ശിക്ഷയേറ്റുവാന്‍ മോദി തയ്യാറുണ്ടോ? നോട്ടുനിരോധനം എന്ന ദുരന്തനാടകം

India-Black&white2
SHARE

നോട്ട് അസാധുവാക്കല്‍ എന്ന ദുരന്തനാടകത്തെക്കുറിച്ച് ഒരുപാട് തവണ പറഞ്ഞുകഴിഞ്ഞതാണ്. മോദിയുടെ തുഗ്ലക് പരിഷ്ക്കാരം പരാജയമായിരുന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. പണംകൊണ്ട് മുറിവേറ്റ ഒാരോ ഇന്ത്യക്കാരനും ജീവിതം കൊണ്ട് അതിന് മാര്‍ക്കിട്ടതാണ്. പക്ഷെ എത്രത്തോളം വലിയ പരാജയം എന്ന് വ്യക്തമായത് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ്. പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും നോട്ട് അസാധുവാക്കലിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല അതിജീവിക്കാന്‍ കഴിയാത്ത ദുരന്തമായി അവശേഷിക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കേള്‍ക്കുമ്പോഴെല്ലാം ഭക്തജനസംഘത്തില്‍പ്പെട്ടവരല്ലാത്തവര്‍ക്ക് ഭയവും വെറുപ്പും സങ്കടവും നിരാശയുമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. അങ്ങിനെയൊന്നും തോന്നിയില്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിന് കാര്യമായ എന്തോ പ്രശ്നമുണ്ട്. അത്രയേറെ വലുതായിരുന്നു ആ തിരുമണ്ടന്‍ തീരുമാനം ഒാരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തിലേല്‍പ്പിച്ച ആഘാതം. നല്ല വേഗത്തില്‍ ഒാടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ടയറുകള്‍ വെടിവെച്ച് തകര്‍ത്താല്‍ എങ്ങിനെയിരിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനമെന്ന മിന്നലാക്രമണം തകര്‍ത്തത് അപ്രകാരമായിരുന്നു.

2016 നവംബര്‍ 8ന് മോദി അതിനാടകീയമായി 500ന്‍റെയും 1000ന്‍റെയും നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണം ഇല്ലാതാക്കാനാണെന്ന് പറഞ്ഞായിരുന്നു. നിരോധിച്ച സമയത്ത് ഉപയോഗത്തിലുണ്ടായിരുന്നത് 15.42 ലക്ഷം കോടി രൂപയാണ്. ഇതില്‍ വലിയൊരു വിഭാഗം കള്ളപ്പണം ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു ബിജെപിയുടെ സാമ്പത്തിക ശാസ്ത്രം. ചുരുങ്ങിയത് മൂന്ന് ലക്ഷം കോടിരൂപയുടെ കള്ളപ്പണം ഇല്ലാതാകുെമന്നും. ഇത് പത്ത് ലക്ഷം കോടി രൂപയായി ഉയരാമെന്നും അവകാശപ്പെട്ടു. കള്ളപ്പണമില്ലാത്ത സമത്വസുന്ദര മോദി ഭാരതം സ്വപ്നംകണ്ട് കാത്തിരുന്നു. സാധാരണക്കാര്‍ക്ക് മോദി അതിസമ്പന്നര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ധീരനായ ഭരണാധികാരിയായി. യുപിയിലടക്കം തിരഞ്ഞെടുപ്പുകള്‍ ബിജെപി തൂത്തുവാരി. അപ്പോഴും സംശയം മനസില്‍ സൂക്ഷിച്ചവരോട് മോദി പറഞ്ഞു.

എല്ലാം ശരിയാക്കാന്‍ അന്‍പതല്ല, നൂറ് ദിവസം നല്‍കാന്‍ ജനങ്ങള്‍ തയ്യാറായി. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ടറിഞ്ഞ് ശബ്ദമുയര്‍ത്തിയവരോട് റിസര്‍വ് ബാങ്ക് പറഞ്ഞു നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ല. പക്ഷെ എല്ലാവരെയും എല്ലാകാലവും പറ്റിക്കാന്‍ പറ്റില്ലല്ലോ! ഒടുവില്‍ ആര്‍ബിെഎയുടെ കണക്കുവന്നു. മൊത്തം 15.42 ലക്ഷം കോടിയില്‍ 15.31 ലക്ഷം കോടിയുടെ നോട്ടുകളും തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചെത്താത്ത് വെറും 10700 കോടി രൂപമാത്രം. 99.3ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി. ബാക്കിയായത് 0.7ശതമാനം. എലിയെപ്പേടിച്ചല്ല, അമീബയെപ്പേടിച്ച് ഇല്ലം ചുട്ടുകളഞ്ഞു. കള്ളപ്പണമായി കണ്ടെത്തിയത് 10700 കോടി രൂപയാണെങ്കില്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവായത് 12,877 കോടി രൂപ. നഷ്ടം പക്ഷെ അതിലും എത്രയോ വലുതാണ്. 

മന്‍മോഹന്‍സിങ്ങിന്‍റെ പ്രവചനം ശരിയാണെന്ന് കാലം തെളിയിച്ചു. തെറ്റായൊരു തീരുമാനം അതിലും തെറ്റായൊരു രീതിയില്‍ നടപ്പാക്കാന്‍ മോദി ഒട്ടും മടികാണിച്ചില്ല. ചെയ്തത് തെറ്റാണെന്ന് വിളിച്ചുപറഞ്ഞവരെയെല്ലാം അഴിമതിക്കും കള്ളപ്പണത്തിനും കുടപിടിക്കുന്നവരെന്ന് ആക്ഷേപിച്ച് മോദി കയ്യടിനേടി. 114 പേരുടെ ജീവിതം കറന്‍സിക്കായുള്ള ക്യൂവില്‍ നിന്ന് പൊലിഞ്ഞു. ചെറുകിട– ഇടത്തരം വ്യാപാര വ്യവസായമേഖലകള്‍ തകര്‍ന്നു. 15 കോടി പേര്‍ക്ക് പെട്ടെന്ന് തൊഴിലില്ലാതായി. കാര്‍ഷികരംഗത്തിന്‍റെ നട്ടെല്ലൊടിഞ്ഞു. ദിവസകൂലിക്കാര്‍ പട്ടിണിയിലായി. രണ്ടായിരത്തിന്‍റെ നോട്ടിറങ്ങിയത് കള്ളപ്പണക്കാര്‍ക്കും പൂഴ്ത്തിവയ്പ്പുകാര്‍ക്കും ശരിക്കും സഹായകമായി. 2017–18ല്‍ പിടിച്ചെടുത്തത് 36 കോടിയുടെ 2000 രൂപ നോട്ടുകളാണ്. കള്ളനോട്ടുകളുടെ 2.വിനിമയത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 480 ശതമാനത്തിന്‍റെ വര്‍ധന. ഇത് രാഷ്ട്രീയ എതിരാളികളുടെയല്ല, കേന്ദ്രധനമന്ത്രാലയത്തിന്‍റെ ഫിനാന്‍ഷ്യല്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ റിപ്പോര്‍ട്ടാണ്. സാമ്പത്തിക വളര്‍ച്ച ഒന്നരശതമാനം കുറഞ്ഞു. 2.25 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം. ബാങ്കിങ് രംഗത്തിന്‍റെ വിശ്വാസ്യത തകര്‍ന്നു. ഇതാണ് മോദി നടപ്പിലാക്കിയ സംഘടിത കൊള്ളയുടെ, ചരിത്രപരമായ വിഡ്ഢിത്തത്തിന്‍റെ ബാലന്‍സ് ഷീറ്റ്. 

ഇത്തരമൊരു അതിസാഹസത്തിന് നരേന്ദ്ര മോദി മുതിര്‍ന്നത് എന്തിനായിരുന്നു? നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യങ്ങള്‍ പന്തിനനുസരിച്ച് ഗോള്‍ പോസ്റ്റ് മാറ്റുന്നതുപോലെ സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരുന്നു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കലും ഭീകരതയുടെ വേരറുക്കലുമായിരുന്നു ആദ്യം. പിന്നെ ഡിജിറ്റല്‍ ഇടപാടുകളും നോട്ട് രഹിത സമ്പദ് വ്യവസ്ഥയുമായി ലക്ഷ്യം. ഏറ്റവും ഒടുവില്‍ നികുതിദായകരുടെ എണ്ണംകൂട്ടാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ആശ്വാസമായി സര്‍ക്കാരിന് പറയാനുള്ളത്. 

മോദിക്ക് വേണ്ടപ്പെട്ടവര്‍ക്കൊല്ലാം നോട്ട് നിരോധനം കൊണ്ട് ഗുണം കിട്ടി. അസാധുനോട്ടുകള്‍ ഏറ്റവുമധികം മാറ്റിെയടുത്തത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണ്. നോട്ട് നിരോധനം കൊണ്ട് നേട്ടമുണ്ടായവര്‍ ബിജെപി ഫണ്ടിലേയ്ക്ക് കൃത്യമായി വന്‍ സംഭാവന നല്‍കി നന്ദിയറിയിച്ചതായി ആരോപണമുണ്ട്. ഇനിയുമുണ്ട് 'മോദി'നോമിക്സിന്‍റെ വീരഗാഥകള്‍. ഡോളറിനോട് പൊരുതി നിരന്തരം തോല്‍ക്കുകയാണ് നമ്മുടെ രൂപ. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്നു. പെട്രോളിന്‍റെ വില കുതിച്ചുകയറുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് മോദി നടത്തിയ ഒരു പ്രസംഗം സാന്ദര്‍ഭികമായി ഒാര്‍ക്കുന്നത് നന്നാകും. 

നോട്ട് നിരോധനംകൊണ്ട് ആര്‍ക്ക് എന്ത് നേട്ടമുണ്ടായി? എല്ലാ വീഴ്ച്ചകളെയും ദേശസ്നേഹം കൊണ്ട് മൂടിവയ്ക്കാന്‍ കഴിയില്ല. വാചകമടി അവസാനിപ്പിച്ച് വീഴ്ച്ചയേറ്റുപറയാന്‍ മോദി തയ്യാറാകണം. നോട്ടുനിരോധനത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണം. സാധാരണ പൗരന്‍ നിശബ്ദനായിരിക്കുന്നു എന്നതിനര്‍ഥം അവന്‍ എല്ലാം മറന്നുവെന്നല്ല. വിധിെയഴുത്തിന്‍റെ നാളുകള്‍ അടുത്തുകഴിഞ്ഞു. 

Thumb Image
MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.