തിളച്ചുമറിയുന്ന രാമക്ഷേത്ര രാഷ്ട്രീയം

INDIA-ELECTION/RELIGION
SHARE

വടക്ക് അയോധ്യ, തെക്ക് ശബരിമല വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ പരമാവധി സാധ്യതകള്‍ പയറ്റുകയാണ് സംഘപരിവാര്‍. രാമക്ഷേത്ര രാഷ്ട്രീയം വീണ്ടും തിളച്ചുമറിയുകയാണ്. അയോധ്യയില്‍ ശിവസേനയും വിഎച്ച്പിയും വന്‍ സമ്മേളനങ്ങള്‍ നടത്തി. അതൊരു ടെസ്റ്റ് ഡോസായിരുന്നു. അല്ലെങ്കില്‍ 2019 ലേയ്ക്കുള്ള നിലമൊരുക്കലാണ്. ഇനി കാത്തിരിക്കാന്‍ വയ്യ എന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചിട്ടുള്ളത്. 

വിശ്വഹിന്ദ് പരിഷത്തിന്‍റെ ധര്‍മസഭ. ശിവസേനയുടെ ആശിര്‍വാദ് സമ്മേളന്‍. രാഷ്ട്രീയ രാമന്‍ വീണ്ടുമെത്തുകയാണ്. അയോധ്യയുടെ മണ്ണില്‍ രാമക്ഷേത്ര രാഷ്ട്രീയത്തിന്‍റെ കാഹളം. സരയൂ നദി കലഞ്ഞിമറിയുകയാണ്. അയോധ്യകേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ബെഞ്ചില്‍. കേസ് വേഗം തീര്‍പ്പാക്കണമെന്ന കാവി ക്യാംപിന്‍റെ ആവശ്യം കോടതി കേട്ടില്ല. ഇതോടെയാണ് ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവരിക അല്ലെങ്കില്‍ ഒാര്‍ഡിനന്‍സ് ഇറക്കുക എന്ന ആവശ്യം ഉയര്‍ന്നുവന്നത്. 

രാമക്ഷേത്ര നിര്‍മാണം വൈകുന്നതിലെ അമര്‍ഷമാണ് വിഎച്ച്്പിയുടെയും ശിവസേനയുടെയും സമ്മര്‍ദ സമ്മേളനങ്ങള്‍ക്കു പിന്നിലെ ചേതോവികാരം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമനുവേണ്ടി കാവി പാറുന്നത് ബിജെപിക്ക് സന്തോഷമുള്ള കാര്യമാണ്. പക്ഷെ, രാജ്യവും യുപിയും ഭരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ട് കൗശലപൂര്‍വമാണ് പ്രതികരണം. രാമക്ഷേത്രത്തിന് ഒാര്‍ഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞു. പകരം സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകാന്‍ കാത്തിരിക്കുമത്രേ. രാമക്ഷേത്ര രാഷ്ട്രീയത്തിന്‍റെ സമ്മര്‍ദം പരമാവധി ഉച്ഛസ്ഥായിയില്‍ പറ്റാവുന്നത്ര കൊണ്ടുപോവുകയെന്നതാണ് ബിജെപി തന്ത്രം. ക്ഷേത്രം നിര്‍മിച്ചാല്‍ അന്നു തീരും വോട്ടുബാങ്ക് രാഷ്ട്രീയം. 

1992 നു ശേഷം ഏറ്റവും അധികം ആളുകളെ രാമജന്മഭൂമിയില്‍ അണി നിരത്താനാണ് വിഎച്ച്പിയും ശിവസേനയും ശ്രമിച്ചത്. കലാപം ഭയന്ന് മുസ്‍ലിംങ്ങള്‍ അയോധ്യയില്‍ നിന്ന് മറ്റിടങ്ങളിലേയ്ക്ക് വീടുകള്‍ ഒഴിഞ്ഞുപോയി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഉമ ഭാരതി തുടങ്ങി ക്ഷേത്ര നിര്‍മാണത്തിന്‍റെ ഉന്മാദാവസ്ഥയില്‍ ഉത്തരവാദിത്വപ്പെട്ടുവരുമുണ്ട്. കര്‍സേവകര്‍ മാത്രമല്ല. രാമക്ഷേത്ര നിര്‍മാണം സാധ്യമാക്കാന്‍ പാര്‍ലമെന്‍റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി എം.പിമാര്‍ തയ്യാറെടുക്കുകയാണ്. 

ഡിസംബര്‍ 11 ന് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങും. സരയൂ തീരത്ത് രാമന്‍റെ പടുകൂറ്റന്‍ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരും കളംനിറഞ്ഞു. ഗുജറാത്തില്‍ മോദി തുടക്കമിട്ട പട്ടേല്‍‌ പ്രതിമയേക്കാള്‍ ഉയരത്തില്‍ യുപിയില്‍ യോഗിയുടെ രാമപ്രതിമ ഒരുങ്ങുന്നു. പ്രതിമകളുടെ ഉയരം കൂടികൂടി റോക്കറ്റില്ലാതെ ചന്ദ്രനിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് കഴിയുമെന്ന് കരുതാം. ഏതായാലും രാമനും ഹിന്ദുക്കള്‍ക്കുംവേണ്ടി നില്‍ക്കുന്നത് ഞങ്ങളാണെന്ന് പ്രഖ്യാപിക്കുകയാണ് ബിജെപി. അയോധ്യ കഴിഞ്ഞാല്‍ കാശിയും മഥുരയുമാണെന്നായിരുന്നു 1990 കളില്‍ സംഘപരിവാറിന്‍റെ മുദ്രാവാക്യം. കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. 

കാശിയില്‍ കര്‍സേവയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. നഗരസൗന്ദര്യവല്‍ക്കരണത്തിന് എന്നപേരില്‍ കാശി വിശ്വനാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയാണ്. 1990 കളില്‍ കല്യാണ്‍ സിങ് സര്‍ക്കാരും അയോധ്യയില്‍ ആദ്യം പയറ്റിയത് കെട്ടിടങ്ങള്‍ പൊളിക്കുകയെന്ന ഇതേ തന്ത്രം. പറഞ്ഞത് ഇതേ ന്യായം; നഗരത്തിന്‍റെ സൗന്ദര്യവല്‍ക്കരണം. 

1980 കളില്‍ രാമക്ഷേത്ര രാഷ്ട്രീയം കരുത്താര്‍ജിക്കുന്ന നാളുകളില്‍ അതിനൊപ്പം നിന്ന നേതാവാണ് ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേ. ബിജെപിയേക്കാള്‍ ഒരുപടി മേലെ. കടുത്ത ഹിന്ദുത്വ നിലപാടുമായി. അതിന്‍റെ രാഷ്ട്രീയലാഭം ശിവസേനയ്ക്കുണ്ടായി. അധികാരം പിടിച്ചു. വല്ല്യേട്ടന്‍റെ ഗര്‍വുമായി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി. മൂന്ന് പതിറ്റാണ്ടിനിപ്പുറം ശിവേസനയ്ക്ക് പഴയ ശൗര്യമില്ല. ബിജെപിയുടെ ദയാവായ്പില്‍ വാലും ചുരുട്ടിക്കഴിയുകയാണ്. നില്‍ക്കള്ളിയില്ലാത്ത അവസ്ഥയിലാണ് അച്ഛന്‍റെ വഴിയേ പോകാന്‍ ശിവസേനയുടെ ഇപ്പോഴത്തെ തലവന്‍ ഉദ്ധവ് താക്കറേ തീരുമാനിച്ചത്. വിട്ടുകൊടുക്കാനില്ലെന്ന ശിവസേനയുടെ നിലപാട് വെട്ടിലാക്കുന്നത് സഖ്യകക്ഷിയായ ബിജെപിയാണ്. ബിജെപിയേക്കാള്‍ രാമക്ഷേത്രത്തിന്‍റെ കാര്യത്തില്‍ ആത്മാര്‍ഥയുള്ളത് തനിക്കാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് ഉദ്ധവ്. 

മറ്റൊരു രസകരമായ വസ്തുത കഴിഞ്ഞ നാലുവര്‍ഷം ബിജെപിയെയും നരേന്ദ്ര മോദിയെയും നിരന്തരം വിമര്‍ശിച്ചിട്ടുണ്ട് ശിവസേന. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ മോദിയുടെ പേര് പറഞ്ഞ് ശിവസേനയ്ക്ക് വോട്ടുചോദിക്കാനാകില്ല. ബിജെപിയുമായുള്ള സഖ്യം തുടരുന്നതിന് വോട്ടര്‍മാരോട് മറ്റ് ന്യായങ്ങളൊന്നുമില്ല. പിന്നെയുള്ള ഏകെ ആശ്രയം രാമനാണ്. എങ്ങാനും ബിജെപിയെ വെല്ലുവിളിച്ച് ഒറ്റയ്ക്ക് മല്‍സരിക്കേണ്ടിവന്നാല്‍ പറഞ്ഞുനില്‍ക്കാന്‍ രാമനും അയോധ്യയും വേണം. മറാത്ത ഇതര വിഭാഗങ്ങളുടെ വോട്ടാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ കരുത്ത്. ശിവസേനയ്ക്ക് മറാത്തകളാല്ലാത്തവരുടെ വോട്ടുനേടാനുള്ള വഴിയും രാമന്‍ തന്നെ. 

ശിവസേനയും സംഘപരിവാറും രാമക്ഷേത്രരാഷ്ട്രീയം സജീവമാക്കി നിര്‍ത്തുമ്പോള്‍ അങ്കലാപ്പിലാണ് കോണ്‍ഗ്രസും പ്രതിപക്ഷ നിരയും. ബിജെപിയുടെ ഹിന്ദുത്വത്തിന് മൃദുഹിന്ദുത്വം െകാണ്ട് മറുപടി നല്‍കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ ശരിക്കും കുഴയ്ക്കുന്നതാണ് അയോധ്യ. രാമക്ഷേത്രം പണിയണമെങ്കില്‍ കോണ്‍ഗ്രസുകാരന്‍ പ്രധാനമന്ത്രിയാകണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സി പി ജോഷി പറയുന്ന നിലയിലെത്തി കാര്യങ്ങള്‍.

കളം മൂക്കാന്‍ ബിജെപി കാത്തിരിക്കുമ്പോള്‍ കരുതലോടെയാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സ്വഭാവം മാറി. ഒരു കിളിപോലും അയോധ്യയിലേയ്ക്ക് പറക്കില്ലെന്ന് നിലപാടെടുത്ത നേതാവായിരുന്നു മുലായം സിങ്. ബാബറി മസ്ജിദ് തകര്‍ത്ത് 26 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രം മാറിയിരിക്കുന്നു. മുലായം ഇന്ന് എവിടെയുമില്ല. കാവി രാഷ്ട്രീയം കൂടുതല്‍ കരുത്താര്‍ജിച്ചു. ബിജെപി വെട്ടിയവഴിയേ ഒാടിത്തളരുകയാണ് കോണ്‍ഗ്രസ്. ക്ഷേത്രങ്ങളില്‍ തൊഴുത് റെക്കോര്‍ഡിടുകയാണ് രാഹുല്‍ ഗാന്ധി. രാമക്ഷേത്രത്തിനായി പാര്‍ലമെന്‍റില്‍ ബില്ലുവന്നാല്‍ ബിജെപി കോണ്‍ഗ്രസിനോട് ചോദിക്കുക, നിങ്ങള്‍ രാമനൊപ്പമാണോയെന്നാകും. ഉത്തരം എന്തായാലും കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിന് അത് നിര്‍ണായകമാകും.

മലയാളിയെന്ന നിലയില്‍ അനുബന്ധമായി പറഞ്ഞ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അയോധ്യയെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ അല്ല. കേരളം നേരിട്ട പ്രളയത്തെക്കുറിച്ചാണ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷിയായത്. നമുടെ പുനര്‍നിര്‍മാണം എവിടെവരയെത്തി?

നവംബര്‍ 19 ന് കേന്ദ്ര സര്‍ക്കാരിന്‍റെ ഒരു ഉന്നതതല സമിതി യോഗം ചേര്‍ന്നിരുന്നു. പ്രളയം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് തുടര്‍സഹായം തീരുമാനിക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കൃഷി മന്ത്രി രാധാമോഹന്‍ സിങ്ങും നീതി ആയോഗി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം. കര്‍ണാടകയ്ക്ക് അധികസഹായമായി 546.21 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു. കര്‍ണകയ്ക്കു മുന്‍പ്, അതിനേക്കാള്‍ വ്യാപ്തിയുള്ള പ്രളയദുരന്തം നേരിട്ട കേരളത്തിന്‍റെ കാര്യത്തില്‍ തീരുമാനമൊന്നുമില്ല. 

അടിയന്തര സഹായമായി 600 കോടി രൂപ നല്‍കിയതല്ലാതെ കേരളത്തിന് കൂടുതല്‍ സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. കേരളം ചോദിച്ചത് 4790 കോടി രൂപ. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കി രണ്ടുമാസമായി കാത്തിരിപ്പാണ്. പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപവേണ്ടിവരുെമന്നാണ് ലോകബാങ്കും െഎക്യരാഷ്ട്രസഭയും കണ്ടെത്തിയിട്ടുള്ളത്. വിദേശഫണ്ട് സ്വീകരിക്കുന്നത് അഭിമാനബോധം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ജിഎസ്ടി സെസ് ഏര്‍പ്പെടുത്തി വരുമാനമുണ്ടാക്കാന്‍ അനുവദിക്കാമെന്നും വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്താമെന്നും വാക്കാല്‍ പറഞ്ഞതല്ലാതെ തീരുമാനങ്ങളൊന്നും ഇതുവരെയായിട്ടില്ല. മന്ത്രിമാര്‍ വിദേശത്തുപോകുന്നതും കേന്ദ്രം തടഞ്ഞു. വിശ്വാസസംരക്ഷണത്തിന്‍റെ പ്രതിഷേധ ആഘോഷങ്ങള്‍ക്കും നവോത്ഥാനത്തിന്‍റെ വായ്ത്താരികള്‍ക്കും ഇടയില്‍ കേരളം കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട അടിയന്തര സഹായങ്ങളെക്കുറിച്ച് മറന്നു. സമ്മര്‍ദങ്ങള്‍ ചെലുത്തി നേടിയെടുക്കാന്‍ താല്‍പര്യവും നഷ്ടമായി. 

MORE IN INDIA BLACK AND WHITE
SHOW MORE