മോദിയുടെ വിദേശയാത്രകള്‍; ചില ചോദ്യങ്ങൾ ഉത്തരം കിട്ടാതെ

modi-forign-trips
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും വഴിവെച്ചിട്ടുണ്ട്. ലോക നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന മോദി ഇന്ത്യയുടെ സ്വാധീനശേഷിയും പ്രഭാവവും ഉയര്‍ത്തിയെന്ന വിലയിരുത്തലുണ്ട്. നയതന്ത്ര വിജയങ്ങള്‍ക്ക് പല സന്ദര്‍ശനങ്ങളും വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍ അതിനപ്പുറം ചില ചോദ്യങ്ങളും ഉത്തരം കിട്ടാതെ കിടപ്പുണ്ട്.

നാലര വര്‍ഷം നരേന്ദ്ര മോദി വിദേശയാത്ര നടത്തിയതിന്‍റെ ചെലവ് 2022 കോടി രൂപയാണ്. പ്രധാനമന്ത്രി സ്ഥിരമായി യാത്ര നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങളുടെ പരിപാലനച്ചെലവ്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ചെലവ്. ഹോട്ട് ലൈനായി ചെലവാക്കിയത്. എന്നിവ കൂട്ടിയക്കിഴിച്ചെടുത്തതാണ്. 

ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിന് രാജ്യസഭയില്‍ വിദേശകാര്യമന്ത്രാലയമാണ് മോദിയുടെ വിദേശയാത്രയുടെ കണക്കുനിരത്തിയത്. 2014 ജൂണ്‍ 15നാണ് മോദി പറക്കാന്‍ പടികള്‍ കയറിയത്. പിന്നെ അതൊരു പതിവായി. പരിഹാസങ്ങള്‍ പിന്നാലെയെത്തി. 

നാലര വര്‍ഷം കൊണ്ട് 84 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2014 –15ല്‍ 12 രാജ്യങ്ങള്‍. നേപ്പാളില്‍ രണ്ടുതവണ. വിമാനത്തിന്‍റെ പരിപാലത്തിന് ചെലവ് 220.38 കോടി രൂപ. 93,76,83,465 രൂപയാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തിന്‍റെ ചെലവ്. ഹോട്ട് ലൈനിന് 3,05,09,176 രൂപ. തൊട്ടടുത്ത വര്‍ഷം യാത്രകളുടെ എണ്ണം കൂടി. 24 രാജ്യങ്ങള്‍. 

ഫ്രാന്‍സിലും റഷ്യയിലും രണ്ടുതവണയെത്തി. 220.48 കോടി രൂപയാണ് വിമാന പരിപാലത്തിന് ചെലവിട്ടത്. 1,17,89,88,000 രൂപയായി ചാര്‍ട്ടേര്‍ഡ് വിമാനച്ചെലവ്. ഹോട്ട് ലൈനിന് 3,95,40,107 രൂപ. 

2016–17 ല്‍ വിമാന പരിപാലനത്തിന് 376.67 കോടി രൂപ, ചാര്‍ട്ടേര്‍ഡ് വിമാനത്തിന് 76,27,68,000 രൂപ, ഹോട്ട് ലൈനിന് 2,11,52,136 രൂപ. 2017 – 18 ല്‍ എയര്‍ ഇന്ത്യ വിമാനത്തിന് 341.77 കോടി രൂപയും ചാര്‍ട്ടേര്‍ഡ് വിമാനത്തിന് 99,32,31,000 രൂപയും ചെലവാക്കി. ഹോട്ട് ലൈനിന്‍റെ ബില്ല് കിട്ടിയിട്ടില്ല. 

ഈ വര്‍ഷം ഡിസംബര്‍ മൂന്നുവരെ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. 423.88 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് ചെലവിട്ടത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് 42,01,81,000 രൂപ ചെലവായി. ഹോട്ട് ലൈനിന്‍റെ ബില്ല് കിട്ടിയിട്ടില്ല. 

ചൈനയിലേയ്ക്കുള്ള യാത്രയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചകളും അതിര്‍ത്തിയില്‍ ചെറിയ ശാന്തതകൊണ്ടുവന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജപ്പാനിലേയ്ക്ക് പോയപ്പോള്‍ ബാങ്കുകള്‍ക്കു മുന്നില്‍ വരിനിന്ന് തളര്‍ന്നവര്‍ മോദിയെ വിമര്‍ശിച്ചു. നാവാസ് ഷെരീഫിന്‍റെ വീട്ടിലേയ്ക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം ഇന്ത്യ പാക് ബന്ധത്തില്‍ ഒരുമാറ്റവും ഉണ്ടാക്കിയില്ല.

വിഷയം വിദേശയാത്രയല്ല. യാത്രയില്‍ ഒപ്പം പോകുന്ന വ്യവസായികളുടെയും സമ്പന്നരുടെയും വിവരമാണ്. ഒൗദ്യോഗിക വിദേശയാത്രകളില്‍ പ്രധാനമന്ത്രിക്ക് ഒപ്പം പോകുന്ന സുരക്ഷാ ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഒഴികെയുള്ളവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. 

പ്രധാനമന്ത്രിയുടെ ഒാഫീസനോട്. എന്നാല്‍ രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് തടയണമെന്നാണ് പ്രധാനമന്ത്രിയുടെ ഒാഫീസിന്‍റെ നിലപാട്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നുവെന്നും മോദി സര്‍ക്കാര്‍ എല്ലാം രഹസ്യമാക്കിവയ്ക്കുകയാണെന്നും വിമര്‍ശനമുണ്ട്. 

കരുത്തുറ്റ ലോകനേതാക്കളില്‍ ഒരാളായി അടയാളപ്പെടുത്തപ്പെടാനാണ് മോദി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അധികാരത്തുടര്‍ച്ചാ മോഹങ്ങള്‍ക്ക് അനുദിനം വെല്ലുവിളിയേറിവരികയാണ്.

MORE IN INDIA BLACK AND WHITE
SHOW MORE