മീ ടൂവിൽ അഴിഞ്ഞ് വീഴുന്ന മുഖമൂടികൾ; വേട്ടക്കാര്‍ ഇനിയും ആരെല്ലാം?'

india-black-and-white-main+
SHARE

മീ ടു രാജ്യമാകെ കത്തിപ്പടരുകയാണ്. മുറിേവറ്റവരുടെ മുന്നേറ്റത്തില്‍ വേട്ടക്കാര്‍ വീണുകൊണ്ടിരിക്കുന്നു. മാധ്യമരംഗത്തും രാഷ്ട്രീയത്തിലും സിനിമമേഖലയിലുമൊല്ലാം ആണധികാരത്തിന്‍റെ ബലപ്രയോഗത്തില്‍ മൂടിവെച്ച ശബ്ദങ്ങള്‍ ഒന്നിനുപുറകേ ഒന്നായി പുറത്തുവരികയാണ്. പൊയ്മുഖങ്ങള്‍ പിച്ചിചീന്തപ്പെടുന്നു. വിഗ്രഹങ്ങള്‍ ഉടയുന്നു. മീ ടു മുന്നേറ്റത്തില്‍ ഏറ്റവും അധികം ആടിയുലഞ്ഞത് മാധ്യമരംഗമാണ്.

ഒക്ടോബര്‍ ആദ്യവാരം. വിദേശകാര്യസഹമന്ത്രി എം.ജെ അക്ബര്‍ നൈജീരിയയിലായിരുന്നു. ഇന്ത്യ പശ്ചിമ ആഫ്രിക്ക ഉച്ചകോടിയില്‍ സ്ത്രീശാക്തീകരണം ഉയര്‍ത്തിക്കാട്ടി അക്ബറിന്‍റെ തകര്‍പ്പന്‍ പ്രസംഗം. പട്ടിണി ഇല്ലാതാക്കാന്‍ സ്ത്രീകളെ ശക്തീകരിക്കണം. സ്ത്രീകള്‍ക്കായി ചെയ്യുന്ന ഒാരോ കാര്യവും ഭാവിക്കായുള്ള നിക്ഷേപമാണ്. ഏറെ പ്രശംസനേടിയ പ്രസംഗം അങ്ങ് നൈജീരിയയില്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ മുന്‍മാധ്യപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒപ്പം തൊഴിലെടുത്ത വനിതകള്‍ അവര്‍ക്കുനേരിട്ട ദുരനുഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. 

ആലോക് നാഥ്, മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഇന്ത്യന്‍ സാംസ്കാരിക മൂല്യത്തിന്‍റെയും സദാചാരത്തിന്‍റെയും മുഖമാണ് മിക്കപ്പോഴും ഈ നടന്‍. മേഘ്നാഥ് ബോസ്, ഹരിയാനയിലെ ബലാല്‍സംഗ പരമ്പരകള്‍ പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകന്‍. വികാസ് ബാല്‍, ദേശീയപുരസ്ക്കാരം നേടിയ ക്വീന്‍ എന്ന പെണ്‍പക്ഷ സിനിമയുടെ സംവിധായകന്‍. വൈരമുത്തു, ശിശുഹത്യകള്‍ അതിജീവിച്ച പെണ്‍കരുത്തിനെ ഉസ്‍ലംപട്ടി പെണ്‍കുട്ടിയെന്ന് വാഴ്ത്തിയ പ്രശസ്ത പാട്ടെഴുത്തുകാരന്‍. സമൂഹം ആദരിക്കുന്ന, വാഴ്ത്തുന്ന മുഖമല്ലാതെ ഈ വമ്പന്മാര്‍ക്ക് മറ്റൊരു മുഖമുണ്ടെന്ന് തുറന്നുകാട്ടുകയായിരുന്നു മീ ടു. കാപട്യങ്ങളും തനിനിറവും വ്യക്തിത്വത്തിലെ വൈരുധ്യങ്ങളും വെളിപ്പെടുത്തുകയായിരുന്നു മീ ടു.

സ്ത്രീകള്‍ സ്വന്തം ദുരനുഭവങ്ങള്‍ അസാമാന്യമായ തന്‍റേടത്തോടെ സമൂഹത്തോട് പങ്കുവെച്ച മീ ടു ക്യാംപെയ്ന് ഒരു വര്‍ഷം തികഞ്ഞു. ഹേളിവുഡിലെ ഉന്നതനായ ഹാര്‍വി വെയ്ന്‍സ്റ്റെയ്ന്‍റെ ലൈംഗിക പീഡനത്തിനെതിരെ അലീസ മിലോനോ എന്ന നടിയാണ് മീ ടു (ഞാനും ഇര) ഹാഷ് ടാഗുമായി ട്വീറ്റ് ചെയ്തത്. 2017 ഒക്ടോബര്‍ 15ന്. പൊള്ളുന്ന സ്വന്തം അനുഭവങ്ങള്‍ വിളിച്ചു പറഞ്ഞ് ലോകമെങ്ങുമുള്ള ഇരകള്‍ മീ ടുവിനൊപ്പം മുന്നോട്ടുവന്നു. അന്നു രാത്രിയായപ്പോഴേക്കും 2 ലക്ഷം പേര്‍ അതിനോടു പ്രതികരിച്ചു. ഒരു ദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫെയ്സ്ബുക്കില്‍ 24 മണിക്കൂറിനകം 47 ലക്ഷം പേര്‍ മീ ടു ഹാഷ്ടാഗ് ഉപയോഗിച്ച് 1.25 കോടി കുറിപ്പുകളിട്ടു.  

അധികാരവും സ്വാധീനശേഷിയും ആയുധമാക്കി ഉന്നതര്‍ തൊഴിലിടങ്ങളില്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നമ്മുെട രാജ്യത്ത് നേരത്തെയും പല സ്ത്രീകള്‍ രംഗത്തുവന്നിരുന്നു. പക്ഷെ, അവരുടേത് ഒറ്റപ്പെട്ട ശബ്ദമായിരുന്നു. ഒപ്പം നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. 2017 നവംബറില്‍ നിയമവിദ്യാര്‍ഥിയായ റായ സര്‍ക്കാര്‍ ഇന്ത്യയിലെ സര്‍വകലാശാലകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന അറുപതിലധികം വ്യക്തികളുടെ പേരും അവര്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗിക പീഡനങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. ഈ പട്ടിക നിയമപരമായി ചോദ്യം െചയ്തവരുടെ കൂട്ടത്തില്‍ ഇന്ത്യയിലെ സ്ത്രീപക്ഷവാദികളുമുണ്ടായിരുന്നുവെന്നത് വൈരുധ്യം.

മീ ടു വിവാദത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയത് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ വെളിപ്പെടുത്തലുകളാണ്. ഏറെ ആഘോഷിക്കപ്പെട്ട മാധ്യമപ്രവര്‍ത്തന്‍ ഒരു ലൈംഗിക അതിക്രമിയായിരുന്നുെവന്ന് ചിലരുടെ അനുഭവ സാക്ഷ്യങ്ങള്‍. അക്ബറിന്‍റെ ഭൂതകാലത്തിലെ നെറികേടുകള്‍ക്ക് നേരെ വിരല്‍ചൂണ്ടിയത് പത്തിലധികം പേരാണ്. സ്വന്തം ന്യൂസ് ഡെസ്ക് അക്ബര്‍ അന്തപുരമാക്കിയെന്നാണ് ഇരകളിലൊരാള്‍ പറഞ്ഞത്. 

മൊബഷര്‍ ജാവേദ് അക്ബര്‍. സ്വയം ഒരു ബ്രാന്‍ഡായിരുന്നു. സ്ഥാപനങ്ങളേക്കാള്‍ വളര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. ദ് ടെലഗ്രാഫിലൂടെ മാധ്യമരംഗത്ത് ഒരുപിടി മാറ്റങ്ങള്‍ക്ക് തുക്കമിട്ടു. കോണ്‍ഗ്രസിന്‍റെ പ്രതാപകാലത്ത് പല അധികാര കരുനീക്കങ്ങള്‍ക്കും ഒന്നാംസാക്ഷിയായി. പിന്നെ രാജീവ് ഗാന്ധിയുമായുള്ള അടുപ്പം രാഷ്ട്രീയത്തിലെ നേരിട്ടുള്ള പങ്കുകാരനാക്കി. കോണ്‍ഗ്രസ് വക്താവായി. 1989 ലും 1991ലും എം.പിയായി. പിന്നെ മാധ്യമരംഗത്തേയ്ക്ക് മടങ്ങിപ്പോയി. ഏഷ്യന്‍ ഏജ് സ്ഥാപിച്ചു. മോദി തരംഗത്തിനിടെ 2014ല്‍ ബിജെപിയിലേയ്ക്ക്. 2015 ല്‍ രാജ്യസഭാംഗം. 2016 ല്‍ വിദേശകാര്യസഹമന്ത്രി. കശ്മീര്‍ പ്രശ്നം, ഇന്ത്യാ പാക് തര്‍ക്കം, ഇസ്‍ലാമിന്‍റെ സാമൂഹിക, രാഷ്ട്രീയ വഴികള്‍, നെഹ്റുവീയന്‍ ചരിത്രം എന്നിവയില്‍ ആധികാരിക ശബ്ദം. ആരാധനുമായി അക്ബറിനൊപ്പം തൊഴില്‍ തേടിയെത്തിയവര്‍ക്ക് ഉള്ളിലെ വിഗ്രഹം തകര്‍ന്നടിയുന്ന അനുഭവങ്ങളാണ് നേരിടേണ്ടിവന്നത്. സ്ഥലം മാറ്റവും സ്ഥാനക്കയറ്റവുമൊക്കെ ആയുധമാക്കി ഇരകളെ കെണിവെച്ച് വീഴ്ത്തുന്ന വേട്ടക്കാരന്‍. 

പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് തനിക്ക് തുടക്കകാലത്ത് എം.ജെ അക്ബറില്‍ നിന്നും നേരിടേണ്ടിവന്ന ലൈംഗികോപദ്രവം വെളിപ്പെടുത്തി ആദ്യം രംഗത്തുവന്നത്. സംഭവം നടക്കുമ്പോള്‍ പ്രിയയ്ക്ക് 23 വയസും അക്ബറിന് 43 വയസും. 'നിങ്ങള്‍ എന്‍റെ ഹീറോകളില്‍ ഒരാളിയിരുന്നു' തുറന്നു പറച്ചില്‍ തുടങ്ങുന്നത് ഇങ്ങിനെയാണ്. 1997 ല്‍ ഇന്‍റര്‍വ്യൂവിനായി ഹോട്ടിലേലയ്ക്ക് വിളിപ്പിച്ചുവെന്നും സോഫ്റ്റ് ‍ഡ്രിംഗസ് നല്‍കിയ ശേഷം മുതലെടുപ്പിന് ശ്രമിച്ചുവെന്ന് പ്രിയ രമണി ആരോപിക്കുന്നു. അക്ബര്‍ നിരവധി പേരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും തനിക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും കനിക ഗെഹ്‍ലോട്ട് ശരിവെയ്ക്കുന്നു. 1995 – 97 കാലത്ത് ഏഷ്യന്‍ ഏജ് ദിനപ്പത്രത്തില്‍ അക്ബറിനൊപ്പം ജോലിയെടുത്തിട്ടുണ്ട് കനിക. അടിവസ്ത്രത്തിന്‍റെ സ്ട്രാപ്പ് നിരന്തരം വലിച്ച് ശല്യം ചെയ്തും ശരീരഭാഗങ്ങളിലേയ്ക്ക് ആസക്തിയോടെ തുറിച്ചുനോക്കിയും രസിക്കുന്ന എം.ജെ അക്ബറിന്‍റെ വൈകൃത്യങ്ങളെക്കുറിച്ച് ഏഷ്യന്‍ ഏജ് ഡല്‍ഹി റസിഡന്‍റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ്മ െവളിപ്പെടുത്തുന്നു. ജോലി വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച അനുഭവം ഷുമ രാഹയും പ്രേരണ സിങ് ബിന്‍ദ്രയും ഉള്‍പ്പെടെ നിരവധിപേര്‍ വേദനയോടെ പങ്കുവെച്ചിട്ടുണ്ട്. ആഴത്തില്‍ നീറുന്ന അനുഭവം ഗസാല വഹാബിന്‍റേതാണ്. ഡെസ്കിലെ വനിത സബ് എഡിറ്റര്‍മാര്‍ വലിയ തോതില്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നത് ഗസാലയുടെ തുറന്നെഴുത്തില്‍ വ്യക്തമാണ്. തന്‍റെ മുറിയിലേയ്ക്ക് വിളിപ്പിച്ച് ബലമായി ചുംബിക്കുകയും കടന്നു പിടിക്കുകയും വസ്ത്രത്തിനുള്ളില്‍ കയ്യിട്ട് പല തവണ ശാരീരിക ഉപദ്രവം നടത്തുകയും ചെയ്തത് വര്‍ഷങ്ങള്‍ക്കിപ്പുറവും നടുക്കത്തോടെ ഗസാല ഒാര്‍ത്തെടുക്കുന്നു. വിദേശ വനിതകളും അക്ബറിനെതിരെ മീ ടു വെളിപ്പെടുത്തല്‍ നടത്തി.  

വിവാദങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കി മുഖം രക്ഷിക്കാനും ഇരകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് എം.ജെ അക്ബര്‍ ശ്രമിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നില്‍ അജന്‍ഡയുണ്ടെന്ന് അക്ബറിന്‍റെ വാദം. വനിത മന്ത്രിമാരുടെ ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വാ തുറക്കാന്‍, നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കരോ, ബേഠി പഠാവോ, ബേഠി ബച്ചാവോയെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയോ തയ്യാറായില്ല

പുരോഗമനപരമെന്ന് പലപ്പോഴും സ്വയം വാഴ്ത്താറുള്ള തൊഴില്‍മേഖലയാണ് മാധ്യമരംഗം. സാമൂഹിക വിമര്‍ശനത്തിനിടയ്ക്ക് സ്വന്തം നിര്‍ക്കും കണ്ണാടി തിരിച്ചു പിടിക്കണമെന്നും പുഴുക്കുത്തുകളെ തിരിച്ചറിയണമെന്നും മീ ടു മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ മുറികളിലെ അതിക്രമങ്ങളെ എഡിറ്റേഴ്സ് ഗില്‍ഡ് തള്ളിപ്പറഞ്ഞു. ഇരകള്‍ക്കൊപ്പം നിന്നു. 

ടൈംസ് ഒാഫ് ഇന്ത്യയുടെ റസിഡന്‍റ് എഡിറ്റര്‍ കെ.ആര്‍ ശ്രീനിവാസന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രകാശ് ഝാ എന്നിവര്‍ക്കും മീ ടു വെളിപ്പെടുത്തലില്‍ മുഖം നഷ്ടമായി. മാധ്യമ പഠനസ്ഥാപനങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ നിലനില്‍ക്കുന്നുവെന്ന കടുത്ത യഥാര്‍ഥ്യം കുടംതുറന്ന് പുറത്തുവന്നു. മീ ടുവിന്‍റെ വിസ്ഫോടനശേഷി ബോളിവുഡിനെ പിടിച്ചുലച്ചത് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലോടെയാണ്.

വേട്ടക്കാര്‍ മുഖങ്ങള്‍ മറന്നാലും ഇരകള്‍ മറക്കാറില്ല. മീ ടു തുറന്നിട്ടത് സ്ത്രീകളുടെ മാത്രമെന്ന് പറഞ്ഞൊതുക്കാവുന്ന പ്രശ്നങ്ങളിലേയ്ക്കല്ല. അടിയന്തരമായ ഇടപെടല്‍ ആവശ്യമുള്ള സാമൂഹിക പ്രശ്നങ്ങളിലേയ്ക്കാണ്. പുരുഷനെതിരായ യുദ്ധപ്രഖ്യാപനമല്ല. തുല്യതയിലേയ്ക്കുള്ള മുന്നേറ്റമാണ്.   

സിനിമ സെറ്റില്‍വെച്ച് നാന പടേക്കര്‍ ഉപദ്രവിച്ചുവെന്നാണ് തനുശ്രീ ദത്ത വെളിപ്പെടുത്തിയത്. 2009 ല്‍ പുറത്തിറങ്ങിയ 'ഹോണ്‍ ഒ.കെ പ്ലീസ്' എന്ന ചിത്രത്തിന്‍റെ സെറ്റില്‍വെച്ചായിരുന്നു മോശം അനുഭവം നേരിട്ടതെന്ന് തനുശ്രീ പറയുന്നു. ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്‍റെ പേര് തുറന്നു പറഞ്ഞത്. ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെതിരെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി പുറത്തുവിട്ടാണ് ഒരു സ്ത്രീ ആരോപണങ്ങള്‍ ഉന്നയിച്ചത്. ആ സ്ത്രീയോടും തന്‍റെ ഭാര്യയോടും മാപ്പ് ചോദിച്ച് ചേതന്‍ തടിതപ്പാന്‍ ശ്രമിച്ചു. പക്ഷെ ആരോപണങ്ങളുമായി മറ്റ് ചിലരും പുറത്തുവന്നു. നടനും സംവിധായകനുമായ രജത് കപൂര്‍, സംവിധായകന്‍ സാജിദ് ഖാന്‍, ഹാസ്യതാരങ്ങളായ തന്മയ് ഭട്ട്, ഗുര്‍സിമ്രന്‍ ഖംബ, എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ തുടങ്ങി നടന്‍ മുകേഷ് വരെ മീ ടു വിന്‍റെ ചൂടറിഞ്ഞ പ്രമുഖരുടെ പട്ടിക നീളുന്നു. കവിയും ഗാനരചയിതാവുമായ വൈരമുത്തു വേട്ടക്കാരനാണെന്ന് ഒരു യുവതി ആരോപിച്ചു. വൈരുമുത്തുവിന്‍റെ ഭാഗത്തുനിന്നും തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം ഗായിക ചിന്മയിയും വെളിപ്പെടുത്തി. ജീവിതത്തില്‍ നഷ്ടപ്പെടാന്‍ പലതുമുണ്ടായിട്ടും അതുവകവയ്ക്കാതെയാണ് സധൈര്യമുള്ള തുറന്നു പറച്ചില്‍.

എന്നാല്‍ എന്തുകൊണ്ട് നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചില്ല എന്ന ചോദ്യമാണ് പലപ്പോഴും ഇരക്കുനേരെ വേട്ടക്കാരും സമൂഹവും തൊടുത്തുവിടുന്നത്.

1997ലാണ് രാജ്യം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിെര നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചത്. അതിന് പരമോന്നത നീതിപീഠത്തില്‍ എത്തിയ നിയമപോരാട്ടം ആവശ്യമായി വന്നു. 2013ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവാണ് മീ ടു മുന്നേറ്റങ്ങള്‍ നല്‍കുന്നത്. 

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള 2013ലെ നിയമമാണ് സ്ത്രീകള്‍ക്കുള്ള രക്ഷാകവചം. വാക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ ഉള്ള എല്ലാതരം അക്രമങ്ങളും കുറ്റകരമാണ്. സ്പര്‍ശനവും ചുംബനവും അനുമതിയില്ലാതെ അടുത്തിടപഴകാന്‍ ശ്രമിക്കുന്നതും ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതും ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തുന്നതും ലൈംഗിക അതിക്രമത്തിന്‍റെ പരിധിയില്‍ വരും. മോശം എസ്എംഎസുകള്‍, ചിത്രങ്ങള്‍, ഇ മെയില്‍ സന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതും കുറ്റകരമാണ്. തൊഴിലിടത്തില്‍ അധികാരം പ്രയോഗിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗിക തല്‍പ്പര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്യരുത്. 

1992ല്‍ രാജസ്ഥാനില്‍ ബന്‍വാരി ദേവി എന്ന സാമൂഹികപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായതോടെയാണ് തൊഴിലിടങ്ങളില്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ ശക്തമായത്. 1997 ല്‍ വിശാക എന്ന വനിത സംഘടന സുപ്രീംകോടതിയെ സമീപിച്ചു. അതേ വര്‍ഷം തന്നെ സ്ത്രീസുരക്ഷയ്ക്കായി കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 2013 ലാണ് പാര്‍ലമെന്‍റില്‍ നിയമനിര്‍മാണം നടക്കുന്നത്. തൊഴിലിടങ്ങളിലെ അതിക്രമം അങ്ങിനെ, സ്ത്രീകളുടെ മൗലികാവകാശത്തിന്‍റെ ലംഘമായി.

സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പരാതി പരിശോധിക്കാന്‍ ആഭ്യന്തര സമിതി വേണമെന്നാണ് നിയമം. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. സമിതികള്‍ രൂപീകരിക്കാത്തത് ഗുരുതരമായ കുറ്റമാണ്. സമിതിയുടെ തലപ്പത്ത് സ്ഥാപനത്തിലെ മുതിര്‍ന്ന വനിത ജീവനക്കാരിവേണം. പുറത്തുനിന്നുള്ള പ്രതിനിധി ഉള്‍പ്പെടെ ചുരുങ്ങിയത് രണ്ടംഗങ്ങള്‍ സമിതിയിലുണ്ടാകണം. സ്ത്രീ ജീവനക്കാരുടെ പരാതിയില്‍ സമിതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കണം. കുറ്റക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍, ശമ്പളം തടഞ്ഞുവെയ്ക്കല്‍, ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവ നിര്‍ദേശിക്കാം. സ്ഥാപനം വിട്ട വ്യക്തിക്കെതിരെയും സ്ത്രീ ജീവനക്കാര്‍ക്ക് പരാതി നല്‍കാം. പഴയ പരാതിയാണെങ്കില്‍ ജീവനക്കാരിക്ക് പൊലീസിനെയോ, മജിസ്ട്രേറ്റിനെയോ സമീപിക്കാം. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന് തൊട്ടുമുന്‍പുവരെ മാത്രമേയുള്ളൂ വാചലത. സിലക്റ്റീവായ മൗനവും പ്രതിഷേധങ്ങളും. അത് എം.ജെ അക്ബറിന്‍റെ കാര്യത്തിലായാലും പി.കെ ശശിയുടെ കാര്യത്തിലായാലും. 

ഇരകള്‍ സമൂഹമാധ്യമങ്ങളിലൂടെ െവളിപ്പെടുത്തല്‍ നടത്തുന്നതിന് പകരം നിയമത്തിന്‍റെ വഴിതേടണമെന്ന വാദം ഏറെ പേര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ നിയമവ്യവസ്ഥയിലെ പാളിച്ചകള്‍ ഇതിനോട് ചേര്‍ത്തുകാണണം.മീ ടു ഇപ്പോള്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിനിടയിലെ മുന്നേറ്റമാണ്. താഴേത്തട്ടിലേയ്ക്ക് അത് വ്യാപിക്കേണ്ടത് കാലത്തിന്‍റെ ആവശ്യം.

മീ ടുവിലൂടെ പുറത്തുവരുന്ന വെളിപ്പെടുത്തലുകളില്‍ ചിലതെങ്കിലും കള്ളനാണയങ്ങളുണ്ടാകാം. പകപോക്കലിന്‍റെയും വ്യക്തിവൈരാഗ്യത്തിന്‍റെയും ഭാഗമാകാം. സ്വന്തം അന്തസ്സിനും ആത്മാഭിമാനത്തിനും മുറിവേല്‍ക്കപ്പെട്ടവള്‍ ഉള്ളില്‍ ചോരപൊടിഞ്ഞുകൊണ്ടാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. മുഖമുയര്‍ത്തിമുന്നോട്ടുവന്നവര്‍ക്ക് ഒപ്പം നില്‍ക്കണം. മുഖമില്ലാത്തവര്‍ക്ക് മുന്നോട്ടുവരാന്‍ ധൈര്യം പകരണം. ഇതാണ് ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ടത്.  

MORE IN INDIA BLACK AND WHITE
SHOW MORE