പരിഹാസങ്ങൾ അതിജീവിച്ച് പക്വതയോടെ; രാഹുലിന് പ്രതീക്ഷകളുടെ പുതുവർഷം

india-black-and-white-rahul
SHARE

ഇന്ത്യയുടെ ഹൃദയം തൊട്ട വിജയത്തില്‍ രാഹുല്‍ ഗാന്ധിക്ക് എത്ര മാര്‍ക്കുനല്‍കാം? പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഈ ഡിസംബര്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പ്രതീക്ഷകളുടെ പുതുവര്‍ഷം സമ്മാനിക്കുന്നുണ്ട്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും വിജയങ്ങള്‍ ഉൗര്‍ജവും ഒാജസും നല്‍കുന്നതാണ്. 

ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും. പിന്നെ പരിഹസിക്കും. നിങ്ങളോട് അവര്‍ പോരടിക്കും. പിന്നെ നിങ്ങള്‍ വിജയിക്കും. മഹാത്മാ ഗാന്ധിയുടെ വാചകമാണ്. രാഹുല്‍ ഗാന്ധിയുടെ കാര്യമെടുത്താല്‍ ബിജെപിയും നരേന്ദ്ര മോദിയും  ആദ്യം അവഗണിച്ചു. പിന്നെ പരിഹസിച്ചു. ഇപ്പോള്‍ യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്നു. വിജയം ആര്‍ക്കെന്നറിയാന്‍ 2019 വരെ കാത്തിരിക്കണം.

പപ്പുവെന്ന് വിളിക്കുന്നത് അവസാനിപ്പിക്കാം. രാഹുല്‍ ഗാന്ധിയെന്ന് വിളിച്ച് ഗൗരവത്തോടെ രാഷ്ട്രീയം പറയാം. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും കോണ്‍ഗ്രസിന്‍റെ തിരിച്ചുരവ് നല്‍കുന്ന സന്ദേശം ഇതാണ്. മുത്തശ്ശിപ്പാര്‍ട്ടിയുടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ പേരില്‍ രാഹുല്‍ ഗാന്ധി വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കില്‍, ഇപ്പോഴത്തെ വിജയത്തിന്‍റെ വലിയ പങ്കുപറ്റാനും രാഹുലിന് അവകാശമുണ്ട്. 

അജയ്യരായി മുന്നോട്ടുപോയ്ക്കൊണ്ടിരുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. 2019 ഏകപക്ഷീയമായ വിജയത്തിന്‍റേതായിരിക്കില്ലെന്ന മുന്നറിയിപ്പ് ബിജെപി നല്‍കിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ, നില്‍ക്കാതെ ഒരുപാട് ദൂരം ഓടിയാലേ രാഹുല്‍ ഗാന്ധിക്ക് എതിര്‍പക്ഷത്തിനൊപ്പം എത്താന്‍ കഴിയൂ. 

അലസനായ, ഉത്തരവാദിത്വമില്ലാത്ത, സ്ഥിരതയില്ലാത്ത നേതാവ് എന്ന പ്രതിച്ഛായ രാഹുല്‍ ഗാന്ധി മാറ്റിയെഴുതിക്കഴിഞ്ഞു. രാജ്യം ശ്രദ്ധിക്കുന്ന പ്രതിപക്ഷ ശബ്ദമായി മാറി. ഹിന്ദി ഹൃദയഭൂമിയെ കൈക്കുമ്പിളിലാക്കിയതില്‍ അശോക് ഗെഹ്ലോട്ടിനെയും കമല്‍ നാഥിനെയും സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും ഭൂപേഷ് ബാഗലിനെയും പോലുള്ള നേതാക്കള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ, രാഹുല്‍ ഗാന്ധി തന്‍റെയും പാര്‍ട്ടിയുടെയും തലവരമാറ്റാന്‍ ശരിക്കും പണിയെടുത്തു.

ഗുജറാത്ത് മുതല്‍ തുടങ്ങിയതാണ് രാഹുലിന്‍റെ മേയ്ക്ക് ഒാവര്‍. മോദിയുടെ തട്ടകത്തില്‍ ശക്തമായ മല്‍സരം കാഴ്ച്ചവെച്ചു. കാവിക്കോട്ട ഇളക്കിമറിച്ചു. കര്‍ണാടകയില്‍ അധികാരം കൈവിടാതിരാക്കാനുള്ള രാഷ്ട്രീയ കൗശലം കാട്ടി. അമിത് ഷായ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി. അഞ്ചുസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലാണെന്ന വിലയിരുത്തല്‍ ശരിക്കും ഉള്‍ക്കൊണ്ടത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണ്. ഒക്ടോബര്‍ മുതല്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി 82 വലിയ റാലികളില്‍ രാഹുല്‍ പങ്കെടുത്തു. 

മോദിയാകട്ടെ 31 റാലികളില്‍ മാത്രം. രാഹുല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വന്‍ റോഡ്ഷോകള്‍ നടത്തി. രാഹുലെത്തുന്ന ഇടങ്ങളില്‍ പാര്‍ട്ടി തോല്‍ക്കുമെന്ന പരിഹാസം തിരുത്തിയെഴുതി. രാഹുലിനെ ജനം കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അമേഠിക്ക് പുറത്തും വോട്ട് ക്യാച്ചറാണെന്ന് തെളിച്ചുകൊണ്ടിരിക്കുന്നു. നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെയുമാണ് രാഹുല്‍ പ്രചാരണ വേദികളില്‍ ലക്ഷ്യംവെച്ചത്. നോട്ട് നിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധികള്‍ എന്നിവ ആവര്‍ത്തിച്ച് പറഞ്ഞു. റഫാല്‍ അഴിമതി ചൂണ്ടിക്കാട്ടി രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് കുറ്റപ്പെടുത്തി. 

കോണ്‍ഗ്രസിന് അനുകൂലമായി വലിയ തരംഗമുണ്ടാക്കാന്‍ രാഹുലിന്‍റെ വാക്കുകള്‍ക്ക് കഴിയില്ലെങ്കിലും ഭരണ വിരുദ്ധവികാരത്തിന് തീപിടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. മോദി വിരുദ്ധ ചേരിക്ക് രാഹുല്‍ കൂടുതല്‍ സ്വീകാര്യനായിക്കൊണ്ടിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ കടഞ്ഞാണ്‍ രാഹുലിന്‍റെ കൈയ്യില്‍ ഉറച്ചുകൊണ്ടിരിക്കുകയാണ്. മമത ബാനര്‍ജിയെയും മായാവതിയെയും അഖിലേഷ് യാദവിനെയെയും അനുനയിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൂറേകൂടി ഭദ്രം. 

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ പൊട്ടിത്തെറികളില്ലാതെ മൂന്നുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ രാഹുലിന് കഴിഞ്ഞു. താപ്പാനകള്‍ക്ക് വഴങ്ങേണ്ടിവന്നെങ്കിലും യുവരോഷം ആറിത്തണുപ്പിച്ചു. രാജ്യമാകെ പടനയിക്കാന്‍ പക്ഷെ, ഈ സംഘടനാബലം പോര. പാര്‍ട്ടിയുടെ കരുത്ത് വീണ്ടെടുക്കണം. ഉടച്ചുവാര്‍ക്കണം. 

ഒബിസി വിഭാഗങ്ങളില്‍ പ്രീതിയേറുന്നതടക്കം സാമുദായിക സമവാക്യങ്ങള്‍ അനുകൂലമായിവരുന്നതിന്‍റെ ലക്ഷണമാണ് ഛത്തീസ്ഗഢിലും മധ്യപ്രദേശിലും കണ്ടത്. ബിജെപിയുടെ ഹിന്ദുത്വത്തിന് മൃദുഹിന്ദുത്വമല്ല, ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പറയുന്നതാണ് യഥാര്‍ഥ ബദലെന്ന് ജനവിധി രാഹുലിനോട് പറയുന്നുണ്ട്. അത് തിരിച്ചറിഞ്ഞ് രാഹുല്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കാര്‍ഷിക കടം എഴുതിത്തള്ളിയ കമല്‍നാഥിന്‍റെ തീരുമാനം തന്നെയാണ്. 

വിജയക്കൊടിയേറ്റാന്‍ തുണച്ച് കര്‍ഷകരോഷമാണ്. ഗ്രാമീണ ഇന്ത്യയുടെ പ്രതിഷേധമാണ്. വിണ്ടുകീറിയ പാദങ്ങളുമായി ഇന്ത്യയുടെ നെഞ്ചിലേയ്ക്ക് നടന്നുകയറിയ മനുഷ്യരാണ്. മന്‍സോറിലെ കര്‍ഷകപ്രക്ഷോഭത്തില്‍ വെടിയേറ്റുപൊലിഞ്ഞ ജീവനുകളാണ്. ശിവഭക്തനെന്നും പൂണൂല്‍ ധാരിയെന്നുമുള്ള വിശേഷണങ്ങളല്ല.

നരേന്ദ്ര മോദി യുഗം അവസാനിക്കുകയാണോ? അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിവിടുന്ന പ്രധാനചോദ്യം ഇതാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കിട്ടിയത് മോശം റിപ്പോര്‍ട്ട് കാര്‍ഡാണ്. കര്‍ഷക രോഷവും ഗ്രാമീണ ഇന്ത്യയിലെ അസംതൃപ്തികളും പരിഹരിച്ചേ മോദി സര്‍ക്കാരിന് ഇനി മുന്നോട്ട് പോകാന്‍ കഴിയൂ. മോദിക്ക് പിന്തുടര്‍ച്ചക്കാരനായി യോഗിയെ അവതരിപ്പിക്കാനുള്ള നീക്കവും പാളി. 

പ്രകടനം മോശമാകുമെന്നറിയാമായിരുന്നു. പക്ഷെ അതൊരു ഷോക്ട്രീറ്റ്മെന്‍റാകുമെന്ന് അമിത് ഷായെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍റെ കണക്കുപുസ്തകത്തിലുണ്ടായിരുന്നില്ല. മോദിയുടെ തേരോട്ടത്തിന് കരുത്ത് പകര്‍ന്ന മൂന്നു കോട്ടകളാണ് തകര്‍ന്നത്. മൂന്നിടത്തെയും 65 ലോക്സഭാ സീറ്റില്‍ 62 ഇടത്തും 2014 ല്‍ താമര വിരിഞ്ഞതാണ്. കരുത്തരായ പ്രാദേശിക നേതാക്കള്‍ക്കാണ് അടിതെറ്റിയത്. മോദിക്ക് ഇത് അപായസൂചനയാണ്. 

മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും പൊരുതി നിന്നുവെന്നത് ആശ്വാസമായി പറയാം. എഴുതിത്തള്ളിയ രാജസ്ഥാനില്‍ മല്‍സരം കടുപ്പിക്കാനായത് മോദിയുടെ റാലികള്‍ കൊണ്ടുകൂടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന പാഠമുണ്ട് ഇപ്പോഴത്തെ ജനവിധിയില്‍. തൊഴിലില്ലായ്മ, കര്‍ഷകരോഷം, ഗ്രാമീണമേഖലയിലെ അസംതൃപ്തികള്‍, നോട്ട് നിരോധനമടക്കം സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പാളിച്ചകള്‍ എന്നിവ മറികടക്കാനുള്ള നടപടികള്‍ വേണം. 

പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയണം. പല ബിജെപി എം.പിമാരും പാളയം മാറിക്കഴി‍ഞ്ഞു. ശിവസേനയുടെയും അകാലിദളിന്‍റെയും വിലപേശല്‍ മറികടക്കാന്‍ പണിപ്പെടേണ്ടിവരും.  ടിആര്‍എസ് ഉള്‍പ്പെടെ പുതിയ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കേണ്ടിവരും. രാഹുല്‍ ഗാന്ധിയെ ഇനി പരിസഹിച്ച് ഒതുക്കാന്‍ കഴിയില്ല. രാമക്ഷേത്രവും അയോധ്യയും മിന്നലാക്രമണവും ഇപ്പോഴത്തെ സാഹചര്യത്തില്‍ വോട്ടുകൊണ്ടുവരില്ല. കാര്‍ഷിക കടം എഴുതിതള്ളുന്നതുള്‍പ്പെടെ വലിയ പ്രഖ്യാപനങ്ങള്‍ വേണ്ടിവരും. തീവ്രഹിന്ദുത്വം ആളിക്കത്തിച്ച് യോഗി ആദിത്യനാഥിനെ പ്രചാരണരംഗത്തിറക്കിയത് ഗുണം ചെയ്തില്ല.  

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമീപകാലത്ത് നടത്തിയ ആക്രമണങ്ങളെല്ലാം റഫാല്‍ ഇടപാടിനെ കേന്ദ്രീകരിച്ചായിരുന്നു. രാജീവ് ഗാന്ധിക്ക് ബോഫോഴ്സില്‍ അടിതെറ്റിയതുപോലെ മോദിക്ക് റഫാലില്‍ സംഭവിക്കുമോയെന്നാണ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കിയിരുന്നത്. സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മോദിയുടെ അഴിമതിവിരുദ്ധ പ്രതിച്ഛായയാണ് പോറലേല്‍ക്കാതെ രക്ഷപ്പെട്ടത്. പക്ഷെ, ആ രക്ഷപ്പെടല്‍ പിന്നെ കുരുക്കായി മാറി.

റഫാല്‍ വിമാനങ്ങളുടെ വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സിഎജി പരിശോധിച്ചതാണെന്നും സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയില്‍ വന്നതാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നതാണ് വിവാദകാരണം. റഫാലില്‍ സുപ്രീംകോടതി വിധി ബിജെപിക്ക് അനുകൂലമാണെങ്കിലും സംശയത്തിന്‍റെ പുകമറമാഞ്ഞിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുറുകുകയാണ്.

MORE IN INDIA BLACK AND WHITE
SHOW MORE