യോഗിയുടെ കോട്ട തകര്‍ത്ത് എസ്പിയും ബിഎസ്പിയും

ibw-gujarat-t
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് രാജ്യം ചുവടുവെയ്ക്കാന്‍ തുടങ്ങി. ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് വിധിയും തെലുങ്ക് ദേശം പാര്‍ട്ടി ബിജെപി സഖ്യം ഉപേക്ഷിച്ചതും ദേശീയ രാഷ്ട്രീയത്തില്‍ പുതിയ കരുനീക്കങ്ങള്‍ക്ക് ഇടമൊരുക്കി. പ്ലീനറിസമ്മേളനം കഴിഞ്ഞ് പുത്തന്‍ ഉണര്‍വോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ സജ്ജനായിക്കഴിഞ്ഞു. തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ അടിമുടി ഉടച്ചവാര്‍ത്ത് പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

ഒരു രാജ്യം. ഒരു നേതാവ്. ഒരു പാര്‍ട്ടി. കാര്യങ്ങള്‍ ഇങ്ങിനെ മുന്നോട്ട് പോകുമ്പോഴായിരുന്നു യുപിയില്‍ നിന്ന് അപ്രതീക്ഷിതമായ ട്വിസ്റ്റ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോട്ടയായ ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപിക്ക് തിരിച്ചടി. ത്രിപുരയിലെ ചിരി മായുംമുന്‍പേ തോല്‍വിയുടെ കയ്പ്പുനീര്‍ നുണയേണ്ടിവന്നു. ബിഹാറിലെ അരാരിയ സീറ്റ് ആര്‍ജെഡി നിലനിര്‍ത്തി. നിതീഷ് കുമാറിനെ ഒപ്പം നിര്‍ത്തിയിട്ടും ബിജെപിക്ക് ഗുണമുണ്ടായില്ല. 2014  ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ 80 ല്‍ 71 സീറ്റും ബിജെപിക്കായിരുന്നു. സഖ്യകക്ഷിയായ അപ്നാദളിന് രണ്ട് സീറ്റും. ഗോരഖ്പുരില്‍ നിന്ന് യോഗി ആദിത്യനാഥ് ജയിച്ചത് 3,12,783 വോട്ടിന്‍റെ മാര്‍ജിനില്‍. ഫുല്‍പുരില്‍ കേശവ്പ്രസാദ് മൗര്യയ്ക്ക് 3,08,308 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടായിരുന്നു. 403 ല്‍ 312 സീറ്റുകള്‍ ഒറ്റയ്ക്കും 13 സീറ്റുകള്‍ സഖ്യകക്ഷികളും ജയിച്ച് 325 സീറ്റുകളുടെ മഹാഭൂരിപക്ഷത്തോടെയാണ് ബിജെപി പതിനഞ്ച് വര്‍ഷത്തിന് ശേഷം യുപിയില്‍ അധികാരത്തിലേറിയത്. കഴിഞ്ഞ വര്‍ഷം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ മധുവിധുകാലം തീരുന്നതിന് മുന്‍പേ ഒരു ഷോക്ട്രീറ്റ്മെന്‍റ്. എന്തെല്ലാമായിരുന്നു ബിജെപിയെയും ആദിത്യനാഥിനെയും പരാജയപ്പെടുത്തിയത്? 

അമിതമായ ആത്മവിശ്വാസമാത്രമല്ല അടിപതറാന്‍ കാരണം. 1, ബദ്ധശത്രുക്കളായിരുന്ന സമാജ്‍വാദിപാര്‍ട്ടിയും ബിഎസ്പിയും കൈകോര്‍ത്തു. 2, സമുദായിക സമവാക്യങ്ങള്‍ മാറി, 3, ബിജെപി വിരുദ്ധവോട്ടുകള്‍ ഏകീകരിച്ചു. 4, മുസ്‍ലിം വോട്ടുകള്‍ ഭിന്നിച്ചില്ല. 5, അച്ഛേ ദിന്‍ കാത്തിരുന്ന് മടുത്ത ജനങ്ങളുടെ നീരസം. ആദിനാഥിന്‍റെ ഗോരഖ്നാഥ് മഠമാണ് ഇതുവരെയും ഗോരപുരിന്‍റെ രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്. മൂന്നുപതിറ്റാണ്ടായി ഉറച്ച കാവിക്കോട്ട. 1989 ല്‍ ആദിത്യനാഥിന്‍റെ ഗുരു അവൈദനാഥ് ഹിന്ദുമഹാസഭ സ്ഥാനാര്‍ഥിയായി. തുടര്‍ന്ന് രണ്ട് തവണ ബിജെപി ടിക്കറ്റില്‍. അവൈദനാഥിന്‍റെ തന്‍റെ ഗുരു ദ്വിഗ്‍വിജയ് നാഥിന്‍റെ പിന്‍ഗാമിയായാണ് എത്തുന്നത്. 1998 ല്‍ 26 ാം വയസില്‍ ആദ്യത്യനാഥ് ഗോരഖ്പൂരില്‍ നിന്ന് ജയിച്ചശേഷം തിരഞ്ഞ് നോക്കിയിട്ടില്ല. രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ മുന്‍നിരക്കാരായിരുന്നു ദ്വിഗ്‍വിജയ്നാഥും അവൈദനാഥും ഈയൊരു രാഷ്ട്രീയ പശ്ചാത്തലംകൂടി ഗോരഖ്്പൂരിനുണ്ട്.

തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ തീപ്പൊരി മുഖമാണ് ആദിത്യനാഥ് എന്ന് അറിയപ്പെടുന്ന അജയ്സിങ് ബിഷ്ട്. ഗഡ്വാളി രജ്പുത് വംശജനും ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെയും സന്യാസി മഠത്തിന്‍റെയും അധിപന്‍. മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങള്‍മൂലം ആദിത്യനാഥ് വിദ്വേഷരാഷ്ട്രീയത്തിന്‍റെ പ്രതിരൂപമെന്ന വിമര്‍ശനം നേരിടുന്നു.

മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉയര്‍ന്നുവരാന്‍ തുടങ്ങിയ ഉത്തരമായിരുന്നു യോഗി ആദിനാഥ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ സമഗ്രാധിപത്യത്തിന് ഇളംതട്ടാതിനിരിക്കാനാണ് കിഴക്കന്‍ യുപിയിലെ കരുത്തനായ ആദിത്യനാഥിനെ ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭയുടെ നായകനാക്കിയത്. മോദിയുടെയും അമിത് ഷായുടെയും അതൃപ്തികള്‍ മറികടന്ന് ആര്‍എസ്എസിന്‍റെ നിര്‍ണായകതീരുമാനം. യോഗിയെ പിണക്കാന്‍ സംഘപരിവാര്‍ ആഗ്രഹിച്ചിരുന്നില്ല, മറ്റൊരു തരത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള വിധേയത്വം വിളിച്ചുപറയുകകൂടിയായിരുന്നു യോഗിക്ക് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം. മോദി – യോഗി ശീതസമരം ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജനവിധിയിലും പ്രകടമായെന്നാണ് ബിജെപിക്കുള്ളിലെ വിശകലനം. യോഗി നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. കേന്ദ്രനേതൃത്വത്തിന്‍റെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ യോഗി ആത്മാര്‍ഥത കാട്ടിയില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ ഏറ്റവും ജനസ്വാധീനമുള്ള മുഖമെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു.

ഡല്‍ഹിയിലെത്താന്‍ ഏകവഴി യുപിയിലൂടെമാത്രമാണെന്ന് പറഞ്ഞത് മുന്‍പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്നനേതാവുമായ അടല്‍ ബിഹാറി വാജ്പേയിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് കേവലഭൂരിപക്ഷം നേടാനായത് യുപിയിലെ ചരിത്രനേട്ടത്തിന്‍റെ ബലത്തിലാണ്. 2019ല്‍ യുപിയില്‍ അടിപതറിയാല്‍ ബിജെപിയുടെ നില പരുങ്ങലിലാകും.  

ഭരണത്തുടര്‍ച്ച എളുപ്പമല്ല എന്നതാണ് ഗോരഖ്പുരും ഫുല്‍പുരും നരേന്ദ്രമോദിക്ക് നല്‍കുന്ന സന്ദേശം. തിരുത്തല്‍ തുടങ്ങിക്കഴി‍ഞ്ഞുവെന്ന് അമിത് ഷാ ആവര്‍ത്തിക്കുന്നു. ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വത്തിന് നന്നായിട്ടറിയാം. ഇനി നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാര്യമെടുത്താല്‍, രാജസ്ഥാനില്‍ വസന്ധുരാരാജെ സര്‍ക്കാര്‍ വീഴുമെന്നാണ് ചുവരെഴുത്തുകള്‍. കര്‍ണടക കടക്കാന്‍ ബുദ്ധിമുട്ടേറി വരികയാണ്. മധ്യപ്രദേശില്‍ ഭരണവിരുദ്ധവികാരം ശക്തിയാര്‍ജിക്കുന്നു. ഉണ്ടാകാന്‍ സാധ്യതയുള്ള നഷ്ടം മുന്‍കൂട്ടിക്കണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാള്‍, ഒഡീഷ, തെലങ്കാന, കേരളം എന്നിവടങ്ങളിലും സ്വാധീനമുറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. 2024 വരെ തനിക്ക് പിന്‍ഗാമിയില്ലെന്നാണ് മോദിയുടെ പക്ഷം. പക്ഷെ, അടുത്തലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ചിത്രം മാറും. സഖ്യകക്ഷികള്‍ വിലപേശലിന് ഒരുങ്ങും. രാജ്നാഥ് സിങ്ങിനോ, സുഷമ സ്വരാജിനോ, നിതിന്‍ ഗഡ്ക്കരിക്കോ അല്ലെങ്കില്‍ അടുത്ത തലമുറയിലെ മറ്റാര്‍ക്കെങ്കിലുമോ വഴിമാറിക്കൊടുക്കേണ്ടിവരും. ആര്‍എസ്എസ് നേതൃത്വം ഇപ്പോഴും മോദിക്കൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്. സംഘപരിവാറിന്‍റെ സംഘടന സംവിധാനം എണ്ണയിട്ടയന്ത്രംപോലെ പ്രവര്‍ത്തച്ചതാണ് ഹിന്ദി ഹൃദയഭൂമി പിടിക്കാന്‍ മോദിക്ക് കരുത്തായത്. കാറ്റ് മാറി വീശാന്‍ തുടങ്ങിയാല്‍ ആര്‍എസ്എസ് കളംമാറ്റും.

പ്രതിപക്ഷവോട്ടുകള്‍ ഭിന്നക്കുന്നതാണ് ബിജെപി വിജയത്തിന്‍റെ ലളിതമായ ഗണിത സമവാക്യം. യുപിയില്‍ രണ്ടരപതിറ്റാണ്ടാത്തെ ശത്രുതമറന്ന് മായാവതിയും അഖിലേഷ് യാദവും കൈകോര്‍ത്തതോടെ ജനവിധി മറ്റൊന്നായി. ബിഎസ്പി – എസ്പി സഖ്യം തകര്‍ക്കുകാനാകും അമിത് ഷായും ആദിത്യനാഥും ശ്രമിക്കുക.

2014ലും 2017ലും പരസ്പരം കലഹിച്ച് മല്‍സരിച്ചപ്പോള്‍ ബിജെപിക്ക് മുന്നില്‍ അടിപതറിപ്പോയത് ബിഎസ്പിയും എസ്പിയും തിരിച്ചറിഞ്ഞു. ഒന്നിച്ചു നിന്നു. വിജയിച്ചു കയറി. പതിനാലര കോടി വോട്ടര്‍മാരുണ്ട് യുപിയില്‍. അതില്‍ 39.7 ശതമാനം പേരാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്തത്. അറുപത് ശതമാനത്തിലധികം വോട്ടര്‍മാര്‍ വോട്ടുചെയ്തത് ബിജെപിക്ക് എതിരെ. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുനിന്നില്ലെന്ന് മായാവതി തീരുമാനിച്ചതോടെ ബിഎസ്പി വോട്ടുകള്‍ എസ്പിക്ക് കിട്ടി. ദലിത്, പിന്നാക്ക, ന്യൂനപക്ഷവോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ ഫലം ബിജെപിയുടെ പരാജയം. സ്വന്തം നിലയ്ക്ക് മല്‍സരിച്ച കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ്പോലും കിട്ടിയില്ല. പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ ബിജെപിയുടെ അടിത്തറ തകരുമെന്ന് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാണിച്ചു തന്നതാണ്. ബിജെപിക്ക് ഇളകാത്തകോട്ടകളില്ലെന്ന് ഗുജറാത്തിലെ വിധിയെഴുത്ത് വ്യക്തമാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും മായാവതിക്കൊപ്പം നില്‍ക്കുമെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, അത് എത്രമാത്രം യഥാര്‍ഥ്യമാകുമെന്ന് കണ്ടറിയണം. രണ്ട് സീറ്റിലെ സഹകരണം പോലെ ഏളുപ്പമല്ല സംസ്ഥാനം മുഴുവനും. സീറ്റ് വിഭജനം, ജാതിതാല്‍പര്യങ്ങള്‍, പ്രാദേശികമായ ശത്രുതകള്‍ തുടങ്ങി െഎക്യം നിലനിര്‍ത്താന്‍ കടമ്പകള്‍ ഏറെയാണ്. എതിരാളികളുടെ ജാതിവോട്ടുകള്‍ ഭിന്നപ്പിച്ചും ഹിന്ദുത്വത്തില്‍ ഏകീകരിച്ചുമാണ് ബിജെപി വെന്നിക്കൊടിപാറിക്കുന്നത്. 2017 ല്‍ മാത്രം യുപിയില്‍ നടന്നത് 195 വര്‍ഗീയ സംഘര്‍ഷങ്ങളാണെന്ന കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ. സൃഷ്ടിച്ചെടുക്കന്ന കലാപങ്ങള്‍ യുപിയുടെ ജനവിധിയെ സ്വാധീനിക്കാറുണ്ട്. ഇവയുടെ രാഷ്ട്രീയലാഭം ബിജെപിക്കാണ് കിട്ടാറ്. യുപിയില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ച പാര്‍ട്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ പറയുന്നത്. പക്ഷെ, രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. പ്രവചനങ്ങള്‍ക്ക് അതീതമാണ്. ബിജെപി വിരുദ്ധ വിശാലപ്രതിപക്ഷമുന്നണി എന്ന ആശയം സജീവമായിക്കഴിഞ്ഞു. മൂന്നാംമുന്നണി നീക്കവുമായി തെലങ്കാനരാഷ്ട്രസമിതിയും രംഗത്തുണ്ട്. ശരദ് പവാര്‍, മമത ബാനര്‍ജി, കെ ചന്ദ്രശേഖര്‍റാവു, ചന്ദ്രബാബുനായ്ഡു, ലാലുപ്രസാദ് യാദവ്, അഖിലേഷ് യാദവ്, മായാവതി. ദേശീയരാഷ്ട്രീയത്തില്‍ പ്രാദേശിക നേതാക്കളുടെ കരുനീക്കങ്ങള്‍ നിര്‍ണായകമാവുകയാണ്. 

ബിജെപിക്ക് കടുത്തവെല്ലുവിളി ഉയര്‍ത്തുന്ന എസ്പി ബിഎസ്പി സഖ്യം നീണ്ടു നില്‍ക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിെഎയെ കളത്തിലിറക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. മായാവതിക്കും സഹോദരനുമെതിരെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ബിഎസ്പിയെ ഒപ്പം നിര്‍ത്തണമെന്ന ആവശ്യവും ബിജെപിയിലെ ഒരുവിഭാഗം നേതാക്കള്‍ മുന്നോട്ടുവെയ്ക്കുന്നു. എന്നാല്‍ താമരക്യാംപില്‍ ഇത് കലഹങ്ങളുടെ കാലമാണ്. കാണാം ഇടവേളയ്ക്ക് ശേഷം.

MORE IN INDIA BLACK AND WHITE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.