വോട്ടിങ് യന്ത്രങ്ങളെ വിശ്വസിക്കാമോ? ഒ.പി റാവത്ത് പറയുന്ന സതൃങ്ങൾ

evm-op-rawath
SHARE

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്നും പടിയിറങ്ങിയ ഓം പ്രകാശ് റാവത്ത് ഉള്ളുതുറക്കുകയാണ്. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടോ? നരേന്ദ്ര മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടോ? പല കോണുകളില്‍ നിന്നും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഉയരുന്ന ഈ ചോദ്യങ്ങള്‍ക്ക് ഒ പി റാവത്ത് മറുപടി നല്‍കുന്നു.

ഒപ്പം, കേരളവുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ചും പറയുന്നുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം ദേശീയ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്താവുന്ന നോവലിന്‍റെ പണിപ്പുരയിലാണെന്നും റാവത്ത് വെളിപ്പെടുത്തുന്നു. 

ഉത്തര്‍പ്രദേശിലാണ് ജനനം. 1953 ഡിസംബര്‍ 2ന്. 1977 ബാച്ച് മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. നര്‍സിങ്പുര്‍ കലക്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. പൊതുഭരണരംഗത്തെ മികവിന് 2010 ല്‍ പ്രധാനമന്ത്രിയുടെ പുരസ്ക്കാരം. 2015 ഓഗസ്റ്റ് 14 ന് തിരഞ്ഞെടുപ്പ് കമ്മിഷനില്‍.

13 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കും രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്കും മേല്‍നോട്ടം വഹിച്ചു. പിന്നെ, 2018 ജനുവരി 23 ന് അചല്‍ കുമാര്‍ ജ്യോതിയുടെ പിന്‍ഗാമിയായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ കസേരയില്‍. ഡിസംബര്‍ ഒന്നുവരെ. 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തെ അനുഭവം?

ഒരുപരിധി ഞാന്‍ സംതൃപ്തനാണ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ തിരഞ്ഞെടുപ്പ് നിറഞ്ഞ ഒരു വര്‍ഷമായിരുന്നു. ത്രിപുരയില്‍ നിന്ന് തുടങ്ങി ഒടുവില്‍ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുവരെ. തിരഞ്ഞെടുപ്പുകളുടെ തിരക്കായിരുന്നതിനാല്‍ ചട്ടങ്ങളിലെ മാറ്റങ്ങള്‍ നടപ്പക്കാന്‍ കഴിഞ്ഞില്ല. 

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെക്കുറിച്ച്?

1952, 1957, 1962, 1967 തുടങ്ങിയ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടന്നിട്ടുണ്ട്. അതിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പുകളുടെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും സമയക്രമം മാറി. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതിവേണം. നിയമഭേദഗതി നടത്താതെ നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുക അസാധ്യം

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തിയാല്‍ പ്രസിഡന്‍റഷ്യല്‍ രീതിയിലേയ്ക്ക് പതിയെ മാറുമോ?

നമ്മുടെ വോട്ടര്‍മാര്‍ ഏറെ പക്വത നേടിക്കഴിഞ്ഞു. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും ഒരേ രീതിയിലാകില്ല വോട്ടുചെയ്യുക. ഒരുതരംഗത്തില്‍ അവര്‍ വീണുപോകില്ല. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരത്തെയും ഒരുമിച്ച് നടന്നിട്ടുണ്ട്. അതുകൊണ്ട് പ്രസിഡന്‍റ്ഷ്യല്‍ രീതിയിലേയ്ക്ക് മാറും എന്ന ആശങ്കവേണ്ട.  

തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പിനെക്കുറിച്ച്?

തിരഞ്ഞെടുപ്പിെല പണക്കൊഴുപ്പ് ഒരു പ്രധാന പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പില്‍ പണം മുടക്കി ജയിച്ചാല്‍ ലാഭമടക്കം തിരിച്ചുപിടിക്കാമെന്ന അവസ്ഥയുണ്ട്. അഞ്ചുസംസ്ഥാനങ്ങളിെല തിരഞ്ഞെടുപ്പില്‍ 240 കോടിയലിധം രൂപയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത്. തെലങ്കാനയില്‍ മാത്രം 100 കോടി രൂപ പിടിച്ചെടുത്തു. 

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം തടഞ്ഞില്ലേ?

നോട്ട് നിരോധനം നടപ്പാക്കുന്നതോടെ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം പിടിച്ചെടുക്കുന്നത് കുറയുമെന്ന് കരുതിയിരുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. നോട്ട് നിരോധനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പണം പിടിച്ചെടുക്കുന്ന സാഹചര്യമായിരുന്നു. 

വോട്ടിങ് യന്ത്രത്തിലെ പരാതികളെക്കുറിച്ച്?

വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യമാണ്. കൃത്രിമം നടത്താനും കഴിയില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളാണ് യന്ത്രത്തിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. മധ്യപ്രദേശില്‍ സംഭവിച്ചത് അതാണ്. നിരവധി ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകുന്നു. ആരുടെയെങ്കിലും ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായാല്‍ യന്ത്രങ്ങളെ സംശയിക്കുന്ന സാഹചര്യമുണ്ടാകുന്നു.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ?

വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്ന ഒരു സഭവവും ഉണ്ടായിട്ടില്ല. കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ആരും ചോദ്യം ചെയ്തുരംഗത്തുവന്നില്ല.

സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

എന്‍റെ കാലയളവില്‍ ഒരിക്കലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ഒരു ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രിമാരും പഴയ കേന്ദ്രമന്ത്രിമാരും അവരവരുടെ പാര്‍ട്ടിയുടെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ കമ്മിഷനെ സമീപിച്ചിരുന്നു. മാധ്യമങ്ങള്‍ പറഞ്ഞത് കമ്മിഷന്‍ സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെടുമെന്നായിരുന്നു. എന്നാല്‍ കമ്മിഷന്‍റെ തീരുമാനം പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായിട്ടായിരുന്നു. എത്ര നിഷ്പക്ഷമായിട്ടാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നതിന് ഉദാഹരമാണ് ഇത്. 

അനുഭവങ്ങള്‍ തുറന്നെഴുതുമോ?

വളരെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ അറിയാം. ആത്മകഥയെഴുതിയാല്‍ പല ശക്തികേന്ദ്രങ്ങളും കുലുങ്ങും. അതുകൊണ്ട് വിവരങ്ങള്‍ ആളുകള്‍ക്ക് അറിയാനാണ് നോവലിന്‍റെ രൂപത്തില്‍ കാര്യങ്ങള്‍ എഴുതാന്‍ ഒരുങ്ങുന്നത്.

കേരളവുമായുള്ള ബന്ധം?

കേരളവുമായി എനിക്ക് വളരെ വ്യക്തിബന്ധമുണ്ട്. എന്‍റെ രണ്ട് മക്കളും വിവാഹം കഴിച്ചത് കേരളത്തില്‍ നിന്നാണ്. 

MORE IN INDIA BLACK AND WHITE
SHOW MORE