ആളെക്കൊല്ലും വ്യാജ വാര്‍ത്തകള്‍

social-media-fake-news
SHARE

സമൂഹമാധ്യമങ്ങള്‍ വഴി കാട്ടുതീപോലെ പടരുന്ന വ്യാജസന്ദേശങ്ങള്‍ രാജ്യത്ത് ഗുരുതരമായ ക്രമസമാധാനപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഉത്തരവാദിത്വം ആര്‍ക്കുമില്ലാതെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വാര്‍ത്തകളും ആള്‍ക്കൂട്ട വിചാരണകളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സ്വഭാവവും സമൂഹമാധ്യമങ്ങളുടെ വരവോടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. വ്യാജസന്ദേശങ്ങളുടെ ഒരു വസ്തുതാ പരിശോധന അനിവാര്യമാണ്. 

മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ അടുത്തയിടെയാണ് ആള്‍ക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന കിംവദന്തിയുടെ മറപറ്റിയാണ് ആള്‍ക്കൂട്ടം വിചാരണ നടപ്പാക്കിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെ പറ്റിയുള്ള വ്യാജ വിവരങ്ങള്‍ കുറച്ചധികം നാളുകളായി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇവ വിശ്വസിക്കരുതെന്ന് പൊലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഫലമുണ്ടായില്ല. പക്ഷെ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല. മഹാരാഷ്ട്രയിലെ നാസിക്കില്‍ തൊട്ടുപിന്നാലെ അക്രമം അരങ്ങേറി. രണ്ടു വയസുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ചുള്ള വ്യാജ സന്ദേശം തന്നെയായിരുന്നു ഈ അക്രമത്തിനും കാരണമായത്. ഇവ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയാന്‍ കഴിയില്ല. 

മേയ് മുതല്‍ ഇതുവരെ രാജ്യത്ത് 22 പേരെ ആള്‍ക്കൂട്ടം പരസ്യവിചാരണ നടത്തി കൊലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജസന്ദേശങ്ങളുടെ പേരില്‍. പശ്ചിമബംഗാള്‍, അസം, ത്രിപുര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ വിഷയത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. കാട്ടുതീപോലെ പടരുന്ന ഇത്തരം കിംവദന്തികള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കര്‍ശനമായി ഇടപെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. 

വിഷലിപ്തമായ ഇത്തരം സന്ദേശങ്ങള്‍ എവിടെ നിന്ന് വരുന്നു? ആരാണ് ഇവ പ്രചരിപ്പിക്കുന്നത് ? രണ്ടാമതൊന്ന് ആലോചിക്കാതെ ആള്‍ക്കൂട്ടം എന്തുകൊണ്ടാണ് പരസ്യവിചാരണ നടത്തുന്നത്? ഇന്ത്യയില്‍ ഇരുപത് കോടിയിലധികം ആളുകള്‍ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. സമൂഹമാധ്യമങ്ങളെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത് രാജ്യം ഭരിക്കുന്ന ബിജെപിയാണ്. 

രാഷ്ട്രപതി ഭവന്‍റെ പടികളിറങ്ങിയ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് വേദിയിലെത്തിയത് ചൂടേറിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴി തുറന്നത്. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം നില്‍ക്കുമ്പോള്‍ അത് ബാക്കിയിട്ട രാഷ്ട്രീയമാനങ്ങള്‍ ഏറെ നിര്‍ണയാകമാണ്. പ്രണബിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആര്‍എസ്എസ് നേതാക്കളെപ്പോലെ തൊപ്പി ധരിച്ച് ആര്‍എസ്എസ് രീതിയില്‍ അഭിവാദ്യം ചെയ്യുന്ന ചിത്രം. ആരാണ് ഈ വ്യാജചിത്രം സൃഷ്ടിച്ചത്? ആരാണ് പ്രചരിപ്പിച്ചത്? ഇത് വ്യാജമാണെന്ന് കാണിച്ച് പ്രണബിന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. മിഹിര്‍ ഝാ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ശ്രദ്ധേയമായ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ബിജെപിയിലെ മുതര്‍ന്ന നേതാക്കള്‍ മിഹിര്‍ ഝായെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട് എന്നതാണ്.

സമൂഹമാധ്യമങ്ങളില്‍ നിരന്തരം പരിഹസിക്കപ്പെടുകയും ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ നടത്തിയ പ്രസംഗത്തിലെ ഒരുഭാഗം സമൂഹമാധ്യമങ്ങളിലൂടെ ഏറെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.  ഉരുളക്കിഴങ്ങ് ഇട്ടുകൊടുത്താല്‍ സ്വര്‍ണം പുറത്തുവരുന്ന ഒരു യന്ത്രം സ്ഥാപിക്കുമെന്ന് രാഹുല്‍ അവകാശപ്പെട്ടുവെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.ബിജെപി നേതാക്കളും അണികളും ഈ പരാമര്‍ശത്തിന്‍റെ പേരില്‍ രാഹുലിനെ നിരന്തരം പരിഹസിച്ചു. ഉരുളക്കിഴങ്ങില്‍ നിന്ന് സ്വര്‍ണം ഉല്‍പ്പാദിപ്പാക്കാമെന്ന കണ്ടുപിടിത്തത്തിന്‍റെ പേരില്‍ രാഹുല്‍ കോമാളിയാക്കപ്പെട്ടു. അത്തരമൊരു പരാമര്‍ശം രാഹുല്‍ നടത്തിയിരുന്നുവെന്നത് സത്യമാണ്. പക്ഷെ അത് പകുതി സത്യം മാത്രം.  മോദി കര്‍ഷകര്‍ക്ക് നല്‍കിയ വ്യാജവാഗ്ദാനങ്ങളെ ചൂണ്ടിക്കാട്ടാനാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പക്ഷെ, ആ പ്രസംഗത്തിന്‍റെ ഒരുഭാഗം അടര്‍ത്തിമാറ്റി രാഹുലിനെതിരായ പ്രചാരണ ആയുധമാക്കി.  

ഈദിന്‍റെ അവധി നാല് ദിവസം കൂടി നീട്ടാന്‍ മമതാ ബാനാര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന പ്രചാരണം ബംഗാളില്‍ വലിയ വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ബംഗാള്‍ സര്‍ക്കാരിലെ അഡീഷണല്‍ സെക്രട്ടറി രാജ്ശേഖര്‍ ബന്ദോപാദ്യായയുടെ പേരില്‍ പ്രചരിച്ച ഒരു സര്‍ക്കുലറായിരുന്നു ഇതിനെല്ലാം ആധാരം. വാസ്തവം തിരക്കാതെ ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. സംഘപരിവാര്‍ അനുഭാവി എന്ന് സ്വയം പരിചയപ്പെടുത്തിയ എസ്.വി പളനിസ്വാമി എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സര്‍ക്കുലര്‍ പ്രചരിച്ചത്. സന്ദേശം വ്യാജമാണെന്ന് കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. വലിയ പൊട്ടിത്തെറിയില്‍ നിന്ന് ഒടുവില്‍ ബംഗാള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ആളിക്കത്തിയ കലാപത്തിന് കാരണമായതും നാഥനില്ലാത്ത, നേരല്ലാത്ത ചില സന്ദേശങ്ങളും അഭ്യൂഹങ്ങളുമാണ്. തീ ഊതിപ്പെരുപ്പിച്ചവരില്‍ ബിജെപിയുടെ ജനപ്രതിനിധികളുമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടില്‍ നിന്നുള്ള ഒരു ദൃശ്യം മുസഫര്‍നഗറിലേതെന്ന പേരില്‍ പ്രചരിപ്പിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്‍റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെയെ കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ബിജെപി നേതാക്കള്‍ മഹേഷ് വിക്രം ഹെഗ്ഡെയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ട്. 

വ്യാജസന്ദേശങ്ങള്‍ മൂലമുള്ള ആള്‍ക്കൂട്ട അതിക്രമങ്ങള്‍ പതിവായതോടെ ഇതിനെതിരെ ശക്തമായ നിയമം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നിലവിലെ നിയമങ്ങള്‍ തന്നെ പര്യാപ്തമാണെന്നതും അവ കൃത്യമായി നടപ്പാക്കുകയാണെന്ന് വേണ്ടതെന്നും നിയമ വിദഗ്ധര്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ട്? 

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്‍ പ്രവര്‍ത്തകരോട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പര്‍ട്ടിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്രതിനിധികളോടും സൈബര്‍ പോരാളികളായി മാറാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ഇതിനിടയിലാണ് ബിജെപിയുടെ സൈബര്‍ പോരാളി ഗിരീഷ് മഹേശ്വരി അറസ്റ്റിലായത്. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ പത്തുവയസുള്ള മകളെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന്. ബിജെപിയുടെ അക്കൗണ്ടിങ് അസോസിയേറ്റ് എന്ന് അവകാശപ്പെടുന്ന 36 കാരനായ ഗിരീഷിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിറയെ സ്ത്രീവിരുദ്ധവും വര്‍ഗീയവുമായ സന്ദേശങ്ങളും ചിത്രങ്ങളുമാണ്. 

സംഘപരിവാറിന്‍റെ സൈബര്‍ ഗുണ്ടകള്‍ ഒടുവില്‍ സുഷമ സ്വരാജിനെതിരെയും തിരിഞ്ഞു. മിശ്ര വിവാഹിതരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ വിദേശകാര്യമന്ത്രാലയം നടപടിയെടുത്തതാണ് പ്രകോപനം. സുഷമ സ്വരാജിനെ സുഷമ ബീഗമാക്കിയായിരുന്നു ആക്രമണം. നവാസ് ഷെരീഫിന് വീസ നല്‍കാന്‍ മാത്രം മതേതരയായി സുഷമയെന്ന് പരിഹാസം. സുഷമയുടെ ഭര്‍ത്താവ് സ്വരാജ് കൗശലിനുള്ള ഉപദേശം ഇങ്ങിനെ, ജോലി കഴിഞ്ഞുവരുന്ന ഭാര്യയെ തല്ലണം. അവരെ ഒരു പാഠം പഠിപ്പിക്കണം. മുസ്ലിംങ്ങളെ തൃപ്തിപ്പെടുത്തുന്നത് നിര്‍ത്തണം. ഈ സൈബര്‍ ആക്രമണങ്ങള്‍ നേരിടുമ്പോഴും സ്വന്തം പാര്‍ട്ടിയില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ നിന്നും കാര്യമായി പിന്തുണ ലഭിച്ചില്ല. രാജ്നാഥ് സിങും നിതിന്‍ ഗഡ്കരിയും പേരിന് പ്രസ്താവന നടത്തിയതൊഴിച്ചാല്‍. 

നടപടിയെടുക്കേണ്ടവര്‍ സ്വീകരിക്കുന്ന നിലപാട് എന്താണ്. പശുമാംസം കടത്തുന്നതായി ആരോപിച്ച് ജാര്‍ഖണ്ഡില്‍ വ്യാപാരിയെ തല്ലിക്കൊന്ന കേസിലെ പ്രതികള്‍ക്ക് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. പ്രതികളെ പൂമാലയിട്ട് സ്വീകരിക്കുന്നതിന്‍റെയും മധുരം നല്‍കുന്നതിന്‍റെയും ചിത്രങ്ങള്‍ പുറത്തുവന്നു. ജാമ്യത്തിലിറങ്ങിയ എട്ടുപേരെ മന്ത്രി ഹസാരിബാഗിലെ വസതിയില്‍ വിളിച്ചുവരുത്തിയാണ് സ്വീകരണം നല്‍കിയത്. അലിമുദീന്‍ എന്ന നാല്‍പ്പത്തിയഞ്ചുകാരനെ 2017 ജൂണ്‍ 29നാണ് അന്‍പതോളം പേര്‍ അടിച്ചുകൊന്നത്. പ്രതികള്‍ നിരപരാധികളാണെന്നാണ് മന്ത്രിയുടെ വാദം. ഈ ചിത്രങ്ങള്‍ നമ്മുടെ പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്. നിങ്ങള്‍ കൊന്നോളൂ ഞങ്ങള്‍ കൂടെയുണ്ട് എന്നാണോ.

ആവിഷ്ക്കാര സ്വതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കാത്ത രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് കൃത്യമായ കൂച്ചുവിലങ്ങിടണം. നമ്മുടെ മുന്നിലെത്തുന്ന ഓരോ സന്ദേശവും കണ്ണടച്ചു വിശ്വസിക്കുകയോ, ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഒരുപാട് വട്ടം ആലോചിക്കുക. സത്യാവസ്ഥ പരിശോധിക്കുക. 

MORE IN INDIA BLACK AND WHITE
SHOW MORE