റഫാല്‍ ഇടപാട് നേരും നുണയും

lk-rafael-t
SHARE

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആയുധ ഇടപാടിനെച്ചൊല്ലിയുള്ള അഴിമതി ആരോപണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളച്ചുമറിയുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ ആരോപണത്തിന്‍റെ മൂര്‍ച്ച കൂടി. റഫാല്‍ ഇടപാട് മോദിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് തടയിടുമോ? നഷ്ടമെന്ന് പ്രതിപക്ഷവും ലാഭമെന്ന് ഭരണപക്ഷവും ആവര്‍ത്തിച്ചു പറയുമ്പോഴും ഒന്നുറപ്പാണ്, നേരായ വഴിക്കുള്ള ഇടപടായിരുന്നില്ല റഫാല്‍ കരാര്‍.

റഫാല്‍ മറ്റൊരു ബൊഫോഴ്സാകുമോ? ദേശീയ രാഷ്ട്രീയത്തെ ചൂഴ്ന്നു നില്‍ക്കുന്ന ചോദ്യമാണിത്. ബൊഫോഴ്സില്‍ തന്‍റെ അച്ഛന്‍ കുടുങ്ങിയതുപോലെ റഫാലില്‍ മോദിയെ പ്രതിരോധത്തിലാക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയതോടെ രാഹുലിന്‍റെ ആക്രമണത്തിന് തീവ്രതയേറി. ബോഫോഴ്സ് അഴിമതി ആരോപണത്തില്‍പ്പെട്ടാണ് 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാജീവും പരാജയം രുചിച്ചത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ചരിത്രം ആവര്‍ത്തിക്കുമോ? സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധമാണ് ബൊഫോഴ്സ് കേസില്‍ വിവാദമായതെങ്കില്‍ നരേന്ദ്ര മോദിയും അനില്‍ അംബാനിയും തമ്മിലുള്ള ബന്ധമാണ് റഫാലിലെ വിവാദ കേന്ദ്രം. എന്തായിരുന്നു റഫാല്‍ ഇടപാട്. 

സൈന്യത്തിന് 126 യുദ്ധ വിമാനങ്ങള്‍ വേണം. ഫ്രാന്‍സുമായി കരാറിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ഒരുങ്ങി. 18 എണ്ണം നേരിട്ട് വാങ്ങാം. ബാക്കി 108 എണ്ണം സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യയില്‍ നിര്‍മ്മിക്കും. ഇന്ത്യയിലെ നിര്‍മ്മാണച്ചുമതല പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ് ലിമിറ്റഡിന്. ഇതായിരുന്നു യുപിഎ ഭരണകാലത്തെ ധാരണ. 1,72,185 കോടി രൂപയുടെ ഇടപാടാണ് ലക്ഷ്യമിട്ടത് . മെല്ലെപ്പോക്കില്‍ കുടുങ്ങി കരാര്‍ യഥാര്‍ഥ്യമായില്ല. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ മാറി. 2016 സെപ്റ്റംബര്‍ 23ന് റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. 36 വിമാനങ്ങള്‍ വാങ്ങാനായിരുന്നു മോദി സര്‍ക്കാരിന്‍റെ തീരുമാനം. 59,000 കോടി രൂപയുടെ ഇടപാട്. ഒറ്റനോട്ടത്തില്‍ ലാഭം മോദിയുണ്ടാക്കിയ കരാറിലാണ്. ആയുധങ്ങളുടെ വില, അറ്റകുറ്റപ്പണി, സാങ്കേതിക സഹായം എന്നിവയെല്ലാം കൂടി ഒരു വിമാനത്തിന് 1,646 കോടി രൂപയായി. യുപിഎ സര്‍ക്കാരിന്‍റെ കരാര്‍ പ്രകാരം 1,705 കോടി രൂപയാകുമായിരുന്നു. പ്രതിരോധമന്ത്രാലയവും വ്യോമസേനയും തയ്യാറാക്കിയ രേഖയിലെ കണക്കാണിത്. 

കണക്കുകള്‍ ഇങ്ങിനെയാണെങ്കിലും പ്രശ്നം ചില ഉള്ളുകളികളിലാണ്. ഇന്ത്യയ്ക്ക് പലതരം യുദ്ധവിമാനങ്ങള്‍ ഉള്ളതിനാല്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇത് ഇല്ലാതാക്കി യുദ്ധവിമാനങ്ങളെ ക്രമേണ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നൂറിലധികം റഫാല്‍ വിമാനങ്ങള്‍ വേണമെന്ന ആവശ്യം സൈന്യം മുന്നോട്ടുവച്ചത്. 36 വിമാനങ്ങള്‍ വാങ്ങുന്നതിലേക്ക് കരാര്‍ ചുരുങ്ങിയപ്പോള്‍ ഇത് നടപ്പായില്ല.

നിര്‍മ്മാണ സാങ്കേതിക വിദ്യ ഇന്ത്യക്ക് ലഭിക്കില്ല എന്നത് അതിലും ഗുരുതരം. അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെ എന്തിനും ഏതിനും ഫ്രാന്‍സിനെ ആശ്രയിക്കണം. ഒപ്പം ധനനഷ്ടവും. ചില സാങ്കേതിക വിവരങ്ങള്‍ മാത്രമേ ഒരു ഇന്ത്യന്‍ കമ്പനിക്ക് കൈമാറൂ. ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ് ലിമിറ്റഡിനെ ഒഴിവാക്കി അവസാന നിമിഷ അട്ടിമറിയിലൂടെ 30,000 കോടി രൂപയുടെ ഈ അനുബന്ധകരാര്‍ ലഭിച്ചത് അനില്‍ അംബാനിയുടെ കമ്പനിക്ക്. കളിപ്പാട്ട വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത കമ്പനി. കരാര്‍ ഒപ്പിടുമ്പോള്‍ കമ്പനിയുടെ കടലാസിലെ പ്രായം വെറും പന്ത്രണ്ട് ദിവസം. സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ അനില്‍ അംബാനിക്ക് പിടിവള്ളിയായി. റഫാല്‍ ഇടപാടുവഴി കമ്പനിയുടെ അധികവരുമാനം ഒരുലക്ഷം കോടിയിലധികം രൂപ. 

പൊതുമേഖല സ്ഥാപനത്തിന് കിട്ടേണ്ട വരുമാനം മോദി സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കി. ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏറോസ്പേസുമായുള്ള ചര്‍ച്ചകളില്‍ അവസാന നിമിഷം വരെ എച്ച്.എ.എല്‍ സജീവമായിരുന്നു. എച്ച്.എ.എലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിക്ക് എന്തിന് കരാര്‍ നല്‍കിയെന്നത് പരസ്യമായ രഹസ്യം. ചങ്ങാത്ത മുതലാളിത്തം എന്ന് അതിന് ഒാമനപ്പേര്. അഴിമതിപ്പണം ആര്‍ക്കെല്ലാം ലഭിച്ചുവെന്ന കൃത്യമായ വിവരങ്ങള്‍ ബൊഫോഴ്സ് ഇടപാടിന്‍റെ കാര്യത്തിലുണ്ട്. സ്വജനപക്ഷപാതം നടത്തി എന്നതിനപ്പുറം റഫാലില്‍ കാര്യങ്ങള്‍ ഇനിയും കലങ്ങിത്തെളിഞ്ഞുവരേണ്ടതുണ്ട്.

അനില്‍ അംബാനിക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് റഫാല്‍ കരാര്‍ ഒപ്പിടാന്‍ പോയത്. ഇടപാടിന്‍റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന വാദവുമായി ഉരുണ്ടുകളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മോദിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ പൊള്ളയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. ഇതിനോടൊപ്പം പറയേണ്ടതാണ് അഴിമതി തടയല്‍ നിയമത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍. 

MORE IN INDIA BLACK AND WHITE
SHOW MORE