റഫാലില്‍ നുണ പറയുന്നതാരാണ് ?

rafale-india-black-and-white
SHARE

റഫാല്‍ യുദ്ധ വിമാന ഇടപാടിന്‍റെ പേരിലുള്ള വിവാദങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ നീറിപ്പുകയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ബിജെപിയും കോണ്‍ഗ്രസും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടയിലാണ് ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. അതോടെ, റഫാല്‍ വിവാദത്തിന്‍റെ ഗതിമാറി. നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായി. കുരുക്കുമുറുകി. കോണ്‍ഗ്രസിന് ആത്മവിശ്വാസമേറി.  

ഫ്രാന്‍സ്വ ഒലോന്‍ദ്. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് പൊട്ടിച്ച വിവാദ ബോംബില്‍ അടിമുടി ഉലഞ്ഞ് ഉത്തരം മുട്ടി നില്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കാന്‍ ആവശ്യപ്പെട്ടത് ഇന്ത്യ സര്‍ക്കാരാണെന്നായിരുന്നു വെളിപ്പെടുത്തല്‍. ഫ്രഞ്ച് വെബ്സൈറ്റായ മീഡിയാ പാര്‍ട്ടിനോടാണ് ഫ്രാന്‍സ്വ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആര്‍ക്കുവേണ്ടിയാണ് റഫാല്‍ ഇടപാടിന്‍റെ കാര്യത്തില്‍ ഒളിച്ചുകളി നടത്തുന്നത്? പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിവിട്ട ചോദ്യത്തിന്‍റെ ഉത്തരത്തിലേയ്ക്കാണ് ഫ്രാന്‍സ്വ വിരല്‍ ചൂണ്ടുന്നത്. അതെ, അനില്‍ അംബാനി. റഫാല്‍ ഇടപാടിലെ വിവാദങ്ങളുടെ മര്‍മ്മം അനില്‍ അംബാനിയാണ്. വന്‍കിട വ്യവസായികളോട് നരേന്ദ്ര മോദി സര്‍ക്കാരിനുള്ള അമിത സ്നേഹമാണ്.

പാക്കിസ്ഥാന്‍, ചൈന എന്നീ അയല്‍ക്കാരില്‍ നിന്നുളള ഭീഷണി വര്‍‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധ വിമാനശേഖരം വര്‍ധിപ്പിക്കണമെന്ന് വ്യേമസേന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 2000ലാണ്. 126 വിമാനങ്ങള്‍ ആവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം കണ്ടെത്തി. ഏറെ നാളത്തെ വിലപേശലകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊക്കെ ഒടുവിലാണ് സാധാരണയായി ഇന്ത്യ പ്രതിരോധ കരാറുകളില്‍ ഒപ്പുവെയ്ക്കാറ്. 

യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് യുദ്ധ വിമാന ഇടപാടിന്‍റെ തുടക്കം. 2007 ല്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു. കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച ഫ്രഞ്ച് വിമാന കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്ന് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. 2012ല്‍. 18 വിമാനങ്ങള്‍ വാങ്ങാനും ബാക്കി 108 എണ്ണം സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമായിരുന്നു നീക്കം. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റിഡിന് നിര്‍മ്മാണച്ചുമതല നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ അന്തിമ കരാര്‍ ഒപ്പിടാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. വിമാനങ്ങളുടെ ആജീവനാന്ത പരിപാലന ചെലവ് അഥവാ ലൈഫ് സൈക്കിള്‍ കോസ്റ്റ് കൂടി കരാറിന്‍റെ ഭാഗമാക്കണമെന്ന നിര്‍ദേശം ധനമന്ത്രാലയം തടഞ്ഞതാണ് കരാര്‍ വഴിമുട്ടാന്‍ കാരണം.

Thumb Image

അതിനിടെ ഭരണം മാറി. നരേന്ദ്ര മോദി അധികാരത്തില്‍. യുപിഎ ഭരണകാലത്ത് പ്രതിരോധ ഇടപാടുകള്‍ ഇഴഞ്ഞുനീങ്ങിയതിനാല്‍ സൈന്യം കാലത്തിനനുസരിച്ച് മാറാന്‍ കഴിയാതെ, അത്യാധുനിക ആയുധശേഖരമില്ലാതെ വലയുകയാണെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് മോദി റഫാല്‍ ഇടപാട് തിടുക്കപ്പെട്ട് യാഥാര്‍ഥ്യമാക്കി. 

പൂര്‍ണ യുദ്ധ സജ്ജമായ 36 വിമാനങ്ങള്‍ ഡാസോയില്‍ നിന്നു വാങ്ങാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറില്ല. കരാര്‍ സ്വന്തമാക്കുന്ന വിദേശ കമ്പനി തുകയുടെ പകുതി ഇന്ത്യയില്‍ നിക്ഷേപിക്കണമെന്ന് വ്യവസ്ഥയോടെ അനുബന്ധ കരാറും. ഡാസോ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപത്തിന്‍റെ ഭാഗമായി വിവധ സാമഗ്രികളും ഉപകരണങ്ങളും നിര്‍ക്കുന്നതില്‍ റിലയന്‍സ് പങ്കാളിയായതോടെയാണ് ഇടപാട് സംശയത്തിന്‍റെ നിഴലിലായത്. 

ഇന്ത്യന്‍ പ്രതിരോധ ഇടപാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒാഫ്സെറ്റ് കരാരാണ് അഥവാ അനുബന്ധ കരാരാണ് റിലയന്‍സിന് ലഭിച്ചത്. 30,000 കോടി രൂപ. പക്ഷെ റിലയന്‍സിന്‍റെ നേട്ടം ഇതില്‍ ഒതുങ്ങുന്നില്ല. യുദ്ധ വിമാനത്തിന്‍റെ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിന് പുറമേ 50 വര്‍ഷത്തേയ്ക്ക് വിമാനങ്ങളുടെ പരിപാലനം, നവീകരണം, അറ്റകുറ്റപ്പണി എന്നിവയുടെ ചുമതലയും റിലയന്‍സിന് കിട്ടും. അടുത്ത അന്‍പത് വര്‍ഷത്തേയ്ക്ക് ലക്ഷ്യമിടുന്ന വരുമാനം ഒരുലക്ഷം കോടി രൂപയാണെന്ന് റിലയന്‍സ് തന്നെ പറയുന്നു.

പാരീസില്‍വെച്ചാണ് റഫാല്‍ ഇടപാടിന്‍റെ പ്രഖ്യാപനം മോദി നടത്തിയത്. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ. 2015 ഏപ്രില്‍ 10ന്. ഫ്രാന്‍സ്വ ഒലോന്‍ദ് ആയിരുന്നു അപ്പോള്‍ ഫ്രഞ്ച് പ്രസിഡന്‍റ്. ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ നിര്‍ണയാകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് മോദി പ്രഖ്യാപിക്കുന്നതിനും 13 ദിവസം മുന്‍പാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് എന്ന കമ്പനി പിറവിയെടുത്തത്. 2015 മാര്‍ച്ച് 28.

പൊതുമേഖല സ്ഥാപനമായ എച്ച്.എ.എലിനെ ഒഴിവാക്കി പ്രതിരോധ നിര്‍മ്മാണ രംഗത്ത് യാതൊരു അനുഭവസമ്പത്തുമില്ലാത്ത സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. പ്രധാനമന്ത്രി തന്‍റെ ഇഷ്ടക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിക്കൊടുത്തുവെന്ന പ്രതിപക്ഷ ആരോപണം വെറും ആരോപണം മാത്രമല്ല എന്ന് ജനങ്ങള്‍ക്ക് തോന്നുന്നത് ഇതുകൊണ്ടുതന്നെയാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ അനില്‍ അംബാനിക്ക് റഫാല്‍ പിടിവള്ളിയായി. പ്രതിരോധ കരാര്‍ അഴിമതിയുടെ പുകമറയിലും.

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ അതിനോട് മുഖം തരിച്ചതോടെ സിഎജിയുടെയും കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍റെയും വാതില്‍ കോണ്‍ഗ്രസ് മുട്ടി. 

കോണ്‍ഗ്രസ് നരേന്ദ്ര മോദിക്കെതിരെ ആക്രമണം ശക്തമാക്കുമ്പോള്‍ ബിജെപി ഉന്നമിടുന്നത് ഗാന്ധി കുടുംബത്തെയാകെയാണ്. രാജ്യാന്തര ഗൂഡാലോചന കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ ആരോപണം. രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാട് അട്ടിമറിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‍രയ്ക്കുവേണ്ടിയാണെന്ന വാദവും ബിജെപിയുടേതായുണ്ട്. വാധ്‍രയ്ക്ക് താല്‍പര്യമുള്ള കമ്പനിയെ ഒഴിവാക്കിയതാണ് കാരണമത്രേ. പാക്കിസ്ഥാന്‍ ബന്ധവും ബിജെപി ഉയര്‍ത്തിവിട്ടു. ദേശീയ രാഷ്ട്രീയം തിളിച്ചുമറിയുമ്പോള്‍ നയതന്ത്ര‌ ബന്ധം ഉലയുമോയെന്ന ആശങ്കയാണ് ഫ്രാന്‍സിന്. വാക്പോരുകള്‍ക്കിടയില്‍ വസ്തുതകള്‍ രാജ്യത്തിന് മുന്‍പാകെ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുന്നു. ഏതായാലും പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് ഇടം അടയാളപ്പെടുത്താന്‍ റഫാല്‍ അവസരമൊരുക്കിയിട്ടുണ്ട്.

MORE IN INDIA BLACK AND WHITE
SHOW MORE