‘വിശുദ്ധ പശുവും’ വിദ്വേഷ രാഷ്ട്രീയവും

ibw-cow-t
SHARE

ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ തലകുനിച്ചുകൊണ്ടുമാത്രമേ നമുക്ക് സംസാരിക്കാന്‍ കഴിയൂ. ജനാധിപത്യത്തിന്‍റെ ശുദ്ധവായു ശ്വസിച്ച് ഡിജറ്റല്‍ സ്വപ്നങ്ങള്‍ കാണുന്ന നമ്മള്‍ കാട്ടുനീതിയുടെയും ആള്‍ക്കൂട്ട വിചാരണകളും നടപ്പാക്കുന്ന വിദ്വേഷരാഷ്ട്രീയത്തിന്‍റെ വിനീത വിധേയരായിക്കൊണ്ടിരിക്കുകയാണ്. പശുവിന്‍റെ പേരില്‍ ദലിതരെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന സമൂഹമായി നമ്മുടെ രാജ്യം അതിവേഗം അധ:പതിച്ചു കഴിഞ്ഞു. പശുവെന്ന് പറയുമ്പോള്‍ തന്നെ മരണത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്ന ഭീതിതമായ അവസ്ഥയിലാണ് ഇന്ത്യന്‍ ജനാധിപത്യം. 

ദാദ്രിയില്‍ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‍ലാഖിനെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയപ്പോള്‍ നമ്മള്‍ ഞെട്ടിത്തരിച്ചുപോയി. പതിനാറുകാരായ ജുനൈദും ജാര്‍ഖണ്ഡിലെ കര്‍ഷകനായ ഉസ്മാന്‍ അന്‍സാരിയും ആക്രമിക്കപ്പെട്ടപ്പോള്‍ മരവിപ്പും ഭീതിയുമായിരുന്നു. ഗോരക്ഷയുടെ പേരിലുള്ള ഭീകരതയുടെ പട്ടിക പിന്നെയും പിന്നെയും നീണ്ടുപോയി. ഏറ്റവുമൊടുവില്‍ ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ പശുവധം ആരോപിച്ച് ഒരാളെ അടിച്ചുകൊല്ലുകയും വയോധികനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്ത സംഭവം പുറത്തുവരുമ്പോള്‍ എല്ലാം നമുക്കൊരു ശീലമായി മാറിക്കഴിഞ്ഞിരുന്നു. രാജ്യത്തെ പലയിടങ്ങളിലും സംഭവിക്കുന്ന പതിവ് കാര്യങ്ങളിലൊന്നായി പശുവിന്‍റെ പേരിലുള്ള അക്രമം മാറിക്കഴിഞ്ഞിരിക്കുന്നു. ഇരകളുടെ മുഖങ്ങളും പേരുകളും മാത്രമേ മാറുന്നുള്ളൂ. വേട്ടയുടെ രീതികളും ഇരകളാക്കപ്പെടുന്ന സമുദായങ്ങളും എല്ലാം ഒന്നുതന്നെ. പ്രധാനമന്ത്രി മൗനം മുറിക്കാന്‍വേണ്ടി ഇപ്പോള്‍ ആരും മുറവിളികൂട്ടാറില്ല. പ്രധാനമന്ത്രിയുടെ വെറുംവാക്കുകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ലെന്ന് നിസ്സാഹയതയോടെ ഒരു ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. ദാദ്രിയില്‍ അഖ്‍ലാഖിന്‍റെ രക്തം കൊണ്ട് നനച്ച വെറുപ്പിന്‍റെ വിത്ത് ഇന്നൊരു വിഷവൃക്ഷമായി മാറിയിരിക്കുന്നു. 

ഗോ സംരക്ഷരെന്നാണ് അക്രമകാരികളായ െതമ്മാടിക്കൂടം അറിയപ്പെടുന്നത്. മനുഷ്യജീവന് പശുവിന് ചാണകത്തിന്‍റെ വിലപോലും നല്‍കാത്ത ഭീകരര്‍. ആക്രമണോത്സുകമായ ഹിന്ദുത്വ ദേശീയതയുടെ ആയുധവാഹക സംഘം. ഇസ്ലാമിക് സ്റ്റേറ്റിനെ കാവിയില്‍ പൊതിഞ്ഞെടുത്താല്‍ ഗോ സംരക്ഷകരായി. ദാദ്രിയില്‍ നിന്ന് ഹാപുരിലേക്ക് എത്തുമ്പോഴേയ്ക്കും ഇവരുടെ തിണബലവും സ്വാധീനശേഷിയും വര്‍ധിക്കുകയാണ്.

ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ ബച്ചേഡ ഗ്രാമത്തിലാണ് പശുവിന്‍റെ പേരിലുള്ള നരനായാട്ട് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 45 കാരനായ കാസിം, 65 കാരനായ സമിയുദ്ദീന്‍ എന്നിവരാണ് അക്രമിക്കപ്പെട്ടത്. കാസിം ആശുപത്രിയില്‍വച്ച് മരിച്ചു. സമിയുദ്ദീന്‍ ചികില്‍സയിലാണ്. അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസിന്‍റെ ആദ്യ ഭാഷ്യം. എന്നാല്‍ പശുവിന്‍റെ പേരിലാണ് അക്രമം നടന്നതെന്ന് ഇരകളുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെ സത്യം പുറത്തുവന്നു. പാടത്ത് കശാപ്പ് നടത്തുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

മൂന്നു പൊലീസുകാര്‍ നോക്കി നില്‍ക്കെ കാസിമിനെ ആള്‍ക്കൂട്ടം വലിച്ചിഴയ്ക്കുന്ന ചിത്രവും പുറത്തുവന്നു.

യോഗി ആദിത്യാനാഥ് എന്ന തീവ്ര ഹിന്ദുത്വ നേതാവ് ഭരണം നടത്തുന്ന യുപിയില്‍ ന്യൂനപക്ഷങ്ങള്‍ എത്രമേല്‍ അരക്ഷിതരാണ് കാസിമിന്‍റെയും സമിയുദ്ദീന്‍റെയും കുടുംബാംഗങ്ങളുടെ കണ്ണുകളിലെ ഭീതിയില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. യുപിയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ബിജെപി ന്യൂനപക്ഷങ്ങളെ നേരത്തെ തന്നെ നിഷ്ക്കാസനം ചെയ്തിരുന്നു. ഗോ സംരക്ഷകരുടെ ഉന്മൂലന രാഷ്ട്രീയത്തിന് ഭരണകൂടം കുടപിടിച്ചുകൊടുക്കുകയാണ്. ഒരു മനുഷ്യനെ അക്രമികള്‍ തല്ലിച്ചതച്ച് വലിച്ചിഴച്ച് കൊണ്ടുപോകുമ്പോള്‍ പൊലീസ് അകമ്പടി നിന്നുവെന്നതില്‍ പരം പേടിപ്പെടുത്തുന്ന യഥാര്‍ഥ്യം എന്താണുള്ളത്. 

കാസിമിന്‍റെയും സമിയുദ്ദീന്‍റെയും കുടുംബത്തിന്‍റെ കണ്ണീരിന്, ഭയത്തിന് ഭരണകൂടത്തിന് എന്ത് മറുപടി നല്‍കാനുണ്ട് എന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം അക്രങ്ങള്‍ക്ക് ഒത്താശചെയ്യുന്ന വേട്ടക്കാരില്‍ നിന്ന് എന്ത് നീതി പ്രതീക്ഷിക്കാന്‍. യോഗി ആദിത്യനാഥില്‍ നിന്നും ബിജെപി ഭരണകൂടത്തില്‍ നിന്നുമാണ് നിസ്സഹായരായ ഈ മനുഷ്യര്‍ നീതി പ്രതീക്ഷിക്കേണ്ടത് എന്നതാണ് വേദനപ്പിക്കുന്ന വൈരുധ്യം. സര്‍ക്കാരുകള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ആയുധങ്ങളുമായി അരയും തലയും മറുക്കിയിറങ്ങാന്‍ രാജ്യമെങ്ങും ഗോ രക്ഷാഭീകരര്‍ക്ക് തുണയാകുന്നത്.  

ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുതകള്‍ വര്‍ധിച്ചുവരുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ വേട്ടയാടപ്പെടുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതോടെ വിദ്വേഷരാഷ്ട്രീയത്തിന്‍റെ വാള്‍ത്തലപ്പുകള്‍ക്ക് വീണ്ടും മൂര്‍ച്ചയേറുകയാണ്. 

പശുവിന്‍റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവര്‍ അശുദ്ധമാക്കുന്നത് പശുവിനെ തന്നെയാണെന്ന് ഒാര്‍മ്മിപ്പിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ്. സബര്‍മതി ആശ്രമത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ഒാര്‍പ്പിച്ചിരുന്നു. എന്തുഫലം, ഗാന്ധിജിയുടെ ഇന്ത്യയല്ലല്ലോ മോദിജിയുടെ ഇന്ത്യ. ഗോവധവുമായി ബന്ധപ്പെട്ട് ഏറ്റവും കര്‍ക്കശമായ നിയമങ്ങളാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളത്. എന്നാല്‍ കേരളം, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഗോവധം നിരോധിച്ചിട്ടില്ല. ഒഡിഷ, അസം, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാകട്ടെ നിരോധനം ഉപാധികളോടെയാണ്. ഭരണഘടനയുടെ 48 ാം വകുപ്പിലെ നിര്‍ദേശക തത്വങ്ങള്‍ പ്രകാരം കൃഷിയെയും കന്നുകാലി വളര്‍ത്തലിനെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥലങ്ങളില്‍ മാത്രമാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമങ്ങളെയും വിശ്വാസങ്ങളെയും വെള്ളംചേര്‍ത്ത് വളച്ചൊടിച്ചാണ് ഗോ രക്ഷയുടെ പേരില്‍‌ അക്രമങ്ങള്‍ അരങ്ങു തകര്‍ക്കുന്നത്. കേട്ടുകഥകളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ച് മനുഷ്യക്കുരുതികള്‍ നടത്തുന്നു. ജാര്‍ഖണ്ഡിലെ കര്‍ഷകനായ ഉസ്മാന്‍ അന്‍സാരിയെയും കുടുംബത്തെയും ആക്രമിച്ച് വീടിന് തീയിട്ടത് അസുഖം ബാധിച്ചു ചത്ത പശുവിന്‍റെ പേരിലാണ്. കരുതിക്കൂട്ടിയിരുന്നവര്‍ക്ക് കരുത്ത് കൂടുതല്‍ കിട്ടുന്നത് 2014 ല്‍ ബിജെപി രാജ്യഭരണം പിടിച്ചെടുത്തതോടെയാണ്. അതോടെ അവര്‍ അടുക്കളക്കലങ്ങളിലേക്കുവരെ എത്തി നോക്കി തുടങ്ങി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബീഫിനും ബീഫ് വിഭവങ്ങള്‍ക്കും വട്ടപ്പേരുകളാണുള്ളത്. ഭീതിയും കരുതലും കൊണ്ട് ബീഫ് എന്ന് ആരും ഉച്ചത്തില്‍ പറയാറില്ല. ബഡേ കാ, ബ്രോഡ് ഗേജ്, ബഫ്, ദസ് നമ്പര്‍ തുടങ്ങി പല സംസ്ഥാനങ്ങളില്‍ പല പേരുകള്‍. കേരളത്തില്‍ മാത്രം ബീഫിനെ ബീഫെന്നുതന്നെ വിളിക്കുന്നു. അതും ഒരു രാഷ്ട്രീയ പ്രതിരോധമാണ്. എന്നാല്‍ സംഘപരിവാരത്തിന് അത് അസഹിഷ്ണുതയോടെയല്ലാതെ കാണാന്‍ കഴിയില്ല.

വിശ്വാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗോ വധനിരോധനത്തെ ഹിന്ദുത്വവാദികള്‍ ന്യായീകരിക്കുന്നത്. 1500 ബിസിക്കും 600 ബിസിക്കും ഇടയില്‍ നമ്മുടെ ഭൂപ്രദേശത്ത് മൂരിയിറച്ചി കഴിക്കുന്നത് അതിസാധാരണമായിരുന്നുവെന്ന് ചരിത്രം പറയുന്നു. വേദ സങ്കല്‍പ്പ വഴികളിലൊന്നും കന്നുകാലികളെ കൊല്ലുന്നതും മൂരിയിറച്ചി കഴിക്കുന്നതും ധാര്‍മിക ലംഘനമായി കണ്ടിരുന്നില്ല. വിഷയം രാഷ്ട്രീയമാണെന്ന് വ്യക്തം. 

ദാദ്രിയില്‍ ബീഫ് കൈവശംവച്ചുെവന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‍ലാഖിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോകുന്നതിനും മുന്‍പേ അദ്ദേഹത്തിന്‍റെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തിയ മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. അത്രയേറെയാണ് അധികാരികള്‍ക്ക് ഈ വിഷയത്തിലുള്ള ജാഗ്രത. പശുവിന്‍റെ പേരിലുള്ള അക്രമങ്ങളെ ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും നേരിട്ടും അല്ലാതെയും അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിെട പശുവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്‍ലിംകളാണ്. രാജ്യത്തിനുവേണ്ടി സൈനിക സേവനം നടത്തിയ താനാണോ, ഗോ മാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് തന്‍റെ പിതാവിനെ അടിച്ചുകൊന്ന ആള്‍ക്കൂട്ടമാണോ യഥാര്‍ഥ രാജ്യസ്നേഹികളെന്ന മുഹമ്മദ് അഖ്‍ലാഖിന്‍റെ മകന്‍റെ ചോദ്യത്തിനുമുന്നില്‍ രാജ്യം ഉത്തരം മുട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 

രാജ്യം ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വിദ്വേഷരാഷ്ട്രീയത്തിന് സംഹാരതീവ്രതയേറും. കോണ്‍ഗ്രസും പശുവും ചേര്‍ന്നാല്‍ ബിജെപിയായി എന്ന് വിലയിരുത്തിയത് മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമൊക്കെയായിരുന്ന അരുണ്‍ ഷൂരിയാണ്. പശു പാലുമാത്രമല്ല വോട്ടുംതരും. പക്ഷെ, നഷ്ടപ്പെട്ട ജീവിനുകള്‍ക്ക് ആര് സമാധാനം പറയും.

MORE IN INDIA BLACK AND WHITE
SHOW MORE