2019 ല്‍ ശ്രീരാമന്‍ മോദിയെ രക്ഷിക്കുമോ?

India-Black&white
SHARE

അയോധ്യയിലെ രണ്ട് ഏക്കര്‍ 77 സെന്‍റ് ഭൂമി മൂന്നായി വിഭജിക്കാനാണ് 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് വീതിച്ച് നല്‍കാനാണ് ഉത്തരവ്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. അലഹബാദ് ഹൈക്കോടതിയുടെ വിധി മറികടന്ന് ക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കാനാണ് ഒാര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യപ്പെടുന്നത്. 

ഒാര്‍ഡിനന്‍സ് ഇറക്കുന്നതിനോ, പാര്‍ലമെന്‍റില്‍ ബില്ല് കൊണ്ടുവരുന്നതിനോ തടസങ്ങളില്ല. പക്ഷെ സങ്കീര്‍ണമാണ്. കേസ് സുപ്രീംകോടതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ കാര്യങ്ങള്‍ വഷളാകും. ഒാര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. അയോധ്യ തര്‍ക്കം 14 പ്രധാനമന്ത്രിമാരുടെ മുന്നിലെത്തിയാണ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദിവരെ. പി.വി നരസിംഹ റാവു സ്വീകരിച്ച നിലപാട് അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ പറഞ്ഞത് ഇവിടെ ഒാര്‍ത്തെടുക്കേണ്ടതുണ്ട്.

ഏതാണ്ട് മൂന്നുകോടി കേസുകള്‍ ഇന്ത്യയിലെ കോടതികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതില്‍ ഒന്നുമാത്രമാണ് അയോധ്യ തര്‍ക്കം. പാര്‍ലമെന്‍റിനെ ഒാര്‍ഡിനന്‍സ് രാജിലൂടെ നിരന്തരം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടത്തിന് ഇത് പുത്തിരിയല്ല. 

ഒാര്‍ഡിനന്‍സ് ഇറക്കുന്നത് ഒരുപക്ഷെ സര്‍ക്കാര്‍ ബൂമറാങ് ആയിമാറാനും ഇടയുണ്ട്.ഒാര്‍ഡിനന്‍സ് ഇല്ലെങ്കില്‍ പിന്നെ പാര്‍ലമെന്‍റില്‍ നിയമനിര്‍മാണമാണ്. അവിടെ ബിജെപി കാത്തിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. നിങ്ങള്‍ രാമനൊപ്പം നില്‍ക്കാന്‍ തയ്യാറാണോയെന്ന ചോദ്യമാകും കോണ്‍ഗ്രസിനുനേരെ തൊടുക്കുക. ഉത്തരം നല്‍കുക കോണ്‍ഗ്രസിന് ഒട്ടും എളുപ്പമല്ല.

രാജസ്ഥാന്‍ പോളിങ് ബൂത്തിലേയ്ക്ക് പോകുന്നതിന്‍റെ തൊട്ടുതലേന്നാളാണ് അയോധ്യ വിഷയം ഉയര്‍ത്തി വലിയ പ്രക്ഷോഭത്തിന് വിഎച്ച്പി തയ്യാറെടുക്കുന്നത്. രാഷ്ട്രീയമാപിനി തിളച്ചുമറിയാന്‍ തുടങ്ങി. ഹിന്ദുവോട്ടു ബാങ്ക് തിരികെ പിടിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ അയോധ്യ വിഷയത്തില്‍ പാര്‍ട്ടി ഇനി സ്വീകരിക്കുന്ന നിലപാടുകള്‍ ഏറെ നിര്‍ണയകമാണ്. 

തല്‍ക്കാലം ഇതു പറഞ്ഞ് പിടിച്ചുനില്‍ക്കാം. എന്നാല്‍ ഒാര്‍ഡിനന്‍സ് ഇറക്കാനോ, പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവരാനോ രണ്ടുംകല്‍പ്പിച്ച് ബിജെപി തുനിഞ്ഞാല്‍ കോണ്‍ഗ്രസ് കുഴങ്ങിപ്പോകും. കാരണം, മതേതരത്വത്തില്‍ നിന്ന് മൃദുഹിന്ദുത്വത്തിലേയ്ക്ക് കോണ്‍ഗ്രസ് കളംമാറ്റിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. രാജീവ് ഗാന്ധിക്കും നരസിംഹ റാവുവിനും അടിതെറ്റിയ ഇടത്ത് രാഹുല്‍ ഗാന്ധിക്ക് ചരിത്രം തിരുത്തിയെഴുതാന്‍ കഴിയുമോ? പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥവെച്ച് ഒട്ടും എളുപ്പമല്ല. 

ക്ഷേത്ര നിര്‍മാണത്തിന് നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന് തടസമില്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ വ്യക്തമാക്കിയിട്ടുണ്ട്. കവേരിക്കേസിലും രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല തര്‍ക്കത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം നടത്തിയത് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളെ, വികസന പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിടുകയാണ്. വിദേശത്തെ കള്ളപ്പണമെല്ലാം ഇന്ത്യയില്‍ തിരികെയെത്തിയോ? 15 ലക്ഷം രൂപ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ വീണോ? നോട്ട് നിരോധനം എന്തിനായിരുന്നു? കര്‍ഷകരുടെ വരുമാനം ഇരട്ടിയായോ? കര്‍ഷക ആത്മഹത്യകള്‍ അവസാനിച്ചോ? നട്ടെല്ല് തകര്‍ന്ന സമ്പദ് വ്യവസ്ഥ ശരിയായോ? പാക്കിസ്ഥാന്‍ കൈവശംവെച്ച കശ്മീര്‍ തിരിച്ചുപിടിച്ചോ?അതിര്‍ത്തിയിലെ വെടിയൊച്ചകള്‍ അവസാനിച്ചോ? ഭീകരതാവളങ്ങള്‍ അടച്ചുപൂട്ടിയോ? പെട്രോളിന്‍റെ വില അന്‍പതുരൂപയായോ? ദാവൂദ് ഇബ്രാഹിമിനോടും ഹാഫിസ് സെയ്ദിനോടും കണക്കുതീര്‍ത്തോ? ചോദ്യങ്ങള്‍ ഒരുപാട് ഒരുപാടുണ്ട്. പക്ഷെ, ഉത്തരം തല്‍ക്കാലം ഒന്നേയുള്ള അയോധ്യയില്‍ രാമക്ഷേത്രം വേണം.   

അയോധ്യവിഷയം രാജ്യത്തെ വീണ്ടും ആപല്‍ക്കരമായ ഒരു മുനമ്പിലാണ് എത്തിച്ചിരിക്കുന്നത്. ശാശ്വതമായ പരിഹാരം വേണം. മുതലെടുപ്പ് രാഷ്ട്രീയത്തിനല്ല. നാടിന്‍റെ സമാധാനം ഉറപ്പാക്കാന്‍. മുറിവുകള്‍ ഉണക്കാന്‍.

MORE IN INDIA BLACK AND WHITE
SHOW MORE