കോണ്‍ഗ്രസിലും ഹിന്ദു മുസ്‍ലിം വേര്‍തിരിവോ? ആസാദിന്‍റെ വെളിപ്പെടുത്തലിനു പിന്നിൽ?

india-black-and-white
SHARE

കോണ്‍ഗ്രസ് നേതാവ് ഗുലാംനബി അസാദ് ഏറെ സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ നടത്തി. ഹിന്ദുവോട്ടുകള്‍ നഷ്ടമാകുമോയെന്ന ഭയം മൂലം ഹിന്ദുക്കളായ പല കോണ്‍ഗ്രസ് നേതാക്കളും ഗുലാം നബി ആസാദിനെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുപ്പിക്കാറില്ലത്രേ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതിനിടയിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ ഈ പ്രസ്താവന പുറത്തുവരുന്നത്. ബിജെപിയുടെ ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ശ്രമിക്കുന്നത്. ഹിന്ദുവോട്ട് ബാങ്ക് ഒലിച്ചുപോകുമോയെന്ന ഭയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടെന്ന വിലയരുത്തലിന് അടിവരയിടുന്നതാണ് ഗുലാംനബി ആസാദിന്‍റെ വാക്കുകള്‍.

മതേതരമെന്ന് വാഴ്ത്തുന്ന കോണ്‍ഗ്രസിനകത്തും ഹിന്ദു മുസ്‍ലിം വേര്‍തിരിവുണ്ടോ? ഗുലാംനബി അസാദ് എന്ന പഴക്കവും തഴക്കവുമുള്ള നേതാവിന്‍റെ വാക്കുകള്‍ ഗൗരവമേറിയ ഈ ചോദ്യത്തിലേയ്ക്കാണ് വഴിതുറന്നിട്ടത്. ഹിന്ദുവോട്ട് നഷ്ടപ്പെടുമോയെന്ന് ഭയന്ന് കോണ്‍ഗ്രസിലെ ഹിന്ദുനേതാക്കള്‍ തനിക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആസാദ് പറഞ്ഞത് അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തില്‍വെച്ചാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ രാജ്യമാകെയുള്ള 95 ശതമാനം ഹിന്ദു നേതാക്കളും തന്നെ പ്രചാരണത്തിന് ക്ഷണിക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രചാരണ പരിപാടികളില്‍ വിളിക്കുന്നത് വെറും ഇരുപത് ശതമാനായി കുറഞ്ഞുവെന്ന് ഗുലാംനബി ആസാദ് പറയുന്നു. നാലു വര്‍ഷമെന്നത് നരേന്ദ്ര മോദി രാജ്യഭരണ പിടിച്ചെടുത്ത കാലയളവുകൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അങ്ങിനെയങ്ങ് ആസാക്കി കണേണ്ടതല്ല ആസാദിനെ. മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ അംഗമായിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു. രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ നേതൃമുഖമാണ്. ഏതായാലും ആസാദിന്‍റെ വാക്കുകള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. ജനിച്ച മതമല്ല, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയാണത്ര വിഷയം. 

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ദിഗ്‍വിജയ് സിങ് നല്‍കിയ മറുപടിയും ഇതിനോട് ചേര്‍ത്തുവായിക്കണം. താന്‍ വായ തുറന്നാല്‍ കോണ്‍ഗ്രസിന് വോട്ടുകുറയുമെന്നാണ് ദിഗ്‍വിജയ് സിങിന്‍റെ മറുപടി. ആര്‍എസ്എസിനെക്കുറിച്ചും കാവി ഭീകരതയെക്കുറിച്ചും നിരന്തരം സംസാരിക്കുന്നതാണ് ദിഗ്‍വിജയ് സിങ് അനഭിമതനാകാന്‍ കാരണം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട ചോദ്യം അഹമ്മദ് പട്ടേല്‍ എവിടെയാണ് എന്നതായിരുന്നു. സ്വന്തം മണ്ണില്‍ സ്വന്തം പാര്‍ട്ടി ബിജെപിക്കെതിരെ സര്‍വശക്തിയും ഉപയോഗിച്ച് പോരാടുമ്പോള്‍ അഹമ്മദ് പട്ടേല്‍ അദൃശ്യനായിരുന്നു. ഗുലാംനബി ആസാദും, ദിഗ്‍വിജയ് സിങ്ങും, അഹമ്മദ് പട്ടേലും ഉയര്‍ത്തുന്ന ആവലാതികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര ദര്‍ശനങ്ങള്‍ കൂടി ചേര്‍ത്തുവെച്ചാല്‍ ചിത്രം തെളിയും. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ അങ്കം മുറുകിയ മധ്യപ്രദേശിലെ കോണ്‍ഗ്രസിന്‍റെ ഒരു പ്രചാരണവാക്യം ഇവിടെ എടുത്തു പറയണം. നര്‍മദയുടെ മണ്ണിലേയ്ക്ക് ശിവഭക്തനായ രാഹുല്‍ ഗാന്ധിക്ക് സ്വാഗതം. അതേ, കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്കല്ല, ശിവഭക്തനായ രാഹുല്‍ ഗാന്ധിക്ക്. മുദ്ര ശ്രദ്ധിക്കണം. മുദ്ര. 

............................................

നെഹ്റൂവിയന്‍ മതനിരപേക്ഷ കാലം പിന്നിട്ട് ഇന്ദിരാഗാന്ധിയിലെത്തുമ്പോഴാണ് കോണ്‍ഗ്രസില്‍ ഹിന്ദുത്വ രാഷ്ട്രീയം പിടിമുറുക്കുന്നത്. വോട്ടിന്‍റെ വഴിയില്‍ വിശ്വാസം പ്രധാനഘടകമായി മാറി. ആയോധ്യപ്രശ്നം മുളയിലേ നുള്ളാന്‍ ശ്രമിച്ച ജവഹര്‍ലാല്‍ നെഹ്റുവിനും അയോധ്യയില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചരാണം തുടങ്ങിയ രാജീവ് ഗാന്ധിക്കും ഇടയിലെ കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പരിണാമം.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു മതവിശ്വാസങ്ങള്‍ പ്രഖ്യാപിച്ച വ്യക്തിയായിരുന്നില്ല. മതനിരപേക്ഷതയായിരുന്നു മുറുകെപ്പിടിച്ചത്. മകള്‍ പക്ഷെ കൗശലക്കാരിയായ രാഷ്ട്രീയക്കാരിയായിരുന്നു. തലമുറമാറും തോറും പിന്നെയും കാര്യങ്ങള്‍ മാറി. 1985ലെ ഷാബാനു കേസ് രാജീവ് ഗാന്ധിയുടെ മതേതര നിലപാടുകളുടെ ഉരകല്ലായിരുന്നു. വിവാഹ മോചനം നേടിയ മുസ്‍ലിം വനിതയ്ക്ക് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ 1986 ല്‍ മുസ്‍ലിം വനിതാ ബില്ല് കൊണ്ടുവന്നു. പിന്നെ, മറുവശം ബാലന്‍സ് ചെയ്യാന്‍ അയോധ്യയിലെ തര്‍ക്കമന്ദിരം രാമജന്മഭൂമി പ്രസ്ഥാനക്കാര്‍ക്ക് ആരാധനയ്ക്ക് തുറന്നുകൊടുത്തു. 

ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ കുറേകൂടി സങ്കീര്‍ണമാണ്. കൈവിട്ട അവസ്ഥയിലാണ്. ചരിത്രത്തിലൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയാണ് കോണ്‍ഗ്രസിപ്പോള്‍. തിരിച്ചുവരാനുള്ള ജീവന്‍മരണ പോരാട്ടം. എതിരാളികള്‍ക്കെതിരെ തൊടുക്കുന്ന ആയുധങ്ങളുടെ മൂര്‍ച്ച കുറയുമ്പോള്‍ അവശേഷിക്കുന്നത് വിശ്വാസത്തിന്‍റെ രാഷ്ട്രീയമാണ്. 

വികസനത്തിന്‍റെ വര്‍ണക്കടലാസില്‍പ്പൊതിഞ്ഞ് ഹിന്ദുത്വ രാഷ്ട്രീയം മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് വിദഗ്ധമായി വിപണനം ചെയ്താണ് നരേന്ദ്ര മോദിയും ബിജെപിയും രാജ്യഭരണം പിടിച്ചെടുത്തത്. വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാദങ്ങളില്‍ പ്രധാനസേവകന്‍ ഉത്തരം മുട്ടിനിന്നു. പക്ഷെ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്‍റെ പ്രോഗ്രസ് കാര്‍ഡ് നിരാശാജനകമാണ്. അഞ്ച് സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേയ്ക്ക് പോവുകയാണ്. ലോക്സഭാ തിര‍ഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. 

ഹിന്ദുത്വത്തിന്‍റെ കാര്യത്തില്‍ ഒറിജിനല്‍ ഉള്ളപ്പോള്‍ ഫോട്ടോ കോപ്പിയെന്തിനാണെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി ചോദിക്കുന്നു. മുസ്‍ലിംങ്ങളെ അധികാര രാഷ്ട്രീയത്തില്‍ നിന്ന് അദൃശ്യരാക്കുന്ന വിദ്യ ബിജെപി പയറ്റിയിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 19.8 ശതമാനം മുസ്‍ലിംങ്ങളുള്ള ഉത്തര്‍പ്രദേശില്‍ അത് കണ്ടതാണ്. കാവി പുതയ്ക്കുന്നതും ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്നതും ഗുജറാത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസിന് ഗുണം ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ അതേ വഴിയേ മുന്നോട്ടുപോകുന്ന രാഹുല്‍ ഗാന്ധിയെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കാണാന്‍ കഴിയുന്നത്. വിശ്വാസങ്ങളെ മുറുകെ പിടിക്കാന്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആകേണ്ടതില്ല. മഹാത്മഗാന്ധിയെ പിന്തുടര്‍ന്നാല്‍ മതി. ഗുലാംനബി ആസാദിന്‍റെ വാക്കുകള്‍ ആ ജാഗ്രതാ നിര്‍ദേശമാണ് നല്‍കുന്നത്. 

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരിന് കൈപൊള്ളി നില്‍ക്കുമ്പോഴാണ് ഗുലാംനബി ആസാദിന്‍റെ പ്രസ്താവന വരുന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ നല്ല ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും മറ്റൊരാളുടെ ആരാധനാലയം തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തത വരുത്തി. ഏതായാലും ആര്‍എസ്എസ് രണ്ടും കല്‍പ്പിച്ചാണ്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം സാധ്യമാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് വിജയദശമി പ്രസംഗത്തില്‍ പറഞ്ഞുവെച്ചു.

MORE IN INDIA BLACK AND WHITE
SHOW MORE