ബിജെപി വീണ്ടും ഹിന്ദുത്വം പയറ്റുമ്പോള്‍

bjp
SHARE

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവട സാധ്യതയുള്ള ഉല്‍പ്പന്നങ്ങളാണ് മതവും ജാതിയും വര്‍ഗീയതയും. തിരഞ്ഞെടുപ്പിന് അങ്കം മുറുകുമ്പോള്‍, ജനങ്ങള്‍ പോളിങ് ബൂത്തിലെത്താന്‍ ഒരുങ്ങുമ്പോള്‍ വര്‍ഗീയ കാര്‍ഡിന് ഡിമാന്‍റ് ഏറെയാണ്. വികസനം പറഞ്ഞ് ജനങ്ങളുടെ ഇഷ്ടം നേടിയെടുക്കുന്നതിനേക്കാള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് എളുപ്പം വര്‍ഗീയത പറഞ്ഞ് ഭിന്നിപ്പിച്ച് വിജയം നേടുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം പോകാനൊരുങ്ങുമ്പോള്‍ ഹിന്ദുത്വ അജന്‍ഡയുടെ മൂര്‍ച്ച കൂട്ടുകയാണ് ബിജെപി. 

Default thumb image

ഒരു കാര്യം ഉറപ്പിച്ചു പറയാം. സുഖസമൃദമായ അവസ്ഥയിലൂടെയല്ല നമ്മുടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതൃപതി ജനങ്ങളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നു. പ്രതിസന്ധികളുടെ നീണ്ട നിര മുന്നിലുണ്ട്. കര്‍ഷകരോഷം ആളിക്കത്തുകയാണ്. ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നു. തൊഴിലവസരങ്ങള്‍ പ്രതീക്ഷച്ചത്ര സൃഷ്ടിക്കപ്പെട്ടിട്ടില്ല. വ്യവസായ വളര്‍ച്ചാ നിരക്ക് താഴ്ന്നു. തലതിരിഞ്ഞ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ ഏല്‍പ്പിച്ച ആഘാതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ടം കാട്ടുനീതി നടപ്പാക്കുന്നത് പതിവാകുന്നു. അയല്‍ക്കാരും ഇഷ്ടക്കാരും ഏത് നിമിഷവും ശത്രുപക്ഷത്ത് നിലയുറപ്പിക്കാം. സൂപ്പര്‍ പവറാകാന്‍ സ്വപ്നം കാണുന്ന ഒരു നാട് തിരിച്ചടികളേറ്റ് നിസ്സാഹയതയോടെ നില്‍ക്കുന്നു. മുന്നോട്ടുപോകാന്‍ വഴികളില്ലാതെ വരുമ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന് എളുപ്പം പയറ്റുന്ന ആയുധമാണ് വര്‍ഗീയത. വിഷം പുരട്ടിയ നാവും വിവേകമില്ലാത്ത അണികളും മാത്രംമതി. വിളവ് നൂറില്‍ നൂറ്റിപ്പത്ത് ശതമാനം.

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയം വ്യക്തമാക്കി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തിയാകും. വികസനം വിഷയമാകുന്നത് അതിന് ശേഷം മാത്രം. അല്ലെങ്കില്‍ തന്നെ വികസനത്തെക്കുറിച്ച് ബിജെപി എത്ര വാതാരാതെ സംസാരിച്ചാലും വോട്ടിന്‍റെ കാര്യം വരുമ്പോള്‍ വര്‍ഗീയത പറയാതിരിക്കാനാകില്ല. ജാത്യാലുള്ളത് മേയ്ക്ക് ഇന്‍ ഇന്ത്യവന്നാല്‍ പോവില്ല. രാജ്യത്തെ പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് മുസ്‍ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്നാണ് മോദിയുടെ ചോദ്യം. ഈ ചോദ്യത്തന് കാരണമായ ഒരു സംഭവം അതിന് മുന്‍പ് നടന്നിരുന്നു. വിവിധ മേഖലകളിലെ പ്രമുഖരായ മുസ്‍ലിംങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് മുസ്‍ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി ഒരു ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മോദി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. കോണ്‍ഗ്രസ് മുസ്‍ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോയെന്ന് ആവര്‍ത്തിച്ച് ചോദിച്ച് മോദി പുറത്തെടുത്തത് ഒരു വെടിയ്ക്ക് രണ്ട് പക്ഷിയെ വീഴ്ത്തുന്ന വിദ്യയായിരുന്നു. കോണ്‍ഗ്രസ് ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്ന് ചിത്രീകരിച്ച് ഭൂരിപക്ഷവോട്ടുകള്‍ ബിജെപിക്കായി സമാഹരിക്കുകയായിരുന്നു ആദ്യലക്ഷ്യം. രണ്ടാമത്തേതാകട്ടെ, മുസ്‍ലിം പുരുഷന്മാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് മുത്തലാഖ് ബില്‍ അട്ടിമറിക്കുന്നുവെന്ന ആരോപണത്തന് വഴിതുറക്കുക അതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകളെ ഒപ്പം നിര്‍ത്തുക.

രാമക്ഷേത്ര നിര്‍മ്മാണം, ഏകീകൃത സിവില്‍ കോഡ്, മുത്തലാഖ് കുറ്റകരമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പുവരെ സജീവമാക്കി നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഈ വിഷയങ്ങള്‍ അനുകൂലമായോ, പ്രതികൂലമായോ നിലനിര്‍ത്തുക. വികസനമുദ്രാവാക്യങ്ങള്‍ക്കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.  

2014 ല്‍ ബിജെപി അധികാരം പിടിച്ചെടുത്തത് വികസനത്തെക്കുറിച്ച് പറഞ്ഞും. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ വ്യാപകമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും അശ്വമേധത്തിന് വഴിെവട്ടി. ഹിന്ദുത്വ രാഷ്ട്രീയം ഗുജറാത്ത് വികസനപ്പെരുപ്പത്തിന്‍റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കുറിക്കുകൊളുന്ന മുദ്രാവാക്യങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. മോദി ഒരേ സമയം ഹിന്ദു ഹൃദയസാമ്രാട്ടും വികസന പുരുഷനുമായിരുന്നു.

കാര്‍ക്കശ്യക്കാരാനായ വികസനവാദി എന്ന ഇമേജായിരുന്നു ഒരുപാട് പണത്തൂക്കം മുന്നില്‍. പക്ഷെ, പുള്ളിപ്പുലിയുടെ പുള്ളി മായ്ച്ചു കളയാനാകില്ല. സംഘപരിവാറിന്‍റെ വര്‍ഗീയ രാഷ്ട്രീയവും. വികസനത്തിന്‍റെ ചായക്കൂട്ടുകള്‍ പലപ്പോഴും ഇളകിപ്പോകും. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ പരീക്ഷയെഴുതാന്‍ ബിജെപിയും മോദിയും തയ്യാറെടുക്കുമ്പോള്‍ വീണ്ടും ഹിന്ദുത്വ രാഷ്ട്രീയം പുറത്തെടുക്കുകയാണ്. യാതൊരു മറയുമില്ലാതെ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. 

രാഷ്ട്രീയക്കാരിലെ കവിയും കവികളിലെ സംഘപരിവാറുകാരനുമായ അടല്‍ ബിഹാരി വാജ്പേയിയാണ് മോദിയുടെ മുന്‍ഗാമി. ബിജെപിയുടെ അധികാരധ്വജം ഇന്ദ്രപ്രസ്ഥത്തില്‍ പാറിച്ച ആദ്യ നേതാവ്. പല കാര്യങ്ങളിലും വാജ്പേയിയേക്കാള്‍ ഒരുപടി മുന്നിലാണ് മോദിയെന്ന് പറയാതെ പറയാറുണ്ട് ബിജെപി നേതാക്കള്‍.  

വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്‍റെ ബലത്തിലാണ് വാജ്പേയി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതും കാലാവധി പൂര്‍ത്തിയാകും മുന്‍പ്. പക്ഷെ എല്ലാ കണക്കൂട്ടലും തെറ്റി. വാജ്പേയിക്ക് അധികാരക്കസേര നഷ്ടമായി. അന്നത്തെ തിരിച്ചടി ബിജെപിയും ആര്‍എസ്എസും മറന്നിട്ടില്ല. ജനങ്ങള്‍ക്ക് വികസനം മാത്രമല്ല വേണ്ടതെന്നായിരുന്നു ബിജെപി രാഷ്ട്രീയത്തിലെ സൂപ്പര്‍സ്റ്റാര്‍ പ്രമോദ് മഹാജന്‍ അന്ന് വിലയിരുത്തിയത്.

അതേ, തെറ്റുകളും വീഴ്ച്ചകളും ആവര്‍ത്തിക്കാന്‍ ബിജെപിയുടെ പുതിയ നേതൃത്വം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വം വിട്ടൊരു കളിയില്ല. മൂന്ന് വെല്ലുവിളികളാണ് ബിജെപി ഇപ്പോള്‍ േനരിടുന്നത്. ഒന്ന്, ജനങ്ങളുടെ ഉള്ളില്‍ മുളപൊട്ടാന്‍ തുടങ്ങിയ ഭരണ വിരുദ്ധ വികാരം. രണ്ട്, പൊതുശത്രുവിനെതിരെ പ്രതിപക്ഷ നിരയിലുണ്ടായ െഎക്യം. മൂന്ന്, മോദി പ്രഭാവത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നു. നോട്ടുപിന്‍വലിക്കലും ജിഎസ്ടിയും വിലക്കയറ്റവും ജനങ്ങളിലുണ്ടാക്കിയ അതൃപ്തിയെക്കുറിച്ച് മറ്റാേരക്കാളും ബോധ്യം ബിജെപി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുന്നിലേക്ക് അവര്‍ വിശ്വാസങ്ങളെ ഇട്ടുകൊടുക്കുന്നു. 

.................

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരാണല്ലോ നാട്ടുനടപ്പ്. നരേന്ദ്ര മോദി മന്ത്രിസഭയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. കോണ്‍ഗ്രസ് മുസ്‍ലിം പുരുഷന്മാരുടെ പാര്‍ട്ടിയാണോ എന്ന ചോദ്യം ഏറ്റെടുത്തത് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനായിരുന്നു. പൊതു തിരഞ്ഞെടുപ്പിന് രാജ്യത്ത് എന്തെങ്കിലും വര്‍ഗീയസംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമായിരിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞുവച്ചു. 

കോണ്‍ഗ്രസിന്‍റെ ഇപ്പോഴത്തെ രാഷ്ട്രീയം 1947ലെ വിഭജനകാലത്തേതിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും നിര്‍മല ചൂണ്ടിക്കാട്ടുന്നു. കോട്ടണ്‍ സാരിയും സൗമ്യതയും തേച്ചുമിനുക്കിയ ഇംഗ്ലീഷുമായി മാധ്യമങ്ങളെ കണ്ടിരുന്ന ബിജെപിയുടെ പഴയ വക്താവല്ല. പറയുന്നത്, ദേശീയ സുരക്ഷാകൗണ്‍സിലിലെ അംഗമാണ്. രാജ്യത്തിന്‍റെ പ്രതിരോധമന്ത്രിയാണ്. വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നിര്‍മല സീതാരാമന്‍ ഒരുമുഴം നീട്ടിയെറിഞ്ഞതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. 2002 ലെ ഗുജറാത്ത് കലാപത്തിന്‍റെ പാഠങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

രാജ്യം ഭരിക്കുന്നതും സിംഹഭാഗം സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്നതും ബിജെപിയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ എഴുപത് ശതമാനത്തിലധികം ബിജെപി സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ വിഷയവും. അങ്ങിനെയെങ്കില്‍ വിഭജനകാലത്തേതിനു സമാനമായ സാഹചര്യമില്ലാതാക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? പ്രതിരോധമന്ത്രിയുടെ കസേരയിലിരുന്ന് ഇങ്ങിനെയൊക്കെ പറയാമോയെന്ന് നിര്‍മലയോട് ചോദിക്കുന്നതില്‍ അര്‍ഥമില്ല. മോന്തായം തന്നെ വളഞ്ഞിരിക്കുകയാണ്. 

അയോധ്യയില്‍ ഉടന്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവാണ്. അയോധ്യതര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനിയിലാണ്. കോടതി തീര്‍പ്പു കല്‍പ്പിക്കാനിരിക്കെ തര്‍ക്കസ്ഥലത്ത് അമ്പലം ഉടന്‍ പണിയുമെന്ന് അമിത് ഷായ്ക്ക് എങ്ങിനെ തറപ്പിച്ച്  പറയാന്‍ കഴിയുന്നു. ഈ ചോദ്യം ബിജെപിയെ വെട്ടിലാക്കി. തെലങ്കാന ബിജെപി നേതാവിന്‍റെ പ്രസ്താവന ഇതോടെ പാര്‍ട്ടി നിഷേധിച്ചു. രാമക്ഷേത്ര നിര്‍മ്മാണ് ബിജെപിയുടെ അജന്‍ഡയില്‍ ഉണ്ടെന്ന സൂചന നല്‍കാന്‍ എന്തായാലും ഇതുവഴി കഴിഞ്ഞു.

MORE IN INDIA BLACK AND WHITE
SHOW MORE