ആള്‍ദൈവങ്ങള്‍ വാഴുന്ന ജനാധിപത്യം; അധികാരവഴിയിലും കരുത്തര്‍

ibw-human-god-t
SHARE

ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ക്കുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ് ഇന്ത്യ. ആത്മീയവ്യാപാരത്തിന്‍റെ ആള്‍ബലത്തിലും പണക്കൊഴുപ്പിലും അധികാരരാഷ്ട്രീയത്തിന്‍റെ കോട്ടകളില്‍ കിങ്മേക്കര്‍മാരായി വാഴുന്ന ദിവ്യപുരുഷന്മാര്‍. കൊള്ളരുതായ്മകള്‍ക്ക് അവര്‍ വിശ്വാസത്തെ മറയാക്കി. കൊല്ലാനും മരിക്കാനും തയ്യാറായി ചുറ്റിലും പതിനായിരങ്ങള്‍. അധികാരത്തിന്‍റെ സുഖശീതളിമയില്‍ നിന്നും അഴികള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ട ആള്‍ദൈവപരമ്പരയിലെ ഒടുവിലത്തെപേരാണ് അസാറാം ബാപ്പു. 

ബ്രഹ്മജ്ഞാനികള്‍ക്ക് ബലാല്‍സംഗമാകാം. പതിനാറുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് തടവറയിലേക്ക് പോകുമ്പോള്‍ അസാറാം ബാപ്പുവെന്ന എഴുപത്തിയേഴുകാരനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം അനുയായികളോട് പറഞ്ഞു. അച്ഛേദിന്‍ വരുമെന്ന അസാറാമിന്‍റെ വാക്കുകള്‍ അമൃത് പോലെ കാതില്‍ സൂക്ഷിച്ച് കാത്തിരിക്കുകയാണ് അനുയായികള്‍. അവരുടെ ബാബയെ ഒരിക്കല്‍പോലും തള്ളിപ്പറയാതെ. അസാറാമിന്‍റെ ആശ്രമത്തില്‍ പഠിക്കുകയായിരുന്ന പതിനാറുകാരിയെ പിശാചിനെ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവില്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. 2013ലായിരുന്നു സംഭവം. ജോധ്പൂര്‍ കോടതി അസാറാമിന് ജീവപര്യന്തവും രണ്ട് അനുയായികള്‍ക്ക് 20 വര്‍ഷവും ശിക്ഷ വിധിച്ചു. വിധി പ്രസ്താവം കേട്ട് അസാറാം കുഴഞ്ഞുവീണു. 

വെറുമൊരു പീഡനക്കേസ് പ്രതിയല്ല അസാറം ബാപ്പു. പറയാന്‍ ഏറെയുണ്ട് ലീലാവിലാസങ്ങള്‍. ഭക്തി വ്യവസായംകൊണ്ട് കോടികളുടെ ആസ്തി സ്വന്തമാക്കുകയും ഭരണാധിപന്മാരെ കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്തുകയും ചെയ്ത ഒരു പക്ക ക്രിമിനല്‍. പീഡനക്കേസിലെ സാക്ഷികള്‍ പലപ്പോഴായി ആക്രമിക്കപ്പെട്ടു. മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് നേരിടേണ്ടിവന്നത് നിരന്തര ഭീഷണികള്‍. അസാറാമിന് ജാമ്യം നല്‍കാതിരുന്ന ജഡ്ജിക്ക് വധഭീഷണി നേരിടേണ്ടിവന്നു. 2013 മുതല്‍ ജയിലിലായിരുന്നെങ്കിലും 10,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആത്മീയസാമ്രാജ്യം അതിശക്തമായി നിലനിന്നു.

1941ല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള സിന്ധിലാണ് അസാറാം ബാപ്പുവിന്‍റെ ജനനം. അന്നത്തെപേര് അസുമാല്‍ സിരുമലാനി. വിഭജനത്തിന് ശേഷം അഹമ്മദാബാദിലെത്തി. അസുമാലിന് പത്തുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. നാലാംക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

രാജസ്ഥാനിലെ അജ്മേര്‍ റെയില്‍വേ സ്റ്റേഷനില്‍ കുതിരവണ്ടിയൊടിച്ചാണ് ജീവിതം തുടങ്ങിയത്. പിന്നെ െചറിയ ജോലികള്‍ ചെയ്തു. പക്ഷെ മേലനങ്ങി പണിയെടുത്ത് ജീവിക്കാന്‍ അസുമാലിന് താല്‍പര്യമില്ലായിരുന്നു. എങ്ങിനെയെങ്കിലും പണക്കാരനാവുകയെന്നതായിരുന്നു ലക്ഷ്യം. ഭക്തിയാണ് ഏറ്റവും നല്ല കച്ചവടമെന്ന് തിരിച്ചറിഞ്ഞു. അങ്ങിനെ ആധ്യാത്മിക അന്വേഷണമെന്ന ലേബലുമായി ഹിമാലയത്തിലേക്ക്. 1972 ല്‍ അഹമ്മദാബാദില്‍ സബര്‍മതി നദിയുടെ തീരത്ത് മോക്ഷകുടീരം എന്നപേരില്‍ കുടില്‍കെട്ടി ആശ്രമമുണ്ടാക്കി. 40 വര്‍ഷം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലധികം ആശ്രമങ്ങളായി പടര്‍ന്നുപന്തലിച്ചു. ആശ്രമട്രസ്റ്റിന്‍റെ കീഴില്‍ നിരവധി സ്കൂളുകളും ആയുര്‍വേദ ഫാര്‍മസികളുമുണ്ട്. വിശ്വാസം കൊണ്ട് അന്ധരായ അനുയായികളെ വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തി. വിവാഹിതനാണ് അസാറാം. ഭാര്യ ലക്ഷ്മീദേവി. നാരായണ്‍ സായി എന്ന മകനും ഭാരതി ദേവിയെന്ന മകളുമുണ്ട്. മകനും പീഡനക്കേസില്‍ ജയിലിലാണ്. അസാറാമിനെ രാഷ്ട്രീയ ഗുരുവെന്ന് പ്രകീര്‍ത്തിച്ച നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ തുടങ്ങിയ ബന്ധം പ്രധാനമന്ത്രിയായശേഷവും തുടര്‍ന്നു. അകമഴിഞ്ഞ് സഹായങ്ങള്‍ നല്‍കി. അസാറാം തരാതരംപോലെ കോണ്‍ഗ്രസിനൊപ്പവും ബിജെപിക്കൊപ്പവും നിന്നു. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, എല്‍.കെ അഡ്വാനി, നിതിന്‍ ഗഡ്കരി, ഉമാഭാരതി തുടങ്ങിയ ബിജെപി നേതാക്കളും ദിഗ്‍വിജയ് സിങ്, കമല്‍നാഥ്, മോത്തിലാല്‍വോറ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും അസാറാം ബാപ്പുവിന്‍റെ അനുയായികളായിരുന്നു. ഇപ്പോള്‍ ശിക്ഷ ലഭിച്ച മാനഭംഗക്കേസില്‍ ഒതുങ്ങുന്നില്ല അസാറാമിന്‍റെ ക്രിമിനല്‍വാഴ്ച്ചകള്‍. തെളിയിക്കപ്പെടാത്ത നിരവധി കേസുകളുണ്ട്. 2008 ല്‍ അസാറാമിന്‍റെ ആശ്രമത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയില്ല. 2013 ല്‍ തന്നെ മറ്റൊരുപീഡനക്കേസില്‍ അസാറാമും മകനും ഉള്‍പ്പെട്ടിരുന്നു. മാനഭംഗപ്പെടുത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളെടുത്തശേഷം ഇരകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികസംതൃപ്തിക്കായി വിളിച്ചുവരുത്താറുണ്ടായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയക്കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഭാഗത്തെ തെറ്റാണ് മാനഭംഗത്തിനുകാരണമായതെന്ന പ്രസ്താവനയിലൂടെ അസാറാം വിവാദമുണ്ടാക്കി. സഹോദരങ്ങളെ എന്നുവിളിച്ച് പെണ്‍കുട്ടി കരഞ്ഞുകേണിരുന്നെങ്കില്‍ പ്രതികള്‍ ഒന്നും ചെയ്യില്ലായിരുന്നുവെന്നാണ് അസാറാം പറഞ്ഞത്.

ഗുര്‍മീത് റാം റഹിം. ഹിന്ദു, മുസ്‍ലിം, സിഖ് പേരുകള്‍ ഒരുമിച്ചാക്കി വിവിധ മതസ്ഥരുടെ രക്ഷകനായി അവതരിച്ച ആള്‍ദൈവം. ആത്മീയത മറയാക്കി ലൈംഗിക ചൂഷണങ്ങളും കൊലപാതകങ്ങളും നിര്‍ബന്ധിത ഷണ്ഡീകരണവും ഉള്‍പ്പെടെ കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തു. അനുയായികളായ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ 20 വര്‍ഷം ജയില്‍വാസവും മുപ്പത് ലക്ഷം രൂപ പിഴയും സിബിെഎ പ്രത്യേക കോടതി 2017 ഒഗസ്റ്റില്‍ വിധിച്ചു. അനുയായികള്‍ അഴിഞ്ഞാടി. മുപ്പത് പേര്‍ കൊല്ലപ്പെടുകയും ഇരുനൂറ്റിയന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിനാണ് രാജ്യം സാക്ഷിയായത്. 

ശരിക്കും ഒരു ന്യൂജനറേഷന്‍ ആള്‍ദൈവം. ആത്മീയനേതാവ്, ഗായകന്‍, സിനിമസംവിധായകന്‍, നടന്‍ തുടങ്ങി കെട്ടിയാടിയ വേഷങ്ങള്‍ പലതായിരുന്നു. റോക്ക് സ്റ്റാര്‍ ഗുരുവെന്ന് വിളിപ്പേര്. 19 ഗിന്നസ് റെക്കോര്‍ഡുകളുടെ ഉടമ. 1948ല്‍ രൂപീകരിച്ച ദേരാസച്ചാ സൗദയെന്ന സംഘടനയുടെ തലവനായി 91ലാണ് ഗുര്‍മീത് എത്തുന്നത്. സിഖ് മതത്തിലെ യാഥാസ്ഥിതിക ചിന്തകളെ എതിര്‍ത്തായിരുന്നു വരവ്. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി സംസാരിച്ചും ലൈംഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയും കൈയ്യടി നേടി. ഹരിയാനയിലെ സിര്‍സയില്‍ എഴുന്നൂറ് ഏക്കറില്‍ പരന്നു കിടക്കുന്നതായിരുന്നു ആശ്രമം. ആഡംബരകാറുകളുടെ വന്‍ശേഖരവും സ്വകാര്യസേനയുമൊക്കെയായി സസുഖം വാണു. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെയും പിന്നീട് ബിജെപിയെയും പിന്തുണച്ചു. ദലിതരും സമൂഹത്തില്‍ താഴേത്തട്ടിലുള്ളവരുമാണ് ഗുര്‍മീതിന്‍റെ അനുയായികളില്‍ ഭൂരിഭാഗവും. ഗുതരരോഗങ്ങള്‍ മാറ്റിയതടക്കം ഗുര്‍മീതിന്‍റെ അത്ഭുതകഥകള്‍ നിരവധിയായിരുന്നു. ആശ്രമത്തില്‍ ചേരുന്ന സ്ത്രീകളുടെ പൂര്‍ണ നിയന്ത്രണം ഗുര്‍മീതിനായിരുന്നു. ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ അനുയായികളെ ഷണ്ഡീകരിച്ചു. തനിക്ക് സൂപ്പര്‍ ഹീറോയായി തകര്‍ത്ത് അഭിനയിക്കാന്‍ സിനിമകള്‍ നിര്‍മ്മിച്ചു. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം ദേര സച്ചാ സൗദ ആശ്രമത്തിന്‍റെ വാര്‍ഷിക വരുമാനം 80 കോടി രൂപയായിരുന്നു. പൂര്‍ണമായും നികുതി രഹിതം. ശരിക്കും കണക്ക് അതിലും എത്രയോ മടങ്ങ് അധികംവരും. ആറ് കോടി അനുയായികള്‍. ഇന്ത്യയിലുടനീളം 250 ആശ്രമങ്ങള്‍. വിദേശത്ത് ആശ്രമങ്ങളും അനുയായികളും. ഹരിയാനയിലും പഞ്ചാബിലും രാജസ്ഥാനിലും വന്‍ഭൂസ്വത്ത്. റോഹ്ത്തക്കിലെ ജയിലിലെത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ ഗുര്‍മീതിന്‍റെ പ്രശ്നം കണ്ടെത്തി. അമിത ലൈംഗികാസക്തി. 

ഒരുകാലത്ത് ഡല്‍ഹിയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രിയങ്കരനായിരുന്നു സ്വാമി സദാചാരി. പക്ഷെ, പേരില്‍ മാത്രമേ സദാചാരമുള്ളൂ. ലൈംഗിക കേന്ദ്രം നടത്തിയതിന്‍റെ പേരിലാണ് സ്വാമി സദാചാരി അറസ്റ്റിലായത്. മനുഷ്യക്കടത്ത് കേസിലും പങ്കുണ്ട്. 

---------------

ഇനിപറയുന്നത് റാംപാല്‍ മഹാരാജിനെക്കുറിച്ചാണ്. ഹരിയാന വൈദ്യുതി വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് റാംപാല്‍ ആത്മീയതയിലേക്ക് കൂടിമാറിയതും ആള്‍ദൈവമായതും. ഹിസാറില്‍ 1000 ഏക്കര്‍ ആശ്രമസമുച്ചയത്തില്‍ സ്വന്തം നിയമങ്ങളുമായി രാജവാഴ്ച്ചയായിരുന്നു. കൊലപാതകമടക്കം 30 കേസുകളില്‍ പ്രതി. 2014 മുതല്‍ കക്ഷി ഹിസാര്‍ സെന്‍ട്രല്‍ ജയിലിലാണ്. 

നിത്യവും പാലില്‍ കുളിക്കുന്ന ആള്‍ദൈവം. എതിര്‍ക്കുന്നവരെ കൊന്ന് ചോരയില്‍ കുളിപ്പിക്കും. ഹരിയാനയിലെ സമാന്തര ഭരണകൂടമായിരുന്നു റാംപാലിന്‍റെ ആശ്രമം. 1951 സെപ്റ്റംബര്‍ എട്ടിന് ഹരിയാനയിലെ സോനിപത്ത് ജില്ലയില്‍ കര്‍ഷകകടുംബത്തിലായിരുന്നു ജനനം. ഭാര്യയും നാല് മക്കളും. പണക്കൊഴുപ്പില്‍ ജീവിക്കാനുള്ള മോഹം കലശലായപ്പോള്‍ ഹരിയാന സര്‍ക്കാരിലെ ജൂനിയര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ച് ആത്മീയതിലേയ്ക്ക് തിരഞ്ഞു. ഇരുപത്തിയാറ് വര്‍ഷത്തിനുള്ളില്‍ കരുത്തുറ്റ കപടവിഗ്രഹമായി വളര്‍ന്നു. 4000 പേരുടെ കമാന്‍ഡോ സംഘം റാംപാലിന് കാവലൊരുക്കി. ഡല്‍ഹിയടക്കം രാജ്യതലസ്ഥാനപ്രദേശത്തെ കുറ്റവാളികളുടെ സുരക്ഷിതതാവളമായിരുന്നു ആശ്രമം. 2014 നവംബറില്‍ റാംപാലിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് എത്തിയപ്പോള്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. പൊലീസ് സംഘത്തെ റാംപാലിന്‍റെ കമാന്‍ഡോകള്‍ ആട്ടിപ്പായിച്ചു. അനുയായികളെ റാംപാല്‍ മനുഷ്യകവചമാക്കി. ഒടുവില്‍, അക്രമത്തിന്‍റെ പേരില്‍ മാപ്പിരന്നാണ് റാംപാല്‍ ഹിസാര്‍ ജയിലിലേക്ക് പോയത്. 

തെന്നിന്ത്യന്‍ നടിയുമൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ വന്നതോടെയാണ് 2010 ല്‍ സ്വാമി നിത്യാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനുപിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തി. ദക്ഷിണേന്ത്യയില്‍ വന്‍സ്വാധീനമുണ്ടായിരുന്ന സ്വാമി അങ്ങിനെ അഴിക്കുള്ളിലായി. തന്‍റെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചാണ് നിത്യാനന്ദ തടിതപ്പിയത്.

നടി പിന്നീട് സന്യാസം സ്വീകരിച്ചു. അതേ, നിത്യാനന്ദയ്ക്ക് കീഴില്‍ തന്നെ. യുഎസില്‍ ഉള്‍പ്പെടെ ആശ്രമങ്ങളുള്ള സ്വാമി ഇപ്പോഴും സജീവമാണ്. 

പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നാളുകള്‍. ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിനോട് ബ്രൂണൈ സുല്‍ത്താനെ കണ്ട് സഹായം തേടാന്‍ നരസിംഹറാവു ആവശ്യപ്പെട്ടു. റാവുവിന്‍റെ ആത്മീയ ഉപദേശകന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ചന്ദ്രസ്വാമിയായിരുന്നു ബ്രൂണൈ സുല്‍ത്താനുമായുള്ള ഇടപാടിന് കരുക്കള്‍ നീക്കിയത്. മന്‍മോഹന്‍ സിങ്ങിന്‍റെ താല്‍പര്യക്കുറവ് മൂലം ചന്ദ്രസ്വാമിയുടെ അജന്‍ഡ നടക്കാതെപോയി. വ്യാജസിദ്ധന്മാരുടെ തലതൊട്ടപ്പനായിരുന്നു ശരിക്കും ചന്ദ്രസ്വാമി. 

രാജസ്ഥാനിലെ ബെഹ്റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമിയായത്. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, പിവി നരസിംഹറാവു എന്നിവരുമായി ഉറ്റ ബന്ധം. റാവു ഹൈദരാബാദില്‍ രാഷ്ട്രീയം കളിച്ചുതുടങ്ങിയ കാലം മുതല്‍ ഒപ്പമുണ്ട്. നിര്‍ണായക തീരുമാനമെടുക്കുന്നതിനും മുന്‍പ് ചന്ദ്രസ്വാമിയുടെ ഉപദേശം തേടിയായിരുന്നു റാവുവിന്‍റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍. ചന്ദ്രസ്വാമിയുടെ ആരാധകവൃന്ദം ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ബ്രൂണൈ സുല്‍ത്താന്‍, ബഹ്റൈന്‍ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഇസ ബിന്‍ അല്‍ ഖലിഫ, നടി എലിസബത്ത് ടെയ്‍ലര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിംവരെ ഈ പട്ടികയിലുണ്ട്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് 1996 ല്‍ ചന്ദ്രസ്വാമി അറസ്റ്റിലായി. ബാബറി മസ്ജിദ് പ്രശ്നത്തില്‍ സംഘപരിവാറുമായുള്ള റാവുവിന്‍റെ ഏറ്റവും ശക്തമായ കണ്ണി ചന്ദ്രസ്വാമിയായിരുന്നു. രാജീവ് ഗാന്ധി കൊലക്കേസില്‍ ജെയിന്‍ കമ്മിഷന്‍ ചന്ദ്രസ്വാമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു. 2017 മേയ് 23 ന് 66ാം വയസില്‍ മരണം. 

മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവായിരിക്കെ ചന്ദ്രസ്വാമിയുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് വിദേശകാര്യമന്ത്രിയായിരുന്ന നട്‍വര്‍ സിങ് എഴുതിയിട്ടുണ്ട്. 1975 ല്‍ നട്‍വര്‍ സിങ് ലണ്ടനില്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറായിരിക്കെയായിരുന്നു ആ കൂടിക്കാഴ്ച്ച. ചന്ദ്രസ്വാമി നിര്‍ദേശിച്ചതുപ്രകാരം ചുവന്ന വസ്ത്രം ധരിച്ചും സ്വാമി നല്‍കിയ മന്ത്രച്ചരട് ഇടത്തേ കൈയ്യില്‍ കെട്ടിയുമായിരുന്നു അന്ന് താച്ചര്‍ കാണാനെത്തിയത്. 

ധിരേന്ദ്ര ബ്രഹ്മചാരി. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ യോഗ ഗുരുവും ഉപദേഷ്ടാവും. ഈ യോഗ ഗുരുവിന് ജമ്മുവില്‍ ശിവ ഗണ്‍ ഫാക്ടറി എന്ന ആയുധനിര്‍മാണ കമ്പനിയുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും അധികാരപഥങ്ങളില്‍ ധിരേന്ദ്ര േനടിയെടുത്ത സ്വാധീനം വളരെ വലുതായിരുന്നു. ദുരൂഹമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിര്‍ണായക ശക്തികേന്ദ്രമായി. 1970 കളിലും 1980 കളുടെ ആരംഭത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ റാസ്പുടിന്‍ എന്നാണ് ധിരേന്ദ്ര ബ്രഹ്മചാരിയെ വിളിച്ചിരുന്നത്. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിമാരുടെ ഇഷടം പിടിച്ചുപറ്റി ദുര്‍ത്തനടത്തത്തിന്‍റെയും ലൈംഗിക അരാജകത്വത്തിന്‍റെയും അധ്യായം എഴുതിച്ചേര്‍ത്ത വിശുദ്ധ സാത്താനായിരുന്ന റാസ്പുടിന്‍റെ ഒാര്‍മ്മയില്‍. 1994 ല്‍ ധിരേന്ദ്ര ബ്രഹ്മചാരിയുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. 

ഒാഷോ. ഒരേസമയം വില്ലനും നായകനുമായിരുന്നു ഒാഷോ. ഇത്രയേറെ വിവാദങ്ങളുണ്ടാക്കിയ, വായിക്കപ്പെട്ട, ആഴത്തില്‍ സ്വാധീനം ചെലുത്തിയ, ആഘോഷിക്കപ്പെട്ട ആത്മീയനേതാക്കള്‍ ചുരുക്കം. ഭഗവാന്‍ ശ്രീ രജനീഷ്, ചന്ദ്ര മോഹന്‍ ജയിന്‍, ആചാര്യ രജനീഷ് തുടങ്ങി പല പേരുകള്‍. ലൈംഗികതയെപ്പറ്റിയുള്ള ഒാഷോയുടെ തത്വങ്ങള്‍ ഇന്ത്യന്‍ യാഥാസ്ഥിതിക സമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമായിരുന്നു. സെക്സ് ഗുരു എന്നും വിളിപ്പേരുണ്ട്. അഭയം തേടി വിദേശികള്‍. അളവറ്റ സമ്പത്ത്. ആശ്രമത്തില്‍ മദ്യവും മയക്കുമരുന്നും ഫ്രീ സെക്സും. അക്ഷരാര്‍ഥത്തില്‍ ഒാഷോ മദിച്ചുല്ലസിച്ചു. മഹാരാഷ്ട്രയിലെ പുണെയായിരുന്നു വിഹാരകേന്ദ്രം. അമേരിക്കയിലെ ഒാറിഗണിലേക്ക് ആശ്രമം മാറ്റിയെങ്കിലും പിന്നീട് അമേരിക്ക ഒാഷോയെ രാജ്യഭ്രഷ്ടനാക്കി. 99 റോള്‍സ് റോയ്സ് കാറുകളും 45 ഹെലികോപ്ടറുകളും വിലകൂടിയ രത്നങ്ങള്‍ പതിച്ച ആഭരണങ്ങളും ഒാഷോയ്ക്ക് സ്വന്തമായുണ്ടായിരുന്നു. പതിയെ ഒാഷോ തരംഗവും അസ്തമിച്ചു.

അതീന്ദ്രിയധ്യാനത്തിന്‍റെ പാഠങ്ങള്‍ പാശ്ചാത്യലോകത്തിന് പറഞ്ഞുകൊടുത്ത് ഡോളറുകള്‍ കൊയ്ത വ്യക്തിയായിരുന്നു മഹര്‍ഷി മഹേഷ് യോഗി. ലോകമാകെ സംഗീതംകൊണ്ട് ഉന്മാദം തീര്‍ത്ത ബീറ്റില്‍സ് സംഘം മഹേഷ് യോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഋഷികേശിലെ ചൗരാസികുടിയ ആശ്രമത്തിലെത്തി. ബീറ്റില്‍സിന്‍റെ വരവിന് 2018 ഫെബ്രുവരിയില്‍ അഞ്ച്പതിറ്റാണ്ട് പൂര്‍ത്തിയായി. മഹര്‍ഷി ആത്മീയതയേക്കാള്‍ ആഡംബരവും  അനാശാസ്യവും പണവുമാണ് ആഗ്രഹിക്കുന്നതെന്ന് ബീറ്റില്‍സ് പിന്നീട് ആരോപിച്ചു. സെക്സി ഡാഡി എന്ന ഗാനമെഴുതിയാണ് സംഘത്തിലെ ജോണ്‍ ലെനന്‍ പ്രതികരിച്ചത്. 

മത പൗരോഹിത്യത്തിന്‍റെയും വിശ്വാസങ്ങളുടെയും മറയ്ക്കുപിന്നില്‍ സ്വത്തുസമ്പാദനവും ക്രിമനല്‍പ്രവര്‍ത്തികളുമായി വാണരുളുന്ന ആള്‍ദൈവങ്ങളുടെയും വിവാദ പുരുഷന്മാരുടെയും പട്ടിക ഏറെ വലുതലാണ്. 

പ്രൗഡമായൊരു ആത്മീയപാരമ്പര്യം നമ്മുടെ മണ്ണിനുണ്ട്. സത്യാന്വേഷണത്തിന്‍റെ ആ വിശുദ്ധിവഴികള്‍ക്ക് കളങ്കമേല്‍പ്പിക്കുകയാണ് മോക്ഷത്തിന്‍റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നടത്തുന്ന ആള്‍ദൈവങ്ങള്‍. അധികാരമോഹികളായ രാഷ്ട്രീയനേതാക്കള്‍ക്ക് വ്യാജന്മാര്‍ക്ക് വളര്‍ന്ന് തിടംവെയ്ക്കാന്‍ വേദിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു.  

MORE IN INDIA BLACK AND WHITE
SHOW MORE