ആശങ്കകള്‍ ആളിപ്പടരുന്ന അസം

assam-1
SHARE

അസം ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. ബ്രഹ്മപുത്രയിലെ ആശങ്കകളുടെ അലകള്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ചു കഴിഞ്ഞു. ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ കരട് പട്ടിക പുറത്തിറങ്ങിയപ്പോള്‍, 40 ലക്ഷം പേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്നത്. 

മൂന്ന് പതിറ്റാണ്ട് രാജ്യസേവനം ചെയ്ത സൈനിക ഉദ്യോഗസ്ഥന്‍റെ മുതല്‍ മുന്‍മുഖ്യമന്ത്രിയുടെ വരെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. 3.39 കോടി പേരാണ് പൗരത്വത്തിനായി അപേക്ഷിച്ചത്. 2.89 കോടി പേര്‍ക്കാണ് പട്ടികയില്‍ ഇടംപിടിക്കാനായത്. രാജ്യമില്ലാത്ത, മേല്‍വിലാസമില്ലാത്ത അനാഥ ജന്മങ്ങളായി മാറുമെന്ന ഭീതിയില്‍ കഴിയുകയാണ് ഒരു ജനത.  

40 ലക്ഷം പേര്‍. കൃത്യമായി പറ‍ഞ്ഞാല്‍ 40,07,707 പേര്‍. ഗോവയെന്ന സംസ്ഥാനത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍. സ്വദേശിയാണോ? വിദേശിയാണോ? എന്ന ചോദ്യത്തിനു മുന്നില്‍ ജീവിതം കുരുങ്ങിക്കിടക്കുന്ന ജനങ്ങളുടെ എണ്ണം അത്ര നിസ്സാരമല്ല. ഇപ്പോള്‍ പുറത്തിറങ്ങിയത് കരട് പട്ടിക മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. 

ഒഴിവാക്കപ്പെടുന്നവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ അവസരം ലഭിക്കും. അന്തിമ പട്ടികയ്ക്ക് മുന്‍പ് പരാതികള്‍ പരിഹരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കരട് പട്ടികയില്‍ ഇടം പിടിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് സുപ്രീംകോടതിയും ഉറപ്പ് നല്‍കുന്നു. പക്ഷെ ഈ വാക്കുകളൊന്നും ആശങ്കകള്‍ക്ക് അറുതി വരുത്തുന്നില്ല. രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്ക് അന്ത്യം കുറിക്കുന്നില്ല.

മറ്റ് സംസ്ഥാനങ്ങളിലേതുപോലെയല്ല രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ മേഖലയിലെ പ്രത്യേകിച്ച് അസമിലെ കാര്യങ്ങള്‍. എന്നാല്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത ആളിപ്പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതാണ് സത്യം എന്ന് കരുതരുത്. അസമിലേത് ഹിന്ദുക്കള്‍ക്കും മുസ്‍ലിംങ്ങളുടെയും ഇടയിലെ പ്രശ്നമല്ല. സ്വത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഒരു കുടുംബത്തിലെ ചിലര്‍ പൗരത്വമുള്ളവരാകുന്നു. മറ്റു ചിലര്‍ പൗരത്വ പട്ടികയ്ക്ക് പുറത്തും. ഇനിയും ചിലര്‍ സംശയത്തിന്‍റെ നിഴലിലും. അസമില്‍ പ്രശ്നങ്ങളുണ്ട്. അതിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. 

എന്താണ് ദേശീയ പൗരത്വ റജിസ്റ്റര്‍? എന്തിനാണ് ഇങ്ങിനെയൊരു കണക്കെടുപ്പ്? രാജ്യത്ത് പൗരത്വ റജിസ്റ്ററുള്ള ഏക സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍ നിന്ന് കുടിയേറ്റക്കാര്‍ അനധികൃതമായി പ്രവഹിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പൗരത്വ റജിസ്റ്റര്‍ ഏര്‍പ്പെടുത്തിയത്. 

ജമ്മുകശ്മീര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം മുസ്‍ലിം സാന്ദ്രതയുള്ള സംസ്ഥാനമാണ് അസം. ജനസംഖ്യയുടെ 35 ശതമാനം. ബംഗ്ലാദേശുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന 263 കിലോ മീറ്റര്‍ അസമിലാണ്. ബംഗ്ലാദേശില്‍ നിന്ന് നിരന്തരം ആളുകള്‍ അസമിലേയ്ക്ക് വരുന്നു. ഇത് അസമിന്‍റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളിലുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ വളരെ വലുതാണ്. അസമില്‍ നിന്ന് ഇന്ത്യയുടെ മറ്റിടങ്ങളിലേയ്ക്ക് ഈ കുടിയേറ്റക്കാര്‍ വ്യാപിക്കുന്നു. 

1951 ലാണ് ആദ്യ ദേശീയ പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കുന്നത്. അന്ന് 80 ലക്ഷമായിരുന്നു അസമിലെ ജനസംഖ്യ. കുടിയേറ്റം അനുസ്യൂതം തുടരുന്നതിനിടയിലാണ് 1979 ല്‍ അസം കലുഷിതമാകുന്നത്. കുടിയേറ്റക്കാര്‍ മണ്ണും, തൊഴിലും, ഉപജീവനവും കവര്‍ന്നെടുക്കുന്നുവെന്ന ആധി തദ്ദേശീയരില്‍ ശക്തമായി. 

അസം അസംകാര്‍ക്ക് എന്ന മണ്ണിന്‍റെ മക്കള്‍ വാദവുമായി പ്രക്ഷോഭം കരുത്താര്‍ജിച്ചു. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1985 ല്‍ പ്രക്ഷോഭകരുമായി അസം കരാര്‍ ഒപ്പിട്ടു. 1971 ന് ശേഷം ഇന്ത്യയില്‍ എത്തിയവരെ വിദേശികളായി കണക്കാക്കുമെന്നായിരുന്നു കരാര്‍.

എന്തുകൊണ്ടാണ് 1971 മാനദണ്ഡമായി എടുത്തത്? 1971ലാണ് കിഴക്കന്‍ പാക്കിസ്ഥാന്‍ യുദ്ധാനന്തരം ബംഗ്ലാദേശ് എന്ന രാജ്യമായി രൂപപ്പെട്ടത്. അസമില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്കുള്ള കുടിയേറ്റം പാരമ്യത്തിലെത്തിയത് 1971 നും 1991 നും ഇടയിലാണെന്ന് കണക്കുകള്‍ പറയുന്നു.

ഭാഷപരമായും സാമൂഹികമായും വേറിട്ടൊരു ഗോത്ര സ്വത്വം അസം ഉള്‍പ്പെടെയുളള എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമുണ്ട്. ആസൂത്രിതവും അല്ലാത്തതുമായ കലര്‍പ്പുകള്‍ അവിടുത്തെ ജനങ്ങള്‍ വിധേയരായി. 

കുടിയേറ്റക്കാരില്‍ മുസ്‍ലിങ്ങളും ഹിന്ദുക്കളുമുണ്ട്. ഇപ്പോള്‍ പൗരത്വ പട്ടികയ്ക്ക് പുറത്തുനില്‍ക്കുന്നവരുടെ കാര്യവും ഇതുപോലെ തന്നെ. അസമിന്‍റെ മണ്ണിലും മനസിലും ഈ കുടിയേറ്റങ്ങള്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

14 ജില്ലകളിലെ ജനസംഖ്യ നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ 17 ശതമാനം അധികമാണ്. ഇതില്‍ ഒന്‍പത് ജില്ലകള്‍ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഏറെ തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലകളാണ് ഇവ എന്നത് സുപ്രധാനമാണ്. അസം ജനതയുടെ നേര്‍ചിത്രമെടുത്താല്‍ അസമീസും ബോഡോയും സംസാരിക്കുന്നവര്‍ ഒരുവശത്തും ബംഗാളി സംസാരിക്കുന്നവര്‍ മറുവശത്തും. കുടിയേറ്റത്തിന്‍റെ രാഷ്ട്രീയ ലാഭം കോണ്‍ഗ്രസ് ആസ്വദിച്ചു. 

പിന്നാലെ ബദ്റുദീന്‍ അജ്മലെന്ന അത്തറ് വ്യവസായിയെത്തി. അജ്മലിന്‍റെ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്‍ഡ് അസമിലെ നിര്‍ണായക രാഷ്ട്രീയ സ്വാധീനമായി. കുടിയേറ്റ വിരുദ്ധത മറുവശത്ത് ശക്തമായപ്പോള്‍ രാജ്യമെങ്ങും കാവി പടര്‍ത്താനിറങ്ങിയ ബിജെപിക്ക് അസമിലേയ്ക്കുള്ള വാതില്‍ തുറന്നു.

മണ്ണിന്‍റെ മക്കള്‍ വാദം ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍റെ നേതാവ് സര്‍ബാനന്ദ് സോനോവാളിനെ അമിത് ഷാ ഒപ്പം നിര്‍ത്തിയപ്പോള്‍ ബ്രഹ്മപുത്രയുടെ കരയില്‍ ബിജെപി അധികാരം പിടിച്ചു. 

മുപ്പത് ലക്ഷം കുടിയേറ്റക്കാരുണ്ടെന്നാണ് 1992 ഏപ്രില്‍ 10 ന് അന്നത്തെ അസം മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയ പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത 1997 മേയ് 6ന് പാര്‍ലമെന്‍റില്‍ അറിയിച്ച കണക്ക് പ്രകാരം കുടിയേറ്റക്കാരുടെ എണ്ണം ഒരു കോടിയാണ്. 

2004 ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ കണക്കില്‍ പറയുന്നത് 50 ലക്ഷമെന്നാണ്. 1985ലെ അസം കരാര്‍ നടപ്പാക്കാനും 1951ലെ ദേശീയ പൗരത്വ റജിസ്റ്റര്‍ പുതുക്കാനും 2005 ല്‍ തീരുമാനമായി. എന്നാല്‍ സംസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങള്‍ മൂലം ഇത് നടന്നില്ല. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പൗരത്വ റജിസ്റ്റര്‍ പുതുക്കുന്നത്. ഡിസംബറില്‍ ആദ്യ കരട് പുറത്തിറങ്ങി. സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ച രേഖകളില്ലാത്തവരാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുള്ളത്. 

പട്ടിക തയ്യാറാക്കിയതില്‍ വ്യാപക പിഴവുകള്‍ സംഭവിച്ചതായി ആരോപണമുണ്ട്. 1947 ലെ ഇന്ത്യാ വിഭജനത്തിന് മുന്‍പേ അസമില്‍ കുടുംബവേരുകളുള്ള പലരും പട്ടികയ്ക്ക് പുറത്തായി. വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തങ്ങളിലും രേഖകള്‍ നഷ്ടമായവരുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പിശകുകള്‍, സാങ്കേതിക തകരാറുകള്‍, കൈവശമുള്ള പല രേഖകളും സ്വീകരിക്കപ്പെടാതിരിക്കുക തുടങ്ങി വലിയൊരു വിഭാഗത്തിന്‍റെ ഭാവി തുലാസിലാക്കിയ കാരണങ്ങള്‍ പലതാണ്. 

ഭരണഘടന അവകാശങ്ങളും വോട്ടവകാശങ്ങളും ഇല്ലാത്ത, ഡി വോട്ടര്‍ എന്ന വിളിക്കപ്പെടുന്നവരാണ് പൗരത്വം തെളിയിക്കേണ്ടവര്‍. ഇവരില്‍ പലരും നേരത്തെ വോട്ടുചെയ്തിട്ടുള്ളവരാകാം. എന്നാല്‍ നിലവില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ടാകില്ല.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ ചിലരുടെ ഉദാഹരണങ്ങളെടുത്താല്‍ അറിയാന്‍ കഴിയും പരിപാടി നടത്തിപ്പിലെ പാളിച്ചകള്‍. മുന്‍രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്‍റെ കുടുംബാംഗങ്ങള്‍, മൂന്ന് പതിറ്റാണ്ട് രാജ്യസേവനം ചെയ്ത മുഹമ്മദ്ദ് അസ്മല്‍ ഹഖ് എന്ന സൈനികന്‍, അസം മുന്‍മുഖ്യമന്ത്രി സൈദ അന്‍വാറ തൈമുര്‍, ബിജെപി എം.എല്‍.എ രാമാകാന്ത് ദിയോറി പുറത്തായവരുടെ പട്ടിക നീണ്ടുപോകുന്നു. 

‌ഒരു കുടുംബത്തിലെ സഹോദരങ്ങളില്‍ ചിലര്‍ പൗരത്വമുള്ളവരും മറ്റുചിലര്‍ പട്ടികയ്ക്ക് പുറത്തും. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ വിദേശിയും. പരാതികള്‍ പരിഹരിക്കാനുള്ള ഇടമാണ് ഫോറിന്‍ ട്രൈബ്യൂണല്‍. ഇത്തരം 100 ട്രൈബ്യൂണലുകള്‍ അസമിലുണ്ട്. ഇത്തരം ട്രൈബ്യൂണലുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ നാഷ്ണല്‍ റജിസ്റ്റാര്‍ ഫോര്‍ സിറ്റിസണ്‍ തീരുമാനമെടുക്കും. 

എന്നാല്‍ ഫോറിന്‍ ട്രൈബ്യൂണലുകളില്‍ ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും അസം ഗണപരിഷത്തിന്‍റെയും അസം സ്റ്റുഡന്‍സ് യൂണിയന്‍റെയും ആളുകളെ തിരുകി കയറ്റിയിരിക്കുകയാണെന്ന് ആരോപണമുണ്ട്. 

റോഹിന്‍ഗ്യകള്‍ക്ക് മ്യാന്‍മാറില്‍ നേരിട്ടതിന് സമാനമായ അവസ്ഥയാണ് അസമിലുള്ളതെന്നാണ് പാര്‍ലമെന്‍റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഗത റോയ് പറഞ്ഞത്. വംശീയ ആക്രമണത്തിന്‍റെ അതിദാരുണ ഇരകളെന്നാണ് ഐക്യരാഷ്ട്ര സഭ റോഹിന്‍ഗ്യകളെ വിശേഷിപ്പിച്ചത്. അസമിന്‍റെ ചരിത്രത്തിലുമുണ്ട് ചോര കട്ടപിടിച്ചു കിടക്കുന്ന ചില അധ്യായങ്ങള്‍. 1983ലെ നെല്ലി കൂട്ടക്കൊല്ല അത്തരത്തിലുള്ള ഒന്നാണ്. 1800 ജീവനുകള്‍ പൊലിഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകള്‍. കൊല്ലപ്പെട്ടത് മൂവായിരത്തിലധികം പേരെന്ന് അനൗദ്യോഗിക കണക്കുകള്‍. 

ഫെബ്രുവരിയിലെ ആ കറുത്ത വെള്ളിയാഴ്ച്ച കൊലോങ് നദിക്കരയില്‍ താമസമാക്കിയ കുടിയേറ്റക്കാരെ തേടി വംശീയ വെറി പൂണ്ട ആള്‍ക്കൂട്ടമെത്തി. ബംഗാളി സംസാരിക്കുന്ന മുസ്‍ലിങ്ങളാണ് നെല്ലിയിലെ കുരുതിക്കളത്തില്‍ ജീവന്‍ നഷ്ടമായവരിലേറെയും. സംഭവമന്വേഷിച്ച തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറംലോകം കാണിച്ചില്ല. വിവരാവകാശ നിയമപ്രകാരമാണ് പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. 

നെല്ലിയുടെ ഭീതിതമായ ഓര്‍മ്മകള്‍ ഇപ്പോഴും അസമിനെ വേട്ടയാടുന്നുണ്ട്. പൗരത്വ റജിസ്റ്റര്‍ വിവാദങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കും രക്തരൂക്ഷിതമായ സാഹചര്യങ്ങള്‍ക്കും വഴിമരുന്നിടാമെന്ന ആശങ്കയുണ്ട്. ഇതിനിടയിലാണ് ചോരയൂറ്റിക്കുടിക്കാന്‍ കാത്തിരിക്കുന്ന കുറുക്കന്‍റെ കൗശലവുമായി ഭരണ പ്രതിപക്ഷ നിരയിലെ രാഷ്ട്രീയ നേതാക്കള്‍. 

വര്‍ഷകാല സമ്മേളനം നടക്കുന്നതിനാല്‍ അസം പൗരത്വ പ്രശ്നം പാര്‍ലമെന്‍റിനകത്തും പുറത്തും നീറിപ്പുകഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു പ്രതിപക്ഷ നിരയെ നയിച്ചത്. അമിത് ഷായും മമത ബാനര്‍ജിയും നേര്‍ക്കുനിന്നു. പട നയിച്ചു. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി. ആഭ്യന്തര കലാപമുണ്ടാകുമെന്നായിരുന്നു മമതയുടെ മുന്നയിപ്പ്. 

കുടിയേറ്റക്കാര്‍ എന്നതും കടന്ന് നുഴഞ്ഞുകയറ്റക്കാര്‍ എന്നായിരുന്നു ബിജെപിയുടെ പ്രയോഗം. നുഴഞ്ഞുകയറ്റക്കാരെ തുരത്തണോ? വേണ്ടയോ എന്നാണ് അമിത് ഷാ ഓരോ രാഷ്ട്രീയ വേദികളിലും ചോദിച്ചത്. അനധികൃത കുടിയേറ്റക്കാരെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എം.എല്‍.എ ആവശ്യപ്പെട്ടു. രാജ്യമെങ്ങും പൗരത്വ റജിസ്റ്റര്‍ നടപ്പാക്കണമെന്നാണ് പഴയ ബിജെപിക്കാരനായ അസം ഗവര്‍ണര്‍ ജഗ്ദീഷ് മുഖിയുടെ നിര്‍ദേശം.

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശച്ചൂടിലേയ്ക്ക് രാജ്യം കടക്കുമ്പോഴാണ് പൗരത്വ റജിസ്റ്റര്‍ വിവാദമെത്തുന്നത്. അസമിന്‍റെ അതിരുകള്‍ കടന്ന് ദേശീയ രാഷ്ട്രത്തിന്‍റെ ഗതിനിര്‍ണയിക്കുന്ന ഘടകങ്ങളിലെന്നായിമാറാന്‍ അതുകൊണ്ടുതന്നെ ഒട്ടും വൈകിയില്ല.

രാജ്യങ്ങളില്ലാതെ പോകുന്ന ജനതയുടെ ആശങ്ക എന്നതിനപ്പുറം ഹിന്ദു മുസ്‍ലിം പ്രശ്നമായി അസം പൗരത്വ വിവാദം വഴിമാറി. അല്ലെങ്കിലും എന്തിലും മതം കലര്‍ത്തിയാല്‍ മാത്രമാണല്ലോ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിപണ സാധ്യതകളുള്ളത്. 

ബിജെപിക്ക് ദേശീയത, ഭൂരിപക്ഷ വോട്ട് ബാങ്ക്, വംശീയവാദം എന്നിവ ലക്ഷ്യമിട്ടുള്ള ഇന്ധനമായിരുന്നു പൗരത്വ റജിസ്റ്റര്‍ വിവാദം. ഒളിഞ്ഞും തെളിഞ്ഞും കിടന്നത് മുസ്‍ലിം വിരുദ്ധതയും. മുസ്‍ലിംങ്ങളാണ് പ്രശ്നക്കാര്‍. രാജ്യസുരക്ഷയ്ക്ക് കുടിയേറ്റക്കാരായ മുസ്‍ലിംങ്ങള്‍ ഭീഷണിയാകുന്നു തുടങ്ങിയ ആഖ്യാനങ്ങള്‍ക്കാണ് ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ കിണഞ്ഞ് ശ്രമിച്ചത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്കും കൂട്ടര്‍ക്കും നന്നായിട്ടറിയാം. യുപിയില്‍ നഷ്ടമാകുന്ന സീറ്റുകള്‍ക്ക് പകരം ഉന്നമിടുന്നത് പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബംഗാളില്‍ നിന്നുമാണ്. 

അസമിലെ വംശീയവാദത്തിനൊപ്പം നിന്നതോടെ ബിജെപി ഈ ലക്ഷ്യത്തിലേയ്ക്ക് ഒരു ചുവടുകൂടിവച്ചു. മറുവശത്ത് മമത ഒരുവെടിക്ക് രണ്ട് പക്ഷിയെ വീഴ്ത്താനാണ് ശ്രമിക്കുന്നത്. ഒന്ന് ബംഗാളി സ്വത്വവാദത്തെ ആളിക്കത്തിക്കുക. രണ്ട് ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുക.

ബംഗാളി സംസാരിക്കുന്നവരാണ് പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ബഹുഭൂരിപക്ഷമെന്നതിന്‍റെ സാധ്യതകള്‍ മമത കൃത്യമായി പ്രയോഗിക്കുന്നു. മുസ്‍ലിം വിഭാഗങ്ങളുടെ രക്ഷകയെന്ന ഇമേജ് ഉറപ്പിച്ച് നിര്‍ത്താനും ശ്രമിക്കുന്നു. 

മുസ്‍ലിം വര്‍ഗീയ നിലപാടുകള്‍ക്ക് വെള്ളവും വളവും നല്‍കിയാണ് ബംഗാളിലെ ചെങ്കോട്ട തകര്‍ത്ത് മമത അധികാരം പിടിച്ചതുതന്നെ. പ്രത്യക്ഷത്തില്‍ ഇരുചേരികളില്‍ നിന്ന് നേര്‍ക്കുനേര്‍ പൊരുതുന്നവരാണെങ്കിലും മമതയും അമിത് ഷായും അസം വിഷയത്തില്‍ പരസ്പര സഹായ സംഘങ്ങള്‍ കൂടിയാണ്. 

അസം വിഷയത്തില്‍ മമതയൊരുക്കിയ കെണിയില്‍ വീഴുകയായിരുന്നു സത്യത്തില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളും. കേന്ദ്രവും സംസ്ഥാനവും പതിറ്റാണ്ടുകള്‍ ഭരിച്ചെങ്കിലും കുടിയേറ്റപ്രശ്നത്തില്‍ ഒന്നും ചെയ്യാതിരുന്ന കോണ്‍ഗ്രസിനോളം വലിയ കുറ്റക്കാര്‍ ഇല്ല. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിനൊപ്പമല്ല തരുണ്‍ ഗോഗൊയ് ഉള്‍പ്പെടെയുള്ള അസം നേതാക്കള്‍. ഏത് പക്ഷത്ത് എങ്ങിനെ നില്‍ക്കണമെന്ന പതിവ് രാഷ്ട്രീയ ബോധ്യമില്ലായ്മ കോണ്‍ഗ്രസിനെ ഇക്കാര്യത്തിലും അലട്ടുന്നുണ്ട്. 

ഇനി, പൗരത്വ വിഷയത്തില്‍ മമതയുടെ ഇരട്ടത്താപ്പിന്‍റെ ചരിത്രം പറയാതെ ചിത്രം പൂര്‍ത്തിയാകില്ല. സംഭവം, 2005 ലാണ്. പാര്‍ലമെന്‍റില്‍. അന്നും മമത പ്രതിപക്ഷ നിരയിലായിരുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ ബിജെപിക്കൊപ്പം. ബംഗാള്‍ ഭരിക്കുന്ന സിപിഎം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കൊണ്ടുവന്ന് സംസ്ഥാനത്തെ തകര്‍ക്കുന്നുവെന്നായിരുന്നു മമതയുടെ ആരോപണം. ഇന്ത്യന്‍ ബംഗാളി സ്വത്വമായിരുന്നു മമതയുടെ ആയുധം. 

ചര്‍ച്ച ആവശ്യപ്പെട്ട് മമത ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. സ്പീക്കര്‍ സോംനാഥ് ചാറ്റര്‍ജി അനുമതി നിഷേധിച്ചു. നടുത്തളത്തിലിറങ്ങി ബഹളംവച്ച മമത സഭ നിയന്ത്രിച്ചിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ ചരണ്‍ ജിത്ത് സിങ് അത്‍വാലിനുനേരെ കടലാസുകള്‍ വലിച്ചെറിഞ്ഞു. മമതയുടെ നിലപാടുകള്‍. പദവിയും. 

മതം നോക്കി വലിയൊരു വിഭാഗത്തെ പുറത്താക്കുന്നുവെന്ന പ്രചാരണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇനിയും തെളിയക്കപ്പെടേണ്ടതുണ്ട്. ഒന്നുറപ്പാണ് കനിവുതേടി നില്‍ക്കുന്നവര്‍ മനുഷ്യരാണ്. വിദേശികളെന്ന് അന്തിമമായി വിധികല്‍പ്പിക്കപ്പെട്ടാല്‍ ഈ മനുഷ്യര്‍ എന്തുചെയ്യും? തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.

ഇവരെ ആട്ടിപ്പുറത്താക്കിയേക്കാം. ക്യാംപുകളില്‍ അഭയാര്‍ഥികളായി അടച്ചിട്ടേക്കാം. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറ്റെടുത്തേക്കാം. അതുമല്ലെങ്കില്‍, തൊഴിലെടുത്ത് ജീവിക്കാനുള്ള അനുമതി നല്‍കി രണ്ടാംകിട പൗരന്മാരായി നിലനിര്‍ത്തിയേക്കാം. ഇവരെ സ്വന്തം പൗരന്മാരായി ഏറ്റെടുക്കുമോയെന്ന് ബംഗ്ലാദേശ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്.  

പൗരത്വ പ്രശ്നത്തിനും കുടിയേറ്റത്തിനും ശാശ്വത പരിഹാരമാണ് അസം ജനത ആഗ്രഹിക്കുന്നത്. അക്കൂട്ടത്തില്‍ ഹിന്ദുക്കളും മുസ്‍ലിംങ്ങളുമുണ്ട്. എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യര്‍ അഭയവും ആശ്രയവും തേടിയാണ് അതിരുകള്‍ താണ്ടിയെത്തുന്നത്. രാജ്യത്തിന്‍റെയും സുരക്ഷയും പരമാധികാരവും ഉറപ്പാക്കിക്കൊണ്ടുതന്നെ മനുഷത്വപരമായി വിഷയം കൈകാര്യം ചെയ്യുകയാണ് വേണ്ടത്. 

MORE IN INDIA BLACK AND WHITE
SHOW MORE