ധ പ്രശ്നത്തിലേക്ക് കൊണ്ടുവരാന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം കാരണമായി. വൈകാരികമായി രോഹിന്‍ഗ്യകള്‍ക്ക് സാന്ത്വനമാകാനും അദ്ദേഹത്തിന് സാധിച്ചു. പക്ഷേ  അത് ഒരുവശം മാത്രം. ഇനി വേണ്ടത് ശക്തമായ തുടര്‍നടപടികളാണ്. നാടുംവീടും വിട്ടുകഴിയുന്നവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റലാണ്. സ്വന്തം മണ്ണിലേക്ക് മടങ്ങിപ്പോകാനുള്ള അവരുടെ അവകാശം ഉറപ്പിക്കലാണ്. അതിനുള്ള രാഷ്ട്രീയപശ്ചാത്തലവും ധാരണകളും ഉടമ്പടികളും ഒരുക്കലാണ്. അതിന് ഉത്തരവാദപ്പെട്ടവരെ പ്രേരിപ്പിക്കലാണ്. അതൊക്കെ പൂര്‍ണമാകുമ്പോള്‍ മാത്രമേ ഫ്രാന്‍സിസ് മാര്‍പാപ്പ കൊളുത്തിവച്ച പ്രകാശം പൂര്‍ണമായി പരക്കൂ. അതിനുള്ള ഉത്തരവാദിത്തം ലോകത്തിനാണ്. നമുക്കാണ്.

********
അവിടങ്ങളില്‍ വരുന്നു, കൊടുംശൈത്യം



വിറപ്പിക്കുന്ന ഋതുവിനെ കാത്തിരിക്കുകയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. ആര്‍ട്ടിക് ബ്ലാസ്റ്റ് അതവാ ഉത്തരസ്ഫോടനം ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലഘട്ടിലേക്കാണ് അമേരിക്കന്‍ ഭൂഖണ്ഡത്തേയും യൂറോപ്പിനേയും തള്ളിവിട്ടിരിക്കുന്നത്. അമേരിക്കയില്‍ ഏറെക്കുറെ ശീതകാലം ആയിക്കഴിഞ്ഞു. ആടുത്തയാഴ്ചയോടെ യൂറോപ്യന്‍ രാജ്യങ്ങളുലും ശൈത്യം എത്തും. 
 -70 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞ വായു ഒരു രാജ്യത്തെ വിഴുങ്ങുന്നു. വായു വിശുന്ന വഴിയില്‍ പെട്ടുപോകുന്ന മനുഷ്യരും മൃഗങ്ങളും നിന്ന നില്‍പില്‍ രക്തം വരെ തണുത്തുറ‍ഞ്ഞ് തല്‍ക്ഷണം മരിക്കുന്ന കാഴ്ച. എങ്ങും മരവിച്ച മൃതദേഹങ്ങള്‍. ഐസ് പുതച്ച മരങ്ങളും വീടുകളും. ജീവജാലങ്ങള്‍ക്ക് താങ്ങാനാവാത്ത അത്ര ശൈത്യം...... 2010ല്‍ പുറത്തിറങ്ങിയ ആര്‍ടിക് ബ്ലാസ്റ്റ് എന്ന കനേഡിയന്‍ ദുരന്തചിത്രത്തിലെ കാഴ്ചകളാണ് ഇത്.


ഇനി യാഥാര്‍ഥ്യത്തിലേക്ക് വരുമ്പോള്‍. ഇത്രയൊന്നും ഇല്ലെങ്കിലും യൂറോപ്പും അമേരിക്കയും കാത്തിരിക്കുന്നത് അതിശൈത്യത്തിന്റെ ഒരുകാലഘട്ടത്തെയാണ്. ഭൂമിയിലെ മറ്റ് പ്രദേശങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ ഉത്തരധ്രുവത്തില്‍ ചൂട് കൂടുതലാണ്. ഓസോണ്‍ പാളികളില്‍ വിള്ളല്‍ സംഭവിച്ചത് ഇവിടെ ഏല്‍ക്കുന്ന സൂര്യതാപത്തിന്റെ തോത് വര്‍ധിപ്പിച്ചിരിക്കുന്നു. ഈ ചൂട് ആര്‍ടിക് സമുദ്രത്തിന്റെ മേലേതട്ടിലുള്ള ഐസ് ഉരുകുന്നതിന് കാരണമാവുകയും സമുദ്രത്തിന്റെ അടിത്തട്ടിലുള്ള ചൂട് പുറത്തുവരികയും ചെയ്യുന്നു. ഈ ചൂട് ഉത്തരദ്രുവത്തിലെ അന്തരീക്ഷവായുവിനെ തണുത്ത ചുഴലിക്കാറ്റിന്റെ രൂപത്തിലേക്ക് മാറ്റുന്നു. മര്‍ദ്ദം കുറഞ്ഞ ഈ വായുവാണ് അതിശൈത്യമായി ഭൂമിയുടെ ദക്ഷിണഭാഗത്തേക്ക് വീശുന്നതും അമേരിക്കയും യൂറോപ്പുമടക്കമുള്ള ഭൂഖണ്ഡങ്ങളെ മരവിപ്പിക്കുന്നതും
ആര്‍ടിക് ബ്ലാസ്റ്റ് കാലങ്ങളായി തുടരുന്ന ഒന്നാണ്. ആഗോളതാപനവും ഓസോണ്‍ പാളിയിലെ വിള്ളലും  ഇതിന്റെ തോത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കഠിനമായ തണുപ്പാണ് വരുന്നത്. പൂജ്യം ഡിഗ്രിയിലും താഴ്ന്ന തണുപ്പും അതിശക്തമായ മഞ്ഞുവീഴ്ചയും ഉണ്ടാകും. ശനിയാഴ്ചയോടെ അമേരിക്കയിലെ മിസിസിപ്പിയടക്കമുള്ള പ്രദേശങ്ങളില്‍ -1 ഡിഗ്രി സെല്‍ഷ്യസിലേക്ക് അന്തരീക്ഷ താപനില താഴുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിക്കുന്നത്.. യൂറോപ്പിലും വീശിയടിക്കുന്ന ശീതക്കാറ്റ് ഇംഗ്ലണ്ടിനെയും അയര്‍ലന്ഡിനെയും സ്കോട്‌ലാന്‍ഡിനെയും മഞ്ഞില്‍ പുതപ്പിക്കും. രാത്രികാലങ്ങളില്‍  -3 ഡിഗ്രി സെല്‍ഷ്യസ് വരെ ഇവിടങ്ങളിലെ താപനില താഴുമെന്നാണ് കണക്കുകൂട്ടലുകള്‍. പകല്‍സമയത്ത് 8ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമായിരിക്കും ചൂട് ഉയരുക. അടുത്ത ആഴ്ചയോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറിയ പങ്കും തണുപ്പിന്റെ പിടിയിലാകും.
ആഗോളതാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കയ്യുംകെട്ടി നോക്കിയിരിക്കുയാണ് നമ്മള്‍. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും അവികസിതരാജ്യങ്ങളും ഒരുമിച്ചും അല്ലാതെയും ആഗോളതാപനത്തിനെതിരെ നിലകൊള്ളുമെന്ന് പലകുറിയാവര്‍ത്തിക്കുമ്പോഴും സ്വന്തം രാജ്യതാല്‍പര്യങ്ങള്‍ക്കപുറം ഒന്നും ചെയ്യുന്നില്ല. ട്രംപിനു കീഴില്‍ അമേരിക്ക പാരിസ് പരിസ്ഥിതി കരാറില്‍‌ നിന്നു പിന്‍മാറിയതു തന്നെ ഒടുവിലത്തെ ഉദാഹരണം. സമയംതെറ്റി വരുന്ന ശൈത്യത്തെയും വേനല്‍ക്കാലത്തെയും കുറ്റം പറയാന്‍ മാത്രമാണ് രാജ്യങ്ങള്‍ സമയം കണ്ടെത്തുന്നത്. 2025ഓടെ അന്തരീക്ഷ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 8.9 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് പഠനങ്ങള്‍ പറയുന്നു. വ്യവസായവല്‍ക്കരണത്തിനു മുന്‍പ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലും ഇപ്പോഴത്തെ അളവിലും വലിയ വ്യത്യാസമാണുള്ളത്.

ഉത്തരധ്രുവത്തിലെ മഞ്ഞ് ഇനിയും ഉരുകും ഭാവിയില്‍ ചിലപ്പോള്‍ ഉത്തരധ്രുവം പൂര്‍ണമായും ഹിമരഹിതമായേക്കും. ഇത് വരുത്തിവയ്ക്കുക ലോകം ഇതുവരെ കാണാത്ത അത്ര അപകടരമായ കാലാവസ്ഥവ്യതിയാനങ്ങള്‍ക്കായിരിക്കും.തണുപ്പും ചൂടും പ്രവചിക്കാവുന്നതിലുമപ്പുറമാകും. ഉരുകിയ മഞ്ഞ് കടലിലെ ജലനിരപ്പ് കൂട്ടും. പല തുറമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകും. മനുഷ്യനിര്‍മിതമായ അതിശൈത്യവും അന്തരീക്ഷതാപനിലയും പിടിച്ചു നിര്‍ത്താന്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരുതലമുറയടക്കം വലിയവില കൊടുക്കേണ്ടിവരും.

********
ഹാരിയുടെ പ്രണയം പൂവണിയുന്നു

രാജകീയ വിവാഹത്തിനുള്ള തയാറെടുപ്പിലാണ് ബ്രിട്ടൻ. ഹാരി രാജകുമാരനും അമേരിക്കൻ നടി മേഗൻ മാർക്കലും തമ്മിലുള്ള വിവാഹം ഉൽസവമാക്കാനൊരുങ്ങുകയാണ് കൊട്ടാരവും ബ്രിട്ടിഷ് ജനതയും മേഗൻ മാർക്കൽ, ബ്രിട്ടീഷ് രാജകൊട്ടാരം കാത്തിരിക്കുന്ന രാജകുമാരി. പരമ്പരാഗത രാജകീയ രീതികളെയെല്ലാം തിരുത്തിയാണ് മേഗന്റെ വരവ്. ലൊസാഞ്ചലസിൽ ജനിച്ച് കാനഡയിൽ ജീവിക്കുന്ന മേഗന്റെ രണ്ടാം വിവാഹമാണിത്. ബ്രിട്ടിഷ് രാജ വധുവാകുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജ. അമേരിക്കയിലെ ജനപ്രിയ ടെലിവിഷൻ താരമായ മേഗൻ ഹാരി രാജകുമാരന്റെ മനം കവർന്നത് സൗന്ദര്യം കൊണ്ടു മാത്രമല്ല, ബിസിനസ് മേധാവിയും സാമൂഹ്യ പ്രവർത്തകയും കൂടിയാണ് ഈ മുപ്പത്തിയാറുകാരി. സ്ത്രീ ശാക്തീകരണത്തിന്റെ വക്താവായ മേഗൻ യു.എൻ.പ്രവർത്തനങ്ങളിൽ പങ്കാളിയായി. 
ലണ്ടനിൽ സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ഹാരി രാജകുമാരൻ മേഗനെ പരിചയപ്പെട്ടത്. 2016 നവംബറിൽ തന്റെ പ്രണയം ഹാരി ലോകത്തോട് വെളിപ്പെടുത്തി. പൊതുപരിപാടികളിൽ ഹാരിക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ മാധ്യമങ്ങൾ മേഗന് പിന്നാലെ കൂടി. ചില മാധ്യമ വാർത്തകൾ അതിരുവിട്ടു. ബ്രിട്ടിഷ് പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്ന ചിലർ പുച്ഛഭാവത്തിൽ ഇങ്ങനെയെഴുതി. വിവാഹ മോചിതയായ ഒരു ആഫ്രോ അമേരിക്കൻ വംശജ രാജ വധുവാകാൻ ഒരുങ്ങുന്നു. അവിടെ മാധ്യമങ്ങൾക്ക് കർശന താക്കീതുമായി ഹാരി രംഗത്തെത്തി. മേഗന്റെ വ്യക്തിത്വത്തെ മാനിക്കണമെന്ന് രാജകുമാരൻ ഓർമിപ്പിച്ചു.

 ഒടുവിൽ നവംബർ 27 ന് രാജകീയമായിത്തന്നെ ആ പ്രഖ്യാപനമെത്തി. മേഗൻ മാർക്കൽ ബ്രിട്ടീഷ് രാജ വധുവാകുന്നു. വരന്റെ പിതാവെന്ന നിലയിൽ ചാൾസ് രാജകുമാരൻ തന്നെയാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്  വസന്ത കാലത്ത് നടക്കാനിരിക്കുന്ന രാജകീയ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും . സ്വന്തമായി ഡിസൈൻ ചെയ്ത വജ്രമോതിരമാണ് ഹാരി മേഗനെ അണിയിച്ചത്. ബോട്സ്വാനയിൽ നിന്നുള്ള വജ്രം നടുവിലും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ രണ്ട് വജ്രങ്ങൾ വശങ്ങളിലും. പരമ്പരാഗത ബ്രിട്ടീഷ് രീതി പിന്തുടർന്ന് വിൻസർ കാസിലിലെ സെന്റ്.ജോർജ് ചാപ്പിലാകും വിവാഹം. 

കത്തോലിക്ക സഭാംഗങ്ങൾ രാജ വധുവാകുന്നതിന് ഉണ്ടായിരുന്ന വിലക്ക് 2015ൽ നീക്കിയത് മേഗന് തുണയായി. മേഗൻ ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുമെന്ന് കെൻ സിങ്ങ് ടൺ കൊട്ടാരം വ്യക്തമാക്കിക്കഴിഞ്ഞു. ലോകനേതാക്കളടക്കം പങ്കെടുക്കുന്ന രാജകീയ വിവാഹം ബ്രിട്ടിഷ് ടൂറിസം രംഗത്തിന് കുതിപ്പേകുമെന്നാണ് സൂചന. സാമൂഹ്യ പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന മേഗൻ ഡയാന രാജകുമാരിയുടെ പിൻഗാമിയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഏതായാലും മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെ മനം കവർന്നു കഴിഞ്ഞു ഹാരി യുടെ പ്രണയിനി. അതു കൊണ്ടാണല്ലോ മുമ്പാർക്കും നൽകാത്ത അവസരം, രാജകുടുംബാംഗമാകും മുമ്പേ കൊട്ടാരത്തിൽ ക്രിസ്മസ് ആഘോഷിക്കാൻ മേഗന് ക്ഷണം കിട്ടിയത്.

റിപ്പോര്‍ട്ടുകള്‍: നിഷ പുരുഷോത്തമന്‍, ബിനു അരവിന്ദന്‍, ജെവിന്‍ ടുട്ടു

MORE IN LOKA KARYAM
SHOW MORE