എല്ലാം ചെയ്തില്ലെന്ന് ‘കുറ്റസമ്മതം’; മോദിയും അമിത് ഷായും ജീവന്‍മരണ പോരാട്ടത്തിന്

PTI3_19_2016_000180A
SHARE

ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍. 2019ല്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം ഇതാണ്. മോദി പ്രഭാവത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ഹിന്ദി ഹൃദയ ഭൂമിയിലേറ്റ് തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഏറെ ആസൂത്രിതമായാണ് ഒാരോ നീക്കവും. ജീവന്മരണപ്പോരാട്ടമാണെന്ന് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്നായിട്ടറിയാം.

‘വീട്ടില്‍ മോഷണം നടത്തി ചിലര്‍ക്ക് വീതിച്ചുകൊടുക്കുന്ന, രാജ്യത്തിന് ആവശ്യം വരുമ്പോള്‍ വിദേശത്തേയ്ക്ക് മുങ്ങുന്ന വ്യക്തിയെയാണോ നിങ്ങള്‍ക്ക് പ്രധാനമന്ത്രിയായി വേണ്ടത്. അതോ പതിനെട്ട് മണിക്കൂര്‍ പണിയെടുക്കുന്ന, രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്തുന്ന പ്രധാനമന്ത്രിയെയാണോ വേണ്ടത്..’ മോദിയുടെ തന്നെ വാക്കുകള്‍. 

നിങ്ങള്‍ക്ക് ഏതുതരം വ്യക്തിയെയാണ് പ്രധാനമന്ത്രിയായി വേണ്ടത്? തനിക്കും രാഹുല്‍ ഗാന്ധിക്കുമിടയിലെ വ്യത്യാസങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് മോദി ജനങ്ങള്‍ക്ക് മുന്നില്‍വയ്ക്കുന്ന ചോദ്യം ഇതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ദേശീയ രാഷ്ട്രീയത്തില്‍ അജന്‍ഡ നിശ്ചയിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. മോദിയും ബിജെപിയും ഇതിന് പിന്നാലെ ഒാടിയെത്താന്‍ ശ്രമിക്കുകയാണ്. എതിരാളികളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിവരുമ്പോള്‍ മല്‍സരം കടുക്കുന്നുവെന്നതാണ് രാഷ്ട്രീയപാഠം. 

‘കാവല്‍ക്കാരന്‍ മോഷണം നടത്തി. റഫാല്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല’; രാഹുലിന്‍റെ നിരന്തരമുള്ള വാക്കുകള്‍. ‘എത്രവേണമെങ്കിലും പരിഹസിച്ചോളൂ, ചീത്ത പറഞ്ഞോളൂ. കാവല്‍ക്കാരന്‍ അടങ്ങിയിരിക്കില്ല. തുടങ്ങിയിട്ടേ ഉള്ളൂ..’ മോദിയുടെ മറുപടി.  

2014ല്‍ ബിജെപി വിജയിച്ച പരമാവധി മണ്ഡലങ്ങളില്‍ അന്‍‌പത് ശതമാനം വോട്ട് നേടുക. ബൂത്ത് തലം വിട്ട് കുടുംബം എന്ന തലത്തിലേയ്ക്ക് രാഷ്ട്രീയ സ്വാധീനം എത്തിക്കുക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 123 സീറ്റുകളില്‍ പോരാട്ടം ശക്തമാക്കാനാണ് തീരുമാനം. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണം ബിജെപിയുടെ ബ്രഹ്മാസ്ത്രമാണ്. ഇടത്തരക്കാരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജിഎസ്ടി നികുതി നിരക്കുകള്‍ കുറച്ചു. ഫെബ്രുവരി ഒന്നിന് ഈ സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകും. ആദായ നികുതി നല്‍കേണ്ട പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകും. കര്‍ഷക രോഷം തണുപ്പിക്കലാണ് സര്‍ക്കാരിന് തലവേദന. കാര്‍ഷിക കടം എഴുതിത്തള്ളില്ലെന്നാണ് മോദിയുടെ നിലപാട്. പലിശ രഹിത വായ്പ അടക്കം കര്‍ഷകരെ സന്തോഷിപ്പിക്കാനുള്ള തീരുമാനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. ഉത്തര്‍പ്രദേശില്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പരാമവധി പുതുമുഖങ്ങള്‍ക്കായിരിക്കും ഇത്തവണ സീറ്റ് നല്‍കും. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പരമാവധി താഴേത്തട്ടിലെത്തുകയാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. റഫാല്‍ ഇടപാടും മൈക്രോ സ്പെക്ട്രം വിതരണവുമെല്ലാം അഴിമതിയുടെ കറപുരണ്ടവയാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും അഴിമതി വിരുദ്ധ പ്രതിച്ഛായ തന്നെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്. 

അയോധ്യ വിഷയത്തില്‍ ആര്‍എസ്എസും ശിവസേനയും സമ്മര്‍ദം തുടരുമ്പോഴും താല്‍ക്കാലം സുപ്രീംകോടതി വിധിവരെ കാത്തിരിക്കാം എന്ന് ബിജെപിയും സര്‍ക്കാരും ഇതിനോടകം നിലപാടെടുത്തതാണ്. പക്ഷെ, കോര്‍ വോട്ട് ബാങ്കിന്‍റെ നിരാശ മായ്ച്ചുകളായാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. വാദ്ഗാനം ചെയ്തതെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതത്തോടെയാണ് മോദിയും കൂട്ടരും ജനങ്ങളുടെ പരീക്ഷ നേരിടാന്‍ എത്തുന്നത്. 

‘എല്ലാം ചെയ്തു എന്ന് അവകാശപ്പെടുന്നില്ല. എല്ലാം ചെയ്താല്‍ പിന്നെ മോദിയുടെ ആവശ്യമെന്താണ്..’ മോദി ചോദിക്കുന്നു.

MORE IN INDIA BLACK AND WHITE
SHOW MORE