മ്യാന്‍മറില്‍ മാര്‍പാപ്പ പറയാതെ പറഞ്ഞത്

Thumb Image
SHARE

മ്യാന്‍മറില്‍ മതവിവേചനമില്ല. നൂറുകണക്കിന് റൊഹിഗ്യ മുസ്ലീങ്ങളെ കൊന്നൊടുക്കിയതിനും പതിനായിരങ്ങളുടെ പലായനത്തിനും ഉത്തരവാദിയെന്ന് ആരോപണം കേട്ട ജനറല്‍ മിന്‍ ഒാങ് ലെയിന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോട് പറഞ്ഞു. മ്യാന്‍മറിലേക്കുള്ള മാര്‍പ്പാപ്പയുടെ വരവ് രാജ്യചരിത്രത്തില്‍ ആദ്യത്തേതാണ് .യാങ്കൂണില്‍ വിമാനമിറങ്ങിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മ്യാന്‍മര്‍ ഉജ്ജ്വല സ്ീകരണം നല്‍കി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിശ്വാസികള്‍ വിമാനത്താവളത്തില്‍ വലിയ ഇടയനെ കാത്തു നിന്നു. മ്യാന്‍മര്‍ ദേശീയ പതാകയും പേപ്പല്‍ പതാകയും ഒന്നിച്ചു വീശി അവര്‍ ആഹ്ലാദവും ആവേശവും പ്രകടിപ്പിച്ചു.പാപ്പാ മൊബീല്‍ എന്ന ഒൗദ്യോഗിക വാഹനം ഉപയോഗിക്കാതെ ചെറിയ കാറില്‍ സാധാരണജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഗതാഗത തടസങ്ങളൊഴിവാക്കി മാര്‍പ്പാപ്പയുടെ യാത്ര. പഴുതടച്ച സുരക്ഷയുമായി സര്‍ക്കാരും. മ്യാന്‍മറിലെ വിവാദവ്യക്തിത്വങ്ങളില്‍ ഒരാളുമായി ആയിരുന്നു മാര്‍പ്പാപ്പയുടെ ആദ്യ കൂടിക്കാഴ്ച. സൈനിക കമാന്‍ഡര്‍‌ ജനറല്‍ മിന്‍ ഒാങ് ലെയി യാങ്കൂണിലെ സെന്‍റ് മേരീസ് കത്തിഡ്രലില്‍ മാര്‍പ്പാപ്പയെ വരവേറ്റു. റൊഹിഗ്യന്‍ വംശഹത്യയുടെ ഉത്തരവാദിയെന്ന് പഴി കേട്ട ലെയി മാര്‍പ്പപ്പയോട് പറഞ്ഞു, മതത്തിന്‍റെയോ വംശത്തിന്‍റെയോ പേരില്‍ വിവേചനമില്ലാത്ത രാജ്യമാണ് മ്യാന്‍മര്‍

റൊഹിന്‍ഗ്യ, ആ വാക്ക് മാര്‍പ്പാപ്പ ഉപയോഗിക്കുമോ എന്നതാണ് ലോകം കാതോര്‍ത്തത്. ഏറെ നയതന്ത്ര പ്രസക്തിയുള്ള ആ ചോദ്യത്തിന് ഉത്തരമായി. നീപെഡോ പ്രസംഗത്തില്‍ ആ വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല. എന്നാല്‍ വംശഹത്യയ്ക്ക കുടപടിക്കുന്നവര്‍ക്ക് കൃത്യമായ സന്ദേശം നല്‍കാന്‍ മാര്‍പ്പാപ്പയ്ക്കായി. വംശീയ പ്രശ്നങ്ങള്‍ ഉള്ള മ്യാന്‍മര്‍ എന്ന് പരമോന്നത നേതാവ് ഒാങ് സാന്‍ സൂചിയെ വേദിയിലിരുത്തിത്തന്നെ അദ്ദേഹം പറഞ്ഞു.

വംശഹത്യയുടെ പാപഭാരമേന്തുന്ന മ്യാന്‍മറിലേക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിമാനമിറങ്ങിയത്. ആങ് സാന്‍ സൂചി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന സമയം. ആറു ലക്ഷത്തോളം റൊഹിഗ്യന്‍ മുസ്്ലീങ്ങളാണ് സൈന്യം നേരിട്ടു നടത്തുന്ന വംശഹത്യ ഭയന്ന് രാജ്യം വിട്ടത്.  നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. ഇവിടെയാണ് സമാധാനത്തിന്‍റെ അപ്പസ്തോലനെന്ന് അറിപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്‍മറിനോട് എന്ത് പറയുമെന്ന് ലോകം കാതോര്‍ത്തത്. സാധാരണ വിദേശയാത്രകളില്‍ ആതിഥേയരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ മടികാണിക്കാറില്ല അദ്ദേഹം. വിമര്‍ശനങ്ങളില്‍ മുഖം നോക്കാറുമില്ല. അര്‍മേനിയന്‍ വംശഹത്യയെ വിമര്‍ശിച്ച് തുര്‍ക്കിയുടെ വെറുപ്പു സമ്പാദിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇസ്്ലാമോഫോബിയ പരത്തിയ ഡോണള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് പറഞ്ഞത് അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ. റവാന്‍ഡയിലെ വംശഹത്യയോട് സഭ മൗനം പാലിച്ചതിന് ലോകത്തോട് മാപ്പു പറഞ്ഞയാളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പക്ഷേ മ്യാന്‍മര്‍ അദ്ദേഹത്തിന് വലിയ വെല്ലുവിളിയായിരുന്നു. രാജ്യത്തെ ഭൂരിപക്ഷമായ  ബുദ്ധസമുദായക്കാരും സര്‍ക്കാരും സൈന്യവും അംഗീകരിക്കാത്ത വാക്കാണ് റൊഹിന്‍ഗ്യ. റൊഹിന്‍ഗ്യകള്‍ അവര്‍ക്ക് ബംഗ്ലാദേശികളാണ്. രാജ്യം അംഗീകരിക്കാത്ത വംശീയനാമം മാര്‍പ്പാപ്പ ഉപയോഗിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വത്തിക്കാന് ബോധ്യപ്പെട്ടു. ഏഴുലക്ഷത്തോളം വരുന്ന കത്തോലിക്ക വിശ്വാസികളുടെ നിലനില്‍പ് അപകടത്തിലാക്കുന്ന ആ സാഹസത്തിന് മുതിരരുതെന്ന് മ്യാന്‍മര്‍ കത്തോലിക്കസഭ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു.  പുതിയ കലാപങ്ങള്‍ക്ക് തന്‍റെ നാവ് കാരണമാകരുതെന്ന തിരിച്ചറിവില്‍ മാര്‍പ്പാപ്പ ജാഗ്രത പാലിച്ചു. റൊഹിന്‍ഗ്യ എന്ന വാക്ക് അദ്ദേഹം ഒഴിവാക്കി,. 

എന്നാല്‍ ആങ് സാന്‍ സൂചിയെ വേദിയിലിരുത്തി, തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം വ്യക്തമായിത്തന്നെ പറഞ്ഞു. വംശീയപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത് സമാധാനസന്ദേശവുമായാണ് ഞാന്‍ വന്നിരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നീതിയുക്ത സമൂഹം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. പരസ്പര വിദ്വേഷമൊഴിവാക്കി സഹവര്‍ത്തിത്തം ഉറപ്പുവരുത്തുക എന്നതാണ് താന്‍ ആഗ്രഹിക്കുന്നത്. സൂ ചിയെ നോക്കി മാര്‍പ്പാപ്പ പറഞ്ഞു.രണ്ട് ലോകമഹായുദ്ധങ്ങള്‍ നല്‍കിയ പാഠം ലോകം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ഒാര്‍മിപ്പിച്ചു.

എല്ലാവരെയും ആശ്ചര്യപ്പെടുത്തി, ഒാങ് സാന്‍ സൂചി റൊഹിന്‍ഗ്യ പ്രശ്നം മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. റൊഹിന്‍ഗ്യന്‍ സംസ്ഥാനമായ റാഖൈനില്‍ ഒരു പ്രശ്നവുമില്ലെന്ന് എന്നും പറഞ്ഞിരുന്ന സൂചി , റാഖൈനില്‍ പ്രശ്നങ്ങളുണ്ടെന്ന് ഏറ്റു പറഞ്ഞു. അനീതിക്കെതിരെ ശബ്ദിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത മാര്‍പ്പാപ്പ റൊഹിന്‍ഗ്യകളെക്കുറിച്ച് നേരിട്ട് പറയാതിരുന്നത് ചിലരെയെങ്കിലും നിരാശപ്പെടുത്തി. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളുടെ സുരക്ഷയെക്കരുതിയെടുത്ത തീരുമാനം നന്നായെന്നും വിലയിരുത്തലുണ്ട്. ബംഗ്ലദേശില്‍ റൊഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയില്‍ വംശഹത്യയ്ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തുമെന്നാണ് സൂചന. 

MORE IN LOKA KARYAM
SHOW MORE