മല്യയെ 'പറത്തിയ' ഉന്നതനാര്? ജയ്റ്റലി സംശയ നിഴലിൽ

vijay-mallya
SHARE

ഉല്ലാസപ്പറവയെ നിയമത്തിന്‍റെ വലയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഉന്നതനാരാണ്? പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ആരോപണങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറച്ച് മിണ്ടാട്ടം മുട്ടിനില്‍ക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ അടക്കമുള്ള വിവാദ വ്യവസായികളുടെ ഉന്നത ബന്ധം പ്രതിപക്ഷത്തിന് വലിയ രാഷ്ട്രീയ ആയുധമായി. ആരോപണങ്ങള്‍ തുളവീഴ്ത്തുന്നത് നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്കുമേലാണ്.

2018 സെപ്റ്റംബര്‍ 12. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍വെച്ചാണ് ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച ആ വിവാദബോംബ് വിജയ് മല്യ പൊട്ടിച്ചത്. 

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ മുങ്ങിയ വിവാദ വ്യവസായിയുടേതാണ് വെളിപ്പെടുത്തല്‍. ഇന്ത്യ വിടും മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നു.

ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിലുള്ള ആരോ മല്യയെ സഹായിച്ചുവെന്ന നേരത്തെയുള്ള ആരോപണം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. മല്യയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍ രണ്ട് കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, മല്യയുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മോദി സര്‍ക്കാരിന് അറിയാമായിരുന്നു. 

രണ്ട്, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്യം വിടുമെന്ന് ധനമന്ത്രി കൂടിയായ കേന്ദ്രമന്ത്രിസഭയിലെ ഉന്നതന് അറിയാമായിരുന്നിട്ടും തടഞ്ഞില്ല. രാജ്യത്തെ നിയമങ്ങള്‍ക്ക് പിടിതരാതെ വിദേശത്ത് വിലസുന്ന മല്യയുടെ വെളിപ്പെടുത്തല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിശ്വാസ്യതയ്ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. മല്യയെ കണ്ടില്ല എന്ന് അരുണ്‍ ജയ്റ്റ്ലിയും പറയുന്നില്ല. കണ്ടത് ഒരു നിമിഷത്തേയ്ക്കായിരുന്നുവത്രേ. ജയ്റ്റ്ലിയ്ക്ക് പറയാനുള്ളത് ഇതാണ്. 

2016 മാര്‍ച്ച് രണ്ടിനാണ് മദ്യ വ്യവസായിയും കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമൊക്കെയായ വിജയ് മല്യ വിദേശത്തേയ്ക്ക് കടന്നത്.

രാജ്യസഭാംഗമായ മല്യ അതിന് തലേന്ന് പാര്‍ലമെന്‍റില്‍ എത്തിയിരുന്നു. മല്യയെ അരുണ്‍ ജയ്റ്റ്ലി വഴിയില്‍വച്ച് കാണുകയായിരുന്നില്ല, വിദശമായ ചര്‍ച്ച ഇരുവരും നടത്തിയിരുന്നുവെന്നാണ് സാക്ഷിയെ നിരത്തി കോണ്‍ഗ്രസ് ആരോപിക്കുന്നത്.

വിവാദം ആളിക്കത്തുന്നതിനിടയില്‍‌ പുതിയ വിശദീകരണവുമായി മല്യയെത്തുകയും ചെയ്തു. ജയ്റ്റ്ലിയെ കണ്ടത് യാദൃശ്ചികമായാണത്രേ. മറ്റ് പല നേതാക്കളെയും കണ്ട കൂട്ടത്തില്‍ ജയ്റ്റ്ലിയെയും കണ്ടിരുന്നു.

അപ്പോഴും നേരത്തെ പറഞ്ഞ രണ്ട് കാര്യങ്ങളില്‍ നിന്ന് മല്യ പിന്നോട്ട് പോയില്ല. ഒന്ന്, ബാങ്കുകളുമായുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. രണ്ട്, വിദേശത്തേയ്ക്ക് പോകുമെന്ന് സൂചിപ്പിച്ചിരുന്നു.

വിജയ് മല്യയെന്ന പിടികിട്ടാപ്പുള്ളിയെ വിശ്വസിക്കണോ? അരുണ്‍ ജയ്റ്റ്ലിയെന്ന കേന്ദ്ര ധനമന്ത്രിയെ വിശ്വസിക്കണോ? തട്ടിപ്പുനടത്തി നാടുവിട്ട ഒരു നുണയന്‍റെ വാക്കുകള്‍ എന്തിന് വിശ്വസിക്കണം എന്നാണ് ബിജെപിയും ശിവസേനയുമൊക്കെ ചോദിക്കുന്നത്. പക്ഷെ കാര്യങ്ങള്‍ അങ്ങിനെയല്ല.  മല്യയുടെ വെളിപ്പെടുത്തല്‍ പൂര്‍ണമായും തള്ളിക്കളയാനോ, ജയ്റ്റ്ലിയുടെ വിശദീകരണം വെള്ളംതൊടാതെ വിഴുങ്ങാനോ രാജ്യം ഇനിയും തയ്യാറായിട്ടില്ല. ജയ്റ്റ്ലിയുടെ വിശ്വാസ്യത ചോര്‍ന്നുപോകുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നതും ഇവിടെയാണ്. 

എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമുണ്ട്. ഒരു സ്വകാര്യസംഭാഷണം വെളിപ്പെടുത്തേണ്ട ബാധ്യത അരുണ്‍ ജയ്റ്റ്ലിക്കെന്നല്ല ആര്‍ക്കുമില്ല. എന്നാല്‍ ഒരു പിടികിട്ടാപ്പുള്ളി പറഞ്ഞ കാര്യങ്ങള്‍ രണ്ട് വര്‍ഷം കേന്ദ്രധനമന്ത്രി മറച്ചുപിടിച്ചതില്‍ അസ്വാഭാവികതയുണ്ട്. തീര്‍ച്ച. കണ്ടത് ഒരു നിമിഷമായിരുന്നോ, ഒരു മണിക്കൂറായിരുന്നോ എന്നതില്‍ കാര്യമില്ല. 

എന്ത് പറഞ്ഞു എന്നതിലാണ് കാര്യം. വിജയ് മല്യ വിഷയം പാര്‍ലമെന്‍റിനകത്തും പുറത്തും പലതവണ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍പോലും അരുണ്‍ ജയ്റ്റ്ലി ഇപ്പോള്‍ വിശദീകരിച്ച് വിയര്‍ക്കുന്ന കാര്യങ്ങളെക്കുറിച്ച് മിണ്ടിയിട്ടില്ല. പിടികിട്ടാപ്പുള്ളിയുടെ വാക്കുകള്‍ ചുമ്മതങ്ങ് തള്ളിക്കളയേണ്ടതില്ലെന്ന് പൊതുസമൂഹത്തിന് തോന്നുന്നത് അതുകൊണ്ടാണ്. ജയ്റ്റ്ലിയെന്ന കേന്ദ്രധനമന്ത്രിയുടെ വിശ്വസ്യത ചോദ്യമുനയില്‍ നില്‍ക്കുന്നതും അതുകൊണ്ട് തന്നെ. 

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പറഞ്ഞ സുപ്രധാനമായ ഒരു കാര്യം ഇതിനോട് ചേര്‍ത്തുവായിക്കണം. ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഒാഫീസിെനയും ധനമന്ത്രിയെയും അറിയിച്ചിരുന്നു.

എന്നാല്‍ ഒരു നടപടിയുമുണ്ടായില്ലെന്നും പാര്‍ലമെന്‍റിന്‍റെ എസ്റ്റിമേറ്റ്സ് കമ്മിറ്റിക്ക് നല്‍കിയ സത്യവാങ് മൂലത്തില്‍ രഘുറാം രാജന്‍ വെളിപ്പെടുത്തുന്നു. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി, ലളിത് മോദി, വിക്രം കോത്താരി, ജതിന്‍ മേത്ത, സഞ്ജയ് ഭണ്ഡ‍ാരി എന്നിങ്ങനെ നീളുന്നു ബാങ്കുകളെ പറ്റിച്ച വമ്പന്‍മാരുടെ പട്ടിക. 

കഴിഞ്ഞ നാല് വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും നേരിട്ടിട്ടാത്ത പ്രതിസന്ധികളുടെ നീര്‍ച്ചുഴിയിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പെട്ടിട്ടുള്ളത്. തിരിച്ചുവരാന്‍ പെടാപ്പാടുപെടുന്ന കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു.

ആക്രമണം നരേന്ദ്ര മോദിയിലേയ്ക്ക് തിരിച്ചു. മല്യയ്ക്ക് വഴിവിട്ട രീതിയില്‍ വായ്പ തരപ്പെടുത്തിക്കൊടുത്തതും തിരിച്ചടവ് വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തിയതും യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്ന് ബിജെപിയുടെ മറുവാദം.

ഒന്നും രണ്ടുമല്ല 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കം ഒരു ഡസനോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ ചതിച്ചാണ് വിജയ് മല്യ വിദേശത്തേയ്ക്ക് കടന്നത്. കോണ്‍ഗ്രസ് ഭരണകാലത്തും വിജയ് മല്യയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത് യഥാര്‍ഥ്യമാണ്. പക്ഷെ ഇതുകൊണ്ട് ബിജെപി കുറ്റവിമുക്തമാകുന്നില്ല. 

മല്യ രാജ്യം വിട്ടത് എങ്ങിനെയെന്ന ചോദ്യത്തിന് മല്യയ്ക്ക് വായ്പ നല്‍കിയത് കോണ്‍ഗ്രസാണ് എന്ന് മറുപടി പറഞ്ഞാല്‍ ശരിയാകില്ല. സാമ്പത്തിക കുറ്റവാളി വിദേശത്തേയ്ക്ക് പോകുന്നുമെന്ന് അറിഞ്ഞിട്ടും തടയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് അരുണ്‍ ജയ്റ്റ്ലിയും നരേന്ദ്ര മോദി സര്‍ക്കാരും മറുപടി പറയേണ്ടത്. 

മല്യ ഇങ്ങിനെയൊരു പണിതരുമെന്ന് ജയ്റ്റ്ലി ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. വിപുലമായ ബിസിനസ് ശൃംഖലയുള്ള, പാര്‍ലമെന്‍റ് അംഗമായ, നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന ഒരാള്‍ ഇങ്ങനെ കടന്നുകളയുമെന്ന് കരുതിയിരുന്നില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വാദിക്കുന്നു.

മല്യക്കെതിരായ ലുക്ക് ഒൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി സിബിെഎയും ബോധപൂര്‍വം വീഴ്ച്ചവരുത്തി. യാത്ര തടയണം എന്നത് വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ യാത്രയെക്കുറിച്ച് അറിയിച്ചാല്‍ മതിയെന്നായി മാറി. പന്ത്രണ്ട് പെട്ടികളുമായി രാജ്യം വിടാന്‍ മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ആര്‍ക്കും ഒരു സംശയവും തോന്നിയില്ല.

മല്യയ്ക്കെതിരായ ലുക്ക് ഒൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയത് ധാരണാപ്പിശകിന്‍റെ ഭാഗമായിരുന്നുവെന്ന് വാദിച്ച് തടിതപ്പാനാണ് സിബിെഎ ശ്രമം. 2015 ഒക്ടോബര്‍ 16 നും നവംബര്‍ 24 നുമാണ് സിബിെഎ ലുക്ക് ഒൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നത്.

മല്യയെ അറസ്റ്റു ചെയ്യേണ്ടതിലെന്നും യാത്രയെക്കുറിച്ച് അറിയിച്ചാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ സിബിെഎ മുംബൈ പൊലീസിനെ രേഖാ മൂലം അറിയിച്ചത്. മല്യയെ വിട്ടുകിട്ടാന്‍ ലണ്ടനില്‍ ഇന്ത്യയിപ്പോള്‍ നിയമപ്പോരാട്ടം നടത്തുകയാണ്. 

ലുക്ക് ഒൗട്ട് നോട്ടിസ് ദുര്‍ബലപ്പെടുത്തി മല്യയ്ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സിബിെഎ ജോയിന്‍റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ്മയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ ശര്‍മ്മ നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

ആഘോഷങ്ങളുടെ പര്യായപദമാണ് വിജയ് മല്യയെന്ന പേര്. പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് ഇപ്പോഴുള്ളതെങ്കില്‍ ഒരു കാലത്ത് അതിസമ്പന്നരുടെ പട്ടികയിലായിരുന്നു ആ പേരുണ്ടായിരുന്നത്. ഇപ്പോഴാണ് മല്യയെ കുറ്റവാളിയെന്ന് വിളിക്കാന്‍ ചിലരുടെയെങ്കിലും നാവുപൊന്തിയത് പോലും. പാര്‍ട്ടി ഭേദമില്ലാതെ നേതാക്കള്‍ ഈ മദ്യ രാജാവിന് മുന്നില്‍ വിനീത വിധേയരായി നിന്നിരുന്ന നാളുകള്‍ അത്ര വിദൂരെയായിരുന്നില്ല.  

ജനാധിപത്യം പണാധിപത്യത്തിന് മുന്നില്‍ നട്ടെല്ല് വളയ്ക്കുന്ന രാഷ്ട്രീയ വഴികളിലെ താരങ്ങളിലെന്നാണ് വിജയ് മല്യ. 2010ല്‍ ജനതാ ദള്‍ എസും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാണ് ഈ അതിസമ്പന്നനെ രാജ്യസഭയിലെത്തിച്ചത്.

വ്യവസായികള്‍ ഇന്ത്യയുടെ നിയനിര്‍മ്മാണ സഭയില്‍ എത്തുക മാത്രമല്ല, നിര്‍ണായക തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. പാര്‍ലമെന്‍റ് അംഗത്തിന്‍റെ എല്ലാ പ്രിവിലേജുകളും ആസ്വദിക്കുന്നു. കിങ്ഫിഷര്‍ എയര്‍ൈലന്‍സിന് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വായ്പങ്ങള്‍ നേടിയെടുത്തു. 

പാര്‍ലമെന്‍റിന്‍റെ വ്യോമയാന കൂടിയാലോചന സമിതിയിലും വാണിജ്യകാര്യ സ്ഥിരം സമിതിയിലും മല്യ ഇടം പിടിച്ചു. വിമാന കമ്പനികളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ അനുവദിക്കണം, വിമാനങ്ങളില്‍ ബിയര്‍ വിളമ്പണം തുടങ്ങി സ്വന്തം വാണിജ്യ താല്‍പര്യങ്ങള്‍ പാര്‍ലമെന്‍റ് വഴി നേടിയെടുത്തു. ഉള്ള സമ്പത്ത് ധൂര്‍ത്തടിച്ച ശേഷം സഹ്രസകോടികളുടെ വായ്പയെടുത്ത് വിദേശത്ത് സുരക്ഷിതമായ ആഘോഷ ജീവിതം.

രാജ്യത്തെ കബളിപ്പിച്ച മല്യയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം പോലും ജനപ്രതിനിധികള്‍ക്ക് ഉണ്ടായില്ല എന്നതാണ് നടുക്കുന്ന യാഥാര്‍ഥ്യം. ഒൗദാര്യം പോലെ മല്യ എം.പി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.  

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ടെലിവിഷന്‍, പാശ്ചാത്യശൈലിയിലുള്ള ശുചിമുറി, സൂര്യപ്രകാശം കടക്കുന്ന നടുമുറ്റം, പ്രത്യേക സുരക്ഷാ ജീവനക്കാര്‍, നാലുനേരം സമൃദ്ധമായ ഭക്ഷണം തുടങ്ങി ഒരുപാട് സൗകര്യങ്ങളൊരുക്കി അതിസമ്പന്നനായ കുറ്റവാളിയെ കാത്തിരിക്കുകയാണ് ഇന്ത്യയെന്ന ദരിദ്രരാജ്യം. മല്യയെ കുടുക്കാനുള്ള നെഞ്ചൂക്ക് മോദിക്കുണ്ടോയെന്നറിയാന്‍ കാത്തിരിക്കാം. എന്തുചെയ്യാം നമ്മുടെ ജനാധിപത്യം ഇങ്ങിനെയൊക്കെയാണ്. 

ഇന്ത്യയുടെ അധികാരവ്യവസ്ഥയെ പാര്‍ലമെന്‍റിലിരുന്നും അല്ലാതെ പിന്‍സീറ്റിലിരുന്നും നിയന്ത്രിക്കുന്ന മല്യമാര്‍ ഇനിയുമേറെയുണ്ട്. അവര്‍ക്കു മുന്നില്‍ റാന്‍ മൂളിനില്‍ക്കുന്ന ഭരണാധികാരികള്‍‌ക്ക് കാലം സ്ഥാനം പിടികിട്ടാപ്പുള്ളികളുടേതിനേക്കാള്‍ താഴെയായിരിക്കും. 

MORE IN INDIA BLACK AND WHITE
SHOW MORE