സഖ്യം: നെഞ്ചിടിച്ച് ബിജെപി; ആശകളില്‍ കോണ്‍ഗ്രസ്: യുപിയില്‍ ഉരുത്തിരിയുന്നത്

SHARE

അങ്ങിനെ ഉത്തര്‍പ്രദേശില്‍ ആന സൈക്കിള്‍ ഒാടിക്കുമെന്ന് ഉറപ്പായി. രണ്ടര പതിറ്റാണ്ട് കാലത്തെ ശത്രുതയുടെ കണക്കുപുസ്തകം അടച്ചുെവച്ച് അഖിലേഷ് യാദവും മായാവതിയും കൈകോര്‍ത്തു. പക്ഷെ, കോണ്‍ഗ്രസിനെ തല്‍ക്കാലം ഒപ്പം കൂട്ടിയിട്ടില്ല. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഇനി ഉറക്കിമില്ലാത്ത രാത്രികളായിരിക്കും ഉണ്ടാവുകയെന്നാണ് സഖ്യപ്രഖ്യാപനത്തിനായി വിളിച്ചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മായാവതി പറഞ്ഞത്. 

ചില കാര്യങ്ങള്‍ അങ്ങിനെയാണ്. സംഭവിച്ചേ മതിയാകൂ. പക്ഷെ, എപ്പോള്‍? എങ്ങിനെ? എന്നീ കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും ഉത്തരം കിട്ടേണ്ടത്. ഉത്തര്‍പ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി – ബിഎസ്പി സഖ്യത്തിന്‍റെ കാര്യവും ഇങ്ങിനെ തന്നെ. ഒരുമിച്ച് നീങ്ങാമെന്ന് സെപ്റ്റംബറില്‍ തന്നെ തീരുമാനിച്ചതാണ്. പക്ഷെ പ്രഖ്യാപനം നീണ്ടുപോയി. കുത്തിത്തിരിപ്പുണ്ടാക്കാന്‍ ബിജെപിക്ക് അവസരം കിട്ടാതിരിക്കാനാണ് സഖ്യ പ്രഖ്യാപനത്തിന്‍റെ കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയതെന്ന് എസ്പിയുടെയും ബിഎസ്പിയുടെയും നേതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ഒന്നിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു ചിരവൈരികളുടെ മുന്നില്‍. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 38 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മല്‍സരിക്കും. സമാജ്‍വാദി പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റ് അല്‍പ്പം കുറവായിരുന്നാലും കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു അഖിലേഷ് യാദവ്. സഖ്യത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറായിരുന്നു. എന്നാല്‍ സീറ്റുകള്‍ തുല്യമായി പങ്കുവയ്ക്കാന്‍ മായാവതിയാണ് നിര്‍ദേശംവച്ചത്. ബുവ – ബതീജ കൂട്ടുകെട്ടെന്നാണ് സഖ്യത്തിന്‍റെ വിശേഷണം. അമ്മായി മരുമകന്‍ കൂട്ടുകെട്ട്. ജാട്ട് നേതാവ് അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡിയും ഒബിസികള്‍ക്കിടിയില്‍ സ്വാധീനമുള്ള നിഷാദ് പാര്‍ട്ടിയും കൃഷ്ണ പാട്ടീലിന്‍റെ അപ്നാദള്‍ വിഭാഗവും എസ്പി– ബിഎസ്പി കൂട്ടുകെട്ടിനൊപ്പമുണ്ടായേക്കും. അക്കാര്യത്തില്‍ ഉറപ്പില്ല. കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തേണ്ടതില്ലെന്നാണ് അമ്മായിയുടെയും മരുമകന്‍റെയും തീരുമാനം. എന്നാല്‍ ഗാന്ധി കുടുംബത്തിന്‍റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. 

ബിഎസ്പിയും സമാജ്‍വാദി പാര്‍ട്ടിയും സ്വന്തം കോട്ടകളിലായിരിക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുക. പടിഞ്ഞാറന്‍ യുപിയാകും ബിഎസ്പി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. സ്റ്റുവിഭജനത്തില്‍ 17 സംവരണ മണ്ഡലങ്ങള്‍ ബിഎസ്പിയുടെ അക്കൗണ്ടിലാകും. ബുലന്ദ്ഷഹര്‍, ആഗ്ര, ബിഞ്ചോര്‍, സാഹരണ്‍പുര്‍, അലിഗഡ്. ബിഎസ്പി ലക്ഷ്യംവെയ്ക്കുന്ന സീറ്റുകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. ഒന്നരപതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം മായാവതിയും ലോക്സഭാ പോരാട്ടത്തിന് ഇറങ്ങും. കിഴക്കന്‍ യുപിയിലെ അക്ബര്‍പുരിലാകും മായാവതി മല്‍സരിക്കുക. യാദവ ശക്തികേന്ദ്രങ്ങളാണ് സാമജ്‍വാദിപാര്‍ട്ടി ഉന്നമിടുന്നത്. മുലായം സിങ് യാദവും അഖിലേഷ് യാദവും സ്ഥാനാര്‍ഥികളായേക്കും. കനൗജില്‍ നിന്നും മെയിന്‍പുരിയില്‍ നിന്നും. ഇറ്റാവ, ലക്നൗ, മൊറാദാബാദ്, കാണ്‍പുര്‍, അസംഗഢ് എന്നീ മണ്ഡലങ്ങളാകും സമാജ്‍വാദി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരിക. പട്ടിക വിഭാഗം, പിന്നാക്ക വിഭാഗം, മുസ്‍ലിം സാമുദായിക രസതന്ത്രമാകും എസ്.പി – ബിഎസ്പി സഖ്യത്തിന്‍റെ വിധി നിര്‍ണയിക്കുക. മായാവതിയെ പ്രധാനമന്ത്രിക്കസേരയിലെത്തിക്കുകയാണ് ദൗത്യം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തിലെ ഒാരോ നീക്കവും ഏറെ സുപ്രധാനമാണ്. 

sp-bsp-rahul

2018െല മൂന്ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളായിരുന്നു എസ്.പി ബിഎസ്പി സഖ്യത്തിന്‍റെ പരീക്ഷണവേദി. ഗൊരോഖ്പുരിലും ഫുല്‍പുരിലും കൈരനയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അടിപതറി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയതോടെയാണ് ഒന്നിച്ചുനില്‍ക്കാന്‍ മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചത്. 

2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 73 സീറ്റില്‍ വിജയിച്ചു. എസ്.പി 5 സീറ്റ് നേടി. ബിഎസ്പിക്കാകട്ടെ സീറ്റൊന്നും കിട്ടിയില്ല. കോണ്‍ഗ്രസ് പതിവുപോലെ അമേഠിയും റായ്ബറേലിയും നിലനിര്‍ത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 43.63 ശതമാനം വോട്ടാണ്. എസ്.പി – ബിഎസ്പി വോട്ടുകള്‍ ചേര്‍ത്തുവെച്ചാല്‍ ഏതാണ്ട് 42 ശതമാനം വരും. ആര്‍എല്‍ഡി കൂടി ഒപ്പം നില്‍ക്കാന്‍ തയ്യാറായാല്‍ വോട്ട് ശതമാനം 43 ആകും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകളില്‍ എസ്.പി രണ്ടാം സ്ഥാനത്തുവന്നിരുന്നു. 33 സീറ്റുകളില്‍ ബിഎസ്പിയും രണ്ടാം സ്ഥാനത്ത് വന്നു. സഖ്യം കരുത്തോടെ നിന്നാല്‍ 2019ല്‍ ബിജെപിക്ക് യുപിയില്‍ 45 സീറ്റുകള്‍വരെ നഷ്ടമാകും. പക്ഷെ, ഒന്നും ഒന്നും രണ്ട് എന്നത് രാഷ്ട്രീയത്തില്‍ എപ്പോഴും ശരിയാകണമെന്നില്ല. അമ്മായിയും മരുകനും തമ്മിലുണ്ടാക്കിയ സൗഹൃദം താഴേത്തട്ടിലേയ്ക്ക് എത്തിക്കുക വെല്ലുവിളിയാണ്. പ്രചാരണവേദികളില്‍ നീലയും ചുവപ്പും പച്ചയും ഒന്നിച്ചുപാറിക്കാന്‍ പണിപ്പെടണം. സീറ്റുവിഭജനം കീറാമുട്ടിയാകും. വിമതശല്യം ഒഴിവാക്കുക കഠിനം. ബിഎസ്പിയെ പിന്തുണയ്ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് സഖ്യത്തോട് തണുപ്പന്‍ പ്രതികരണമാണ്. മുലായം സിങ് യാദവിന് സഖ്യത്തോട് താല്‍പര്യം അത്ര പോര. അജിത് സിങ് എസ്പി – ബിഎസ്പി സഖ്യത്തെ പിന്തുണച്ചാല്‍ ജാട്ട് വോട്ടുകള്‍ വിഘടിച്ചേക്കാം. പക്ഷെ, ഒന്നുറപ്പ് 2014 ലേതുപോലെ ഒരു മുന്നേറ്റം ബിജെപിക്ക് ഏറെ ബുദ്ധിമുട്ടേറിയതാണ്. 

1993ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഒന്നിച്ചു നിന്നിട്ടുണ്ട് മായാവതിയും മുലായം സിങ് യാദവും. ലക്ഷ്യം കാണുകയും ചെയ്തു. 1995ല്‍ മയാവതിക്കുനേരെ എസ്.പി പ്രവര്‍ത്തകര്‍ ആക്രമണത്തിന് തു‍നിഞ്ഞപ്പോള്‍ സഖ്യം കലഹത്തില്‍ കലാശിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് മായാവതി മുലായത്തെ വീഴ്ത്തി. ചാഞ്ചാടി നിന്ന് ചരിത്രമാണ് ഇരുപാര്‍ട്ടികളും പറയാനുള്ളത്.

ഒരു കാലത്ത് ശക്തികേന്ദ്രമായിരുന്ന മണ്ണില്‍ എന്തുചെയ്യണമെന്ന് അറിയാത്ത ഗതികേടിലാണ് കോണ്‍ഗ്രസ്. യുപിയില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തല്‍ക്കാലം തീരുമാനിച്ചിട്ടുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകുന്നത് ആശങ്കയാകുന്നു. എസ്.പി – ബിഎസ്പി സഖ്യത്തെ കാര്യമായി ദ്രോഹിക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന നിലപാട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. പാര്‍ട്ടിയുടെ പുനരുജീവനത്തിന് വഴിയൊരുക്കുമെന്നാണ് ഇതിനായി ഉന്നയിക്കുന്ന വാദം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മല്‍സരിച്ചതും രാഹുലും അഖിലേഷും കൃഷ്ണനും അര്‍ജുനനുമായതും ഏശിയില്ല. കാണാന്‍ ആളുകൂടിയെങ്കിലും വോട്ട് കുത്തനെ കുറഞ്ഞു. ഇത്തവണ ശക്തമായ മല്‍സരം കാഴ്ച്ചവെച്ചില്ലെങ്കില്‍ അവശേഷിക്കുന്ന ആള്‍ബലം കൂടി ഒലിച്ചുപോകുമെന്ന വിലയിരുത്തലുണ്ട്. തോല്‍വി ഒഴിവാക്കാനാകാത്തതാണ്. ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യം. പരമാവധി 20 സീറ്റ് വിജയിക്കുക എന്ന വലിയ സ്വപ്നം മുന്നോട്ടുവച്ചിട്ടുണ്ട്. 

മായാവതിക്കാണ് കോണ്‍ഗ്രസിനോട് ഒട്ടും ദയാദാക്ഷിണ്യമില്ലാത്തത്. മറ്റുള്ളവരുടെ കരുത്തുകൊണ്ട് കഴിഞ്ഞുപോകുന്ന ഇത്തള്‍കണ്ണിയാണ് കോണ്‍ഗ്രസ് എന്നതാണ് മായാവതിയുടെ വിലയിരുത്തല്‍. ബിജെപിയും കോണ്‍ഗ്രസും മുന്നാക്ക വോട്ട് പങ്കിട്ടെടുക്കുമ്പോള്‍ മറ്റുള്ളവരുടെ പിന്തുണയോടെ ജയിച്ചുകയാറാമെന്നതും മായാവതിയുടെ മനസിലുണ്ട്. ബ്രാഹ്മണ, മുസ്‍ലിം വോട്ടുകളിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പക്ഷെ, മുസ്‍ലിം വോട്ട് വിഘടിച്ചാല്‍ ബിജെപിക്കാകും ഗുണം. മുലായത്തിന്‍റെ സഹോദരന്‍ ശിവ്‍പാല്‍ യാദവ് ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയുമായി വരുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. കര്‍ഷകപ്രശ്നങ്ങളുയര്‍ത്തി ശക്തമായ പ്രചാരണമാകും കോണ്‍ഗ്രസ് നടത്തുക. പക്ഷെ, മൃദുഹിന്ദുത്വ കാര്‍ഡ് വീണ്ടുമിറക്കും. അടുത്ത ബെല്ലോടുകൂടി രാഹുലിന്‍റെ ക്ഷേത്ര ദര്‍ശന പരിപാടി തുടങ്ങും. കുംഭമേള കുളിച്ച് കയറും. പൂണൂലും ശിവഭക്തിയും ഉയര്‍ന്നുവരും. യുപിയിെല ത്രികോണ മല്‍സരത്തില്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് ഒന്നേ ഉള്ളൂ. പാര്‍ട്ടി തോറ്റാലും ബിജെപി ജയിക്കരുത്. 

350 ലോക്സഭാ സീറ്റുകളില്‍ പ്രദേശിക പാര്‍ട്ടികള്‍ നിര്‍ണായക ശക്തിയാണ്. ഉത്തര്‍പ്രദേശില്‍ ഉരുത്തിരിഞ്ഞ സഖ്യത്തിന്‍റെ സ്വാധീനം മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. ബിജെപിയുടെ നെഞ്ചിടിപ്പേറുന്നതും ഇതുകൊണ്ടുതന്നെ. പാര്‍ട്ടിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിടക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയിടെ പറഞ്ഞത്.

MORE IN INDIA BLACK AND WHITE
SHOW MORE