മഴവില്‍ അഴകില്‍ മൗലികാവകാശം; ചരിത്രപരമായ തിരുത്ത്

section-377
SHARE

അങ്ങനെ മൗലികാവകാശങ്ങളുടെ മഴവില്ലഴകിലേയ്ക്ക് നമ്മുടെ ജനാധിപത്യം ചുവടുവെച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പില്‍ ചരിത്രപരമായ തിരുത്ത്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ ചെയ്യുന്ന സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതിയുട ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധിച്ചത്. പ്രണയത്തിലെ വിവേചനങ്ങള്‍ക്ക് വിരാമം. വൈധ്യങ്ങളുടെ ആഘോഷങ്ങള്‍ക്ക് കോടതി പൂര്‍ണ സമ്മതം.

വിജയിച്ചത് ലൈംഗികതയ്ക്ക് വേണ്ടയുള്ളതല്ല, അതിനുമപ്പുറം തുല്യതയ്ക്കും അന്തസിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377 ാം വകുപ്പില്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സുപ്രീംകോടതി റദ്ദാക്കി. 158 വര്‍ഷമായി നിലവിലുള്ള വ്യവസ്ഥകളാണ് കോടതി തിരുത്തിയത്. വ്യക്തികള്‍ പരസ്പര സമ്മതത്തോടെയല്ലാതെയുള്ള ബന്ധം, മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധം എന്നിവ കുറ്റകരമായി തുടരും.

സന്താനോല്‍പാദന ഉദ്ദേശ്യമില്ലാത്ത ലൈംഗികബന്ധം പ്രകൃതി വിരുദ്ധമാണെന്ന കാഴ്ച്ചപ്പാട് സാമൂഹിക സദാചാരത്തിന്‍റെ ഭാഗമായിരിക്കാം ഭൂരിപക്ഷ അഭിപ്രായവുമായിരിക്കാം പക്ഷേ, അത് ഭരണഘടനാധിഷ്ഠിത സദാചാരത്തിന് നിരക്കുന്നതല്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു. 1861ല്‍ ബ്രിട്ടീഷ് ഭരണകാലത്താണ് മെക്കാളെ പ്രഭുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം ക്രോഡീകരിച്ചത്. വിക്ടോറിയന്‍ സദാചാരസംഹിതയുടെ അവശിഷ്ടമാണ് സുപ്രീംകോടതി എടുത്തുമാറ്റിയത്. 

ഇക്കാലമത്രയും സാമൂഹികഭ്രഷ്ട് കല്‍പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പുപറയണമെന്ന് അനുബന്ധ വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറയുന്നു. ഐപിസി 377 വകുപ്പിന്‍റെ പേരില്‍ ശാരീരിക പീഡനം, ജയില്‍ശിക്ഷ തുടങ്ങി സ്വവര്‍ഗാനുരാഗികള്‍ വര്‍ഷങ്ങളായി പീഡനങ്ങളേറ്റുവാങ്ങുന്നു. നിയമത്തിലെ മാറ്റം നമ്മുടെ സാമൂഹിക ജീവിതത്തില്‍ പ്രകടമാകാന്‍ ഇനിയും സമയമെടുത്തേയ്ക്കും പക്ഷെ, പിന്നിട്ടത് ഒരു നാഴികക്കല്ലാണ്. ബ്രിട്ടീഷുകാര്‍ പോലും ഈ സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന വ്യവസ്ഥ നേരത്തെ ഏടുത്തുമാറ്റിയിരുന്നു. പക്ഷെ, നമ്മള്‍ അപ്പോഴും ബ്രിട്ടീഷ് ഭരണത്തിന്‍റെ ഹാങ് ഒാവറുമായി മുന്നോട്ടുപോയി.  

ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗതാല്‍പര്യമുള്ളവരും എണ്ണത്തില്‍ കുറവായിരിക്കാം. എന്നാല്‍, അവര്‍ക്കും മറ്റുള്ളവരെപ്പോലെ ഈ രാജ്യത്ത് എല്ലാ പൗരാവകാശങ്ങളുമുണ്ട്. അവരുടെ ലൈംഗിക രീതിയെ കുറ്റകരമാക്കുന്നതും അവരെ ഒറ്റപ്പെടുത്തുന്നതും മനുഷ്യാവകാശ ലംഘനമാണ്. സ്വവര്‍ഗതാല്‍പര്യം മാനസിക പ്രശ്നമല്ല, ജീവശാസ്ത്രപരമായ പ്രതിഭാസമാണ്. സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ഏറെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതി വിധി കേവലം ലൈംഗിക സ്വാതന്ത്ര്യത്തിന്‍റെ തലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നു പറയുന്നത്. വിദ്യാഭ്യാസം മുതല്‍ വിവാഹംവരെ സഹവര്‍ത്തിത്വം മുതല്‍ ദത്തെടുക്കല്‍വരെ ലൈംഗികന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളില്‍ സുപ്രധാന ഇടപെടലുകള്‍ക്ക് വഴിതുറക്കും.

വ്യത്യസ്തമേഖലയിലെ ഒട്ടേറെപ്പേരുടെ നീണ്ടപോരാട്ടമാണ് സുപ്രീംകോടതിയില്‍ ഫലം കണ്ടത്. പ്രശസ്ത നര്‍ത്തകന്‍ നവ്‍തേജ് ജോഹര്‍, പങ്കാളിയും മാധ്യമപ്രവര്‍ത്തകനുമായ സുനില്‍ മെഹ്റ, പാചകവിദഗ്ധ റിതു ഡാല്‍മിയ, നടിയും സംരംഭകയുമായ അയേഷ കപൂര്‍, വ്യവസായികളായ അമന്‍ നാഥ്, കേശവ് സൂരി എന്നിവരാണ് പോരാട്ടം നയിച്ചത്. സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന ചരിത്രപരമായ വിധി ആദ്യം പുറപ്പെടുവിച്ചത് 2009ല്‍ ഡല്‍ഹി ഹൈക്കോടതിയാണ്. സന്നദ്ധസംഘടനായ നാസ് ഫൗണ്ടേഷന്‍ 2001ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. ആ വിധിക്കെതിരെ ചില മതസംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വവര്‍ഗരതി കുറ്റകൃത്യമാണെന്ന് 2013ല്‍ സുപ്രീംകോടതി വിധി പറയുകയും ചെയ്തു. 

നിയമങ്ങള്‍ എടുത്തുകളയേണ്ടത് പാര്‍ലമെന്‍റിന്‍റെ ജോലിയാണെന്നായിരുന്നു അന്ന് പരമോന്നത നീതി പീഠത്തിലെ ന്യായാധിപന്മാര്‍ പറഞ്ഞത്. യഥാസ്ഥിതികരുടെയും മതനേതൃത്വത്തിന്‍റെ അതൃപ്തികള്‍ ഏറ്റുവാങ്ങി നിയമം ഏടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരും തുനിഞ്ഞില്ല. സുപ്രീംകോടതി ഒടുവില്‍ സ്വയം തിരുത്തി. മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ഒരു നിയമം എടുത്തുകളയാനോ ഭേദഗതി വരുത്താനോ തീരുമാനിക്കുന്നതിന്  ഭൂരിപക്ഷസര്‍ക്കാരിനെ കാത്തുനില്‍ക്കാനാവില്ലെന്ന് കോടതി പറഞ്ഞുവെച്ചു.

സ്വവര്‍ഗാനുരാഗം നിയമപരമാക്കാന്‍ പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിച്ച ശശി തരൂരിന് ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. 2015 ഡിസംബറിലും 2016 മാര്‍ച്ചിലും ഈ ബില്‍ അവതരിപ്പിക്കാന്‍ ശശി തരൂര്‍ ശ്രമിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ തരൂരിന് എന്ത് താല്‍പര്യം എന്നായിരുന്നു കേള്‍ക്കേണ്ടിവന്ന മറുചോദ്യം. പാര്‍ലമെന്‍റ് തോറ്റിടത്ത് അങ്ങിെന, ജുഡീഷ്യറി വിജയിച്ചു.

സുപ്രീംകോടതി വിധി ഒരു തുടക്കം മാത്രമാണ്. പരമ്പരാഗത സമൂഹത്തിന് സ്വവര്‍ഗാനുരാഗികളോടുള്ള സമീപനത്തിന് മാറ്റം വരണമെങ്കില്‍ ഒരുപക്ഷെ ഇനിയും സമയമെടുത്തേക്കാം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണകൂടം ഇടപെടല്‍ നടത്തയില്ലെങ്കില്‍ വിധി പ്രഖ്യാപനം പൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാവില്ല. പുരോഗമനസമൂഹമെന്ന നിലയില്‍ നാം പുതിയ ചുവടുവെയ്പ്പുകള്‍ക്ക് ഒരുങ്ങുകയാണ്.

MORE IN INDIA BLACK AND WHITE
SHOW MORE