കലങ്ങിമറിഞ്ഞ് കാറ്റലോണിയ

Thumb Image
SHARE

കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പക്ഷേ ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്തേക്ക് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് കറ്റാലന്‍മാര്‍. സ്പാനിഷ് ഭീഷണിയില്‍ സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് കാള്‍ഡ് പുഡ്ജമന്‍ഡ് നാടുവിട്ടു.  മഡ്രിഡ് സര്‍ക്കാര്‍ പ്രവിശ്യ ഭരണം ഏറ്റെടുത്തു. കാറ്റലോണിയന്‍ ജനത ഭിന്നിക്കപ്പെട്ടു എന്നതാണ് മറ്റൊരു കാര്യം . 50 ശതമാനം ജനങ്ങളുടെ പിന്തുണയില്ലാതെ നടത്തിയ സ്വാതന്ത്ര്യപ്രഖ്യാപനത്തിനെതിരെ ദേശീയവാദികള്‍ രംഗത്തിറങ്ങിയതോടെ സമ്പൂര്‍ണ അരാജകത്വമായി.

നാടകീയ രംഗങ്ങള്‍ക്കാണ്  കാറ്റാലോണിയ സാക്ഷ്യം വഹിച്ചത്. റയല്‍ മഡ്ര്ിഡ് , ബാഴ്സ ഫുട്ബോള്‍ മല്‍സരം പോലെ വാശിയേറിയ നീക്കങ്ങളാണ് ഇരുപക്ഷത്തുനിന്നുമുണ്ടായി.  ബാഴ്സലോണയില്‍ കാള്‍‌സ് പുഡ്ജമന്‍ഡിന്‍റെതായിരുന്നു ആദ്യ ഗോള്‍.  ഹിതപരിശോധന ഫലമനുസരിച്ച് കാറ്റലോണിയ സ്പെയിനില്‍ നിന്ന് സ്വതന്ത്രമായെന്ന പ്രഖ്യാപനമെത്തിയത് വെള്ളിയാഴ്ച . സ്വതന്ത്ര, പരമാധികാര, സോഷ്യൽ ഡമോക്രാറ്റിക് രാജ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയമാണു കാറ്റലോണിയയിലെ പ്രാദേശിക പാർലമെന്റ് പാസാക്കിയത്. സ്വതന്ത്രരാജ്യമായി അംഗീകരിക്കണമെന്നു മറ്റു രാജ്യങ്ങളോടു പ്രമേയത്തിൽ ആവശ്യപ്പെട്ടു. സ്പെയിനുമായി തുടർചർച്ചകൾക്കുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു. കറ്റാലന്‍ തെരുവുകളില്‍ നൃത്തവും സംഗീതവും നിറഞ്ഞു, ചിലര്‍ ആര്‍പ്പുവിളിച്ചു. 

പക്ഷെ കൃത്യം ഒരു മണിക്കൂറിനുള്ളില്‍ മഡ്രിഡിന്‍റെ മറുപടി ഗോളെത്തി. കറ്റാലന്‍ പാര്‍ലമന്‍റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച സ്പാനിഷ് പാര്‍ലമെന്‍റ്,  ഭരണഘടനയുടെ 155ാം അനുച്ഛേദമുപയോഗിച്ച് കാറ്റലോണിയയുടെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളഞ്ഞു. കാള്‍സ് പുഡ്ജമന്‍ഡിനെ പുറത്താക്കി, , മേഖലാ പൊലീസ് മേധാവി ജോസപ് ലൂയി ട്രപെരോയെ പിരിച്ചുവിട്ടു. സ്പാനിഷ് ഉപ പ്രധാനമന്ത്രി സൊരയ സയെൻസ് സാന്റാമരിയയെ പ്രവിശ്യഭരണാധികാരിയായി നിയോഗിച്ചു. ഡിസംബറില്‍ പ്രാദേശിക തിരഞ്ഞെടുപ്പും പ്രഖായപിച്ചു. ജനാധിപത്യ സ്പെയിനില്‍ ആദ്യമായാണ് കേന്ദ്രം ഭരണഘടനയുടെ 155ാം വകുപ്പുപയോഗിക്കുന്നത്. സ്വാതന്ത്ര്യപ്രഖ്യാപനം കാറ്റലോണിയയെ സമ്പൂര്‍ണ അരാജകത്വത്തിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യാനുകൂലികളും ഏകരാജ്യവാദക്കാരും തെരുവിലിറങ്ങിയതോടെ പ്രാദശിക നേതൃത്വം പരുങ്ങലിലായി. വിഘടനവാദത്തി്ല്‍ ശക്തമായ ഭിന്നാഭിപ്രായമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനകീയ പ്രതിഷേധങ്ങള്‍.  വാസ്തവത്തില്‍ കടുത്ത സമ്മര്‍ദത്തിലായ പുഡ്ജമന്‍ഡ് വേറെ നിവൃത്തിയില്ലാതെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയായിരുന്നു. സ്വാതന്ത്ര്യമല്ല , തിരഞ്ഞെടുപ്പാകും പുഡ്ജമന്‍ഡ് പ്രഖ്യാപിക്കുക എന്ന സൂചന വന്നതോടെ സമൂഹമാധ്യങ്ങളില്‍ അദ്ദേഹത്തിനെതിരെ വഞ്ചകന്‍ വിളികള്‍ നിറഞ്ഞു. സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ സ്പാനിഷ് അനുകൂലികളാണ് പുഡ്ജമന്‍ഡിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. വിവാ എസ്പാനാ വിളികളുമായി നിരത്തിലിറങ്ങിയ ദേശീയവാദികള്‍ പുഡ്ജമന്‍ഡിനെ ജയിലിടയ്ക്കാന്‍ ആഹ്വാനം ചെയ്തു.

എന്നാല്‍ കാറ്റലോണിയയെില രണ്ടു ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പുഡ്ജമന്‍ഡിന് പിന്തുണ പ്രഖ്യാപിച്ചു. മഡ്രിഡ് സര്‍ക്കാരിന്‍റെ ഉത്തരവുകള്‍ അനുസരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഒഫീസുകള്‍ക്ക് ചുറ്റും മനുഷ്യചങ്ങല തീര്‍ത്ത വിഘടനവാദികള്‍ ഉദ്യോഗസ്ഥരുടെ സംരക്ഷണം ഏറ്റെടുത്തു. രാജ്യത്ത് കലാപമുണ്ടാക്കിയ കുറ്റത്തിന് അറസ്റ്റു ചെയ്യുമെന്ന് മഡ്രിഡ്  അറിയിച്ചതോടെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് പുഡ്ജമന്‍ഡ് നാടുവിട്ടു.  ബ്രസല്‍സില്‍ രാഷ്ട്രീയ അഭയം തേടിയ അദ്ദേഹത്തിനെതിരെ മുപ്പതുവര്‍ഷം വരെ തടവുശിക്ഷ· ലഭിക്കാവുന്ന കുറ്റമാണ്  ചുമത്തിയിട്ടുള്ളത്.  മേഖലയുടെ ഭരണം സ്പെയിന്‍ പൂര്‍ണമായും ഏറ്റെടുത്തെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ പിന്തുണ ലഭിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പ്രശ്നപരിഹാരത്തിില്‍ കാര്‍ക്കശ്യക്കാരിയായ സൊരയ  സാന്റാമരിയ വിഘടനവാദത്തെ അടിച്ചമര്‍ത്താനാണ് സാധ്യത. 

പുഡ്ജമന്‍ഡിന്‍റെ പുതിയ രാജ്യത്തെ ലോകം അംഗീകരിക്കുന്നില്ല. അംഗീകരിച്ചാല്‍ അത് ലോകത്താകെ നടക്കുന്ന വിഘടനവാദ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടും.  ചര്‍ച്ചകള്‍ക്ക്  പകരം പിടിച്ചെടുക്കല്‍ നയവുമായി മുന്നോട്ടുപോകുന്ന റജോയ് സര്‍ക്കാരിന്‍റെ നീക്കവും ശരിയല്ല.  രാഷ്ട്രീയ താല്‍പര്യങ്ങളും സമ്പത്ത് പങ്കുവയ്ക്കാനുള്ള മടിയുമാണ് കാറ്റലോണിയന്‍ നേതാക്കളെ നയിക്കുന്നത് എന്നത് ശരി തന്നെ. പക്ഷേ ആധുനികലോകക്രമത്തില്‍ എന്തുകൊണ്ട് ഒരു ജനാധിപത്യ രാജ്യം വിഭജനത്തിന്‍റെ വക്കിലെത്തി എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. 

 ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം, പഴയ യൂറോപ്പ്യന്‍ സാമ്രാജ്യത്തെ ഭിന്നിപ്പിക്കാന്‍ വുഡ്രോവില്‍സണും സാമ്രാജ്യത്വത്തിനെതിരെ വ്ലാഡിമിര്‍ ലെനിനും ഉപയോഗിച്ച തന്ത്രം. പിന്നീടത് ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളിലും ഇടംപിടിച്ചു. ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിച്ച വേഴ്സയ്ല്‍സ് കരാര്‍ മുതല്‍ സ്വയം നിര്‍ണയാവകാശത്തിന് വന്‍ പ്രധാന്യമാണുള്ളത്.  ലോകയുദ്ധാനന്തരം പ്രസിഡന്‍റ് വില്‍സണ്‍ ഉണ്ടാക്കിയ  14 ഇന സമാധാന പരിപാടികളില്‍ മുഖ്യമായിരുന്നു ഇത്. അതേ അവകാശമാണ് എസ്തോണിയ, ലിത്വാനിയ തുടങ്ങി നിരവധി ചെറുരാജ്യങ്ങളെ സൃഷ്ടിച്ചതും. എന്നാല്‍ രാജ്യത്തിന്‍റെ അഖണ്ഡത കൃത്യമായി നിര്‍വചിച്ചിരിക്കുന്ന സ്പാനിഷ് ഭരണഘടനയോട് വിധേയത്വം പ്രഖ്യാപിച്ച കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നിയമവിരുദ്ധമാണ്. യുദ്ധാനന്തര യൂറോപ്പിന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാനവും രാജ്യങ്ങളുടെ അഖണ്ഡത തന്നെ. സ്ഥിരതയുള്ള ഭരണകൂടങ്ങളാണ് യൂറോപ്പിനെ കാത്തുസംരക്ഷിക്കുന്നത്.  എന്നാല്‍ ഏഴു ദശകങ്ങള്‍ക്കിപ്പുറവും വെനീഷ്യ  മുതല്‍ കാറ്റലോണിയ വരെയുള്ള പ്രവിശ്യകള്‍ സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുന്നതിന് രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്. രാജ്യപുരോഗതിയില്‍ തെല്ലും താല്‍പര്യമില്ലാത്ത , അഴിമതിക്കാരായ ഭരണകര്‍ത്താക്കള്‍ തന്നെയാണ് ജനങ്ങളെ അസ്വസ്ഥരാക്കുന്നത്. ആഗോളവല്‍ക്കരണ കാലത്ത് സമ്പത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും കൈപ്പിടിയിലൊതുക്കുന്ന കേന്ദ്രസര്‍ക്കാരുകളാണ് പ്രധാന കുറ്റക്കാര്‍. സ്പെയിന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് കറ്റാലന്‍ വിഘടനവാദത്തിന് ആക്കം കൂട്ടിയത്. രാജ്യത്തെ ഏറ്റവും സമ്പന്നമായ പ്രദേശം, പക്ഷേ തങ്ങള്‍ക്ക് അവകാശപ്പെട്ടതെല്ലാം മഡ്രിഡിന് നല്‍കേണ്ടി വരുന്നു എന്നതാണ് കാറ്റലോണിയയുടെ പൊതുവികാരം. ‍ഞങ്ങളുടെ സമ്പത്ത് ഞങ്ങള്‍ക്കുമാത്രം എന്ന സ്വാര്‍ഥതയായും ഈ ചിന്തയെ കാണാം.  മഡ്രിഡ് സര്‍ക്കാരിന്‍റെ ചെലവുചുരുക്കല്‍ നയത്തോട് യോജിക്കാന്‍ കറ്റാലന്‍മാര്‍ക്കായില്ല. അതേസമയം രാജ്യത്തിന്‍റെ സമ്പദ്്വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന കാറ്റലോണിയക്ക് സ്പെയിന്‍ തിരികെ നല്‍കിയത് അവഗണനയും. തരംപോലെ കാറ്റലന്‍ ഭാഷയെയും സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി മഡ്രിഡ് സര്‍ക്കാര്‍. ഇതെല്ലാം ജനങ്ങളിലുണ്ടാക്കിയ അസ്വസ്ഥയെ മുതലെടുക്കാന്‍ പുഡ്ജമന്‍ഡിനും കൂട്ടര്‍ക്കുമായി. രാജ്യവളര്‍ച്ചയെ പിന്നോട്ടടിച്ച കേന്ദ്രസര്‍ക്കാരും പിന്നെ സാമൂഹ്യധ്രുവീകരണവും കൂടിചേര്‍ന്നപ്പോള്‍ രാജ്യം രണ്ടായി.  ഭരണഘടന ഉദ്ധരിച്ചോ രാജ്യനാത്ര സമൂഹത്തെ കൂട്ടു പിടിച്ചോ കലാപവിരുദ്ധ നിയമം ഉപയോഗിച്ചോ മാത്ര മഡ്രിഡ് സര്‍ക്കാരിന് പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം. കാറ്റലോണിയന്‍ സ്വാതന്ത്ര്യപ്രഖ്യാപനം സ്പാനിഷ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. ബാഴ്സലോണ കേന്ദ്രീകരിച്ചിരുന്ന വമ്പന്‍ കമ്പനികളെല്ലാം രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് രാജ്യം വിടാനൊരുങ്ങുകയാണ്. പ്രധാനവരുമായ മാര്‍ഗമായിരുന്ന വിനോദസഞ്ചാരമേഖലയയെയും ആഭ്യന്തരകലാപം കാര്യമായി ബാധിച്ചിട്ടുണ്ട്. കാറ്റലോണിയന്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുന്നതിനു പകരം അവരെ കൂടി വിശ്വാസത്തിലെടുത്തുള്ള ചര്‍ച്ചകളാവും ഗുണം ചെയ്യുക. പ്രശ്നത്തില്‍ ഇടപെടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഇനിയും മടിച്ചുകൂട.തമ്മിലടിക്കുന്ന സ്പാനിഷ് ജനത്യക്ക് ഇപ്പോള്‍ വേണ്ടത് പക്വതയുള്ള മധ്യസ്ഥരാണ്.  കാറ്റലോണിയ ഒരു പാഠമാണ്. സ്കോട്ലന്‍ഡിലും ഐര്‍ലന്‍ഡിലും ന്യൂ കാലഡോണിയയിലുമെല്ലാം ഉയര്‍ന്നു വരുന്ന സ്വാതന്ത്യമോഹത്തെ എങ്ങനെ പക്വതയോടെ കൈകാര്യം ചെയ്യണം എന്ന തിരിച്ചറി്വിലേക്ക് ഭരണാധികാരികളെയത്തിക്കാന്‍  കാറ്റലോണിയ സഹായിക്കട്ടെ. 

MORE IN LOKA KARYAM
SHOW MORE