സബ് സാത്ത് ... സബ് കാ വികാസ്... എല്ലാവര്‍ക്കുമൊപ്പം.... എല്ലാവരുടെയും വികസനം

mit-shah-narendra-modi
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്  ജോലിക്കും വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം. ഇതിനായി ഭരണഘടനഭേദഗതി ബില്‍.

സബ് സാത്ത് ... സബ് കാ വികാസ്... എല്ലാവര്‍ക്കുമൊപ്പം.... എല്ലാവരുടെയും വികസനം.... നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാമ്പത്തിക സംവരണമേര്‍പ്പെടുത്താനുള്ള നീക്കമെന്ന് ബിജെപി വാദിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരുകള്‍ക്ക് ആരോടെങ്കിലും പ്രത്യേക താല്‍പര്യമുണ്ടായാല്‍ അത് ചുമ്മതല്ലെന്ന് ഉറപ്പിക്കാം. അതേ ലക്ഷ്യം വോട്ട് ബാങ്ക് തന്നെ. 30.84 ശതമാനമാണ് ഇന്ത്യയിലെ മുന്നാക്ക വിഭാഗത്തിന്‍റെ ജനസംഖ്യ. നിലവിലുള്ളത് 50 ശതമാനമാണ് സംവരണം.  പുറമേയാണ് പത്തുശതമാനം സംവരണം പുതുതായി കൊണ്ടുവരുന്നത്. പട്ടിക വിഭാഗങ്ങള്‍ക്കും ഒബിസികള്‍ക്കും ഉള്‍പ്പെടെ നിലവില്‍ ജാതിയും സാമൂഹികാവസ്ഥയും മാനദണ്ഡമായി നല്‍കിവരുന്ന സംവരണത്തെ ബാധിക്കില്ല. ഇപ്പോള്‍ സംവരണാനുകൂല്യമില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പ്രയോജനം കിട്ടുക. 5 ഏക്കറിലേറെ ഭൂമിയുണ്ടാകരുത്. വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴേയാകണം. വീടിന്‍റെ വിസ്തീര്‍ണം 1000 ചതുരശ്ര അടിയില്‍ താഴേ. വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ടിന്‍റെ വിസ്തീര്‍ണം നഗരസഭ പരിധിയില്‍ 900 ചതുരശ്ര അടിയും മറ്റുപ്രദേശത്ത് 1,800 ചതുരശ്ര അടിയിലും കുറവ്. ഇതാണ് സംവരാണനുകൂല്യം ലഭിക്കാനുള്ള മാനദണ്ഡം. നരേന്ദ്ര മോദിയുടെ ബ്രഹ്മാസ്ത്രമാണോ സാമ്പത്തിക സംവരണം? ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികള്‍ മറികടക്കണം. പരമ്പരാഗത വോട്ട് ബാങ്കായ മുന്നാക്കക്കാരെ ഇളകാതെ ബിജെപിക്ക് ഒപ്പം നിര്‍ത്തണം. രാഹുല്‍ ഗാന്ധിയുടെ മൃദുഹിന്ദുത്വം മുന്നാക്കക്കാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുവെന്ന് അടുത്തയിടെ നടന്ന തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ആയോധ്യയിലെ രാമക്ഷേത്ര വിഷയത്തില്‍ തിരക്കിട്ട നീക്കത്തിനില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. 

ഇടത്തരക്കാരെ ഒപ്പം നിര്‍ത്താനാണ് ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടികള്‍ക്ക് ശേഷം മോദി ഏറ്റവുമധികം പരിഗണന നല്‍കിയിട്ടുള്ളത്. ജിഎസ്ടി നിരക്കിലെ മാറ്റങ്ങളും നികുതി കുറച്ചതും ഇതിന്‍റെ ഭാഗമായിരുന്നു. സാമ്പത്തിക സംവരണമെന്ന മുദ്രാവാക്യം കൂടി ഇതിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും ഗുജറാത്തിലും സംവരണം ആവശ്യപ്പെട്ട് സമരരംഗത്തുള്ള സമുദായങ്ങളെ അനുനയിപ്പിക്കാനുള്ള കരുനീക്കം കൂടിയാണ്. സാമ്പത്തിക സംവരണം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. സംവരണം 50 ശതമാനത്തില്‍ക്കൂടരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. പ്രത്യേക വിഭാഗത്തിന് ആവശ്യമായ പ്രാതിനിധ്യമില്ലെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ നീക്കത്തിന് നിയമത്തിന്‍റെ പരീക്ഷപാസാകാം. പക്ഷെ നിയമപരമായി നിലനില്‍ക്കുമോ ഇല്ലയോ എന്നതിനപ്പുറം രാഷ്ട്രീയമായി അളന്നുകുറിച്ച നീക്കമാണ് മോദിയുടേത്. വിഷമവൃത്തത്തിലായത് കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളുമാണ്.  

MORE IN INDIA BLACK AND WHITE
SHOW MORE