താങ്ങുവില മോദിക്ക് താങ്ങാകുമോ?

farmers-suicide
SHARE

രാജ്യമെങ്ങും കര്‍ഷകരോഷം ആളിക്കത്തുന്നതിനിടയിലാണ് നെല്ലിനും മറ്റ് പതിമൂന്ന് വിളകള്‍ക്കും മിനിമം താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. താങ്ങുവില കൂട്ടാനുള്ള തീരുമാനം കര്‍ഷകരെ ശരിക്കും തുണയ്ക്കുമോ? 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് താങ്ങാകുമോ?

ചരിത്രപരം എന്നായിരുന്നു ആ തീരുമാനത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. തന്‍റെ മുന്‍ഗാമിയായ വാജ്പേയിയേക്കാള്‍ വലിയ ചുവടുവയ്പ്പ് മോദി നടത്തിയെന്ന് വിലയിരുത്തല്‍. നെല്ലും പരുത്തിയും പരിപ്പും ഉള്‍പ്പെടെ 14 വിളകള്‍ക്ക് മിനിമം താങ്ങുവില വര്‍ധിപ്പിക്കും. ഇതുവരെയുള്ള സര്‍ക്കാരുകളൊന്നും വര്‍ധിപ്പിച്ചിട്ടില്ലാത്ത അത്ര റെക്കോര്‍ഡ് തുക. തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നടത്തിയ ഒരു പരാമര്‍ശം കേള്‍ക്കാം.

താനും തന്‍റെ സഹമന്ത്രിമാരും കര്‍ഷകരാണെന്നും കര്‍ഷകരുടെ വികാരം മനസിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്നാഥ് സിങ് താങ്ങുവില കൂട്ടാനുള്ള തീരുമാനത്തിന്‍റെ പ്രാധാന്യം എടുത്തുപറ‍ഞ്ഞത്. കര്‍ഷകരോടുള്ള അടങ്ങാത്ത സ്നേഹം മാത്രമാണോ ഈ തീരുമാനത്തിന് പിന്നില്‍. അല്ലേ അല്ല. മോദിയുടെ പടക്കപ്പല്‍ കര്‍ഷകപ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റില്‍ ആടിയുലയുകയാണ്.

2019 ലെ തിര‍ഞ്ഞെടുപ്പില്‍ മുങ്ങിത്താഴാതിരിക്കാനുള്ള പിടിവള്ളിയാണ് പുതിയ പ്രഖ്യാപനങ്ങള്‍. കര്‍ഷകക്ഷേമത്തേക്കാള്‍ കര്‍ഷകരുടെ വോട്ടുചോര്‍ന്നുപോകുന്നത് തടയുക എന്നതാണ് പ്രഖ്യാപനത്തില്‍ തെളിഞ്ഞുകിടക്കുന്നത്. രാജ്യമാകെ കര്‍ഷകന്‍ കടുത്ത പ്രതിസന്ധിയിലാണ്. കടം കയറി ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നു. നിരാശയുടെ പടുകുഴിയില്‍ കിടന്നിരുന്ന ഇന്ത്യയിലെ ഗ്രാമീണരെ, കര്‍ഷകരെ വാഗ്ദാനങ്ങളുടെ സ്വര്‍ഗഭൂമി കാണിച്ചാണ് നരേന്ദ്ര മോദി അധികാരം പിടിച്ചത്. ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി തുക താങ്ങുവില നല്‍കും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഈ രണ്ട് കാര്യങ്ങളാണ് മോദി ആവര്‍ത്തിച്ച് ഉറപ്പുകൊടുത്തിരുന്നത്. ഉല്‍പ്പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടി തുക താങ്ങുവില നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് പുതിയ തീരുമാനം. 

റെക്കോര്‍ഡ് തുക വര്‍ധിപ്പിച്ചുവെന്ന അവകാശവാദം ശരിക്കും കണക്കിലെ കളിയാണ്. കര്‍ഷകരുടെ കണ്ണില്‍പൊടിയിടലാണ്. കഴി‍ഞ്ഞ വര്‍ഷത്തേക്കാള്‍ ഉല്‍പാദനച്ചെലവ് കുറച്ച് നിശ്ചയിച്ചാണ് താങ്ങുവില തീരുമാനിച്ചത്. 

മുടക്കുമുതല്‍, കര്‍ഷകന്‍റെ അധ്വാനം, ഭൂമിയുടെ പാട്ടത്തുക, ഉപകരണങ്ങളുടെ ചെലവ് എന്നിവ അടിസ്ഥാനമാക്കിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. കാര്‍ഷിക വില നിര്‍ണയ കമ്മിഷനാണ് ഉല്‍പാദന ചെലവ് കണക്കാക്കുന്നത്. ഉല്‍പാദന ചെലവ് പരമാവധി കുറച്ച് നിശ്ചയിച്ച് അതിന്‍റെ അന്‍പത് ശതമാനം കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ താങ്ങുവില ഉയര്‍ത്തിയത്. പറയുമ്പോള്‍ വലിയ പെരുപ്പം തോന്നുമെങ്കിലും കയ്യിലെത്തുന്ന കാശ് കണക്കിലെടുത്താല്‍ കാര്യമായ നേട്ടമൊന്നുമില്ല. രാഷ്ട്രീയവേദികളില്‍ പ്രചാരണായുധമാക്കാം എന്നതില്‍ കവിഞ്ഞ് വാസ്തവത്തില്‍ കര്‍ഷകന് ആശ്വാസം നല്‍കാനും പോകുന്നില്ല. മഴയും മരണവുമായി ചൂതുകളിക്കുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. 20 വര്‍ഷത്തിനിടെ മൂന്നുലക്ഷത്തിലധികം കര്‍ഷകര്‍ ജീവനൊടുക്കി. കണ്ണീരുവീണ പാടങ്ങളുപേക്ഷിച്ച് വിണ്ടുകീറിയ പാദങ്ങളുമായി പുതിയ തൊഴില്‍തേടി കര്‍ഷകര്‍ നഗരങ്ങളിലേക്ക് കുടിയേറുന്നു. പത്തുവര്‍ഷത്തിനിടയില്‍ ഗ്രാമീണ കര്‍ഷകരുടെ എണ്ണത്തില്‍ ഒന്നരകോടിയുടെ കുറവുണ്ടായെന്ന് 2011 ലെ സെന്‍സസ് പറയുന്നു. സ്ഥിതി കൂടുതല്‍ കൂടുതല്‍ ദുരിതമയമായി. 

താങ്ങുവില കൂട്ടുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക. ഈ രണ്ട് പരിഹാര മാര്‍ഗങ്ങളാണ് പ്രതിസന്ധി നേരിടാന്‍ രാഷ്ട്രീയ രംഗത്ത് സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നത്. 

താങ്ങുവില കൂട്ടുന്നതോടെ 15,000 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരുണ്ടാകുമെന്നാണ് കണക്ക്. താങ്ങുവില കൂട്ടുന്നതും, കാര്‍ഷിക കടം എഴുതിത്തള്ളുന്നതും ഖജനാവിന്‍റെ ഭദ്രത അപകടത്തിലാക്കുമെന്ന വിലയിരുത്തലുണ്ട്. അത് ശരിയുമാണ്. ഒന്ന് ഉറപ്പിച്ച് പറയാം താങ്ങുവില കൂട്ടുന്നതിലും കാര്‍ഷിക കടം എഴുതിത്തള്ളുന്നതിലും മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍.

താങ്ങുവില കൂട്ടുന്നതും കാര്‍ഷിക കടം എഴുതി തള്ളുന്നതും തൊലിപ്പുറത്തെ ചികില്‍സ മാത്രമാണ്. രാഷ്ട്രീയവേദികളിലെ കയ്യടികള്‍ക്കപ്പുറം ഒന്നുമില്ല. കര്‍ഷകരുടെ വരുമാനം കൂട്ടാനും അന്തസ് ഉയര്‍ത്താനും അര്‍ഥപൂര്‍ണമായ, ആഴത്തിലുള്ള ഇടപെടലാണ് വേണ്ടത്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് വേണ്ടത്. ഇനി ചില കണക്കുകള്‍ പറയാം. പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഇക്ര പുറത്തുവിട്ടതാണ്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.44 ലക്ഷം കോടി രൂപയാണ്. ഇതില്‍ സ്വകാര്യബാങ്കുകള്‍ എഴുതിത്തള്ളിയത് 23,928 കോടി രൂപ. രാജ്യത്തെ ബാങ്ക് മേഖലയുടെ നടുവൊടിച്ചത് വിജയ് മല്യമാരും നീരവ് മോദിമാരും അവരുടെ തട്ടിപ്പുകള്‍ക്ക് ഒത്താശചെയ്തവരുമാണ്. അല്ലാതെ, ജീവിതം വഴിമുട്ടിയപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ കൈനീട്ടിയ കര്‍ഷകരല്ല. കര്‍ഷകര്‍ക്ക് വേണ്ടത് മിനിമം താങ്ങുവിലയല്ല, മാന്യമായ വിലയാണ്. ജീവിതമാണ്.

MORE IN INDIA BLACK AND WHITE
SHOW MORE