ഒരു കെട്ടിപ്പിടുത്തവും അവിശ്വാസവും അവശേഷിപ്പിക്കുന്നത്

ibw-loksabha-t
SHARE

നരേന്ദ്ര മോദിയെ അധികാരക്കസേരയില്‍ നിന്ന് താഴേയിറക്കാന്‍ പ്രതിപക്ഷത്തിന് 2024വരെ കാത്തിരിക്കേണ്ടിവരുമോ? ആദ്യത്തെ അവിശ്വാസപ്രമേയം വോട്ടിനിട്ട് കരുത്ത് പരീക്ഷിക്കും മുന്‍പ് പ്രധാനമന്ത്രി പങ്കുവെച്ചത് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയാണ്. മോദിയുടേത് അത്മവിശ്വാസമോ? അതമോഹമോ? രാഹുല്‍ ഗാന്ധിയുടെ ആലിംഗനരാഷ്ട്രീയത്തിന്‍റെ വ്യാഖ്യാനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറം കാര്യമായ ചലനങ്ങളെന്തെങ്കിലുമുണ്ടാക്കാന്‍ പാര്‍ലമെന്‍റിലെ ബലപരീക്ഷണം കൊണ്ട് പ്രതിപക്ഷത്തിന് സാധിച്ചല്ല. അതാണ് യാഥാര്‍ഥ്യം.

ആര് വിജയിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്ന മല്‍സരമായിരുന്നു അത്. ഇരുവശത്തും ആരെല്ലാം അണിനിരന്നുവെന്ന് ഏറെക്കുറെ വ്യക്തം. പിന്നെ, ആടിയാടി നിന്നവരുടെയും ആരുടെയും ഭാഗം പിടിക്കാതെ നിന്നവരുടെയും കാര്യമായിരുന്നു നിര്‍ണായകം. കാരണം, വരും ദിനങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സാധ്യതകളുടെയും പക്ഷം ചേരലുകളുടെയും കണക്കെടുപ്പ് ഇവരെ ചുറ്റിപ്പറ്റിയാണ്. അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. ജനസഭയില്‍ കരുത്ത് തെളിയിച്ച് നാലാണ്ട് പൂര്‍ത്തിയാക്കിയ മോദി ലോക്സഭയിലും അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ. അവിശ്വാസം കഴിഞ്ഞെങ്കിലും അങ്കം തുടങ്ങിയിട്ടേ ഉള്ളൂ. തിരിച്ചുവരവിനായി കോണ്‍ഗ്രസും തകര്‍ത്ത് മുന്നേറാന്‍ മോദിയും ഒരുങ്ങിക്കഴിഞ്ഞു. കഷ്ടിച്ച് പത്തുമാസത്തില്‍ താഴേ സമയമേ മുന്നിലുള്ളൂ.  

അവിശ്വാസം വോട്ടിനിടും മുന്‍പാണ് മോദി ഈ ആത്മവിശ്വാസം പങ്കുവച്ചത്. പ്രതിപക്ഷത്തിന്, അല്ല കോണ്‍ഗ്രസിന് 2024ലെങ്കിലും അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയട്ടെയെന്ന് പ്രാര്‍ഥിക്കാമെന്ന്. പ്രതിപക്ഷനിരയിെല പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ പ്രഥമസ്ഥാനീയനായ രാഹുല്‍ ഗാന്ധിയോട് മോദി പറഞ്ഞത് നിങ്ങള്‍ എനിക്കൊത്ത എതിരാളിയല്ലെന്നാണ്. രാഹുല്‍, നിങ്ങള്‍ വളരാന്‍ ഇനിയുമേറെയുണ്ടെന്ന് പരിഹാസം മൂര്‍ച്ചകൂട്ടിയ ഒാരോ വാക്കും അടിവരയിട്ടുകൊണ്ടിരുന്നു.

പാര്‍ലമെന്‍റനകത്ത് ഭൂരിപക്ഷം തെളിയിച്ചു എന്നത് ശരിതന്നെ. പക്ഷെ, അതിനര്‍ഥം സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് തൂത്തുവാരാനുള്ള അവസ്ഥയിലാണ് ബിജെപി എന്നല്ല. പത്തരമണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷം അക്കമിട്ട് അവതരിപ്പിച്ചത് ബിജെപി സര്‍ക്കാരിനെതിരായ കുറ്റപത്രമായിരുന്നു.

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നില്ല. മറിച്ച് ചോദിച്ചവനെ കടന്നാക്രമിക്കുകയായിരുന്നു ഒന്നരമണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ മോദി പയറ്റിയ പൂഴിക്കടകന്‍. മേംമ്പൊടിയായി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും. തന്‍റെ മുന്‍ഗാമി ഇതേ വേദിയില്‍ അവിശ്വാസത്തിന്‍റെ അഗ്നിപരീക്ഷ നേരിട്ടപ്പോള്‍ വാക്കുകളിലുണ്ടായിരുന്ന കവിത്വവും ആശയഗരിമയും മോദിയില്‍ നിന്നുണ്ടായില്ല. അല്ലെങ്കിലും അടല്‍ ബിഹാരി വാജ്പേയിയല്ല നരേന്ദ്ര ദാമോദര്‍ദാസ് മോദി.

സ്വതന്ത്ര ഇന്ത്യയിലെ 27മത് അവിശ്വാസപ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ അവിശ്വാസം നേരിടേണ്ടിവന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. 15 തവണ. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ലോക്സഭയില്‍ ഇത്തവണ അവിശ്വാസപ്രമേയമെത്തിയത്. 126 നെതിരെ 325 വോട്ട് നേടി മോദി വിശ്വാസം കാത്തു. ഭരണനേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പ്രോഗ്രസ് കാര്‍ഡുമായി ഒരു സര്‍ക്കാര്‍ ജനങ്ങളുടെ ഹിതമറിയാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് നടന്ന പരീക്ഷയ്ക്ക് പ്രസക്തിയേറെയാണ്.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി വേണം. തീര്‍ത്തും പ്രാദേശികമായ രാഷ്ട്രീയ വിഷയമാണ് മോദി സര്‍ക്കാരിനെതിരായ അവിശ്വാസ നീക്കത്തിന് വഴിവെട്ടിയത്. മോദിക്കൊപ്പം, ഒരിക്കല്‍ അധികാരം പങ്കിട്ട ടിഡിപി സ്വന്തം നിലനില്‍പ്പിനായി ഉയര്‍ത്തിയ പ്രതിഷേധക്കാനൊപ്പം തൂറ്റുകയായിരുന്നു കോണ്‍ഗ്രസും കൂട്ടാളികളും.  ഫൈനല്‍ വിസില്‍ മുഴങ്ങി. ടിഡിപിയുടെ സ്കോര്‍ബോര്‍ഡ് നോക്കിയാല്‍ കഷ്ടിച്ച് കടന്നു കൂടിയെന്ന് പറയാം. മോദിയും മറ്റുള്ളവരും എന്ന നിലയില്‍ മല്‍സരം പുരോഗമിച്ചതോടെ പ്രതീക്ഷിച്ചത്ര തെലുഗു വികാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്വന്തം നാട്ടില്‍ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ ചന്ദ്ര ബാബു നായ്ഡുഗാരുവിന് ഇതുതന്നെ ധാരാളം. നിങ്ങള്‍ രണ്ടു കൂട്ടരും കണക്കാണെന്ന സമദൂര ലൈനാണ് കോണ്‍ഗ്രസിനോടും ബിജെപിയോടും സ്വീകരിച്ചത്. എങ്കിലും, 2019 ല്‍ ഭാഗ്യം ആര്‍ക്കൊപ്പമാണോ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സദാസന്നദ്ധനാണ് ചന്ദ്ര ബാബു നായ്ഡു. അമിത് ഷായുടെ നമ്പര്‍ ഏത് നിമിഷവും ഡയല്‍ ചെയ്യാന്‍ സജ്ജം. 

അവിശ്വാസമുയര്‍ത്തി സര്‍ക്കാരിനെ വിറപ്പിക്കാനുള്ള ശേഷിയൊന്നും ടിഡിപിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും പ്രതിപക്ഷം അതേറ്റെടുത്തു. ദേശീയരാഷ്ട്രീയത്തിലെ മോദി വിരുദ്ധ സമവാക്യങ്ങളാണ് ഇതിന് കാരണം. ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം അവിശ്വാസ നീക്കത്തിന് പൊതുസമൂഹത്തിന്‍റെയോ, പ്രതിപക്ഷ നിരയിലെ മറ്റുള്ളവരുടെയോ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചില്ല. അനിവാര്യതയാണെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം ഉന്നയിച്ചത് ഒരു പ്രാദേശിക വിഷയമായിരുന്നുവെന്നതുകൊണ്ടുതന്നെ. 

പരാജയപ്പെടുമെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ് പടക്കിറങ്ങിയതിനു പിന്നില്‍ മൂന്ന് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ എണ്ണിയെണ്ണി പറയാന്‍ അവരുകൂടി ഉള്‍പ്പെട്ട ഒരു വേദി വേണം. പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയെന്ന നിലയില്‍ എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ പറയാന്‍ പേരിനെങ്കിലും ഒരുത്തരം. രണ്ട്, ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിശാല പ്രതിപക്ഷ െഎക്യം വിളിച്ചുപറയാന്‍ ഒരിടം. മൂന്ന്, രാഹുല്‍ ഗാന്ധിയെന്ന ഭാവി പ്രധാനമന്ത്രി പ്രതീക്ഷയുടെ പ്രതിച്ഛായ നിര്‍മ്മിതി. പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തമായ ശബ്ദമാക്കി നിര്‍ത്തുക. മോദിക്ക് തുല്യനായി പ്രതിഷ്ഠിക്കുക. അതില്‍ കോണ്‍ഗ്രസ് കുറച്ചധികം വിജയിച്ചു. 

കണക്കുകളില്‍ കാര്യമില്ലെങ്കിലും കളി, മോദിയും രാഹുലും തമ്മില്‍ തന്നെയായിരുന്നു. രാഹുലിന്‍റെ ഏറ്റവും മൂര്‍ച്ചയേറിയ പ്രസംഗങ്ങളിലൊന്നാണ് സഭ കേട്ടത്. സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ കൃത്യമായി പറഞ്ഞു. മോദിയെ വ്യക്തിപരമായി കടന്നാക്രമിച്ചു. രാജീവ് ഗാന്ധിയെ വീഴ്ത്തിയ ബോഫോഴ്സ് പോലെ റഫാല്‍ യുദ്ധവിമാന ഇടപാട് മോദിക്കെതിരായ ബ്രഹ്മാസ്ത്രമാക്കി മാറ്റാന്‍ ശ്രമിച്ചു. സഭാ രേഖകളില്‍ മയാതെ കിടക്കുന്ന ആ പരാമര്‍ശങ്ങള്‍ തന്നെ രാഷ്ട്രീയമായി ഏറെ പ്രസക്തം. അഴിമതിക്കെതിരെ മോദി നടത്തുന്നത് വെറുവചകമടിമാത്രമാണ് സ്ഥാപിച്ചെടുക്കാന്‍ ഒരുപരിധി വരെ രാഹുലിന് കഴിഞ്ഞു. ഒരു വിമാനം പോലും നിര്‍മ്മിച്ച് പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ റഫാല്‍ ഇടപാടില്‍ ഉള്‍പ്പെടുത്തി എന്നതടക്കം സുപ്രധാനമായ ഒരുപാട് ചോദ്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍വയ്ക്കാന്‍ രാഹുലിന് കഴിഞ്ഞു. ഉത്തരം തരാതെ ഒഴിഞ്ഞുമാറാന്‍ എത്രകാലം രാജ്യത്തിന്‍റെ പ്രധാനസേവകന് കഴിയും. 

ഭാവിയിലേക്കുള്ള ചില നീക്കിയിരിപ്പുകളും രാഹുല്‍ നടത്തി. കണ്ണടയ്ക്കലും കെട്ടിപ്പിടുത്തവും അതിന്‍റെ ഭാഗമായിരുന്നു. നാടകീയ നീക്കങ്ങള്‍ക്ക് പേരുകേട്ട നരേന്ദ്ര മോദിയെപ്പോലും ഞെട്ടിച്ച പ്രകടനം. കെട്ടുകാഴ്ച്ചകളാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യ രാഷ്ട്രീയവും വോട്ടര്‍മാരുടെ മനസും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഈ വഴികളിലൂടെ തന്നെ. നാടകീയ നീക്കങ്ങളുടെ അനന്തസാധ്യതകള്‍ പ്രയോഗിച്ച് വെന്നിക്കൊടിപ്പാറിച്ചതാണ് നമ്മുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും. അതി വൈകാരികത നിറഞ്ഞ വാക്കുകളും ആകര്‍ഷകമായ ദൃശ്യങ്ങളും. മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചപ്പോള്‍ പെട്ടെന്ന് ഒാര്‍ത്തുപോയത് പട്ടിക്കെട്ടുകള്‍ വന്ദിച്ച് മോദി പാര്‍ലമെന്‍റിലേയ്ക്ക് നടന്നുകയറിയ കാഴ്ച്ചയാണ്. താനും ഒട്ടും മോശമല്ലെന്ന് രാഹുല്‍ മോദിയെ ഒാര്‍മ്മപ്പെടുത്തുകയാണ്. പുതിയ കാലത്തിന്‍റെ രാഷ്ട്രീയശീലങ്ങള്‍ തനിക്കും വഴങ്ങുമെന്ന് രാഹുല്‍ രാജ്യത്തോട് പറയുകയാണ്. അതൊരു ഇമേജ് ബില്‍ഡിങിന്‍റെ തുടക്കമാണ്. ഒരു കെട്ടിപ്പിടുത്തത്തിന് ഒരുപാട് അര്‍ഥങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ തുല്യരായവര്‍ തമ്മിലാണ് കെട്ടിപ്പിടിക്കുക. താന്‍ മോദിയെ നേര്‍ക്കുനേരിടാന്‍ സജ്ജനാണെന്ന് സന്ദേശമാണ് രാഹുല്‍ നല്‍കിയത്. പക്ഷെ, പ്രസംഗത്തിന്‍റെ ഗാംഭീര്യം പ്രകടനത്തില്‍ ഒലിച്ചുപോയി. ഉന്നയിച്ച വിഷയങ്ങളേക്കാള്‍ ശ്രദ്ധ പതിഞ്ഞത് കെട്ടിപിടുത്തത്തിലും കണ്ണിറുക്കലുമായി ഒതുങ്ങി. 

നിങ്ങള്‍ അക്രമത്തിന്‍റെ രാഷ്ട്രീയം പറയുമ്പോള്‍ ഞങ്ങള്‍ സ്നേഹത്തിന്‍റെ രാഷ്ട്രീയം പറയുന്നുവെന്ന് പറയാനാണ് വാക്കിലും പ്രകടനത്തിലും രാഹുല്‍ ശ്രമിച്ചത്. നിങ്ങള്‍ പറയുന്ന ഹിന്ദുത്വമല്ല, ഞങ്ങള്‍ പറയുന്നതെന്ന് അടിവരയിടാനാണ് ശ്രമിച്ചത്. പക്ഷെ സംഘപരിവാറിന്‍റെ തീവ്രരാഷ്ട്രീയത്തെ ഹിന്ദുപാക്കിസ്ഥാന്‍ എന്ന പരാമര്‍ശത്തിലൂടെ വിമര്‍ശിക്കാന്‍ ശ്രമിച്ച ശശി തരൂരിനെ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം പിന്തുണച്ചില്ല എന്നത് നമ്മുടെ തൊട്ടുമുന്നിലുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്‍റെ വാക്കുകളില്‍ എത്രത്തോളം ആത്മാര്‍ഥയുണ്ടെന്ന് ഇനിയും തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.  

കോണ്‍ഗ്രസ് ബിജെപിയെയും മോദിയെയും അത്രയൊന്നും ഭയപ്പെടുന്നില്ലെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു ആ കെട്ടിപ്പിടുത്തം. സഭയിലെ പ്രകടനം മുതലും പലിശയുമായി കോണ്‍ഗ്രസിന് ഭാവിയില്‍ എങ്ങിനെ ലഭിക്കുമെന്നറിയാല്‍ കാത്തിരിക്കേണ്ടിവരും. രാഹുല്‍ മുന്നിട്ടിറങ്ങിക്കഴിഞ്ഞു. പക്ഷെ ഒരുപാട് മുന്നേട്ടുപോകേണ്ടതുണ്ട്. കെട്ടിപ്പിടുത്തവും കണ്ണിറുക്കലുമല്ല, കണക്കുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. .

പാര്‍ലമെന്‍റിലെ ബലപരീക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതി ഡല്‍ഹിയില്‍ ചേര്‍ന്നത്. ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ് തന്നെ. കോണ്‍ഗ്രസ് അധികാരത്തിലെത്തുക എന്നതല്ല പ്രധാനം. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. നരേന്ദ്ര മോദിയുടെ പടയോട്ടം ഒറ്റയ്ക്ക് ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ഉത്തമബോധ്യം കോണ്‍ഗ്രസിന് വന്നു കഴിഞ്ഞു. എല്ലാവരും ഒത്തുപിടിച്ചാല്‍ കാര്യം നടക്കും. കൂട്ടത്തില്‍ കൂടുതല്‍ അംഗബലമുണ്ടെങ്കില്‍ പ്രധാനമന്ത്രിക്കസേര കിട്ടും. ഇതാണ് കോണ്‍ഗ്രസിന്‍റെ നിലവിലെ മാനിഫെസ്റ്റോ. 

150 സീറ്റ് അതാണ് ലക്ഷ്യം. പാര്‍ട്ടിയുടെ അടിവേര് ഇനിയും ഇളകിയിട്ടില്ലാത്ത 12 സംസ്ഥാനങ്ങളിലാണ് പ്രതീക്ഷ. ബാക്കിയുള്ളിടത്ത് ബിജെപിയുടെ സീറ്റ് പരമാവധി കുറയ്ക്കുക. പ്രദേശിക പാര്‍ട്ടികളുമായി സഹകരിക്കുക. വിലപേശലിന് ശേഷിയുണ്ടെങ്കില്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കുക. അല്ലെങ്കില്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുവീഴ്ച്ചചെയ്ത് ബിജെപിയ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. കോണ്‍ഗ്രസ് കച്ചമുറുക്കിക്കഴിഞ്ഞു. കാഹളം മുഴക്കി കഴിഞ്ഞു. റഫാല്‍ ഇടപാട് വരും ദിനങ്ങളില്‍ ശക്തമായി ഉന്നയിക്കും. കാരണം മോദിയുടെ അഴിമതി വിരുദ്ധ ഇമേജ് തര്‍ക്കുകയെന്നത് തന്നെയാണ് കോണ്‍ഗ്രസിന് മുന്നിലുള്ള ബാലികേറാമല.

കോണ്‍ഗ്രസിന് കാതങ്ങള്‍ പോകണം. പാര്‍ട്ടിയുടെ സംഘടനസംവിധാനം ശക്തമാക്കണം. ജനങ്ങളിലേക്കെത്തിക്കാന്‍ നയം വേണം. അതിനൊക്കെയപ്പുറം ആത്മാര്‍ഥയും സ്ഥിരതയുമുള്ള നേതാവാണ് രാഹുലെന്ന് സാധാരണക്കാര്‍ക്ക് ബോധ്യപ്പെടണം. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ കഴിയണം. കോണ്‍ഗ്രസിനേക്കാള്‍ വിലപേശല്‍ ശക്തി ഇന്ന് പല പ്രാദേശിക പാര്‍ട്ടികള്‍ക്കുമുണ്ട്. കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും സഹായമില്ലാതെ ഒറ്റയ്ക്ക് മുന്നോട്ടുപോകുമെന്ന് ബംഗാളില്‍ മമത ബാനര്‍ജി പ്രഖ്യാപിച്ചു കഴിഞ്ഞു. വ്യത്യസ്ത താല്‍പര്യങ്ങളുള്ള വിവിധ കക്ഷികളെ ഒപ്പം നിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന് ശ്രമകരമാണ്.  

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ടായിരുന്നു അവിശ്വാസപ്രമേയ പരീക്ഷയെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്. സഖ്യയുടെ കാര്യത്തില്‍ മാത്രമല്ല സംവാദത്തിലും കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചുവെന്ന് ബിജെപി അവകാശപ്പെടുന്നു. രാഹുലിന്‍റെ പ്രകടനങ്ങള്‍ ക്ഷീണമുണ്ടാക്കിയെങ്കിലും മോദിയുടെ പ്രസംഗത്തിലൂടെ കളം തിരിച്ചുപിടിച്ചുവെന്നാണ് വിലയിരുത്തല്‍. 

രാഹുലിന്‍റെ ഗിമ്മിക്കിന് മോദി അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. പ്രത്യേകിച്ച് നമോ ഭക്തര്‍. പക്ഷെ മോദി അതിന് തുനിഞ്ഞില്ല. രാഹുലിനെയും കോണ്‍ഗ്രസിനെയും നഖശിഖാന്തം എതിര്‍ക്കാനാണ് ശ്രമിച്ചത്. വാക്ചാതുരിക്ക് പേരുകേട്ട വ്യക്തിയാണെങ്കിലും മോദിയുടെ പ്രസംഗത്തിന് പാസ് മാര്‍ക്കുമാത്രമാണുള്ളത്. ആത്മവിശ്വാസം നഷ്ടമാകുന്നതിന്‍റെ ചില സൂചനകള്‍ വ്യക്തമായിരുന്നു. പക്ഷെ, മുന്നണിക്ക് പുറത്തുനിന്നും ലഭിച്ച പിന്തുണ ബിജെപിയുടെ കരുത്ത് കൂട്ടുന്നു.

സര്‍ക്കാരിനെ ആദ്യം പിന്തുണച്ച ശിവസേന പിന്നീട് മലക്കം മറിഞ്ഞു. ലോക്സഭയില്‍ എത്തിയതുപോലുമില്ല. കാര്യം കേന്ദ്രസര്‍ക്കാരില്‍ പങ്കാളിയാണ്. ബിജെപിയുടെ ഏറ്റവും പഴയ ചങ്ങാതിമാരില്‍ ഒരാളാണ്. പക്ഷെ ശിവസേന ഇപ്പോള്‍ ഉടക്കിനില്‍ക്കുകയാണ്. അവിശ്വാസത്തിന്‍റെ പിറ്റേന്ന്, യഥാര്‍ഥ വിജയി രാഹുല്‍ ഗാന്ധിയാണെന്ന മട്ടിലാണ് ശിവസേന മുഖപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനയില്ലാതെ ഒറ്റയ്ക്ക് പൊരുതണമെന്ന ആഹ്വാനം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റില്‍ 42 ഉം കഴിഞ്ഞതവണ എന്‍ഡിഎയ്ക്കായിരുന്നു. ശിവസേന പിരിഞ്ഞാല്‍ സീറ്റ് കുറയുമെന്ന ഭീതി ബിജെപിക്കുണ്ട്. മൂര്‍ച്ചകുറഞ്ഞെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ശിവസേനയ്ക്ക് ഒറ്റയടിക്ക് പ്രതിപക്ഷ നിരയില്‍ നില്‍ക്കാനാകില്ല. 

ബിജെഡിയും ടിആര്‍എസും സഭയില്‍ സ്വീകരിച്ച നിലപാടുകളും നിര്‍ണായകമാണ്. ഇരുകൂട്ടരും സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുകയായിരുന്നു. ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിനെ മോദി പാര്‍ലമെന്‍റിലെ പ്രസംഗത്തില്‍ പ്രശംസിക്കുകയും ചെയ്തു. ഫെഡറല്‍മുന്നണിയെന്ന മൂന്നാംബദലിനായാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ ശ്രമം. അതും ബിജെപിയെ പരോക്ഷമായി സഹായിക്കുന്നതാണ്. സഹകരണത്തിന്‍റെ കാര്യം തള്ളിക്കളയാനുമാകില്ല. ഒഡീഷയില്‍ ബിജെപിയാണ് എതിരാളിയെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ തന്ത്രപരമായ നിലപാടാണ് ബിജെഡിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും. മോദിയെ വെറുപ്പിക്കാന്‍ കാര്യമായ താല്‍പ്പര്യമില്ല. അണ്ണാഡിഎംകെ ജയലളിതയുടെ മരണശേഷം ബിജെപിയുടെ ബി ടീമാണെന്നത് അരമന രഹസ്യവും അങ്ങാടിപ്പാട്ടുമാണ്. അണ്ണാഡിഎംകെ സര്‍ക്കാരിനെ പിന്തുണച്ചത് തമിഴകരാഷ്ട്രീയത്തില്‍ പുതിയ സാധ്യതകള്‍ക്ക് വഴിതുറന്നു.

MORE IN INDIA BLACK AND WHITE
SHOW MORE