ദലിത് വസന്തത്തില്‍ മുട്ടുവിറയ്ക്കുന്നവര്‍

ibw-dalith-t
SHARE

ഇന്ത്യയില്‍ 30 കോടിയിലധികം ദലിതരുണ്ട്. ആകെ ജനസംഖ്യയുടെ 25 ശതമാനം. വിവേചനങ്ങളും വേട്ടയാടലുകളും നിരവധി നേരിട്ട ഒരു ജനതയ്ക്ക് പിടിച്ചുനില്‍ക്കാനുള്ള ആശ്രയമാണ് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം. ഏറെ സുപ്രധാനമായ ഈ നിയമത്തിലെ നിര്‍ണായക വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ദലിത് വിഭാഗങ്ങളെ തെരുവിലിറക്കി. പ്രതിഷേധങ്ങള്‍ തിളച്ചുമറിഞ്ഞു. ദലിത് രോഷത്തിന്‍റെ സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ നോക്കാം.

ചില കണക്കുകള്‍ പറഞ്ഞുകൊണ്ട് തന്നെ തുടങ്ങാം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 2010 ല്‍ പുറത്തുവിട്ട കണക്കുകളാണ്. ഇന്ത്യയെന്ന മഹാരാജ്യത്ത് ഒാരോ 18 മിനിറ്റിലും ദലിതര്‍ പീഡിപ്പിക്കപ്പെടുന്നു. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് വെറും ആറ് ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രം. ഒാരോ ദിവസവും ശരാശരി മൂന്ന് ദലിത് സ്ത്രീകള്‍ മാനഭംഗത്തിന് ഇരകളാകുന്നു. രണ്ട് ദലിതര്‍ വീതം കൊല്ലപ്പെടുന്നു. ഒാരോ ഇരുപത്തിനാല് മണിക്കൂറിലും ദലിതരുടെ രണ്ട് താമസയിടങ്ങള്‍ വീതം തീയിട്ട് നശിപ്പിക്കപ്പെടുന്നു. 37 ശതമാനം ദലിതരും കൊടും പട്ടിണിയിലാണ് കഴിയുന്നത്. 54 ശതമാനം ദലിതരും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു. ദലിതര്‍ക്കിടയില്‍ 1000 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 83 പേര്‍ ഒരു വയസെത്തും മുന്‍പേ മരിക്കുന്നു. രാജ്യത്ത് 38 ശതമാനം സര്‍ക്കാര്‍ സ്ക്കൂളുകളിലും ദലിത് വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് മറ്റുള്ള കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനോ, ശുചിമുറികള്‍ ഉപയോഗിക്കാനോ അനുവാദമില്ല. ഇന്ത്യയിലെ 48 ശതമാനം ഗ്രാമങ്ങളിലും പൊതു ജലസ്രോതസുകളില്‍ നിന്ന് വെള്ളമെടുക്കാതെ ദലിതര്‍ തീണ്ടാപ്പാറയകലെ നില്‍ക്കണം. തൊട്ടുകൂടായ്മ 1955 ല്‍ തുടച്ചുനീക്കിയ ഡിജിറ്റല്‍ രാജ്യത്തെ നാണിച്ചു തലതാഴ്ത്തി നിര്‍ത്തുന്ന യാഥാര്‍ഥ്യങ്ങളാണിവ. കേട്ടുമറക്കാനുള്ളതല്ല ഈ കണക്കുകള്‍. എട്ടുവര്‍ഷത്തിനിപ്പുറം അക്കങ്ങള്‍ ഉയര്‍ന്നതല്ലാതെ മറ്റൊരുമാറ്റവും സംഭവിച്ചിട്ടില്ല.

കണക്കുകള്‍ ഇതാണ്. എന്നിട്ടും വാസ്തവത്തോട് മുഖം തിരിച്ചുനിന്ന് പരമോന്നതനീതിപീഠം ദലിതരെ കൂടുതല്‍ ആകുലതകളിലേക്ക് തള്ളിവിട്ടു. വിധി പുന:പരിശോധിക്കാന്‍ പോലും ഇതുവരെ തയ്യാറായില്ല. ദലിതര്‍ ബ്ലേക്മെയിലിങ്ങിന് ഈ നിയമം ദുരുപയോഗം ചെയ്യുന്നുെവന്ന ആരോപണം സര്‍വണബോധത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ദലിതര്‍ അനഹര്‍മായതെന്തോ നേടിയെടുക്കുന്നുവെന്ന സംവരണവിരുദ്ധ ചിന്തയും പുതിയതല്ല. എന്നാല്‍ സുപ്രീംകോടതിയില്‍ നിന്ന് ഇത്തരം തീര്‍പ്പുകളുണ്ടാവുന്നത് ആശങ്കപ്പെടുത്തുന്നത് തന്നെയാണ്. 

കോടതി കണ്ണുതുറന്ന് കണ്ടിട്ടില്ലാത്ത മറ്റുചില സത്യങ്ങള്‍ കൂടിയുണ്ട്. എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തിന്‍റെ പരിധിയില്‍ വരുന്ന കേസുകളില്‍ 30 ശതമാനത്തിലധികവും അന്വേഷണം അവസാനിപ്പിച്ചതായി 2015ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. അനുരഞ്ജനത്തിനാണ് പൊലീസിന് താല്‍പര്യം. നീതി തേടി പോകാന്‍ ശേഷിയില്ലാത്ത വലിയൊരുവിഭാഗം ദലിതര്‍ ഈ കണക്കുകള്‍ക്ക് പുറത്തുംനില്‍പ്പുണ്ട്. നിയമത്തിന് മൂര്‍ച്ചകൂട്ടേണ്ടതിന് പകരം ദുര്‍ബലപ്പെടുത്തിയെന്നത് വിരോധാഭാസം. 

ഭയക്കാന്‍ അത്ര പഴയതൊന്നുമല്ലാത്ത അനുഭവങ്ങള്‍ ദലിതര്‍ക്കുമുന്നില്‍ ഏറെയുണ്ട്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ പ്രതിസ്ഥാനത്ത് നിന്ന അനുഭവങ്ങള്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയത് തന്‍റെ ജനനം തന്നെയാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന് പ്രഖ്യാപിച്ചായിരുന്നു. ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ പശുസംരക്ഷണത്തിന്‍റെ പേരില്‍ തല്ലിച്ചതച്ചതിന്‍റെ മുറിവുകള്‍ നമ്മുടെ ജനാധിപത്യത്തെ വിട്ടൊഴിഞ്ഞിട്ടില്ല. എണ്ണിയെണ്ണിപ്പറയാനാണെങ്കില്‍ ഒരുപാടുണ്ട്. ദലിത് മുന്നേറ്റങ്ങളുടെ തീപ്പൊരിയില്‍ നിന്നാണ് ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയെന്ന യുവനേതാവ് ഉയര്‍ന്നുവന്നത്. എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയും അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ വൈകിയതും വീണ്ടും ദലിത് പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിട്ടു. രോഷം ഭാരത്ബന്ദില്‍ എത്തി നില്‍ക്കുന്നു. പ്രാദേശിക ദലിത് പ്രക്ഷോഭങ്ങള്‍ക്ക് ദേശീയമായ ഏകോപനം സാധ്യമായിരിക്കുന്നുവെന്ന പ്രത്യേക ഇപ്പോഴത്തെ സാഹചര്യത്തിനുണ്ട്. അതുതന്നെയാണ് അതിന്‍റെ രാഷ്ട്രീയവും. 

കോടതി ഉത്തരവ് ഒരു കാരണം നിമിത്തം മാത്രമായിരുന്നു. ‌കാലങ്ങളായി അടക്കിവെച്ചിരുന്ന കലഹങ്ങളെ ഒരു പൊട്ടിത്തെറിയാക്കി മാറ്റിയ തീപ്പൊരി. മുന്നോട്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും നിര്‍ദാക്ഷിണ്യം ചവിട്ടിമെതിച്ച വ്യവസ്ഥതിയോടുള്ള വിരോധം. അരുകളില്‍ നിന്ന് ദലിതര്‍ മുന്നോട്ടുവരാന്‍ തുടങ്ങിയിരിക്കുന്നു. ആത്മാഭിമാനത്തിനും നീതിക്കുംവേണ്ടി ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ദലിതരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു. 2011 ലെ കണക്കുപ്രകാരം 10 ശതമാനത്തില്‍ നിന്ന് 66 ശതമാനത്തിലേക്ക്. അംബേദ്ക്കര്‍ ചിന്തകള്‍ കൂടുതല്‍ ഉൗര്‍ജത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. 

ബിജെപിയുടെയും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെയും ദലിതരോടുള്ള സമീപനത്തിലെ ആശങ്ക പരസ്യമായി വിളിച്ചു പറഞ്ഞത് ബിജെപി എം.പിമാരായ ഉദിത് രാജും സാവിത്രി ഫൂലെയുമാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവഹേളിച്ചതിനെക്കുറിച്ചും അസഭ്യം പറഞ്ഞതിനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയത് ബിജെപി എം.പി ഛോട്ടേ ലാല്‍. ദലിത് സംരക്ഷണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഘട്ടില്‍ ഉപവാസ നാടകം നടത്തിയത് മുക്കുമുട്ടെ ഭക്ഷണം കഴിച്ചശേഷം. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് പടര്‍ന്ന് പന്തലിച്ച ദലിത് വസന്തത്തെ ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തം. പ്രത്യേകിച്ച്, ലോക്സഭ വിധിയെഴുത്തിനായി രാജ്യം ഒരുങ്ങുമ്പോള്‍. 543 ലോക്സഭാ സീറ്റുകളില്‍ 84 എണ്ണം ദലിതര്‍ക്കായി സംവരണം ചെയ്ത മണ്ഡലങ്ങളാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 84 ല്‍ 40 സീറ്റുകളും നേടിയത് ബിജെപി. ഉത്തര്‍പ്രദേശില്‍ ദലിത് വോട്ടുകള്‍ സ്ഥിര നിക്ഷേപമായി കൊണ്ടുനടന്നിരുന്ന മായാവതിയെ മലര്‍ത്തിയടിച്ചു. വ്യത്യസ്ത ജാതിവിഭാഗങ്ങളെ ഹിന്ദുത്വമെന്ന ഒറ്റക്കണ്ണിയില്‍ ചേര്‍ത്തുകെട്ടിയും നരേന്ദ്ര മോദിയെന്ന വികസന മുഖമുയര്‍ത്തിക്കാട്ടിയുമാണ് ബിജെപി രാജ്യം പിടിച്ചത്. രണ്ട് എം.പിമാരില്‍ തുടങ്ങിയ അധികാരയാത്ര ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ബിജെപിയെ എത്തിച്ചത് ദലിത് വിഭാഗങ്ങളെക്കൂടി ഹിന്ദുത്വധാരയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതിനാലാണ്. സംഘപരിവാറിന്‍റെ ആ സോഷ്യല്‍ എന്‍ജിനിയറിങിനെ തകിടം മറിയ്ക്കാന്‍ ശേഷിയുണ്ട് ഇപ്പോഴത്തെ ദലിത് പ്രക്ഷോഭങ്ങള്‍ക്ക്. ജാതിരാഷ്ട്രീയം തിളച്ച് മറിയാന്‍ തുടങ്ങിയാല്‍ ബിജെപിയെ പിടിച്ചു നിര്‍ത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ കെട്ടഴിഞ്ഞുപോകും.‌ അധികാരം കൈവിടും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ സംവരണ വിരുദ്ധ പരാമര്‍ശം ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ക്ഷീണം ബിജെപി നേതൃത്വം മറന്നിട്ടില്ല. 

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ദലിത് വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ അമിത് ഷാ വെള്ളംകുടിച്ചു. പശു ബൈല്‍റ്റിലെ ദലിത് രോഷം ലോക്സഭാ തിരഞ്ഞെടുപ്പിനെ മാത്രമല്ല കര്‍ണാടകയിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും ജനവിധിയെയും സ്വാധീനിക്കും. രാജ്യത്തെ ദലിത് ജനസംഖ്യയുടെ 19 ശതമാനം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഈ നാല് സംസ്ഥാനങ്ങളിലാണ്.  കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളില്‍ 60 സീറ്റുകളിലെ ജയപരാജയം തീരുമാനിക്കാന്‍ ദലിത് വിഭാഗങ്ങള്‍ക്കാകും. രാജസ്ഥാനില്‍ 2013 ല്‍ 33 സംവരണസീറ്റുകളില്‍ 31 ഉം ജയിച്ച ബിജെപിക്ക് ചരിത്രം ആവര്‍ത്തിക്കാന്‍ കഴിയുമോെയന്ന് ഉറപ്പില്ല. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെയും ഛത്തീസ്ഗഡില്‍ രമണ്‍ സിങ്ങിന്‍റെയും ഭരണത്തുടര്‍ച്ചാ മോഹങ്ങള്‍ തകര്‍ക്കാനുള്ള പ്രഹരശേഷി ദലിത് രോഷത്തിനുണ്ട്. ദലിത് പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കി പരമ്പരാഗത വോട്ട് ബാങ്ക് തിരികെ പിടിക്കാനുള്ള തന്ത്രപാടിലാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. മുഖ്യധാര ഇടതുപക്ഷത്തിന്‍റെ വീമ്പുപറച്ചിലുകള്‍ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ എത്ര ദലിതരുണ്ട് എന്ന ചോദ്യ മുനയില്‍ പൊട്ടിത്തകര്‍ന്ന് പോകും. അംബേദ്ക്കറിന്‍റെ പേരിനിടയില്‍ റാംജിയെന്ന് തിരുകിക്കയറ്റിയും അദ്ദേഹത്തിന്‍റെ പ്രതിമകളെ കാവിയില്‍ മുക്കിയും ഉത്തര്‍പ്രദേശില്‍ സംഘപരിവാര്‍ അജന്‍ഡകള്‍ നടപ്പാക്കുന്നു. 

തെരുവുകളിലെയും മനസുകളിലെയും തീയണച്ച് ദലിതരെ ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ കൂടാരത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ ബിജെപിക്ക് കഴിയുമോയെന്ന് ഇനിയും വ്യക്തമല്ല. കോട്ടകള്‍ക്ക് വിള്ളലുകള്‍ വീണുതുടങ്ങിയിരിക്കുന്നു. പുകയുന്ന അസംതൃപതിയിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. ദലിത് സമരങ്ങളോട് പ്രബുദ്ധകേരളത്തിന്‍റെയും പിണറായി സര്‍ക്കാരിന്‍റെ സമീപനവും നമ്മള്‍ കണ്ടു. 

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.