അഞ്ചിടത്ത് അങ്കം; പ്രതീക്ഷയോടെ കോൺഗ്രസ്; പിടിമുറുക്കാൻ ബിജെപി

India-black&white-main
SHARE

മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തീപാറുന്ന പോരാട്ടമാണ്. ഒന്നര പതിറ്റാണ്ടായി ബിജെപി സംസ്ഥാനം ഭരിക്കുന്നു. കോണ്‍ഗ്രസിനോട് പിണങ്ങി നില്‍ക്കുന്ന ബിഎസ്പിയുടെ സ്വാധീനശക്തി മധ്യപ്രദേശിലെ ചില മണ്ഡലങ്ങളില്‍ നിര്‍ണായകമാകും. കാര്‍ഷിക േമഖലയില്‍ മുന്നേറ്റങ്ങളുണ്ടായെങ്കിലും കര്‍ഷകസമരങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. 

13 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ശിവ്‍രാജ് സിങ് ചൗഹാനെ കേന്ദ്രീകരിച്ചാണ് മധ്യപ്രദേശിലെ ബിജെപിയുടെ മുന്നോട്ടുപോക്ക്. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ അധികാരത്തിെലത്തിച്ച േനതാവ്. കൗശലക്കാരനാണ്. സൗമ്യനും ജനകീയനുമാണ്. നരേന്ദ്ര മോദിക്ക് ആര്‍എസ്എസിന്‍റെ കലവറയില്ലാത്ത ആശീര്‍വാദമില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ പ്രധാനമന്ത്രി പദത്തിലെത്തുമായിരുന്നു ചൗഹാന്‍. കളമറിഞ്ഞ് കളിക്കാനറിയാം. ഏത് അടവും പയറ്റാനുമറിയാം. അതുകൊണ്ടുതന്നെ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന പ്രവചനങ്ങള്‍ പാളിപ്പോകാം. മോദി മാജിക്ക് ഉയര്‍ത്തിക്കാട്ടി അമിത് ഷാ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് തിരഞ്ഞെടുപ്പ് ചുമതല. 

2013 ല്‍ ബിജെപി 165 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 58 ഉം, ബിഎസ്പി 4 ഉം സ്വതന്ത്രര്‍ 3 സീറ്റുകളിലും ജയിച്ചു. ജന്‍ ആശിര്‍വാദ് യാത്രയുമായി ശിവ്‍രാജ് സിങ് ചൗഹാന്‍ ജനങ്ങള്‍ക്കിടയില്‍ സജീവമാണ്. ഭരണവിരുദ്ധ വികാരം നീറിപ്പുകയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അധികാരക്കസേര ഉറപ്പിച്ചുനിര്‍ത്താനാണ് ചൗഹാന്‍റെ ശ്രമം. ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥുമാണ് കോണ്‍ഗ്രസിനായി തന്ത്രങ്ങളൊരുക്കുന്നത്. കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാണ്. ബിജെപിക്കെതിരെ ശക്തമായ ആക്രമണമാണ് പ്രചാരണവേദികളില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തുന്നത്. 2017 ജൂണ്‍ 6ന് മന്‍സോറില്‍ കര്‍ഷകപ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് ശിവ്‍രാജ് സിങ് ചൗഹാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇനിയും ചുരുളഴിയാത്ത, ദുരൂഹ മരണങ്ങള്‍ നിറ‍ഞ്ഞ വ്യാപം അഴിമതി കളങ്കമായി. രാഷ്ട്രീയരംഗത്ത് നാല് പതിറ്റാണ്ടുകാലത്തെ തഴക്കവും പഴക്കവുമുള്ള കമല്‍ നാഥിനെ സംസ്ഥാന അധ്യക്ഷനാക്കിയാണ് കോണ്‍ഗ്രസ് തിര‍ഞ്ഞെടുപ്പിന് ഒരുങ്ങിയത്. ബിജെപിയുടെ ഹിന്ദുത്വത്തിന് കോണ്‍ഗ്രസ് അതേ നാണയത്തിലാണ് മധ്യപ്രദേശില്‍ മറുപടി നല്‍കുന്നത്. രാഹുല്‍ ഇവിെട ശിവ ഭക്തനാണ്. പശുസംരക്ഷണവും തീര്‍ഥാടന ടൂറിസം പദ്ധതികളും രഥയാത്രയുമൊക്കെ കോണ്‍ഗ്രസിന്‍റെ ആവനാഴിയിലുണ്ട്. 

ഛത്തീസ്ഗഡ് തുടര്‍ച്ചയായി മൂന്നുതവണ ബിജെപി ഭരിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ വോട്ട് വ്യത്യാസം ഒരുശതമാനത്തില്‍ താഴെയായിരുന്നു. 15 വര്‍ഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന രമണ്‍ സിങ്ങിന്‍റെ ജനപ്രീതിയുടെ ഉരകല്ലാകും ഇത്തവണത്തെ തിര‍ഞ്ഞെടുപ്പ്. ത്രികോണമല്‍സരം. രണ്ടു തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാവാണ് രമണ്‍ സിങ്. ഛത്തീസ്ഗഡിന്‍റെ നാടീമിടിപ്പ് തെട്ടറിയാവുന്ന ആയുര്‍വേദ ഡോക്ടര്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ അവസാനവാക്കായിരുന്ന അജിത് ജോഗി ഇത്തവണ സ്വന്തം പാര്‍ട്ടിയായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡുമായാണ് മല്‍സരരംഗത്തുള്ളത്. ഛത്തീസ്ഗഡ് രൂപീകരിച്ചപ്പോള്‍ ആദ്യ മുഖ്യമന്ത്രിയായിരുന്നു അജിത് ജോഗി. രാജീവ് ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരം സിവില്‍ സര്‍വീസില്‍ നിന്ന് രാഷ്ട്രീയത്തിേലയ്ക്ക് കൂടുമാറി. സംസ്ഥാന അധ്യക്ഷന്‍ ബുപേഷ് ബാഗലാണ് കോണ്‍ഗ്രസിന്‍റെ എടുത്തുപറയാവുന്ന നേതാവ്. അജിത് ജോഗിയുടെ പഴയ സഹപ്രവര്‍ത്തകന്‍. ഒബിസി വിഭാഗത്തിന്‍റെ പിന്തുണ ഉറപ്പിക്കാനാണ് ബുപേഷ് ബാഗലിനെ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ശ്രമിക്കുന്നത്.  വികസനപ്രവര്‍ത്തനങ്ങളും ഭക്ഷ്യപൊതുവിതരണ പദ്ധതിയടക്കമുള്ള ജനക്ഷേമ പരിപാടികളുമാണ് ബിജെപിയുടെ തുറപ്പുചീട്ട്. 

വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്‍റെ ഏക ആശ്വാസത്തുരുത്താണ് മിസോറം. അത് നഷ്ടമാകാതെ കാക്കണം. 1984 മുതല്‍ അഞ്ചുതവണയായി മുഖ്യമന്ത്രി പദം വഹിച്ച ലാല്‍ തന്‍ഹാവ്‍ലയാണ് കോണ്‍ഗ്രസിലെ കരുത്തന്‍. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏക കോണ്‍ഗ്രസ് മന്ത്രി. മറുവശത്ത് , മിസോ നാഷനല്‍ ഫ്രണ്ട് അധ്യക്ഷന്‍ സോറംതാംഗ. 1998 മുതല്‍ 2008വരെ തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് കാര്യമായ ശക്തിയില്ല. അതുകൊണ്ട് കിട്ടുന്നതെല്ലാം നേട്ടമാണ്. വടക്കേന്ത്യയില്‍ ഇളക്കം തട്ടിയാലും ആ കുറവ് വടക്കുകിഴക്ക് പരിഹരിക്കുക എന്നാണ് ബിജെപി നയം. മിസോറമില്‍ പരമാവധി താമര വിരിയിക്കാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകും. 

ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന പിറവിയെടുത്തത് 2014ലാണ്. ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2013ലാണ്. സംസ്ഥാനം പിറവിയെടുത്തശേഷം ആദ്യമായി പോളിങ്ങ് ബൂത്തിലേയ്ക്ക് പോകാന്‍ ഒരുങ്ങുകയാണ്. തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു കാലാവധി തികയും മുന്‍പ് നിയമസഭ പിരിച്ചുവിടുകയായിരുന്നു. തിരിച്ചുവരുമെന്ന തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ് കെസിആര്‍. 2013 ല്‍ ടിആര്‍എസ് 63 ഉം കോണ്‍ഗ്രസ് 21 ടിഡിപി 15 ഉം സീറ്റുകള്‍ നേടി. തെലങ്കാന സംസ്ഥാന രൂപീകരണത്തിലേയ്ക്ക് നയിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവണ് ചന്ദ്രശേഖര്‍ റാവു. കോണ്‍ഗ്രസ് തെലുങ്കുദേശവുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ്. തെലങ്കാനയില്‍ ടിഡിപിയുമായുള്ള സഖ്യം ദൃഢമായാല്‍ അപ്പുറത്ത് ആന്ധ്രയിലും ഗുണം ചെയ്യും. സംസ്ഥാന അധ്യക്ഷനും നാലു തവണ നിയമസഭാംഗവുമായ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ആരുമായും സഖ്യത്തിനില്ലെന്നാണ് ബിജെപി നിലപാട്. പക്ഷെ, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തെലങ്കാന രാഷ്ട്ര സമിതിയുമായി ബിജെപി സഹകരിക്കാന്‍ സാധ്യതയേറെയുണ്ട്. മോദിയുടെ ചരടുവലിക്ക് അനുസരിച്ചാണ് ചന്ദ്രശേഖര്‍ റാവു പ്രവര്‍ത്തിക്കുന്നതെന്ന അണിയറ സംസാരം ഇപ്പോഴേയുണ്ട്. സഖ്യം യഥാര്‍ഥ്യമായാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ കരുത്ത് കൂടും. 

ഉത്തര്‍പ്രദേശിലെ ദലിത് വോട്ട് ബാങ്കിന് പുറത്തും കരുത്തുണ്ടെന്ന് തെളിയിക്കാനാണ് ബിഎസ്പി നേതാവ് മായാവതിയുടെ നീക്കം. സീറ്റ് നിര്‍ണയത്തില്‍ കോണ്‍ഗ്രസ് കാണിച്ച കടുംപിടുത്തമാണ് വിശാലസഖ്യത്തിന്‍റെ കുടക്കീഴില്‍ നിന്ന് മാറിനില്‍ക്കാന്‍ ബെഹന്‍ജിയെ പ്രേരിപ്പിച്ചത്. അധികാരം പിടിക്കാന്‍ കഴിയില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിയാന്‍ മായാവതിയുടെ ഒറ്റയാന്‍ സഞ്ചാരം  ഇടയാക്കും.   

ബിജെപിക്കെതിരെ ദേശീയതലത്തില്‍ വിശാലസഖ്യത്തിന് കോണ്‍ഗ്രസ് അരയും തലയും മുറുക്കി ഇറങ്ങുന്നതിനിടയിലാണ് മായാവതിയുടെ പിണങ്ങിപ്പോക്ക്. പിന്നാലെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിനെതിരെ വെടിപൊട്ടിച്ചു. മായാവതി കരുത്ത് തെളിയിക്കാന്‍ ഒരുങ്ങുകയാണ്. ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് കിങ് മേക്കറാകുക. 2019 ല്‍ സമയവായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുക. ഛത്തീസ്ഗഡില്‍ അജിത് ജോഗിയുമായി സഹകരിക്കും. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സീറ്റുവീതംവെയ്പ്പിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു. രാജസ്ഥാനിലാകട്ടെ വിജയപ്രതീക്ഷയില്‍ കോണ്‍ഗ്രസ് കാണിച്ച താന്‍പോരിമയും. മധ്യപ്രദേശില്‍ ഗ്വാളിയാറിലെ ചില മേഖലകളിലും ചംബാല്‍, വിന്ധ്യാ പ്രദേശത്തും ബിഎസ്പിക്ക് കരുത്തുണ്ട്. രാജസ്ഥാനിലാകട്ടെ പട്ടിക വിഭാഗങ്ങള്‍ക്ക് അംഗബലമുള്ള കിഴക്കന്‍ ജില്ലകളിലും.

കാല്‍ച്ചുവട്ടിലെ വെള്ളം ഒലിച്ചുപോയ്ക്കൊണ്ടിരിക്കുമ്പോഴും എവിടെ നില്‍ക്കണം എന്നറിയാത്ത അവസ്ഥയിലാണ് സിപിഎം. കഠിനമായ പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ കാലം കഴിയുകയാണ്. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എന്തുകാര്യമെന്ന് ചോദിക്കുന്നവരുണ്ടാകാം. ബിജെപി തോല്‍പ്പിക്കണം. പക്ഷെ എങ്ങിനെ തോല്‍പ്പിക്കണം. കോണ്‍ഗ്രസിന്‍റെ കൂട്ടുകൂടണോ? എത്ര ചര്‍ച്ച നടത്തിയിട്ടും സിപിഎമ്മിന് തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച അന്ന് മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങിയത് യാദൃശ്ചികതയാകാം. ഒടുവില്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണ്ട. സ്വന്തം നിലയ്ക്ക് കരുത്ത് തെളിയിക്കാം. കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലി ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സിപിഎം നേരിട്ടത്. വിശാലസഖ്യം സാധ്യമല്ലെന്നാണ് പാര്‍ട്ടി നിലപാട്. കേന്ദ്ര ഭരണത്തില്‍ കോണ്‍ഗ്രസിന് പുറത്തുനിന്ന് പിന്തുണ നല്‍കിയ 2004ലെ മാതൃക സിപിഎം തള്ളിക്കളഞ്ഞിട്ടില്ല. ദേശീയ തലത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാന്‍ അഞ്ചിടങ്ങളിലെ ജനവിധി സ്വാധീനചെലുത്തുമെന്ന് ഉറപ്പ്.

അഭിപ്രായസര്‍വേകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും അധികാരം പിടിച്ചെടുക്കുമെന്നാണ് പ്രവചനം. പക്ഷെ അവസാന ലാപ്പുകളിലേയ്ക്ക് കടക്കുമ്പോള്‍ ബിജെപി പിടിമുറക്കുന്നത് പ്രകടമായിക്കഴിഞ്ഞു. പോരാട്ടം കടുക്കുമെന്ന് ഉറപ്പ്. ചിത്രം എങ്ങിനെവേണമെങ്കിലും മാറാം.

MORE IN INDIA BLACK AND WHITE
SHOW MORE