മൂടിവെയ്ക്കാൻ ശ്രമിച്ചിട്ടും ഉയരുന്ന ഹരിയാനയിലെ പെണ്‍വിലാപങ്ങള്‍

rape
SHARE

ഹരിയാനയിലെ റിവാഡിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. കേസിലെ മുഖ്യപ്രതി പങ്കജ് സൈനികനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പന്ത്രണ്ടോളം പേര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഹരിയാനയിലെ നിലയ്ക്കാത്ത പെണ്‍വിലാപങ്ങള്‍.

റിവാഡിയില്‍ പത്തൊന്‍പതുകാരി ലൈംഗിക പീഡനത്തിന് ഇരയായത് ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍നിരയിലുള്ള സംസ്ഥാനമാണ് ഹരിയാന. അതുകൊണ്ടുതന്നെയാണ് റിവാഡി സംഭവം ഏറെ ചര്‍ച്ചയാകുന്നത്. ഒാരോ പെണ്‍വിലാപങ്ങളും മൂടിവെയ്ക്കാന്‍ ഭരണകൂടം ഏങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് റിവാഡി ചൂണ്ടിക്കാട്ടുന്നു. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികില്‍സ നല്‍കിയില്ല. കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. 

കേസെടുക്കാന്‍ വൈകിയത് പ്രതികള്‍ക്ക് തുണയായി. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടായിരുന്നതിനാല്‍ കേസ് അന്വേഷിക്കാന്‍ ആവശ്യത്തിന് പൊലീസ് ഇല്ലെന്നാണ് വിശദീകരണം. ഈ വീഴ്ച്ചകള്‍ക്കിടയിലാണ് ബിജെപി എം.എല്‍.എയുടെ വിവാദമായ പ്രസ്താവനയും. തൊഴിലില്ലായ്മയും അസംതൃപ്തിയുമാണത്രേ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിന് കാരണം. 

രാജ്യവും ഹരിയാനയും ഭരിക്കുന്ന പാര്‍ട്ടിയുടെ ജനപ്രതിനിധി ഏതായാലും ചില കാര്യങ്ങള്‍ സമ്മതിച്ചുതരുന്നുണ്ട്. ജനങ്ങള്‍ അസംതൃപ്തരാണ്. സ്ത്രീകള്‍ സുരക്ഷിതരല്ല. തൊഴിലില്ലായ്മയുണ്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2016ലെ കണക്കുനോക്കിയാല്‍ ഹരിയാനയില്‍ 1187 ബലാല്‍സംഗങ്ങള്‍ നടന്നു. 191 കൂട്ടബലാല്‍സംഗങ്ങള്‍. 3314 ഗാര്‍ഹിക പീഡനങ്ങള്‍. 260 സ്ത്രീധന പീഡനമരണങ്ങള്‍.

ഹരിയാനയില്‍ സര്‍ക്കാരുകള്‍ മാറിയെങ്കിലും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ തലകുനിച്ചു നില്‍ക്കണ്ട അവസ്ഥയാണ്. പറഞ്ഞുവെച്ചത് റജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ മാത്രമാണ്. അറിയപ്പെടാതെ പോകുന്ന വിലാപങ്ങള്‍ ഇനിയുമോറെയുണ്ടെന്ന് ഒാര്‍ക്കണം.

MORE IN INDIA BLACK AND WHITE
SHOW MORE