നരേന്ദ്ര മോദിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാര്?

narendra-modi
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാവോയിസ്റ്റുകള്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 1991ല്‍ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ ചാവേര്‍ സ്ഫോടനത്തിലൂടെ മോദിയെ കൊലപ്പെടുത്താനാണ് ശ്രമെന്ന് പൊലീസ് പറയുന്നു. മഹാരാഷ്ട്ര പൊലീസിന്‍റെ ഈ അതീവഗൗരവമേറിയ കണ്ടെത്തില്‍ പക്ഷെ, കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല എന്നതാണ് വസ്തുത. ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. മോദി വധശ്രമത്തിന്‍റെ യഥാര്‍ഥ്യമെന്താണ്? 

2018 ജൂണ്‍ 6. പുണെ പൊലീസിന്‍റെ ജോയിന്‍റ് ഒാപ്പറേഷനില്‍ മാവോയിസ്റ്റ് ബന്ധമുള്ള അഞ്ചുപേര്‍ പിടിയിലാകുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭീമ– കോരെഗാവ് കലാപവുമായി ബന്ധപ്പെട്ട ഈ അഞ്ചുപേരുടെ അറസ്റ്റോടെയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ റോണ വില്‍സന്‍, ദലിത് പ്രവര്‍ത്തകന്‍ സുധീര്‍ ധാവ്ളെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‍ലിങ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മഹേഷ് റൗവുത്ത്, അധ്യാപിക ഷോമ സെന്‍ എന്നിവരാണ് പിടിയിലായത്. മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായിരുന്നു അറസ്റ്റ്. ജൂണ്‍ 7ന് അഞ്ചുപേരെയും പുണെയിലെ കോടതിയില്‍ ഹാജരാക്കി. റോണ വില്‍സന്‍റെ വസതിയില്‍ നിന്നും കണ്ടെടുത്ത കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ വിവരങ്ങള്‍ അറിഞ്ഞതെന്നാണ് പൊലീസ് കോടതി അറിയിച്ചത്. ഇതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് ഭീമ കോരെഗാവ് കലാപത്തെക്കുറിച്ച് നോക്കാം.  

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാത്തകളും തമ്മില്‍ കോരെഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ ദലിത് സൈനികരുണ്ടായിരുന്നു. ഉന്നത ജാതിക്കാര്‍ അടങ്ങിയ മറാത്ത സൈന്യത്തിനുമേല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വിജയിച്ചു. ഈ വിജയം ആഘോഷിക്കാന്‍ എല്ലാവര്‍ഷവും ജനുവരി ഒന്നിന് ദലിതര്‍ ഒത്തുകൂടുന്നത് പതിവാണ്. ദലിതരുടെ ആത്മാഭിമാന പ്രതീകം എന്ന നിലയിലാണ് ഭീമ കോരെഗാവ് അടയാളപ്പെടുത്തപ്പെടുന്നത്.

ഈ വര്‍ഷം ജനുവരി ഒന്നിന് യുദ്ധവിജയത്തിന്‍റെ ഈരുനൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ അപ്രതീക്ഷിത അക്രമണമുണ്ടായി. മറാത്ത വിഭാഗക്കാരാണ് ദലിതര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. സാമുദായിക സംഘര്‍ഷം കലാപമായി ആളിപ്പടര്‍ന്നു. ദലിതരെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നാണ് റോണ വില്‍സനടക്കം അഞ്ചുപേര്‍ക്കെതിരായ കേസ്. 'നഗര മാവോയിസ്റ്റ് സംഘം' എന്നാണ് അഞ്ചുപേരെയും പൊലീസ് വിശേഷിപ്പിച്ചത്.  

കൊല്ലം നീണ്ടകര സ്വദേശിയാണ് റോണ വില്‍സന്‍. രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ആസ്ഥാനമായ സി.ആര്‍.പി.പി എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍. യുഎപിഎ, അഫ്സപ,ടാഡ തുടങ്ങിയ നിയമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റുചെയ്ത ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി.എന്‍ സായ്ബാബയുടെ മോചനത്തിനായി റോണ വില്‍സന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെയും കാടിനുള്ളിലെ മാവോയിസ്റ്റ് നേതൃത്വത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് റോണയെന്ന് പൊലീസ് ആരോപിക്കുന്നു.

മറാഠി പ്രസിദ്ധീകരണമായ വിദ്രോഹിയുടെ എഡിറ്ററാണ് സുധീര്‍ ധാവ്ളെ. ദലിത് സംഘടനകള്‍ക്ക് പൊതുരാഷ്ട്രീയവേദിയുണ്ടാക്കാന്‍ ശ്രമിക്കുന്നു. റാഡിക്കല്‍ അംബേദ്ക്കര്‍ എന്ന ദലിത് മുന്നേറ്റ പ്രസ്ഥാനം തുടങ്ങി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011 ജനുവരിയില്‍ സുധീര്‍ ധാവ്ളെയെ അറസ്റ്റുചെയ്തെങ്കിലും 2014 ജനുവരിയില്‍ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റ് നേതാവ് ശ്രീധര്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷിക ദിനാചരണത്തിന് 2016 ല്‍ മുബൈയില്‍ മുന്‍കൈയെടുത്തവരില്‍ സുധീര്‍ ധാവ്ളെയുണ്ടായിരുന്നു.

ദലിത്,ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ് സുരേന്ദ്ര ഗാഡ്‍ലിങ്. നാഗ്പുരാണ് പ്രവര്‍ത്തനകേന്ദ്രം. ഇന്ത്യന്‍ അസോസിയേഷന്‍ ഒാഫ് പീപ്പിള്‍സ് ലോയേഴ്സ് എന്ന സംഘടനയുടെ ജനറല്‍സെക്രട്ടറി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലാകുന്നവര്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ സുരേന്ദ്ര ഗാഡ്‍ലിങ് മുന്‍നിരയിലുണ്ട്.

നാഗ്പുര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസറാണ് ഷോമ സെന്‍. ഇടതുതീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തില്‍ ഷോമ  എന്നും അന്വേഷണ ഏജന്‍സുകളുടെ നോട്ടപുള്ളിയാണ്. ഷോമയുടെ ഭര്‍ത്താവ് തുഷാര്‍കാന്തി ഭട്ടാചാര്യയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2010ല്‍ ഗുജറാത്ത് പൊലീസ് അറസ്റ്റുചെയ്തിരുന്നു.

മുന്‍പ്രധാനമന്ത്രിയുടെ ഗ്രാമവികസന പദ്ധതികളുടെ മേല്‍നോട്ടക്കാരില്‍ ഒരാളായിരുന്നു മഹേഷ് റൗവുത്ത്. 2014 ല്‍ ഗഡ്ചിറോളിയില്‍ പൊലീസ് റൗവുത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

പ്രതികളെ പൊലീസ് കസ്റ്റഡില്‍ വിട്ടുകിട്ടാനുള്ള വാദത്തിനിടെയാണ് റെയ്ഡില്‍ കണ്ടെടുത്ത ഒരു കത്തിന്‍റെ കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജല പവാര്‍ കോടതിയെ അറിയിച്ചത്. ഈ കത്തിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കത്തെക്കുറിച്ച് വിശദീകരിക്കുന്നത്. എന്നാല്‍ കത്ത് കെട്ടിച്ചമച്ചതാണെന്ന് പ്രതികള്‍ ആരോപിക്കുന്നു. 

'ആര്‍' എന്നു സ്വയം പരിചയപ്പെടുത്തുന്ന ആള്‍ കോമ്രേഡ് പ്രകാശിന് എഴുതിയതാണ് കത്ത്. മോദിയെ കൊല്ലണമെന്ന് കത്തില്‍ നേരിട്ട് പറയുന്നില്ലെങ്കിലും ലക്ഷ്യംവയ്ക്കുന്നത് അതുതന്നെയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്നു. കത്തിലെ വരികള്‍ ഇങ്ങിനെ, മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഫാസിസ്റ്റ് ഭരണകൂടം ആദിവാസി സമൂഹത്തിന്‍റെ ജീവിതം തന്നെ തച്ചുടച്ചു. മോദി അധികാരത്തില്‍ വന്നശേഷം 15 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തി.  ഇത് തുടര്‍ന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തടയപ്പെടും. രാജീവ് ഗാന്ധിയെ വധിച്ച മാതൃക സ്വീകരിക്കാവുന്നതാണ്. മോദിയുടെ റോഡ് ഷോകള്‍ അവസരമാക്കുക. ഇതാണ് കത്തിന്‍റെ ഉള്ളടക്കം. പദ്ധതിക്കാവശ്യമായ ആയുധങ്ങള്‍ സംഘടിപ്പിക്കാന്‍ എട്ടുകോടി രൂപ വേണ്ടിവരുമെന്നും കത്തിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രിയുടെ സുരക്ഷ വിലയിരുത്തി. 

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ, വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ജനസ്വാധീനവും മേല്‍ക്കൈയുമുള്ള നേതാവിനെ വകവരുത്താന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പക്ഷെ, വലിയ വിവാദങ്ങളിലേക്കും രാഷ്ട്രീയ ചര്‍ച്ചകളിലേക്കുമാണ് ദിശമാറിയത്. കത്തിന്‍റെ വിശ്വാസ്യത തന്നെയായിരുന്നു പ്രധാനപ്രശ്നം. പൊലീസ് പറയുന്നതില്‍ എന്തുമാത്രം സത്യമുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് കോണ്‍ഗ്രസ്. മോദിക്ക് വധഭീഷണിയുണ്ടെന്നത് സിമ്പതി പിടിച്ച് പറ്റാനുള്ള ശ്രമമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍.  

പ്രധാനമന്ത്രിക്ക് വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്കുപോലും തമാശയായിട്ടാണ് തോന്നിയത്. മാവോയിസ്റ്റ് സ്വാധീനം രാജ്യത്ത് കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നു. ചുവപ്പന്‍ ഇടനാഴികളില്‍ നിലനില്‍പ്പിനായുള്ള അവസാനപ്പോരാട്ടത്തിലാണ് സായുധവിപ്ലവസംഘങ്ങളെന്നാണ് വിലയിരുത്തല്‍. ആള്‍ബലവും ആയുധശേഷിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു.

മാവോയിസ്റ്റ് ഭീഷണിയുടെ കാര്യത്തില്‍ സത്യത്തിന്‍റെ അംശം എത്രയുണ്ടെന്ന സംശയം ഉയര്‍ന്നുവരാന്‍ കാരണങ്ങള്‍ പലതാണ്. പ്രത്യേകിച്ചും വധ ഭീഷണി മോദിക്കെതിരെയായതിനാല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള നാടകമാണ് മാവോയിസ്റ്റ് ഭീഷണിയെന്ന വിമര്‍ശനത്തെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ അടവായി തള്ളിക്കളായാം. എന്നാല്‍ മോദിയുടെ ജനപ്രീതി കുറഞ്ഞുവരികയാണെന്നത് യാഥാര്‍ഥ്യമാണ്. ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ മാത്രമല്ല ഇതിന് ഉദാഹരണം. ഗ്രാമീണ, കാര്‍ഷിക മേഖലകളില്‍ പുകയുന്ന അസംതൃപ്തിയും ഇനിയും കരകയാറാത്ത സമ്പദ് വ്യവസ്ഥയും ഇത് അടിവരയിടുന്നു. വിയോജിപ്പുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുകയും അധികാരികളുടെ നെറികേടുകള്‍ പൊതുസമൂഹത്തിന് മുന്‍പാകെ തുറന്നുകാട്ടുകയും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി ശബദമുയര്‍ത്തുകയും ചെയ്യുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്തുന്നത് ഭരണകൂടങ്ങള്‍ ഏറെ വര്‍ഷങ്ങളായി പയറ്റുന്ന കുടിലതന്ത്രമാണ്. പ്രതിഷേധങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ മാവോയിസ്റ്റ് വിശേഷണം കൊണ്ട് എളുപ്പത്തില്‍ സാധിക്കും. 

രാജ്യത്ത് നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന ദലിത് രോഷത്തെ പുണെ പൊലീസ് പിടിച്ചെടുത്ത ഇ മെയിലിന്‍റെ മറവില്‍ കുഴിച്ചുമൂടാമെന്നു കരുതുന്നത് വ്യാമോഹമാണ്. വധഭീഷണിക്കത്തിന്‍റെ നെല്ലും പതിരും തിരഞ്ഞ് കണ്ടെത്തേണ്ടത് സത്യസന്ധമായ അന്വേഷണത്തിലൂടെ വേണം. തെരുവു പ്രസംഗങ്ങളിലൂടെയോ, തീവ്രദേശീയത ആളിക്കത്തുന്ന ചാനല്‍ ചര്‍ച്ചകളിലൂടെയോ ആകരുത്. ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും കൊലപാതക്കേസുകള്‍ അന്വേഷിച്ച് ഒരുവഴിക്കാക്കിയ പുണെ പൊലീസാണ് മാവോയിസ്റ്റ് ഭീഷണിയുടെ ചുരുളഴിക്കാന്‍ ശ്രമിക്കുന്നത് എന്നത് കാണാതിരുന്നുകൂടാ. 

ക്രൈം ത്രില്ലറിന്‍റെ ആവേശത്തിമിര്‍പ്പിനിടയില്‍ ഇന്ധനവില വര്‍ധനയും കര്‍ഷിക പ്രതിസന്ധിയും മറന്നുപോകരുത്. ഭീമാ കോറെഗാവ് കലാപത്തില്‍ ഉള്‍പ്പെട്ട മേല്‍ജാതിക്കാര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. സുപ്രധാനമായ ഒരു ഒാപ്പറേഷന്‍റെ വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ ഒരു കത്തില്‍ വിശദമായി എഴുവയ്ക്കാനും മാത്രം വിവരമില്ലായ്മ നക്സലുകള്‍ക്ക് ഉണ്ടെന്നത് അത്ര വിശ്വാസ യോഗ്യമല്ല. ആ കത്ത് തീര്‍ത്തും ദുര്‍ബലമായൊരു തെളിവാണെന്ന് ചുരുക്കം. വധശ്രമത്തിന്‍റെ അണിയറകഥകള്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയും ഉയര്‍ന്നുവന്നിട്ടുണ്ട്. മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ കൊലപ്പെടുത്തിയത് ഭീകരബന്ധമുണ്ടെന്നും മോദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആരോപിച്ചായിരുന്നു. 2004 ജൂണ്‍ 15ന്. ‌മോദിയുടെ വലംകയ്യായ അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ നിഴലുകള്‍ പിന്തുടരുന്നുണ്ട്. 

ഇതിനിടയില്‍ യുപിയില്‍ നടന്ന ഒരുവധശ്രമത്തെക്കുറിച്ച് സാന്ദര്‍ഭികമായി പറയട്ടെ. ഗോരഖ്പൂരിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍റെ സഹോദരന് വെടിയേറ്റു. അതേ, ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഒാക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സഹായമെത്തിച്ചിട്ടും അറസ്റ്റിലായ കഫീല്‍ ഖാന്‍.  

മഹാരാഷ്ട്ര പൊലീസിന്‍റെ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഗുരുതരമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. അതിന് ഉത്തരം കിട്ടാന്‍ ഇനിയും കാത്തിരിക്കണം. ഒരുപക്ഷെ കിട്ടിയില്ലെന്നും വരാം. ഒാരോ പൗരന്‍റെയും ജീവന്‍ വിലപ്പെട്ടതാണ്. പ്രധാനമന്ത്രിയെപ്പോെല ഉന്നതസ്ഥാനീയരുടെ സുരക്ഷയുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ക്കോ, ആരോപണപ്രത്യോരാപണങ്ങള്‍ക്കോ ഇടമില്ല. വ്യക്തമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടക്കട്ടെ. വിവാദങ്ങളും രാഷ്ട്രീയ മുതലെടുപ്പും തല്‍ക്കാലം ഒഴിവാക്കാം.

MORE IN INDIA BLACK AND WHITE
SHOW MORE