ബാങ്കുകളുടെ 'മിനിമം ബാലന്‍സ് കൊള്ള'

banks-minimum-balance
SHARE

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്‍റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് രാജ്യത്തെ ബാങ്കുകള്‍ പിഴ ചുമത്തി നേടിയത് വന്‍ കോടികളാണ്. കഴിഞ്ഞ നാലു വര്‍ഷം ഇരുപത്തിയൊന്ന് പൊതുമേഖല ബാങ്കുകള്‍ക്കും മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്കും കൂടി ലഭിച്ചത് പതിനൊന്നായിരത്തി അഞ്ഞൂറ് കോടി രൂപയാണ്. ഏറ്റവും അധികം പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 

കോടികള്‍ കടം വാങ്ങി പണം തിരിച്ചടയ്ക്കാതെ വിജയ് മല്യമാരും നീരവ് മോദിമാരും വിദേശങ്ങളില്‍ വിലസുന്നതിനിടയിലാണ് രാജ്യത്തെ ബാങ്കുകള്‍ ജനങ്ങളെ ഞെക്കിപ്പിഴിയുന്നതിന്‍റെ കണക്കുകള്‍ പുറത്തുവന്നത്. കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്‍റില്‍വെച്ച കണക്കാണിത്. 

2017 – 18 ല്‍ രാജ്യത്തെ 24 ബാങ്കുകള്‍ നേടിയത് 4989.55 കോടി രൂപയാണ്. ഒന്നും രണ്ടും കോടിയല്ല, 4989.55 കോടി രൂപ. ഇതില്‍ 21 പൊതുമേഖല ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍ നിന്ന് പിഴയായി ഈടാക്കിയത് 3550.99 കോടി രൂപ. 

ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്ക് കിട്ടിയത് 1438.56 കോടി രൂപ. എസ്.ബി.ഐ 2017-18 ല്‍ കിട്ടിയത് 2433.87 കോടി രൂപ. ഇടയ്ക്ക് നിര്‍ത്തിവച്ചെങ്കിലും പിന്നീട് 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് എസ്.ബി.ഐ നിര്‍ബന്ധിതമാക്കുകയായിരുന്നു. 

അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതെ വന്നാല്‍ എസ്.ബി.ഐ ഈടാക്കുന്നത്  അ‍ഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ്. മെട്രോ നഗരങ്ങളില്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3,000 രൂപ വേണം. നഗരപ്രദേശങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ്. പിഴത്തുകയില്‍ ജിഎസ്ടി കൂടി ഇടപാടുകാര്‍ നല്‍കുന്നുണ്ട്. 

പറയുന്ന കാശ് കയ്യിലില്ലാത്തത് നിങ്ങളുടെ കുറ്റമാണെന്നാണ് ബാങ്കുകളുടെ നിലപാട്. സാധാരണക്കാരന്‍റെ നിക്ഷേപം ചോര്‍ത്തി കോടികള്‍ വാരുന്ന ബാങ്കുകള്‍ വന്‍കിട തട്ടിപ്പുകാര്‍ക്കാണ് ഇതെല്ലൊം കൊണ്ടുകൊടുക്കുന്നത്. നല്‍കുന്ന സേവനത്തിന് ചാര്‍ജ് നിശ്ചയിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കി അനുമതിയുടെ മറപിടിച്ചാണ് ഈ കൊള്ള. 

പാവപ്പെട്ടവനെ വീണ്ടും വീണ്ടും കൊള്ളയടിക്കുക. പണക്കാരനെ പരിപോഷിപ്പിക്കുക. പഠിച്ച കള്ളന്മാരെ സ്വച്ഛന്ദം വിഹരിക്കാന്‍ അനുവദിക്കുക. ഇതാണ് രാജ്യത്തെ ബാങ്കുകളുടെ നയം. ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ ഉത്തരവാദികളില്‍ 88 ശതമാനവും പാവപ്പെട്ടവരല്ല, വന്‍കിടക്കാരാണ്. ഇവര്‍ വരുത്തിയ നഷ്ടം സാധാരണക്കാരില്‍ നിന്ന് ഈടാക്കുന്നു. അത്രമാത്രം. എല്ലാ ഒത്താശകളുമായി രാജ്യം ഭരിക്കുന്നവരും.

MORE IN INDIA BLACK AND WHITE
SHOW MORE