മോദി, മണി, മന്ദിർ; അന്തിമവിധിയെഴുത്തിൽ ബിജെപിയുടെ തുറുപ്പുചീട്ടുകൾ

modi-amit-shah-campaign
SHARE

അന്തിമ വിധിയെഴുത്ത് അടുക്കാറായി. ലോക്സഭാ തിര‍ഞ്ഞെടുപ്പ് ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇനി കഷ്ടിച്ച് നൂറു ദിവസം. അതിനുമുന്‍പുള്ള സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് രാജ്യം. മോദി... മന്ദിര്‍... മണി ഇതുമൂന്നുമാണ് ബിജെപിയുടെ തുറുപ്പുചീട്ടുകള്‍. ദേശീയരാഷ്ട്രീയത്തിലെ ഒാരോ ചലനങ്ങളും ചര്‍ച്ചകളും ഇതില്‍ കേന്ദ്രീകരിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്. മൂന്നിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ബിജെപിയുടെ കാര്യമെടുത്താല്‍, മല്‍സരത്തിന് ഒരു സവിശേഷതയുണ്ട്. 2014ല്‍ രാജ്യ ഭരണം പിടിച്ചതു മുതല്‍ ബിജെപിയുടെ ഒാരോ പോരാട്ടവും അത് പഞ്ചായത്തിലേയ്ക്കായാലും പാര്‍ലമെന്‍റിലേയ്ക്കായാലും ഒരൊറ്റ വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു. നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍റെ ശൈലിപോലെ. എല്ലാം ഒരുപേരിനു ചുറ്റും. എന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും മോദി മാജിക്കിനേക്കാള്‍ ബിജെപി ആശ്രയിക്കുന്നത് പ്രദേശിക നേതാക്കളുടെ തലയെടുപ്പിനെയാണ്. മധ്യപ്രദേശില്‍ ശിവ്‍രാജ് സിങ് ചൗഹാന്‍. രാജസ്ഥാനില്‍ വസുന്ധര രാജെ. ഛത്തീസ്ഗഢില്‍ രമണ്‍ സിങ്.

നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുന്നതിന് മുന്‍പ് ബിജെപിയുടെ രഥമുരുട്ടിയിരുന്നത് ഒരുപിടി നേതാക്കള്‍ ഒരുമിച്ചായിരുന്നു. മിതവാദിയായ അടല്‍ ബിഹാരി വാജ്പേയിയും കടുപ്പക്കാരനായ എല്‍.കെ അഡ്വാനിയും ആദ്യപേരുകാരായി. മുരളി മനോഹര്‍ ജോഷിയും ബി.എസ് ശെഖാവത്തും കല്യാണ്‍ സിങ്ങും ജസ്വന്ത് സിങ്ങും തൊട്ടരികില്‍. അടുത്ത തലമുറ പയറ്റിത്തെളിഞ്ഞപ്പോള്‍ പ്രമോദ് മഹാജനും സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്ലിയും രാജ്നാഥ് സിങ്ങും ഗോപിനാഥ് മുണ്ടെയും വെങ്കയ്യ നായ്ഡുവും. കൂട്ടത്തില്‍ നരേന്ദ്ര മോദിയും. 

ഗുജറാത്ത് മുഖ്യമന്ത്രി പദം മോദിയുടെ വളര്‍ച്ചയുടെ ഗതിമാറ്റി. ആര്‍എസ്എസിന്‍റെ ആശീര്‍വാദത്തോടെ അളന്നുകുറിച്ച അടവുകളുമായി മോദി മറ്റുള്ളവരെ പിന്തള്ളി ബഹുദൂരം മുന്നോട്ടുപോയി. 2014 ന് ശേഷം പല തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ കോട്ടകള്‍ കാത്തതും പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുത്തതും മോദിയുടെ കരുത്തിലാണ്. 

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും പക്ഷെ കഥ വീണ്ടും പഴയ ഫോര്‍മാറ്റില്‍. മല്‍സരം ബിജെപിയുടെ പഴയ മോഡലിലാണ്. എല്ലാം ഒരാളില്‍ ഒതുങ്ങുന്നില്ല. മൂന്നു മുഖ്യമന്ത്രിമാരുടെയും ജനപ്രീതിയാണ് വിധി നിര്‍ണയിക്കുന്ന പ്രധാന ഘടകം. 

മൂന്നു സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധവികാരം ഒരുവശത്തും മറുവശത്ത് കരുത്തരായ പ്രദേശിക നേതാക്കളും. വോട്ടുവീഴുന്നത് ശിവ്‍രാജ് സിങ് ചൗഹാനും വസുന്ധര രാജെയ്ക്കും രമണ്‍ സിങ്ങിനുമാണ്. ഈ ത്രിമൂര്‍ത്തികള്‍ക്കു പിന്നിലാണ് മോദിയുടെ റോള്‍. എന്നാല്‍ മൂന്നു മുഖ്യമന്ത്രിമാര്‍ക്കും അടിതെറ്റിയാല്‍ മോദിയുടെ മുന്നോട്ടുപോക്കിനെ വല്ലാതെ തളര്‍ത്തും. തിരുവായ്ക്ക് എതിര്‍വായില്ലാത്ത അവസ്ഥ ഇല്ലാതാകും.

പറയാന്‍ പ്രബലനായ നേതാവ്. പ്രചാരണം കൊഴുപ്പിക്കാന്‍ പണം. വിമര്‍ശനങ്ങള്‍ മറച്ചുവെയ്ക്കാന്‍ വിശ്വാസങ്ങളുടെ വൈകാരികത. മോദി.. മണി... മന്ദിര്‍. 2019ല്‍ ബിജെപിയുടെ ഏറ്റവും വലിയ ആയുധം നരേന്ദ്ര മോദി തന്നെയാണ്. മോദി ബ്രാന്‍ഡിന് രാഷ്ട്രീയ ഒാഹരിവിണിയില്‍ ഇടവുണ്ടായി എന്നത് യഥാര്‍ഥ്യമാണ്. പക്ഷെ, എഴുതിത്തള്ളാറായിട്ടില്ല. എതിര്‍പക്ഷത്ത് രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത ഏറിവരുന്നുണ്ട്. പപ്പുവെന്ന പരിഹാസത്തപ്പുറത്തേയ്ക്ക് രാഹുല്‍ വളര്‍ന്നു കഴിഞ്ഞു. പക്വത നേടി. രാഹുലിന്‍റെ വാക്കുകള്‍ ജനം കാതോര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് പ്രചാരണവേദികള്‍ നമുക്ക് കാണിച്ചുതരും. അതുകൊണ്ടുതന്നെ, മോദിയുടെ ജനസ്വാധീനം വീണ്ടെടുക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണ് ബിജെപി. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും മുഖം മിനുക്കല്‍ പരിപാടികളുടെ അജന്‍ഡ.

രാജസ്ഥാന്‍ കൈവിട്ടേക്കാം. മധ്യപ്രദേശില്‍ കഷ്ടിച്ച് കടന്നുകൂടാം. ഛത്തീസ്ഗഢില്‍ പ്രതിപക്ഷവോട്ടുകള്‍ ഭിന്നിപ്പിച്ച് അധികാരത്തില്‍ തുടരാം. ഇതാണ് ബിജെപി വാര്‍ റൂമിലെ വിലയിരുത്തല്‍. 

2014 ല്‍ കിട്ടിയ ഭൂരിപക്ഷമുണ്ടാകില്ലെങ്കിലും 2019ലും ഭരണം കിട്ടുമെന്നുതന്നെയാണ് അമിത് ഷായുടെ കണക്കുപുസ്തകം പറയുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ പടര്‍ന്ന കാവിക്ക് മങ്ങലേറ്റാലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ബംഗാളും തുണയ്ക്കും. മധ്യപ്രദേശിലെ വിധിയെഴുത്തിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിജെപി ഏറെ പ്രാധാന്യത്തോടെ കാണുന്നത്. കാരണം, കോണ്‍ഗ്രസുമായി ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത് മധ്യദേശത്താണ്. ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ 2019ലെ മല്‍സരം ബിജെപിയും പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേയ്ക്ക് അമിത് ഷായും കൂട്ടരും മാറ്റിയെഴുതും. വിശാലസഖ്യം യഥാര്‍ഥ്യമായാല്‍ യുപിയില്‍ ഇരുപത് സീറ്റുവരെ കുറയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 2014 ല്‍ യുപിയിലെ 80 ല്‍ 71 സീറ്റുകള്‍ ബിജെപിയും 2 സീറ്റുകള്‍ സഖ്യകക്ഷികളുമാണ് നേടിയത്. 

ബിഹാറില്‍ നിതീഷ് കുമാറുമായുള്ള അസ്വാരസ്യങ്ങള്‍ ബിജെപി പറഞ്ഞു തീര്‍ത്തു. ശിവസേന അസ്വസ്ഥരാണെങ്കിലും ഒപ്പം നില്‍ക്കുകയല്ലാതെ മറ്റുവഴികളൊന്നും അവര്‍ക്കുമുന്നിലില്ല. ചന്ദ്രബാബു നായ്ഡു കലഹിച്ച് പുറത്തുപോയി കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തുകഴിഞ്ഞു. ജഗന്‍മോഹന്‍ റെഡ്ഢിയും കെ ചന്ദ്രശേഖര്‍ റാവുവും തുണയ്ക്കും. ബിഎസ്പി നേതാവ് മായാവതിയെ സിബിെഎയെ കാണിച്ചു പേടിപ്പിച്ചു നിര്‍ത്താം. നോട്ടുനിരോധനവും ജിഎസ്ടിയുമുണ്ടാക്കിയ പ്രതിസന്ധികള്‍ പതിയെ മറികടക്കന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  വിവിധ സാമൂഹിക സുരക്ഷാപദ്ധതികളിലൂടെ 60  കോടി ആളുകളിലേയ്ക്ക് കടന്നുചെല്ലാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലസരങ്ങള്‍ സൃഷ്ടിക്കുന്നതിലുണ്ടായ പരാജയവും ഗ്രാമീണമേഖലയിലെ അസംതൃപ്തിയും മറികടക്കാന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് ശ്രദ്ധയൂന്നാണ് നീക്കം. ഏതായാലും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടായ പദ്ധതിയാണ് ബിജെപിക്ക് മുന്നിലെ പിടിവള്ളി. സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വാഴ്ത്തിപ്പാടാനും പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാനും 200 കോള്‍ സെന്‍റുകളാണ് സജ്ജമാക്കാന്‍ പോക്കുന്നത്.

കാര്യം ജനാധിപത്യത്തിന്‍റെ ആഘോഷമെന്നൊക്കെ പറഞ്ഞാലും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ വന്‍ പണച്ചെലവുള്ള ഏര്‍പ്പാടാണ്. പണമൊഴുക്കി പ്രചാരണം കൊഴുപ്പിക്കുക എന്നാണ് ബിജെപിയുടെ പോരാട്ട തന്ത്രം. മൂന്നുസംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിനിടെ ശ്രദ്ധേയമായ ഒരു കണക്കുകൂടെ പുറത്തുവന്നു, രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെലിവഷന്‍ പരസ്യം നല്‍കിയത് ബിജെപിയാണ്. രാജ്യാന്തര ബിസിനസ് ഭീമന്മാരെ കടത്തിവെട്ടിയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി പരസ്യം നല്‍കിയിട്ടുള്ളത്. 

കോടികളുടെ കിലുക്കമുണ്ട് ഒാരോ തിരഞ്ഞെടുപ്പ് ആഘോഷത്തിനും. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊടിച്ചത് 35,000 കോടി രൂപയാണെന്ന് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് പറയുന്നു. ഒൗദ്യോഗിക കണക്കു പ്രകാരം ചെലവ് 8,000 കോടി രൂപ. അതായത് കണക്കല്‍പ്പെടാത്ത ചെലവ് 27,000 കോടി രൂപ. രസകരമായ ഒരു വസ്തുത ഇന്ത്യയെന്ന മഹാരാജ്യം 2018 ലെ പൊതുബജറ്റില്‍ ആരോഗ്യമേഖലയ്ക്കുവേണ്ടി മാറ്റിവെച്ചത് 52,800 കോടി രൂപയാണ്. അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് 3,073 കോടി രൂപ.  അതുക്കുംമേലെയാണ് തിരഞ്ഞെടുപ്പ് ചെലവ്. പൗരന് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം മാറ്റിവെയ്ക്കുന്ന തുകയേക്കാള്‍ കൂടുതല്‍വേണം ദരിദ്രനാരായണന്‍റെ ജനപ്രതിനിധിയെ കണ്ടെത്താനുള്ള മല്‍സരത്തിന്. 

ഒരു കാലത്ത് ഒാഹരി വിപണി പണമെറിഞ്ഞ് പണംനേടിയ അമിത് ഷാ രാഷ്ട്രീയത്തിലും അതേ തന്ത്രമാണ് പയറ്റുന്നത്. ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിന്‍റെ കണക്ക് പുറത്തുവന്നപ്പോള്‍ ചിലര്‍ അല്‍ഭുതപ്പെട്ടു. ബിജെപിയെക്കുറിച്ചും അമിത് ഷായെക്കുറിച്ചും നന്നായി അറിയാവുന്നവര്‍ക്ക് ഒട്ടും അല്‍ഭുതം തോന്നിയില്ല. പരസ്യം നല്‍കുന്നവരില്‍ ഒന്നാംസ്ഥാനത്ത് ബിസിനസ് കമ്പനികളൊന്നുമല്ല, ബിജെപിയെന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണുള്ളത്. പരസ്യത്തിലൂടെ പുലരുന്ന ജനാധിപത്യം. 

ഇന്ത്യയിലെ 7 ദേശീയപാര്‍ട്ടികളുടെ വരുമാനം 2017 ലെ കണക്കുവെച്ച് 1560 കോടി രൂപയാണ്. ഇതില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയുടെ കാര്യത്തില്‍ സംശയമൊന്നുംവേണ്ട ബിജെപി തന്നെ. 1034 കോടി രൂപ. ദേശീയപ്പാര്‍ട്ടികളുടെ മൊത്തംവരുമാനത്തിന്‍റെ 67 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലാണ്. ചെലവിന്‍റെ കാര്യത്തിലും ബിജെപി തന്നെ മുന്നില്‍ 710 കോടി രൂപ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിആറിന്‍റെ കണക്കാണിത്. ഇത് ചെറിയ കളിയല്ല എന്ന് സാരം.  

പോരാട്ടം പണക്കൊഴുപ്പിന്‍റേതാണ്. രാഷ്ട്രീയ സമവാക്യങ്ങള്‍ക്കൊപ്പം സാമ്പത്തിക ഭദ്രതയുടെ ബാലന്‍സ് ഷീറ്റും ബിജെപിയെ നേരിടുന്ന പ്രതിപക്ഷത്തിന് വെല്ലുവിളിയാകുന്നു.

MORE IN INDIA BLACK AND WHITE
SHOW MORE