സിബിഐ അട്ടിമറിയും സുപ്രീംകോടതിയുടെ അടിയും

modi-cbi
SHARE

 സിബിഐ തലപ്പത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പാതിരാ അട്ടിമറിക്ക് സുപ്രീംകോടതിയില്‍ നിന്ന് മുഖമടച്ച് അടികിട്ടി. ആലോക് വര്‍മയെ സിബിെഎ തലപ്പത്ത് നിന്ന് മാറ്റാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസത്യ കാത്തുസൂക്ഷിക്കാനാണ് പരമോന്നത നീതിപീഠം ശ്രമിച്ചത്. സിബിെഎയെ ഉപയോഗിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നുവെന്ന പ്രതിപക്ഷവിമര്‍ശത്തിന് കരുത്ത് പകരുന്നതാണ് സുപ്രീംകോടതി ഉത്തരവ്. 

സര്‍ക്കാരിന്‍റെ തോന്നിവാസം നടക്കില്ല. സിബിെഎ മേധാവിയുടെ കസേര ആലോക് വര്‍മയ്ക്ക് വീണ്ടും നല്‍കി സുപ്രീംകോടതി നല്‍കിയ താക്കീത് ഇതാണ്. തലപ്പത്തുള്ളവരുടെ തമ്മിലടിക്കിടെ 2018 ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സിബിെഎയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. പരസ്പരം പോരടിച്ചിരുന്ന സിബിെഎ മേധാവി ആലോക് വര്‍മ്മയോടും സിബിെഎയിലെ രണ്ടാമനായ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.

സിബിെഎയില്‍ എന്തൊക്കൊയോ ചീഞ്ഞുനാറുന്നുണ്ടെന്ന് തോന്നാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായിരുന്നു. നാറ്റം നാട്ടുകാരറിഞ്ഞത് സിബിെഎ സ്പെഷല്‍ ഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരെ സിബിെഎ തന്നെ അഴിമതിക്കേസ് റജിസ്റ്റര്‍ ചെയ്തതോടെയാണ്. വ്യവസായിയില്‍ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. രാകേഷ് അസ്താനയെ അഴിമതിക്കേസില്‍ പൂട്ടാന്‍ മുന്നിട്ടിറങ്ങിയത് ആലോക് വര്‍മയായിരുന്നു. സുപ്രധാന കേസുകള്‍ തന്നില്‍ നിന്ന് നീക്കാന്‍ ആലോക് വര്‍മ ശ്രമിക്കുന്നുവെന്ന് അസ്താന തിരിച്ച് ആരോപണം ഉന്നയിച്ചു. തൊഴുത്തില്‍ക്കുത്തും തമ്മിലടിയും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ സിബിെഎയുടെ വിശ്വാസ്യത വീണ്ടെടുക്കാനെന്നമട്ടില്‍ അതാവരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്‍പത്തിയാറ് ഇഞ്ച് നെഞ്ചളവുള്ള ഇടപെടല്‍. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം ആലോക് വര്‍മയോടും രാകേഷ് അസ്താനയോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എം നാഗേശ്വര്‍ റാവു അര്‍ദ്ധരാത്രി സിബിെഎയുടെ ചുമതലകള്‍ ഏറ്റെടുത്തു. 13 സിബിെഎ ഉദ്യോഗസ്ഥര്‍ക്ക് ഒറ്റയടിക്ക് സ്ഥലം മാറ്റി. സിബിെഎ തലപ്പത്തെ അഴിച്ചുപണിയുടെ മാസ്റ്റര്‍ ബ്രെയിന്‍ ദേശീയ സുരക്ഷ ഉദേഷ്ടാവ് അജിത് ദോവലാണെന്നാണ് അണിയറ സംസാരം. 

2017 ല്‍ ഏതാനും െഎ.പി.എസ് ഉദ്യോഗസ്ഥരെ സിബിെഎയിലേയ്ക്ക് നിയമിക്കണമെന്ന അലോക് വര്‍മയുടെ ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിച്ചതോടെ കലഹങ്ങളുടെ ആരംഭം. അസ്താനയെ സ്പെഷല്‍ ഡയറക്ടറാക്കനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കം ആലോക് വര്‍മ വെട്ടാന്‍ ശ്രമിച്ചു. സിബിെഎ തലപ്പത്തെ അഴിച്ചുപണിയെ റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പിച്ചത് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ്. ഇതോടെ വിവാദങ്ങളുടെ തലം മാറി. പ്രതിപക്ഷ ആക്രമണത്തിന് മൂര്‍ച്ചകൂടി. ആലോക് വര്‍മ റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഒരുങ്ങവേയാണ് സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയതെന്നാണ് ആരോപണം. 

സിബിെഎ മേധാവിയുടെ കലാവധി രണ്ട് വര്‍ഷമെന്ന് സുപ്രീംകോടതി നേരത്തെ ഉറപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സിബിെഎ മേധാവിയെ മാറ്റാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് കോടതിയുടെ ഈ പരിരക്ഷ. പ്രധാനമന്ത്രി, പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയുടെ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്നാണ് സിബിെഎ മേധാവിയെ നിയമിക്കുന്നത്. ഈ ചട്ടങ്ങള്‍ ആലോക് വര്‍മയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സര്‍ക്കാര്‍ നീക്കം റദ്ദാക്കിയത്. 

ഫെബ്രുവരി ഒന്നിന് ആലോക് വര്‍മ വിരമിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമായി പൊലീസ് മേധാവി പദവിയില്‍ നീക്കപ്പെടുകയും സുപ്രീംകോടതിയില്‍ നിയമപ്പോരാട്ടം നടത്തി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്ത ടി.പി സെന്‍കുമാര്‍ നമുക്ക് മുന്നിലുണ്ട്. 

ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരാളികള്‍ക്കെതിരെ ഏതുസമയവും പ്രയോഗിക്കാവുന്ന ആയുധമാണ് സിബിെഎ. അധികാരത്തിലുള്ളവരുടെ ഇംഗിതത്തിന് വഴങ്ങി കുറ്റകൃത്യങ്ങള്‍ തേച്ചുമായ്ച്ചുകളയുകയും വേണ്ടപ്പെട്ടവരെ രക്ഷപ്പെടുത്തുകയും ചെയ്യല്ലാണ് പ്രധാനപണി. സിബിെഎയെ കൂട്ടിലടച്ച തത്തയെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി നടത്തിയ ഇടപെടലാണ് യുപിഎ സര്‍ക്കാരിന്‍റെ അടിത്തറ ഇളക്കയത്. ആതേ ആരോപണം വീണ്ടും ഉയരുന്നതിനിടെയാണ് കോടതിയുടെ തീര്‍പ്പ് വരുന്നത്. ഭരണഘടനാസ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും സര്‍ക്കാര്‍ തകര്‍ക്കുവെന്ന് വിമര്‍ശനമുണ്ട്. തോന്നംപടി സിബിെഎ മേധാവിയെ മാറ്റാന്‍ സര്‍ക്കാരുകള്‍ നന്നായി ആലോചിക്കേണ്ടിവരും. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കുരുക്കലാക്കാനുള്ള നീക്കത്തിന്‍റെ മുനയൊടിഞ്ഞു. ആന്ധ്രപ്രദേശില്‍ സിബിെഎയുടെ പ്രവര്‍ത്തനം ചന്ദ്രബാബുനായ്ഡു തടഞ്ഞിട്ടുണ്ട്. പ്രതിപക്ഷ ചേരിയിലുള്ള കൂടുതല്‍ മുഖ്യമന്ത്രിമാര്‍ ആ വഴിക്ക് വന്നേക്കാം. വിശദീകരിക്കാന്‍ സര്‍ക്കാരിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. 

MORE IN INDIA BLACK AND WHITE
SHOW MORE