കന്നഡ മണ്ണിലെ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം

ibw-karnataka-t
SHARE

തെക്കേന്ത്യയില്‍ ബിജെപി അധികാരം പിടിച്ച ചരിത്രമുള്ള സംസ്ഥാനം. രാജ്യമൊട്ടുക്കും ബിജെപി പടയോട്ടം നടത്തുമ്പോള്‍ കോണ്‍ഗ്രസ് പിടിച്ചു നില്‍ക്കുന്ന അപൂര്‍വ സംസ്ഥാനം. കന്നഡ മണ്ണിലെ പോരാട്ടത്തിന് ഒരു സംസ്ഥാന തിരഞ്ഞെടുപ്പിനപ്പുറം ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തിയേറെയാണ്. മല്‍സരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍. കണക്കും കടുകിട തെറ്റാത്ത കരുനീക്കങ്ങളുമായി അങ്കം മറുകുകയാണ്.

മാര്‍ച്ച് 27 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടകയിലെ വിധിയെഴുത്ത് തിയതി പ്രഖ്യാപിച്ചത് വിശ്വാസ്യത തകര്‍ക്കുന്ന വിവാദങ്ങളില്‍ വിയര്‍ത്താണ്. മേയ് 13 ന് പോളിങ്. 15 ന് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തിയതി ചോര്‍ന്നെങ്കിലും കന്നഡ മണ്ണിന്‍റെ മനസിലിരിപ്പ് ഇനിയും ചോര്‍ന്നിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ചാണ് പോരാട്ടം. മുന്‍തൂക്കം ഒരല്‍പ്പം കോണ്‍ഗ്രസിനുണ്ട്. ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിനും എത്രയോ മുന്‍പേ കര്‍ണാടകം പോരാട്ടച്ചൂടിലാണ്. ബിജെപിയുടേത് ഡല്‍ഹിയില്‍ നിന്നുള്ള ചരട് വലികളാണ്. കോണ്‍ഗ്രസിന്‍റെ കളി തിണ്ണബലത്തിലും. മോദിയെ വിറപ്പിച്ച മുഖ്യമന്ത്രിമാരില്‍ അരവിന്ദ് കേജ്‍രിവാളിനും നിതീഷ് കുമാറിനും പിന്നാലെ സിദ്ധരാമയ്യ. കേജ്‍രിവാളിനും നിതീഷ് കുമാറിനും തിരഞ്ഞെടുപ്പില്‍ ചരിത്രമെഴുതാന്‍ കഴിഞ്ഞു. സിദ്ധരാമയ്യയുടെ ഭാവി എന്താകും?

രാഹുല്‍ ഗാന്ധിയുടെ ന്യൂജനറേഷന്‍ ഫാസ്റ്റ്ഫുഡ് രാഷ്ട്രീയത്തേക്കാള്‍ കോണ്‍ഗ്രസിന്‍റെ ബലം ജനസ്വാധീനമുള്ള പ്രയോഗിക രാഷ്ട്രീയത്തിന്‍റെ പതിനെട്ട് അടവും പഠിച്ച പ്രാദേശിക നേതാക്കളാണ്. മോദിയുടെയും അമിത് ഷായുടെയും രഥയാത്രയെ തടഞ്ഞുനിര്‍ത്തുന്നത് സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍. കോണ്‍ഗ്രസിന്‍റെ അവശേഷിക്കുന്ന പ്രതീക്ഷകള്‍ മുഴുവന്‍ സിദ്ധരാമയ്യയുടെ ചുമലിലാണ്.

ഇടതടവില്ലാതെ ആക്രമിക്കുക. ശത്രുവിന്‍റെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുക. സിദ്ധരാമയ്യയുടെ യുദ്ധനീതി ഇതാണ്. പ്രാദേശിക വാദവും, മതപ്രീണവും, ഭിന്നിപ്പിച്ച് ഭരിക്കലുമെല്ലാം ഇതില്‍പ്പെടും. കുശാഗ്രബുദ്ധിയുടെയും ജനപ്രീതിയുടെയും ആള്‍രൂപം. കര്‍ണാടകയ്ക്ക് പ്രത്യേക പതാക ഉയര്‍ത്തിയും ടിപ്പു ജയന്തി ആഘോഷിച്ചും ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷപദവി നല്‍കിയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ അണിനിരത്തിയും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഇന്ദിരാ കാന്‍റീനുകള്‍ തുറന്നും സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിച്ചും ആളുകളെ കൈയ്യിലെടുക്കാനും മര്‍മമറിഞ്ഞ് കല്ലെറിയാനും സിദ്ധരാമയ്യയ്ക്ക് നന്നായിട്ടറിയാം. സിദ്ധരാമയ്യയുടെ ഒപ്പം നടക്കുക എന്നതിനപ്പുറം രാഹുല്‍ ഗാന്ധിക്ക് കാര്യമായ റോളില്ല. എങ്കിലും ഗുജറാത്തില്‍ വിജയം കണ്ട മൃദുഹിന്ദുത്വം രാഹുല്‍ കൃത്യമായി പയറ്റുന്നുണ്ട്. എല്ലാ വിഭാഗങ്ങള്‍ക്കിടിയിലും സ്വാധീനമുള്ള ആഴത്തില്‍ വേരുകളുള്ള ഒരുകൂട്ടം നേതാക്കള്‍ കോണ്‍ഗ്രസിന് ആശ്രയിക്കാനുണ്ട്. സംഘടനാസംവിധാനം എണ്ണയിട്ടയന്ത്രം പോലെയാക്കി കോണ്‍ഗ്രസ് ക്യാംപ് ഉഷാറാണ്.

നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ പ്രചാരണമുഖം. ക്ഷേത്രങ്ങളും സന്യാസി മഠങ്ങളും സന്ദര്‍ശിച്ച് അമിത് ഷാ കരുക്കള്‍ നീക്കുന്നു. സിദ്ധരാമയ്യ ഒറ്റയാനായി വിലസുമ്പോള്‍ തടയിടാന്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് യെഡിയൂരപ്പയെയാണ്.

അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് ജനാധിപത്യത്തിലെ അന്തിമശരിയെങ്കില്‍ ബിജെപി ഒാപ്പറേഷന്‍ കമലിലൂടെ കര്‍ണാടകയില്‍ അത് നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരുണ്ടാക്കിയിട്ടുണ്ട്. 2008 ല്‍ സ്വന്തമായി ഭരണം. അഴിമതിയും തമ്മിലടിയും അരങ്ങു തകര്‍ത്തപ്പോള്‍ അധികാരം കൈവിട്ടുപോയി. പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് ബിഎസ് യെഡിയൂരപ്പ കര്‍ണാടക ജനതാപാര്‍ട്ടിയുണ്ടാക്കി സ്വന്തം വഴിക്കുപോയി. മോദിയും അമിത് ഷായും ബിജെപിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് യെഡിയൂരപ്പയെ തറവാട്ടിലേക്ക് തിരികെക്കൊണ്ടുവരികയായിരുന്നു. സംസ്ഥാനം പിടിക്കാന്‍ അമിത് ഷാ നീക്കങ്ങള്‍ നേരത്തെ തുടങ്ങി. യെഡിരൂപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമാക്കി. 2017 നവംബര്‍ മുതല്‍ പരിവര്‍ത്തന്‍ യാത്രയെന്ന പേരില്‍ യെഡിയൂരപ്പ സംസ്ഥാനപര്യടനം നടത്തി. തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരും മുന്‍പ് ബിജെപിക്കുണ്ടായിരുന്ന മേധാവിത്വം പക്ഷെ നഷ്ടമായി. അമിത് ഷായ്ക്ക് പലപ്പോഴും നാവുപിഴച്ചു. 

ബിജെപി തീവ്രഹിന്ദുത്വം ആളിക്കത്തിക്കുമ്പോള്‍ കന്നഡവികാരം ജാതീയതയുമാണ് കോണ്‍ഗ്രസിന്‍റെ പരിച. കോണ്‍ഗ്രസിന്‍റേത് ഹിന്ദുവിരുദ്ധ സര്‍ക്കാരാണെന്ന് അമിത് ഷാ ആരോപിക്കുന്നു. ജൈനമതവിശ്വാസിയായ അമിത് ഷാ തന്‍റെ മതം ആദ്യം പറയട്ടെയെന്ന ചോദ്യമാണ് സിദ്ധരാമയ്യയുടെ ഉത്തരം. നാല്‍പത് ലക്ഷം രൂപ വിലയുള്ള വാച്ച് ധരിക്കുന്ന ഏക സോഷ്യലിസ്റ്റ് എന്നാണ് സിദ്ധരാമയ്യയെ അമിത് ഷാ പരിഹസിക്കുന്നത്. ഉരുളയ്ക്ക് ഉപ്പേരിപോല. കൊണ്ടുംകൊടുത്തും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികള്‍ നല്‍കിയും ഇരുപാര്‍ട്ടികളും മുന്നോട്ടുപോകുന്നു. ഒന്നുറപ്പാണ് ബിജെപിയുടെ തന്ത്രങ്ങള്‍ വേണ്ടത്ര ഏശുന്നില്ല. 

224 നിയമസഭാ സീറ്റുകളുണ്ട് കര്‍ണാടകയില്‍. 2008 ല്‍ ബിജെപിക്ക് 110 സീറ്റുകിട്ടി. 33.86 ശതമാനം വോട്ടും. വോട്ടുശതമാനം കോണ്‍ഗ്രസിനായിരുന്നു കൂടുതലെങ്കിലും 80 സീറ്റുകളിലേ വിജയിക്കാനായുള്ളൂ. 2013ല്‍ 36.59 ശതമാനം വോട്ടുലഭിച്ച കോണ്‍ഗ്രസ് 122 സീറ്റുകളില്‍ വിജയിച്ച് സര്‍ക്കാരുണ്ടാക്കി. ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതം ലഭിച്ചു. 2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 28 ല്‍19 സീറ്റുകളാണ് ബിജെപിയുടെ നേട്ടം. കോണ്‍ഗ്രസിന് ആറും. 2014 ല്‍ 17 എം.പിമാര്‍ ബിജെപിക്കും 9 പേര്‍ കോണ്‍ഗ്രസിനും. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒഴികെ കോണ്‍ഗ്രസിന്‍റെ വോട്ടുശതമാനം 30 ല്‍ താഴെപ്പോയിട്ടില്ല. എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസിന് പഴയപ്രതാപമില്ലെങ്കിലും പല സീറ്റുകളിലും നിര്‍ണായക ശക്തിയാകാനാകും. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയാണ് ജെഡിഎസ് മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യത്തിന് വാതില്‍ തുറന്നുകിടക്കുന്നു. ബിഎസ്പിയുടെ രംഗപ്രവേശം ദലിത് വോട്ടുകളിലുണ്ടാക്കാവുന്ന വിള്ളല്‍ കോണ്‍ഗ്രസിന് ഭീഷണിയാണ്.

സാമുദായിക സമവാക്യങ്ങള്‍ പരിശോധിച്ചാല്‍ എസ്.സി/എസ്.ടി വിഭാഗം 23 ശതമാനമുണ്ട്. ലിംഗായത്ത് 17 ശതമാനവും വൊക്കലിഗ 15 ശതമാനവും ഒബിസി 30 ശതമാനവും മുസ്‍ലിംങ്ങള്‍ 9 ശതമാനവുമാണ്. പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്ക്കര്‍ത്താവായിരുന്ന ബസവേശ്വരയെ പിന്തുടരുന്നവരും പരമശിവനെ ആരാധിക്കുന്നവരുമാണ് വീരശൈവരും ലിംഗായത്തുകളും. 1992 മുതല്‍ ഉന്നയിക്കുന്ന ലിംഗായത്ത് മതമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കിയത് സിദ്ധരാമയ്യയുടെ പൂഴക്കടകനായിരുന്നു. വെട്ടിലായത് ബിജെപിയും.

ലിംഗയത്ത് മഠങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ച ബി എസ് യെഡിയൂരപ്പയെ മുന്നില്‍ നിര്‍ത്തിയാണ് 2008 ല്‍ ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യമായി താമരവിരിയിച്ചത്. ആരോപണങ്ങള്‍ ഏറെയുണ്ടായിട്ടും യെഡിയൂരപ്പയെ തന്നെ ഇപ്പോള്‍ പടനായകനായിക്കിയത് ലിംഗായത്ത് വോട്ടുകളില്‍ കണ്ണുനട്ട്. ഒരുകാലത്ത് വീരശൈവ ലിംഗായത്ത് വിഭാഗത്തിന്‍റെ ഉറച്ച പിന്തുണ കോണ്‍ഗ്രസിനായിരുന്നു. 1990 ല്‍ ലിംഗായത്ത് നേതാവായ വീരേന്ദ്ര പാട്ടീലിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് സമുദായം കോണ്‍ഗ്രസുമായി ഇടഞ്ഞത്. പിന്നീട് രാമകൃഷ്ണ ഹെഗ്ഡെയുടെ ജനതാക്യാംപിലായി ലിംഗായത്തുകള്‍. ബിജെപിയുടെ ഉയര്‍ച്ചയോടെ അവര്‍ക്കൊപ്പം നിന്നു. 224 നിയമസഭാ സീറ്റുകളില്‍ 100 എണ്ണത്തില്‍ വിധി നിര്‍ണയിക്കുന്നത് ലിംഗായത്തുകളാണ്. ലിംഗായത്ത് വോട്ടുകളില്‍ 30 ശതമാനംവരെ നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് സിദ്ധരാമയ്യയുടെ പുതിയ അടവ്. ഇതുതന്നെയാണ് ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നതും.

ദലിത് – പിന്നാക്ക വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നു. രാജകുടുംബവുമായി ബന്ധമുണ്ടാക്കി മൈസൂരുമേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ അമിത് ഷാ ഒരുങ്ങുന്നു. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ ബിജെപി കെട്ടഴിച്ചുവിട്ടുന്നത് തീവ്രഹിന്ദുത്വത്തിന്‍റ കടല്‍ക്കാറ്റാണ്.

1985 ന് ശേഷം ഒരു സര്‍ക്കാരിനും കര്‍ണാടയില്‍ രണ്ടാമൂഴം കിട്ടിയിട്ടില്ല. ചരിത്രം തിരുത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്നും ബിജെപിയും.

MORE IN INDIA BLACK AND WHITE
SHOW MORE