നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷനുമായി സംവാദത്തിന് തയ്യാറാകുമോ?

rahul-gandhi-narendra-modi-
SHARE

റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷനുമായി സംവാദത്തിന് തയ്യാറാകുമോ? അത്തരം അല്‍ഭുതമൊന്നും പ്രതീക്ഷിക്കാന്‍ വയ്യ. നരേന്ദ്ര മോദി എന്തുകൊണ്ട് വാര്‍ത്താസമ്മേളനം വിളിച്ച്  എന്തുകൊണ്ട് ചോദ്യങ്ങളെ നേരിടുന്നില്ല എന്ന വിമര്‍ശം ഏറെ നാളായി നിലനില്‍ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖത്തോടെയാണ് 2019 എന്ന തിരഞ്ഞെടുപ്പ് വര്‍ഷം തുടങ്ങിയത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ ഏജന്‍സി ANIയ്ക്ക് നല്‍കിയത് ഒന്നരമണിക്കൂര്‍ അഭിമുഖമാണ്. കൃത്യമായി പറഞ്ഞാല്‍ 95 മിനിറ്റ്. രാജ്യം ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നില്ല. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. കാര്‍ഷിക കടം എഴുതിത്തള്ളില്ലെന്ന് പറഞ്ഞു. അയോധ്യ വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി. മിന്നാലാക്രമണം നടത്തിയപ്പോള്‍ ഭരണധികാരിയെന്ന നിലയില്‍ അനുഭവിച്ച സമ്മര്‍ദത്തെക്കുറിച്ച് പറഞ്ഞു. തന്‍റെ വിദേശയാത്രകളുടെ മഹത്വം പങ്കുവെച്ചു. പക്ഷെ, വിദേശത്തെ കള്ളപ്പണം മുഴുവന്‍ വന്നോ? 15 ലക്ഷം രൂപ എപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ വീഴും? എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു? കര്‍ഷകരുടെ വരുമാനം ഇരട്ടിയായോ? അസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും മടങ്ങിയെത്തിയതിനാല്‍ നോട്ട് നിരോധനം മണ്ടന്‍ തീരുമാനമായിരുന്നില്ലേ? റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനശേഖരത്തില്‍ സര്‍ക്കാര്‍ കണ്ണുവച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ മറുപടി എന്താണ്? തുടങ്ങി രാജ്യത്തെ അലട്ടിയിരുന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി മറുപടി നല്‍കിയില്ല. പാര്‍ലമെന്‍റില്‍ നിര്‍മല സീതാരാമന്‍ റഫാല്‍ ചര്‍ച്ചയില്‍ സംസാരിച്ചത് രണ്ടുമണിക്കൂറാണ്. പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കുകയും എച്ച്എഎലിനെ ദുബലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് റഫാലിന്‍റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നുവെന്ന് നിര്‍മല സീതാരാമന്‍. അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടനിലക്കാരാന്‍ ക്രിസ്ത്യന്‍ മിഷേല്‍ പിടിയിലായതിന്‍റെ ആശങ്കയാണ് കോണ്‍ഗ്രസിന്. റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും. ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്. ബൊഫോഴ്സില്‍ കോണ്‍ഗ്രസിന് അടിതെറ്റിയെങ്കില്‍ റഫാല്‍ നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് നിര്‍മല പറയുന്നു. രാഹുല്‍ തന്നെയും പ്രധാനമന്ത്രിയെയും കള്ളന്മാരെന്ന് വിളിച്ചുവെന്നും തനിക്ക് പാരമ്പര്യത്തിന്‍റെ തണലില്ലെന്നും പ്രതിരോധമന്ത്രി പൊട്ടിത്തെറിച്ച് മറുപടി നല്‍കി. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല വികാരാധീനയായി. പക്ഷെ അപ്പോഴും രാഹുല്‍ ചോദ്യം ആവര്‍ത്തിച്ചു.

റഫാല്‍ കമ്പനിയുമായി മല്‍സരിക്കുന്ന യൂറോഫൈറ്റര്‍ കമ്പനിക്കുവേണ്ടിയാണ് രാഹുല്‍ രംഗത്തുവന്നിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ച് ആരോപണം ഉന്നയിക്കുന്നു.മന്‍ കി ബാത്തുമായി ഇനിയും മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയില്ല. രാജ്യത്തിന് ഉത്തരം കിട്ടിയേ മതിയാകൂ.

MORE IN INDIA BLACK AND WHITE
SHOW MORE